ലോകത്തിലെ ഏറ്റവും വലിയ ബഹുസ്വര -മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഏകശിലാത്മകമായ ഒരു സാംസ്കാരിക ധാരയിലേക്ക് ചുരുക്കാനും; അന്യവത്കരണത്തിന്റെയും അപര വിദ്വേഷത്തിന്റെയും വിത്തുകൾ വിതയ്ക്കാനുള്ള വിളഭൂമിയായി പരുവപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ പദ്ധതിയും നയരൂപവത്കരണവും പാഠപുസ്തകങ്ങളും തിരക്കിട്ട് ഒരുക്കിവരുകയുമാണ് കേന്ദ്ര ഭരണകൂടം.
മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി പാർലമെന്റിലോ അക്കാദമിക ഇടങ്ങളിലോ ചർച്ച ചെയ്യപ്പെടാതെ ഒരു പുതിയ വിദ്യാഭ്യാസ നയം ഭരണകൂടത്തിന്റെ ഏകാധിപത്യ താൽപര്യങ്ങൾക്കനുസൃതമായി ഉരുവംകൊള്ളുകയെന്നത്, വിദ്യാഭ്യാസ മേഖലയിൽ രാജ്യം നാളിതുവരെ നേടിയെടുത്ത നേട്ടങ്ങളിൽനിന്നുള്ള തിരിഞ്ഞുനടത്തതിന്റെ തുടക്കമാവും. ഫെഡറൽ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച് ബംഗാളും തമിഴ്നാടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രതിരോധത്തിന്റെയും ജനാധിപത്യപരമായ വിയോജിപ്പിന്റെയും സ്വരമുയർത്തുമ്പോൾ കേരളം സ്വീകരിക്കുന്ന നിസ്സംഗതയും മെല്ലെപ്പോക്കും ആശങ്കജനകമാണ്.
മാറിക്കൊണ്ടിരിക്കുന്ന ലോക സാമ്പത്തിക ക്രമവും തൊഴിലവസര സാധ്യതകളും പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും ജനാധിപത്യ ബോധവും സുസ്ഥിര വികസന കാഴ്ചപ്പാടുള്ള ഒരു തലമുറയെ വാർത്തെടുക്കാനുമുള്ള ദീർഘദർശനമായിരുന്നു 2005ലെ നാലാമത് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF 2005) മുന്നോട്ടുവെച്ചത്. അതിന്റെ ചുവടുപിടിച്ചാണ് 2013ൽ കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരിച്ചതും ഹൈസ്കൂൾ തലംവരെ പുതിയ പാഠപുസ്തകങ്ങൾ രചിച്ച് വിദ്യാർഥികൾക്ക് യഥാസമയം ലഭ്യമാക്കിയതും.
2007ലെ അശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ഉള്ളടക്കരഹിത പാഠപുസ്തകങ്ങൾക്കു പകരമായാണ് 2013ലെ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ പാഠപുസ്തകങ്ങൾ രചിച്ച് വിദ്യാർഥികൾക്ക് ലഭ്യമാക്കിയത്. വിദ്യാഭ്യാസ രംഗത്ത് പ്രാപ്യത ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ഡി.പി.ഇ.പിയുടെ ഭാഗമായി കേരളത്തിൽ തയാറാക്കിയ പാഠപുസ്തകങ്ങളും പഠന പ്രവർത്തനങ്ങളും വിദ്യാർഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയ ആശങ്കകൾ കാരണം പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോയിക്കൊണ്ടിരുന്ന വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ സാധിച്ചത് ഈ പരിഷ്കരണത്തിന്റെ ഭാഗമായാണ്.
വിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര ഇന്ത്യ ദർശിച്ച വിപ്ലവകരമായ പരിഷ്കാരങ്ങളിലൊന്നായിരുന്നു രണ്ടാം യു.പി.എ ഗവൺമെന്റ് 2009ൽ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമം. 14 വയസ്സുവരെയുള്ള വിദ്യാഭ്യാസം നിയമത്തിന്റെ പരിരക്ഷയുള്ള അവകാശവും സൗജന്യവുമായതോടെ, വിദ്യാഭ്യാസ മേഖലയിലെ വലിയ വെല്ലുവിളിയായിരുന്ന പ്രാപ്യതയുടെ മേഖല ഏറെ വിപുലീകരിക്കപ്പെട്ടു. പുരോഗമനപരമായ ഈ മാറ്റങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ്, 2011ൽ അധികാരത്തിലെത്തിയ സർക്കാർ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കാൻ തീരുമാനിച്ചത്.
ബാലാരിഷ്ടതകൾ വിടാതെ പിന്തുടർന്ന ഹയർ സെക്കൻഡറി മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് രൂപവത്കരിക്കപ്പെട്ട പ്രഫ. പി.ഒ.ജെ. ലബ്ബ ചെയർമാനായ കമ്മിറ്റി റിപ്പോർട്ടും ഡോ. പി.കെ. അബ്ദുൽ അസീസ് ചെയർമാനായ പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റിയും സമർപ്പിച്ച റിപ്പോർട്ടിന്മേൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് സ്വീകരിച്ച നടപടികളാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലക്ക് പുതിയ ദിശാബോധം നല്കിയത്.
പ്രൈമറി വിദ്യാഭ്യാസത്തിന് അടിത്തറയൊരുക്കുന്ന പ്രീപ്രൈമറികാല വിദ്യാഭ്യാസത്തിന് സ്വകാര്യ കമ്പനികൾ തയാറാക്കിയിരുന്ന പുസ്തകങ്ങൾ മാത്രം ലഭ്യമായിരുന്ന അവസ്ഥ മാറി പകരം എസ്.സി.ഇ.ആർ.ടി തയാറാക്കിയ പുതിയ പുസ്തകങ്ങൾ കേരളത്തിനു പരിചയപ്പെടുത്തിയത് 2013ലെ പാഠ്യപദ്ധതി പരിഷ്കരണത്തെ തുടർന്നാണ്. ഇപ്പോഴും പ്രീ പ്രൈമറികളിൽ ഉപയോഗിക്കുന്നത് ഇതേ പുസ്തകങ്ങൾ തന്നെയാണ്. ആശയതലത്തിൽ വ്യക്തമായ ധാരണകൾപോലും രൂപപ്പെട്ടിട്ടില്ലാത്ത സാമൂഹിക ജ്ഞാനനിർമിതി വാദം, വിമർശനാത്മക ബോധനശാസ്ത്രം, പ്രശ്നാധിഷ്ഠിത പഠനം തുടങ്ങിയ പ്രായോഗികക്ഷമതയില്ലാത്ത കാഴ്ചപ്പാടുകൾ തിരുകിക്കയറ്റിയ പാഠപുസ്തകങ്ങൾ അധ്യാപകരെ നിഷ്ക്രിയരാക്കി മാറ്റുകയും വിദ്യാർഥികൾക്ക് ദിശാബോധം നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന യാഥാർഥ്യം കേരളത്തിലെ അക്കാദമിക സമൂഹവും പൊതുജനങ്ങളും തിരിച്ചറിഞ്ഞതാണ്. അത്തരം സാഹചര്യങ്ങളുടെ ഗൗരവം പൂർണമായും ഉൾക്കൊണ്ടാണ്; പൊതുവിദ്യാലയങ്ങളിലെ അക്കാദമിക അന്തരീക്ഷത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി പുതിയതും ആശയസമ്പുഷ്ടവുമായ പാഠപുസ്തകങ്ങൾ ഒന്നാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്കുവേണ്ടി തയാറാക്കിയത്.
പുതിയ പാഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ പാഠ്യപദ്ധതി ഏറ്റവും പ്രാധാന്യം നല്കിയത് വിദ്യാർഥികളുടെ രചനാത്മകതയെ ഉണർത്താനും പരിപോഷിപ്പിക്കാനുമുതകുന്ന പഠന പ്രക്രിയ സാധ്യമാവുക എന്നതിനായിരുന്നു. പഠനവും വിലയിരുത്തലും പരസ്പര പൂരകമാകുമ്പോഴാണ് വിദ്യാഭ്യാസത്തിൽ കുട്ടിയുടെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പുവരുത്തപ്പെടുന്നത് എന്ന കാഴ്ചപ്പാടിൽനിന്നുകൊണ്ടാണ് നിരന്തര മൂല്യനിർണയത്തെ സമഗ്രമായി ശാക്തീകരിക്കുന്ന നടപടികൾ സ്വീകരിച്ചത്. വെല്ലുവിളികൾ നേരിടുന്ന ജനാധിപത്യം, മതേതരത്വം, മതസൗഹാർദം തുടങ്ങിയ കാഴ്ചപ്പാടുകൾ വിദ്യാലയങ്ങളിൽ നിന്നുതന്നെ രൂപപ്പെടണമെന്നത് 2013ലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു. വിമർശനാത്മക ചിന്തകളെ പ്രോത്സാഹിപ്പിച്ച് സമത്വ ചിന്താഗതിയും നേതൃപാഠവവും പൗരബോധവുമുള്ള തലമുറയായി വിദ്യാർഥികളെ വളർത്തിയെടുക്കുന്നതിന് പാഠ്യപദ്ധതി പ്രത്യേകം ഊന്നൽ നല്കിയിരുന്നു.
2013-16 കാലഘട്ടത്തിൽ പുതുതായി താറാക്കിയ പാഠപുസ്തകങ്ങൾക്കെല്ലാം അധ്യാപക സഹായക പുസ്തകങ്ങളും പഠന -മൂല്യനിർണയ പ്രവർത്തനങ്ങൾക്ക് കൃത്യമായ പരിശീലനങ്ങളും നല്കി എന്നത് എക്കാലത്തും മാതൃകയാക്കാവുന്നതാണ്. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കോർ വിഷയങ്ങൾ ഒഴികെയുള്ള മുഴുവൻ വൊക്കേഷനൽ വിഷയങ്ങൾക്കും പുതിയ സമീപനത്തിലധിഷ്ഠിതമായ പാഠപുസ്തകങ്ങളും പരിശീലനങ്ങളും പുത്തനുണർവ് നല്കിയെങ്കിലും ഇപ്പോൾ ഈ മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്.
ദേശീയ മത്സര പരീക്ഷകളിലും കേന്ദ്ര സർവകലാശാലകളിലും നമ്മുടെ കുട്ടികൾക്ക് പ്രവേശനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. വൈവിധ്യം നിറഞ്ഞ കോമ്പിനേഷനുകളിലെ ചില വിഷയങ്ങൾക്ക് സിലബസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത്തരം വിഷയങ്ങൾക്ക് എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ ലഭ്യമായിരുന്നില്ല.
ഇത് പരിഹരിക്കുന്നതിന് പ്രത്യേകം ശ്രദ്ധ നല്കുകയും ദേശീയതലത്തിൽവരെ ശ്രദ്ധേയമായ പുതിയ പുസ്തകങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എൻ.സി.ഇ.ആർ.ടി തയാറാക്കിയ ഹയർ സെക്കൻഡറി ചരിത്ര പുസ്തകങ്ങൾക്കൊപ്പം കേരളത്തിന്റെ പ്രാചീന കാലം മുതൽ ആധുനിക കേരളത്തിന്റെ രൂപവത്കരണം വരെയുള്ള ഭാഗങ്ങൾ ചേർത്തിണക്കിയ പുസ്തകം ഹയർ സെക്കൻഡറി വിദ്യാർഥികൾക്കൊപ്പം പൊതുമത്സര പരീക്ഷകൾക്കുള്ള റഫറൻസ് പുസ്തകമായും ഉപയോഗിക്കുന്നു എന്നത് പാഠപുസ്തകങ്ങളുടെ പൊതുസ്വീകാര്യതയെ സൂചിപ്പിക്കുന്നു.
കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളെ മറികടക്കാൻ സുതാര്യവും ദിശാബോധവുമുള്ള നയവും സമീപനവുമാണ് പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത്. ലഭ്യമാകുന്ന അറിവിനെ വിശകലനം ചെയ്യാനും സന്ദർഭത്തിനനുസരിച്ച് പുതിയ അറിവ് നിർമിക്കാൻ കഴിയുക എന്നതും പ്രശംസനീയമെങ്കിലും അത്തരം മേഖലകളിൽനിന്ന് പുറന്തള്ളപ്പെട്ടുപോകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും ചേർത്തുപിടിക്കാനും കഴിയുമ്പോഴാണ് ഒരു ജനാധിപത്യ- ബഹുസ്വര സമൂഹത്തിൽ പാഠ്യപദ്ധതി പുരോഗമനപരമായി അടയാളപ്പെടുത്തപ്പെടുക. ഓരോ കുട്ടിക്കും പാഠപുസ്തകങ്ങളിലെ ആശയാടിത്തറയിൽനിന്നുകൊണ്ട് സ്വയം വിശകലനം ചെയ്യാനും അറിവുനിർമാണത്തിൽ പങ്കാളിയാവാനും കഴിയുമ്പോഴാണ് കേരളം പോലുള്ള സാംസ്കാരിക സഹവർത്തിത്വത്തിന്റെ ഭൂമികയിൽ പൊതുവിദ്യാഭ്യാസത്തിന് സാമൂഹികനീതി ഉറപ്പു വരുത്താൻ കഴിയുക.
സൈദ്ധാന്തികമായും പ്രായോഗികമായും അപകടങ്ങളുണ്ടെന്നും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടെന്നും സ്വയം ബോധ്യപ്പെട്ടിട്ടും വിമർശനാത്മക ബോധന രീതിയുടെ പ്രചാരണത്തെ മുറുകെപ്പിടിച്ചാൽ വരുംതലമുറ വീണ്ടും പരീക്ഷണ വസ്തുക്കളായി പുറന്തള്ളപ്പെടുമെന്ന യാഥാർഥ്യത്തെ വീണ്ടും ഓർമിപ്പിക്കേണ്ടിവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ മേന്മകളെ നിരന്തരം ഓർമിപ്പിക്കുമ്പോൾതന്നെ വ്യക്തമായ ഒരുപദ്ധതി പോലുമില്ലാതെ കേന്ദ്രീകൃത ഘടന അടിച്ചേൽപിക്കാൻ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാട്ടുന്നത് വിദ്യാഭ്യാസ മേഖല നേരിടാൻ പോകുന്ന വികലമായ പരീക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചരിത്രത്തെ തമസ്കരിക്കാതെ ക്രിയാത്മകമായ സംവാദങ്ങളിലൂടെ വർത്തമാനകാലഘട്ടത്തോട് നീതിപുലർത്തി പൊതു വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുക എന്നത് ഒാരോ ജനാധിപത്യ ഗവൺമെന്റിന്റെയും ഉത്തരവാദിത്തമാണ്.
കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള സ്റ്റേറ്റ് ഓപൺ സ്കൂൾ മുൻ സംസ്ഥാന കോഓഡിനേറ്ററുമാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.