ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോകകോടതിയെ സമീപിക്കുക വഴി സ്വന്തം സഹോദരങ്ങളിൽനിന്ന് ലഭിക്കേണ്ടിയിരുന്ന സഹായഹസ്തമാണ് ദക്ഷിണാഫ്രിക്ക ഫലസ്തീന് നല്‍കിയിരിക്കുന്നത്
ഗസ്സയിലെ വംശീയ ഉന്മൂലനവും കൂട്ടക്കുരുതിയും ലോക കോടതിയുടെ തട്ടകത്തിലേക്ക് എത്തിച്ച് സയണിസ്റ്റ് ഭീകരതയെ തുറന്നുകാട്ടിയതിന് മനുഷ്യാവകാശങ്ങളെയും മാനവികതയെയും മാനിക്കുന്ന ഓരോരുത്തരും ദക്ഷിണാഫ്രിക്കയോട് കടപ്പെട്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കി അരങ്ങുവാഴുന്ന പതിവുശൈലി ചോദ്യംചെയ്യപ്പെട്ടതിന്റെ കടുത്ത മുറുമുറുപ്പിലാണ് ഇസ്രായേലും അമേരിക്കയും അവരുടെ സിൽബന്ധികളും.
ദക്ഷിണാഫ്രിക്ക അമേരിക്കൻ മേൽക്കോയ്മ അംഗീകരിക്കാത്ത ഒരു രാഷ്ട്രമാണ്. സാമ്പത്തികമോ സൈനികമോ ആയ വിധേയത്വവും അവർക്ക് അമേരിക്കയോട് ഇല്ല. സൈനിക-സാമ്പത്തിക ഉപജാപങ്ങളുപയോഗിച്ച് വരുതിയിലാക്കിയാൽ ഒരു രാജ്യവും തങ്ങൾക്കെതിരെ നാവനക്കില്ലെന്ന അമേരിക്കയുടെ ധാരണക്കാണ് ദക്ഷിണാഫ്രിക്ക പരിക്കേൽപിച്ചിരിക്കുന്നത്.
വർണവിവേചനത്തിന്റെ കഠോരതകൾക്കെതിരെ നെൽസൺ മണ്ഡേലയുടെ നേതൃത്വത്തിൽ അനവരതം പൊരുതിയതിന്റെ ഫലമായാണ് ആ രാജ്യം സ്വതന്ത്രമായത്. ഇന്ന്, ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോകകോടതിയെ സമീപിക്കുന്നതിലൂടെ അവർ വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവും പ്രചോദനവുമായി മാറിയിരിക്കുന്നു. സ്വന്തം സഹോദരങ്ങളിൽനിന്ന് ലഭിക്കേണ്ടിയിരുന്ന സഹായഹസ്തമാണ് ദക്ഷിണാഫ്രിക്ക ഫലസ്തീന് നല്‍കിയിരിക്കുന്നത്.
അന്താരാഷ്ട്ര കോടതിയുടെ ആദ്യ സിറ്റിങ്ങിൽ ജോർഡന്റെ മൂന്ന് പ്രതിനിധികൾ പങ്കെടുത്തതായറിയുന്നു. നേതൃത്വം ലോകകോടതിയിലെ പ്രശസ്ത ന്യായാധിപൻ ഔൻ അൽ ഖസൗനക്കായിരുന്നു. നേരത്തേ, ഇസ്രായേൽ ഗസ്സയിൽ ‘വിവേചന മതിൽ’നിർമിച്ച സമയത്ത് അത് കൈകാര്യംചെയ്തത് അദ്ദേഹമായിരുന്നു.
സൗദി അറേബ്യയിൽ നടന്ന അറബ് ഉച്ചകോടിയിൽ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലക്കെതിരെ ലോകകോടതിയെ സമീപിക്കാനാവശ്യമായ പ്രമാണങ്ങൾ ശേഖരിക്കാൻ അറബ് ലീഗിനോടും മുസ്ലിം വേൾഡ് ലീഗിനോടും ആവശ്യപ്പെട്ടിരുന്നു.
നിയമവിഷയങ്ങൾ പഠിച്ചശേഷം അറബ് ലീഗിലൂടെ ഇസ്രായേലിനെതിരെ സെക്യൂരിറ്റി കൗൺസിലിലും ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിലും വിഷയം ഉന്നയിക്കാനാകാം ജോർഡൻ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, അമേരിക്കക്ക് വീറ്റോ അധികാരമുണ്ടായിരിക്കെ എന്തു സംഭവിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ!
2002 ജൂണിലാണ് തെൽഅവീവിലെ കാബിനറ്റ് മീറ്റിങ്ങിൽ ‘വിവേചന മതിൽ’നിര്‍മാണത്തിന് തീരുമാനമായത്. ജൂത ആവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഉൾക്കൊണ്ടുകൊണ്ടും ഭാവിയിൽ അവയുടെ വിപുലീകരണ സാധ്യത പരിഗണിച്ചും തീരുമാനിക്കപ്പെട്ട ഈ വൻമതിൽ ഫലസ്തീനികൾക്ക് ദുസ്സഹമായപ്പോൾ ഇതിനെതിരെ 150ലധികം പരാതികൾ ലഭിച്ചു. പലതും ഇതിന്റെ നിയമസാധുത ചോദ്യം ചെയ്യുന്നതായിരുന്നു.
സ്ഥലവാസികളായ ഫലസ്തീൻ വംശജരെ സ്വന്തം കൃഷിയിടങ്ങളിൽനിന്നും ജോലിചെയ്തിരുന്ന സ്ഥലങ്ങളിൽനിന്നും ബന്ധുക്കളിൽ നിന്നും പിഴുതുമാറ്റുന്ന പദ്ധതിയായിരുന്നു അത്. എന്നാൽ, കേസ് പരിഗണിച്ച ഇസ്രായേൽ സുപ്രീംകോടതി മതിൽ നിർമാണത്തിന് അനുവാദം നല്കുകയാണുണ്ടായത്!
പക്ഷേ, തുടർന്ന് 2004 ജൂലൈയിൽ അന്താരാഷ്ട്ര കോടതി കേസിന്റെ നാനാവശങ്ങൾ പരിശോധിക്കുകയും തീർപ്പ് കൽപിക്കുകയുമുണ്ടായി. ഇതനുസരിച്ച് മതിൽ നിര്‍മാണം നിയമലംഘനമാണെന്നും അത് കടന്നുപോകുന്ന വഴികളിൽ സ്ഥലം നഷ്ടപ്പെട്ടവർക്കും വഴി തടയപ്പെട്ടവർക്കുമൊക്കെ മതിയായ പ്രായശ്ചിത്തം നല്കാൻ ഇസ്രായേൽ തയാറാകണമെന്നും കോടതി ഉത്തരവിട്ടു! എന്നിട്ടെന്തുണ്ടായി?
ഐക്യരാഷ്ട്രസഭയുടെ കൽപനകൾതന്നെ അവർ ചെവിക്കൊള്ളാൻ സന്നദ്ധമല്ലെന്നിരിക്കെ ഇതിൽ ലോകകോടതിക്ക് നോക്കുകുത്തിയായിരിക്കാനേ സാധിക്കുകയുള്ളൂ. സെക്യൂരിറ്റി കൗൺസിൽ പാസാക്കിയ 28 പ്രമേയങ്ങൾ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ചവറ്റുകൊട്ടയിലേക്കെറിഞ്ഞത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും നീതി തേടി ഏതറ്റംവരെയും പോകാൻ തീരുമാനിക്കുക എന്നതു തന്നെ മഹത്തായ ഒരു പോരാട്ടമാണ്.
ദക്ഷിണാഫ്രിക്ക ഫലസ്തീനിൽനിന്ന് വളരെ അകലെ കിടക്കുന്ന രാജ്യമാണ്. വൻശക്തിയോ മേൽകോയ്മ അവകാശപ്പെടുന്ന ഒരു രാഷ്ട്രമോ അല്ല. 1948ലെ ജനീവ കൺവെൻഷൻ നിരോധിച്ച വംശഹത്യക്കെതിരെ ആരുംതന്നെ പ്രതികരിക്കുന്നില്ലെന്ന് വന്നപ്പോഴാണ് രാജ്യത്തെ പ്രമുഖരായ നിയമവിദഗ്ധർ എഴുതിയ 84 പേജ് വരുന്ന മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ച പരാതികൾ മുൻനിർത്തി ഗസ്സയിലെ വംശഹത്യക്കെതിരെ അവർ ലോകകോടതിയെ സമീപിക്കുന്നത്.
നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് അധികാരത്തിൽ വന്നതു മുതലേ നീതി പുലരുന്ന വ്യവസ്ഥക്കുവേണ്ടി വാദിക്കുന്നത് നിലപാടായി അവർ സ്വീകരിച്ചിരിക്കുന്നു. സ്വാതന്ത്ര്യനായകർ ഉയർത്തിപ്പിടിച്ച ആദർശങ്ങൾ അവരുടെ കാലശേഷം മാറ്റിത്തിരുത്തുകയോ വിസ്മരിക്കുകയോ ചെയ്യുന്ന രാജ്യങ്ങൾ കണ്ടുപഠിക്കേണ്ടതുണ്ട്; 2013ൽ മണ്ടേല കാലയവനികക്കു പിന്നിലേക്ക് മറഞ്ഞ ശേഷവും സ്വാതന്ത്രത്തിനു വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയോട് ദക്ഷിണാഫ്രിക്ക തുടരുന്ന ഐക്യദാർഢ്യം.
വർണവിവേചനം അവസാനിച്ചശേഷം, വംശീയതാ മുക്തമായ ഒരു തെരഞ്ഞെടുപ്പ് നടത്തിയാണ് ജനങ്ങൾ നെൽസൺ മണ്ടേലയെ 1994ൽ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അധികാരത്തിൽ വന്നപ്പോൾ ലോകരോട് നന്ദി പറയവെ, ഒരു കാര്യം അദ്ദേഹം എടുത്തുപറഞ്ഞു: ‘‘നമ്മുടെ സ്വാതന്ത്ര്യം അപൂർണമാണ്. അത് പൂര്‍ണമാകണമെങ്കിൽ ഫലസ്തീൻ കൂടി സ്വാതന്ത്ര്യം നേടേണ്ടതുണ്ട്’’. സ്വാതന്ത്ര്യം പൂർണമാക്കുക എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള പോരാട്ടത്തിൽ തങ്ങളുടെതായ പങ്കു വഹിക്കുകയാണ് ആ ജനതയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.