നൂറ് തികക്കുമ്പോൾ അതിൽ എട്ടുപതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനമാണ് വി.എസ് അച്യുതാനന്ദന്‍റെ ജീവിതം. ഇത്രയും നീണ്ട ഏറ്റവും സംതൃപ്തി തോന്നുന്നതെന്താണ് എന്ന ചോദ്യത്തിന് മുൻപൊരിക്കൽ വി.എസ് നൽകിയ മറുപടി ഇതായിരുന്നു. ‘‘ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കാനായി.
പതിത ജനവിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണ നേടാനായി.’’ ശരിയാണ്. അടിമുടി കമ്യൂണിസ്റ്റുകാരനാണ് വി.എസ്. അദ്ദേഹത്തിന് അങ്ങനെയല്ലാതെ ആകാനുമാകില്ല.കാരണം. വി.എസിലെ കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയത് സാക്ഷാൽ പി. കൃഷ്ണപിള്ളയാണ്. നാലര വയസ്സുള്ളപ്പോള്‍ അമ്മ അക്കമ്മയും 11 വയസ്സുള്ളപ്പോള്‍ അച്ഛൻ വടക്കന്‍പുന്നപ്ര വേലിക്കകത്തുവീട്ടില്‍ ശങ്കരനും മരിച്ച് ഒറ്റപ്പെട്ട ബാല്യമാണ് വി.എസിന്റേത്.
1946ല്‍ പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ആക്രമണത്തിന്‍റെ സൂത്രധാരന്മാരിൽ പ്രധാനിയാണ് വി.എസ്. അന്ന് പൊലീസ് പിടിയിലായപ്പോൾ ഭീകരമര്‍ദനമേറ്റു. ബയണറ്റ് കാലില്‍ കുത്തിക്കയറ്റിയതിന്റെ പാട് ആ ശരീരത്തിലുണ്ട്. മര്‍ദനത്തില്‍ മരിച്ചെന്നു കരുതി ജഡം കാട്ടില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അതിന് സഹായിയായിരുന്ന കള്ളന്‍ കോലപ്പനാണ് ഞരക്കം കേട്ട് പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
അല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ വിപ്ലവസൂര്യൻ അവിടെ അവസാനിക്കുമായിരുന്നു. സി.പി.ഐ കേന്ദ്രസമിതിയില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപവത്കരിച്ച 32 പേരില്‍ ശേഷിക്കുന്നത് വി.എസും തമിഴ്നാട്ടില്‍ നിന്നുള്ള 102കാരനായ എന്‍. ശങ്കരയ്യയും മാത്രം.
ഏഴാം തരം വരെ മാത്രം പഠിച്ച വി.എസിന്‍റെ പാഠശാല ജനങ്ങളായിരുന്നു. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ വികാരവും വിചാരവും പങ്കുവെച്ച് നേടിയ അറിവാണ് വി.എസിന്‍റെ നിലപാടുകൾ രൂപപ്പെടുത്തിയത്. അതുകൊണ്ടാണ് പ്രതിപക്ഷത്തായിരിക്കുമ്പോൾ മാത്രമല്ല, ഭരണാധികാരിയായിരുന്നപ്പോഴും അദ്ദേഹം ജനപക്ഷത്ത് നിൽക്കാൻ ശ്രമിക്കുന്നതായി അനുഭവപ്പെട്ടത്. എൽ.ഡി.എഫ് കണ്‍വീനറും പ്രതിപക്ഷ നേതാവുമായിരിക്കെ, നടത്തിയ ഇടപെടലുകളാണ് വി.എസിനെ ജനകീയനായ നേതാവാക്കി മാറ്റിയത്.
നെല്‍വയല്‍ നികത്തലിനെതിരെ തുടങ്ങിയ സമരം, മുല്ലപ്പെരിയാര്‍, വാഗമണ്‍, പൂയംകുട്ടി, മതികെട്ടാന്‍ മലയിലെ വനം കൈയേറ്റം, ജലചൂഷണം തുടങ്ങിയവ മുന്നിൽ നിന്ന് നയിച്ചു. മുഖ്യമന്ത്രിയായിരിക്കെ, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ പോലുള്ള നീക്കങ്ങളും മലയാളി കണ്ടു.
എടുത്ത നിലപാടുകളുടെ പേരില്‍ വികസനവിരോധിയെന്നും വെട്ടിനിരത്തല്‍ വീരനെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടും കൂസാതെ ഉറച്ചുനിന്നു. മലപ്പുറവുമായി ബന്ധപ്പെട്ട വിഭാഗീയ പരാമർശങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടു, മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന പരാമർശം അദ്ദേഹം തിരുത്തിയില്ല.
ചെങ്ങറയിൽ സമരം ചെയ്ത കേരളത്തിലെ പതിത ജനതയെ മോഷ്ടാക്കൾ എന്ന് ആക്ഷേപിച്ചതും ഈ സമരനായകന്റെ ചരിത്രമെഴുതുമ്പോൾ വിസ്മരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.