കേരളം നടത്തിയ അധികാരവികേന്ദ്രീകരണ ആസൂത്രണശ്രമങ്ങൾ ഒട്ടേറെ നേട്ടങ്ങളുമായി കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. അധികാരം ജനങ്ങളിലേക്ക് എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. പഞ്ചായത്തീരാജിനായുള്ള 73, 74 ഭരണഘടന ഭേദഗതിയെത്തുടർന്ന് 1994ൽ യു.ഡി.എഫ് സർക്കാർ രൂപംകൊടുത്ത പഞ്ചായത്ത്-മുനിസിപ്പൽ നിയമങ്ങൾ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെതിനേക്കാൾ മികച്ചവയായിരുന്നു. 1995ൽ ആൻറണി സർക്കാർ ഭരണഘടനയുടെ പട്ടികയിൽപറഞ്ഞ 29 ഇനങ്ങളിലെ അധികാരങ്ങളും ചുമതലകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. പിന്നീട് സെൻ കമ്മിറ്റിയുടെ നിർദേശങ്ങൾ പ്രകാരം എൽ.ഡി.എഫ് സർക്കാർ കമ്യൂണിറ്റി ഹെൽത്ത് സെൻററിെൻറ അധികാരം ബ്ലോക്കിനും ജില്ല ആശുപത്രിയുടെ അധികാരം ജില്ല പഞ്ചായത്തിനും നൽകി. 1996ൽ അധികാരത്തിൽവന്ന എൽ.ഡി.എഫ് സർക്കാർ മുഴുവൻ വിഭാഗം ജനങ്ങളെയും വികസനത്തിൽ പങ്കാളിയാക്കാൻ ലക്ഷ്യമിട്ട് ജനകീയാസൂത്രണം വിപുലമായ കാമ്പയിനായി നടപ്പാക്കി.
പദ്ധതിയുടെ പേരുകൾ മാറ്റിയെങ്കിലും സർക്കാറുകളൊന്നും തന്നെ ഈ പാതയിൽനിന്ന് വ്യതിചലിച്ചില്ല. അർപ്പിതമായ ഉത്തരവാദിത്തങ്ങൾ ഒരു പരിധിവരെ കാര്യക്ഷമമായി നിർവഹിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സാധിച്ചു. റോഡുകൾ, ചെറുകിട ശുദ്ധജല പദ്ധതികൾ, ഭവനരഹിതർക്ക് വീട് നിർമാണം എന്നിങ്ങനെ അടിസ്ഥാന സൗകര്യവികാസം ഗ്രാമീണ തലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
രജത ജൂബിലി ആഘോഷം നടത്തുമ്പോൾ നാം മത്സരിക്കേണ്ടത് മറ്റു സംസ്ഥാനങ്ങളോടല്ല, മറിച്ച് നമ്മുടെ തന്നെ ഇന്നലെകളോടാണ്. ഇന്നലെയിൽനിന്ന് വ്യത്യസ്തമായ ഇന്ന്, ഇന്നിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ അധികാരങ്ങൾ ഉള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, അതായിരിക്കണം നമ്മുടെ ലക്ഷ്യം. പഞ്ചായത്തീരാജ് ഭരണഘടന ഭേദഗതിവിഭാവനം ചെയ്തതും ലക്ഷ്യമാക്കിയതും പ്രാദേശികതലത്തിൽ മൂന്നാമതൊരു ഭരണഘടകം രൂപവത്കരിക്കുകയാണ്.
പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും രൂപംകൊടുക്കുകയാണ് പ്രാദേശിക ഭരണകൂടത്തിെൻറ ദൗത്യം. സംസ്ഥാന നിയമസഭ നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വയംഭരണഘടകമായി പ്രവർത്തിക്കാനാവശ്യമായ അധികാരവും അധികാരശകതിയും നൽകുകയും വേണം. സാമ്പത്തികവളർച്ചക്കും സാമൂഹിക നീതിക്കുംവേണ്ടിയുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ ആവശ്യമായ അധികാരങ്ങളും തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കേണ്ടതാണ്. പ്രാദേശികതല ഗവൺമെൻറിനെ നിർവചിച്ചിട്ടുണ്ടെങ്കിലും അവയുടെ അധികാരവും ഉത്തരവാദിത്തങ്ങളും വ്യക്തമായി വിശദമാക്കിയിട്ടില്ല.
25 വർഷം പിന്നിട്ട സാഹചര്യത്തിൽ പ്രാദേശിക ഗവൺമെൻറുകളുടെ പദവി അനുച്ഛേദം 243ജി അല്ലെങ്കിൽ 243ഡബ്ലിയുവിൽ സൂചിപ്പിച്ച പ്രാദേശിക ഗവൺമെൻറുകളുടെ പദവി ഭരണഘടനയിൽതന്നെ ദൃഢമായി വ്യക്തമാക്കണം. ഇക്കാര്യത്തിൽ രണ്ട് നിർദേശങ്ങൾ മുന്നോട്ടു വെക്കുകയാണ്. ഒന്ന്: പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നമ്മുടെ ഭരണസംവിധാനത്തിെൻറ മൂന്നാമത്തെ തലമാണ്. അതുകൊണ്ട് ഭരണഘടനയിൽതന്നെ ഇവയുടെ പദവി വ്യക്തമായി നിർവചിക്കപ്പെടണം. ഈ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാറിനെപോലെയും സംസ്ഥാന സർക്കാറിനെ പോലെയും മറ്റൊരു സുപ്രധാന ഭരണഘടകമായി മാറണം. ഓരോന്നിനും ഭരണഘടനപരമായ പ്രവർത്തന മേഖലയും അധികാര അതിർത്തിയും ഉണ്ടായിരിക്കണം.
ഇത്തരം ഒരു നീക്കം നിലവിലെ രണ്ട് ഘടകങ്ങളുള്ള ഫെഡറേഷൻ എന്നതിൽനിന്ന് നമ്മുടെ ഭരണസംവിധാനത്തെ അനേകം തലങ്ങളുള്ള ഒരു ഫെഡറേഷനായി ഔപചാരികമായിമാറും. രണ്ട്: ഈ സ്ഥാപനങ്ങൾക്ക് മറ്റു രണ്ട് ഭരണഘടകങ്ങളുടെ സമാനമായ പദവി നൽകുന്നില്ലെങ്കിലും അവ സംസ്ഥാന നിയമസഭയുടെ സൃഷ്ടികൾതന്നെ ആകട്ടെ. എന്നാലും അവർക്ക് ആവശ്യമായ സ്വയം ഭരണാധികാരം ഉണ്ടാവണം. സംസ്ഥാന നിയമസഭകൾക്ക് ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ ചുമതലകളും അധികാരങ്ങളും അധികാരശക്തിയും നൽകാവുന്നതാണ്.
ഭരണഘടന വിഭാവനം ചെയ്തതുപോലെ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാറുകൾ എന്നനിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായി മാറിയിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഞാൻ പഞ്ചായത്ത് പ്രസിഡൻറായിരുന്നപ്പോൾ പഞ്ചായത്ത് ആക്ടിൽ പറയാത്ത കാര്യങ്ങൾക്ക് ചെലവ്ചെയ്യാനുള്ള അനുമതിക്കായി പ്രസിഡൻറുമാർക്ക് സെക്രട്ടേറിയറ്റിലേക്ക് പോകേണ്ടിയിരുന്നു.
ചുരുങ്ങിയകാലം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നപ്പോഴും എെൻറ മുന്നിൽ പഞ്ചായത്ത് പ്രസിഡൻറുമാർ ചെലവുചെയ്യാനുള്ള അനുമതിക്കായി വന്നിരുന്നു. സാമ്പത്തിക സ്ഥിതി ഭദ്രമാണെങ്കിൽ ലക്ഷം രൂപവരെ ഈ സ്ഥാപനങ്ങൾക്കുതന്നെ ചെലവുചെയ്യാവുന്നതാണെന്ന ഉത്തരവ് അന്ന് സർക്കാർ ഇറക്കി. എന്നാൽ നാളിതുവെര അത് പ്രാബല്യത്തിൽ വന്നിട്ടില്ല.
ചില കാര്യങ്ങൾകൂടി ചൂണ്ടിക്കാണിക്കട്ടെ. ഭരണഘടനയിൽ ജില്ല പദ്ധതി ഉണ്ടാക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതുവരെ ജില്ലാ പദ്ധതിയുണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട ചില ജില്ലകൾ ഉണ്ടാക്കിയതായി അറിയുന്നുണ്ടെങ്കിലും പദ്ധതി നിർവഹണത്തിനായി പ്ലാനിങ് റൂൾസ് ഉണ്ടാക്കണമെന്ന വ്യവസ്ഥ നമ്മുടെ നിയമത്തിലുണ്ട്. ഇതുവരെ പ്ലാനിങ് റൂൾസ് ഉണ്ടാക്കിയിട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതത് വാർഡുകളിൽ/ ഡിവിഷനുകളിലായി പദ്ധതികൾക്ക് കിട്ടുന്ന പണം വീതിക്കുകയാണ്. അതുകാരണം പഞ്ചായത്തിെൻറ/ മുനിസിപ്പാലിറ്റിയുടെ മൊത്തത്തിലുള്ള വികസനം സാധ്യമാകുന്നില്ല. മറ്റൊരു ന്യൂനത ഇൻറഗ്രേഷൻ ഇല്ല എന്നുള്ളതാണ്. ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കുകളും ജില്ലയും അവരവരുടെതായ പദ്ധതികൾ ഉണ്ടാക്കുകയാണിപ്പോൾ. ഇവ തമ്മിൽ സംയോജിപ്പിക്കാൻ ഒരു സംവിധാനവും ഇപ്പോഴില്ല. പദ്ധതി ഫണ്ടും തനത്് ഫണ്ടും ഗവൺമെൻറ് ഫണ്ടും വിഭജിക്കപ്പെട്ട് ചെലവഴിക്കപ്പെടുന്നതുകൊണ്ട് വേണ്ടത്ര പ്രയോജനപ്പെടുന്നില്ല.
25 വർഷം പൂർത്തിയാകുന്ന ഈ വേളയിലെങ്കിലും ആത്മപരിശോധന നടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ അധികാരങ്ങളും പ്രവർത്തന സ്വാതന്ത്ര്യവും കൂടുതൽ നൽകാൻ ഗവൺമെൻറ് തയാറാകണം. അല്ലെങ്കിൽ, സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്ന വികസന ഏജൻസികൾ മാത്രമായി ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടരും.
(മുതിർന്ന മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.