വിരുന്നു ചോറിനും വീട്ടുകാർക്കുള്ള വസ്ത്രങ്ങൾക്കും നീക്കിവെക്കുന്നതുപോലെ ഒരു വിഹിതം കുപ്പിക്കുവേണ്ടിയും വിവാഹ വീട്ടുകാർ മാറ്റിവെക്കണം എന്നതാണ് കണ്ണൂരിലെ പല ഗ്രാമങ്ങളിലും നിലവിലെ അവസ്ഥ. കൂട്ടുകാരന്റെ കല്യാണ വിരുന്നിന് നടത്തിയതിനേക്കാൾ കേമമായ മദ്യസൽക്കാരം നടത്തണമെന്നത് ചെറുപ്പക്കാരുടെ വിവാഹ സ്വപ്നത്തിന്റെ ഭാഗമായിരിക്കുന്നു. വീട്ടുകാർ നൽകിയ പാനീയത്തിന്റെ ലഹരിയിലാണ് മനുഷ്യരെ ദ്രോഹിക്കുന്ന പേക്കൂത്തുകൾ.
തോട്ടടയിൽ ജിഷ്ണുവിന്റെ ബോംബേറ് കൊലയിലേക്ക് നയിച്ചതും തലേന്നുനടന്ന മദ്യസൽക്കാരത്തെത്തുടർന്ന് നടന്ന പാട്ടും ഡാൻസിലും തുടങ്ങിയ അടിപിടിയാണ്. കല്യാണ വീടിനടുത്ത് മറ്റൊരു വീട് അല്ലെങ്കിൽ മറ്റൊരു കേന്ദ്രം താൽക്കാലിക ബാറായി മാറും. കൂടാതെ സഞ്ചരിക്കുന്ന ബാറുകളുമുണ്ടാകും. ലഹരിപ്പുറത്തെ വിവാഹയാത്രകളിൽ റോഡിൽ മറ്റു വാഹനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതും മറ്റ് നാട്ടുകാരുമായി കൊമ്പുകോർക്കുന്നതും നിത്യസംഭവങ്ങളാണ്.
ചോദ്യം ചെയ്താൽ മർദനവും അധിക്ഷേപവും. വിവാഹാഭാസം ചോദ്യം ചെയ്യുന്നവർക്കുനേരെ തെറിവിളിയും മർദനവും അഴിച്ചുവിടുന്ന സംഭവങ്ങൾ ഏറെയാണ്. പുത്തൂരിൽ വിവാഹാഭാസം ചോദ്യം ചെയ്ത എലാങ്കോട് സ്വദേശിയെയും വീട്ടുകാരെയും വീടുകയറി ഒരുസംഘം മർദിച്ചിരുന്നു. ലഹരിയിലിരിക്കുന്ന യുവാക്കളെ ചോദ്യം ചെയ്യാൻ പലരും തയാറാവാറില്ല. കല്യാണ വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർ പലപ്പോഴും നിയമനടപടി നേരിടാറില്ല. ക്ഷണിക്കപ്പെട്ട് എത്തിയവരെ എങ്ങനെ പൊലീസിലേൽപിക്കുമെന്ന വീട്ടുകാരുടെ ദയനീയ വാക്കുകൾക്കുമുന്നിൽ നാട്ടുകാരും അലിയുകയാണ് പതിവ്. രണ്ടുവർഷം മുമ്പ് തലശ്ശേരി കോടിയേരിയിലെ കല്യാണവീട്ടിലെ ആഭാസവും അതിനെ ചോദ്യം ചെയ്തതും നാട്ടുകാർ തമ്മിലുള്ള പോരായി മാറിയിരുന്നു. സംഘർഷം തെരുവിലെത്തിയതോടെ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
കല്യാണവീട്ടിലെ സംഘർഷങ്ങൾ പലപ്പോഴും രാഷ്ട്രീയമായും പ്രാദേശികമായും ചേരിതിരിഞ്ഞാണ്. തോട്ടട ബോംബേറ് കൊല സംസ്ഥാനത്തെയാകെ ഞെട്ടിച്ചുവെങ്കിലും കാര്യമായ ചലനമുണ്ടാക്കാതെ ഒതുക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കാരണം, ഏറ്റുമുട്ടിയ രണ്ടുസംഘവും സി.പി.എമ്മുമായി അടുത്തബന്ധമുള്ളവരാണ്. അതുകൊണ്ടാകാം എങ്ങും തൊടാതെയുള്ള വിശദീകരണങ്ങളാണ് പൊലീസ് തുടർച്ചയായി നൽകുന്നത്. തോട്ടടയിൽ പൊട്ടിയത് ഉഗ്രശേഷിയുള്ള ബോംബാണ്. പടക്കം കൊണ്ടുണ്ടാക്കിയ നാടൻ ബോംബെന്നാണ് പൊലീസ് വിശദീകരിച്ചത്.
സി.പി.എമ്മിനും ആർ.എസ്.എസിനും ആധിപത്യമുള്ള പാർട്ടിഗ്രാമങ്ങളിൽ അവർക്ക് സ്വന്തമായി പോരാളികളുമുണ്ട്. പോരാളി സംഘാംഗങ്ങളുമായി ബന്ധപ്പെട്ട കുടുംബങ്ങളിലെ കല്യാണത്തിന് ആഭാസത്തിന്റെ നേതൃത്വം ഈ സംഘത്തിനായിരിക്കും. കല്യാണവീട്ടിൽ ബോംബുകൾ വന്നുതുടങ്ങിയത് അങ്ങനെയാണ്. പാർട്ടികളുടെ ആയുധപ്പുരകളിൽനിന്നുള്ള ബോംബുകളാണ് കല്യാണ വീട്ടിലെ ആഘോഷത്തിന് പടക്കമായി ഉപയോഗിക്കപ്പെടുന്നത്.
കോവിഡ് കാലത്ത് ലൈറ്റുകൾ മിന്നിച്ച് സൈറൺ മുഴക്കി റോഡിലൂടെ ചീറിപ്പാഞ്ഞെത്തിയ ആംബുലൻസിൽനിന്ന് ഗമയോടെ കൈപിടിച്ചിറങ്ങുന്ന വധൂവരന്മാരുടെ വിഡിയോ രണ്ടുമാസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആംബുലൻസ് ഡ്രൈവറായിരുന്ന കറ്റാനം സ്വദേശിയായ വരന്റെ ദീർഘകാല മോഹമായിരുന്നുവത്രെ അത്തരമൊരു യാത്ര. ഉടമയോട് അനുമതി തേടിയപ്പോൾ ആഗ്രഹ സഫലീകരണത്തിന് അദ്ദേഹത്തിനും സമ്മതം.
കെ.പി റോഡിലൂടെ ആംബുലൻസും പിറകിലായി അലങ്കരിച്ച കാറുകളും പായുന്നതുകണ്ട് വഴിയോരത്തുനിന്നവർ ആകെ അമ്പരന്നിരുന്നു. ഏതോ വിവാഹ സംഘം അപകടത്തിൽപെട്ടതാവുമെന്ന് കരുതി പലരും. വീടിനുമുന്നിൽ ആംബുലൻസ് വന്നുനിന്നപ്പോൾ വീട്ടുകാരും അയൽക്കാരും ആദ്യമൊന്ന് ഞെട്ടി. സംഭവത്തിന്റെ സത്യാവസ്ഥയറിഞ്ഞപ്പോൾ ഈ കാണിച്ചത് തമാശയല്ല, ശുദ്ധ തോന്നിയവാസമെന്ന് നാട് ഒന്നടങ്കം പറഞ്ഞു.
ആംബുലൻസ് ദുരുപയോഗം ചെയ്തതിന് ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം പൊലീസിലുമെത്തി. വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കിയതിനൊപ്പം ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തു.
തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.