വിനേഷിന്റെ കാര്യത്തിൽ ന്യൂട്രീഷനിസ്റ്റുകൾ ചെയ്തതെന്താണ്?; ഇന്ത്യൻ കായിക രംഗം ഇനിയുമുണരാത്ത ഗാഢനിദ്രയിൽ

വിനേഷ് സംഭവം നമ്മെ ഓർമിപ്പിക്കുന്നത് താരങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിചയവും വൈദഗ്ധ്യവും ഒപ്പം ഉത്തരവാദിത്തബോധവുമുള്ള യഥാർഥ പ്രഫഷനലുകളെ കണ്ടെത്തുന്നതിൽ ഇനിയുമേറെ സഞ്ചരിക്കാൻ ബാക്കിയുണ്ടെന്നാണ്

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിക്കുമ്പോൾ ശരിക്കും കൗതുകപ്പെടുത്തുന്ന ഒന്നുണ്ടായിരുന്നു അതിൽ. ഇന്ത്യൻ ഒളിമ്പിക് ചരിത്രത്തിലാദ്യമായി 117 അംഗങ്ങൾ വരുന്ന വലിയ സംഘത്തിൽ 13 പേരടങ്ങുന്ന മെഡിക്കൽ, സ്​പോർട്സ് സയൻസ് വിഭാഗത്തെയും ഉൾപ്പെടുത്തിയിരുന്നു. അത്‍ലറ്റുകൾക്ക് ആവശ്യമായ കാവലും കരുതലുമാകലായിരുന്നു ലക്ഷ്യം. മുമ്പില്ലാത്ത ഒരു തുടക്കമായിരുന്നു ഇത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നേരിട്ട് തെരഞ്ഞെടുത്ത ഈ അനുബന്ധ സംഘത്തിനൊപ്പം മെഡൽ സാധ്യതയുള്ള താരങ്ങൾക്കും ഹോക്കി, അത്‍ലറ്റിക്സ് പോലുള്ള പ്രധാന ഇനങ്ങളിലും വെവ്വേറെ വ്യക്തിഗത ഫിസിയോതെറപിസ്റ്റുകളുമുണ്ടായിരുന്നു.

ആവശ്യമായ സപ്പോർട്ട് സ്റ്റാഫിന്റെ അഭാവം കരിയറിലുടനീളം ശരിക്കും അനുഭവിച്ച ​അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷക്കായിരുന്നു ഇത്രയും ഡോക്ടർമാരെയും സ്​പോർട്സ് സയന്റിസ്റ്റുകളെയും അയച്ചതിന്റെ ക്രെഡിറ്റ്. ഡോക്ടർമാർ, ഫിസിയോതെറപിസ്റ്റുകൾ, തിരുമ്മുകാർ എന്നിവർക്കൊപ്പം ന്യൂട്രീഷനിസ്റ്റുകൾ, മാനസികാരോഗ്യ പരിശീലകർ, ഉറക്ക ചികിത്സ വിദഗ്ധർ എന്നിങ്ങനെ എല്ലാവരും ചേർന്ന് താരങ്ങൾക്ക് പരമാവധി പ്രകടനത്തിന് അവസരമൊരുക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. അതത് മേഖലകളിലെ പ്രാഗദ്ഭ്യവും മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിച്ചുള്ള പരിചയവുമടക്കം ഈ പ്രഫഷനലുകളെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങൾ പരസ്യമാക്കിയിരുന്നില്ല.

ഇതേ ന്യൂട്രീഷനിസ്റ്റുകളുടെ പരാജയം കാരണം അർഹിച്ച സ്വർണമോ വെള്ളിയോ ഇന്ത്യ നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് വിരോധാഭാസമാണ്. 50 കിലോ വിഭാഗത്തിൽ മത്സരിക്കാനാവശ്യമായ വെറും 100 ഗ്രാം തൂക്കം കുറക്കാൻ വിനേഷിനെ സഹായിക്കുന്നതിൽ ഇവർ പരാജയപ്പെടുകയായിരുന്നു. 100 ഗ്രാം എന്നാൽ, ഏഴ് ടേബ്ൾ സ്പൂൺ വെള്ളത്തിന്റെ തൂക്കമാണെന്നറിയണം.

ന്യൂട്രീഷനിസ്റ്റുകളാണ് അത്‍ലറ്റുകളുടെ തൂക്കം നിരീക്ഷിച്ച് മത്സരങ്ങൾക്ക്, വി​ശിഷ്യാ ഭാരം മാനദണ്ഡമായ മത്സരങ്ങൾക്ക് മുമ്പും ഇടക്കും ശേഷവും എന്ത് കഴിക്കണമെന്നും കഴിക്കാതിരിക്കണമെന്നും ഉപദേശിക്കേണ്ടത്. വിനേഷ് 100 ഗ്രാം തൂക്കം കൂടുതലായെന്ന് കണ്ടെത്തിയെങ്കിൽ പാരിസിൽ ഇന്ത്യൻ ടീം പരിശീലനവുമായി കഴിഞ്ഞ മൂന്നാഴ്ചയായി കൂടെയുള്ള രണ്ട് ന്യൂട്രീഷനർമാർ അവരെ നിരീക്ഷിച്ചില്ലെന്ന് വ്യക്തം. അത്‍ലറ്റുകളുടെ ​ഒന്നോ രണ്ടോ കിലോ തൂക്കം കുറച്ചുകൊണ്ടുവരികയെന്നത് അത്രവലിയ റോക്കറ്റ് സയൻസ് ഒന്നും ആവശ്യമില്ലാത്തതാണ്. ഹരിയാനയിലെ ഏതെങ്കിലും ഗുസ്തി താരത്തോട് ചോദിച്ചാൽ അവർ പഠിപ്പിച്ചുതരും.

രാജ്യത്തെ ഏവർക്കും സുജ്ഞാതമായ ഒന്നായിരുനു വിനേഷ് ഫോഗട്ട് ഇന്ത്യക്ക് മെഡൽ നൽകാൻ സാധ്യതയുള്ള താരമാണെന്ന്. എന്നിട്ടും പരാജയമായെങ്കിൽ ടീമിനൊപ്പമുണ്ടായിരുന്ന സപ്പോർട്ട് സ്റ്റാഫിനെ ഗൗരവത്തോടെ കൈകാര്യം ചെയ്തേ പറ്റൂ. വിനേഷിന്റെ വ്യക്തിഗത നഷ്ടവും രാജ്യത്തിന്റെ ഒളിമ്പിക് മെഡൽ നഷ്ടവും അഭിമാനവും മാറ്റിനിർത്തിയാൽ പോലും പ്രൈസ് മണി, സ്​പോൺസർഷിപ്പ്, പരസ്യം, മോഡലിങ് തുടങ്ങി കപ്പിനും ചുണ്ടിനുമിടയിൽ താരത്തിന് നഷ്ടമായ 10-20 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഒരുപാടൊരുപാട് വലുതാണ്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി ഉഷ ചുമതലയേൽക്കുംമുമ്പുവരെ സപ്പോർട്ട് സ്റ്റാഫിനെ തെരഞ്ഞെടുക്കൽ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്ന ഒരു ഇടപാട് മാത്രമായിരുന്നു. ആൺമക്കളും പെൺമക്കളും അമ്മാവൻമാരും അമ്മായികളുമൊക്കെയായിരുന്നു ഈയിനത്തിൽ പോയിരുന്നത്. ഒളിമ്പിക്സിനും ഏഷ്യൻ ഗെയിംസിനും കോമൺവെൽത്ത് ഗെയിംസിനുമെന്ന പേരിൽ ആഘോഷപൂർവം ട്രിപ്പ് പോയി അർമാദിക്കലായിരുന്നു നടന്നുപോന്നത്. ഇന്ത്യൻ സ്​പോർട്സിൽ നിലനിന്ന ഈ സ്വജനപക്ഷപാതത്തിന് പാരിസ് ഒളിമ്പിക്സിൽ അന്ത്യമായതാണ്.

എന്നാൽ, വിനേഷ് സംഭവം നമ്മെ ഓർമിപ്പിക്കുന്നത് താരങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിചയവും വൈദഗ്ധ്യവും ഒപ്പം ഉത്തരവാദിത്തബോധവുമുള്ള യഥാർഥ പ്രഫഷനലുകളെ കണ്ടെത്തുന്നതിൽ ഇനിയുമേറെ സഞ്ചരിക്കാൻ ബാക്കിയുണ്ടെന്നാണ്. വിനേഷ് ഫോഗട്ട് ചരി​തം പാർലമെന്റിൽ മാത്രമല്ല, രാജ്യത്തിന്റെ മുക്കുമൂലകളിലും അലയൊലി തീർത്തിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഇന്ത്യൻ സംഘത്തിൽ വിനേഷ് ​ഫോഗട്ടിനൊപ്പമുണ്ടായിരുന്ന രണ്ട് ന്യൂട്രീഷനിസ്റ്റുകളെയും തിരിച്ചുവിളിച്ച് കായിക മന്ത്രാലയം അടിയന്തര അന്വേഷണം നടത്തണം.

ടീമിനൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രഫഷനലിനെ കൂടി ഇവിടെ ഓർക്കണം- ഉറക്ക തെറപിസ്റ്റ്. താരങ്ങളെ ശരിയായ സമയത്ത് ഉറക്കിയും ഉണർത്തിയും അവർ വിജയമായിരുന്നോ? മെഡൽ പട്ടികയിൽ നമ്മുടെ സ്ഥാനം നോക്കിയാൽ ഇന്ത്യൻ കായിക രംഗം ഇനിയുമുണരാത്ത ഗാഢമായ ഉറക്കത്തിൽ തന്നെയാണെന്ന് വ്യക്തം.

(മുമ്പ് ഒളിമ്പിക്സിലും ഏഷ്യൻ ​ഗെയിംസിലും ഇന്ത്യൻ വനിത ഗുസ്തി ടീമുകളുടെ ഡോക്ടറായിരുന്നു ഡോ. പി.എസ്.എം ചന്ദ്രൻ. സ്​പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ സ്​പോർട്സ് സയൻസസ് ഡയറക്ടർ കൂടിയാണ്. ഫോൺ: 9810881691, drpsmchandran@gmail.com)

Tags:    
News Summary - What have nutritionists done in the case of Vinesh?; The Indian sports is in deep slumber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT