ഏറ്റവും വലിയ അന്ധവിശ്വാസം എന്നാണ് ചോദ്യംചെയ്യപ്പെടുക?

ബ്രാഹ്മണ്യത്തിെൻറ ചൂഷണക്രമങ്ങളാണ് ഇന്ത്യയിൽ സർവതും നിർണയിക്കുന്നതെന്ന് വരുമ്പോൾ അതിനെ ആഴത്തിൽ പ്രശ്നവത്കരിക്കാതെ 'അന്ധവിശ്വാസ' വിമുക്തത കൈവരിക്കുക അസാധ്യമാണ്. ഇന്ത്യ കണ്ടതിൽവെച്ചേറ്റവും പീഡാത്മകമായ 'കൊടിയ അന്ധവിശ്വാസ'ത്തെ നിഷ്കാസനം ചെയ്താൽ മാത്രമേ ഇന്ത്യക്ക് സാഹോദര്യ ജനാധിപത്യത്തിൽ നിലകൊള്ളാനാവൂ. സാഹിത്യത്തിലൂടെയും അമ്മൂമ്മക്കഥകളിലൂടെയും 'സത്യമെന്ന്' പ്രചരിക്കുന്ന ബ്രാഹ്മണ്യത്തിെൻറ അസമത്വക്രമങ്ങളെ നിഷ്കാസനം ചെയ്യുന്ന സാമൂഹിക വ്യവസ്ഥിതിയെയാണ് 'സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി' ഗുരു വിഭാവനചെയ്തത്

ബ്രാഹ്മണ്യ സാംസ്കാരികവ്യവസ്ഥയെ ആഴത്തിൽ പ്രശ്നവത്കരിക്കുന്നില്ല എന്നതാണ് 'അന്ധവിശ്വാസങ്ങളെ' സംബന്ധിച്ച് ഉയർന്നുവന്നിരിക്കുന്ന ചർച്ചയുടെ വലിയ പരിമിതി. മാനവസമൂഹം കണ്ടതിൽവെച്ചേറ്റവും വലിയ 'അന്ധവിശ്വാസ'മായ ജാതി ഒരു സാമൂഹിക യാഥാർഥ്യമായി നിലനിൽക്കുകയും അത് സാംസ്കാരിക മൂലധനമായി ഉപയോഗിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മനുഷ്യർ മനുഷ്യത്വം കൊണ്ടാണ് ഒരു ജാതിയാകുന്നതെന്നും നാരായണഗുരുവും ജാതിവ്യത്യാസം പുലർത്തുന്നത് ശാസ്ത്രവിരുദ്ധവും മനുഷ്യവിരുദ്ധവുമാണെന്ന് സഹോദരൻ അയ്യപ്പനും ഉദ്ബോധിപ്പിക്കുകയുണ്ടായി. പക്ഷേ, ജാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യർ വെറുക്കപ്പെടുന്നവരായും മാനിക്കപ്പെടേണ്ടവരായും തരംതിരിക്കപ്പെടുന്നു.

ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിബ്രാഹ്മണ്യത്തിന്റെ ഈ പ്രത്യയശാസ്ത്ര അടിത്തറയിലാണ് ചൂഷണപൗരോഹിത്യം സാമാന്യജനങ്ങൾ മുതൽ ഉന്നത ബിരുദധാരികളെ വരെ ബലിമൃഗങ്ങളാക്കുന്നത്. വിഗ്രഹത്തിൽ സ്പർശിക്കാൻപോലും അനുവദിക്കാത്ത ജാതിമേലാളർ നൽകുന്ന സന്ദേശം ദൈവത്തിനുമുന്നിൽ എല്ലാവരും സമന്മാരല്ലെന്നാണ്.

ഈ അസമത്വ വ്യവസ്ഥയിലാണ് 'പൊതുബോധം' തന്നെ രൂപപ്പെട്ടിരിക്കുന്നത്. ഹിന്ദുത്വ സാംസ്കാരിക ബോധത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ ഈ അസമത്വ വ്യവസ്ഥയാണ്. ജാതിബ്രാഹ്മണ്യത്തിന്റെ ചക്രം തിരിയാൻ വേണ്ടുന്ന വെറുപ്പിന്റെ ഇന്ധനത്തെയാണ് വിശ്വാസവ്യവസ്ഥയിലൂടെ 'സംഘബ്രാഹ്മണ്യം' ചൂഷണംചെയ്തുകൊണ്ടിരിക്കുന്നത്.

ജാതിബ്രാഹ്മണ്യത്തിൽ നിലീനമായ ഇന്ത്യൻപാരമ്പര്യത്തെ ബുദ്ധനും നാരായണഗുരുവും രവിദാസും തുക്കാറാമും കബീറും ചോദ്യംചെയ്തപ്പോൾ ഹിന്ദുത്വം ഇവരെ സ്വാംശീകരിച്ച് ഹിന്ദുത്വ മതവക്താക്കളാക്കുന്നതിനാണ് ശ്രമിച്ചത്. ബ്രാഹ്മണ്യത്തിന്റെ ഈ സ്വാംശീകരണ പ്രക്രിയയെ ആഴത്തിൽ വിശകലന വിധേയമാക്കേണ്ടതുണ്ട്.

ചരിത്രപണ്ഡിത ഡോ.വിജയ് നാഥ് ഈ പ്രക്രിയയെ brahmanical acculturation (ബ്രാഹ്മണ്യ സ്വാംശീകരണം) എന്നാണ് വിളിച്ചത്. ഈ പ്രക്രിയയിലൂടെ തദ്ദേശീയവും ബ്രാഹ്മണേതരവുമായതിനെ കൂടി ബ്രാഹ്മണ്യത്തിന്റെ പൊതുമണ്ഡലത്തിലേക്ക് സ്വാംശീകരിക്കാൻ കഴിഞ്ഞു.

ബ്രാഹ്മണ്യത്തിൽ നിലീനമായ പൊതുബോധമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ 'വിശ്വാസപ്രശ്നം'. ഇത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് കീഴാളരെയും മുസ്‍ലിംകളെയും പിന്നാക്കജാതി വിഭാഗങ്ങളെയും അകറ്റുകയും പുറന്തള്ളുകയും ചെയ്യുന്നയും ഇതേ പ്രത്യയശാസ്ത്രബോധമാണ്.

ബ്രാഹ്മണ്യത്തിന്റെ ചൂഷണക്രമങ്ങളാണ് ഇന്ത്യയിൽ സർവതും നിർണയിക്കുന്നതെന്നുവരുമ്പോൾ അതിനെ ആഴത്തിൽ പ്രശ്നവത്കരിക്കാതെ 'അന്ധവിശ്വാസ' വിമുക്തത കൈവരിക്കുക അസാധ്യമാണ്. എന്തെന്നാൽ കൽപിക്കപ്പെട്ടതും ആരോപിക്കപ്പെട്ടതുമായ ശുദ്ധിക്രമത്തിലാണ് ബ്രാഹ്മണ്യം നിലനിൽക്കുന്നതുതന്നെ.

ഈ വ്യവസ്ഥയുടെ നിരാസത്തിലൂടെയല്ലാതെ ഇന്ത്യക്ക് ജനാധിപത്യരാജ്യമായി മാറാൻ കഴിയുകയില്ല. പൊതുബോധമായി ബ്രാഹ്മണ്യം മാറിയതിനാലാണ് കീഴാള മുസ്‍ലിം അപരവത്കരണം ചോദ്യംചെയ്യപ്പെടാത്ത ഒന്നായി നിലനിൽക്കുന്നത്. പുറന്തള്ളപ്പെട്ട മനുഷ്യർ ഹിന്ദുത്വത്തെ സംബന്ധിച്ച് ഉപദ്രവങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ്.

ഇന്ത്യ കണ്ടതിൽവെച്ചേറ്റവും പീഡാത്മകമായ 'കൊടിയ അന്ധവിശ്വാസ'ത്തെ നിഷ്കാസനം ചെയ്താൽ മാത്രമേ ഇന്ത്യക്ക് സാഹോദര്യ ജനാധിപത്യത്തിൽ നിലകൊള്ളാനാവൂ. സാഹിത്യത്തിലൂടെയും അമ്മൂമ്മക്കഥകളിലൂടെയും 'സത്യമെന്ന്' പ്രചരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ അസമത്വക്രമങ്ങളെ നിഷ്കാസനം ചെയ്യുന്ന സാമൂഹിക വ്യവസ്ഥിതിയെയാണ് 'സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി' ഗുരു വിഭാവനചെയ്തത്.

ആ മാതൃകാസ്ഥാനത്തിന്റെ നിർമിതിക്ക് ഹിന്ദുത്വത്തിന്റെ സാംസ്കാരിക ബോധവും പ്രത്യയശാസ്ത്രവും നിർമിച്ചെടുത്ത 'വിശ്വാസത്തിന്റെ' നൂലിഴകളെ അപനിർമിച്ചേ മതിയാവൂ.

Tags:    
News Summary - What is the biggest superstition to be questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.