ട്രംപ് പകരുന്ന ബോധ്യങ്ങള്‍

ഇത് അമേരിക്കയുടെ അന്തിമവിധിയാണോ? അടുത്ത ഒരാഴ്ചക്കകം ഈ ലോകം അവസാനിക്കാന്‍ പോകുന്നുമില്ല. എന്നാല്‍, ചിലരെല്ലാം അപ്രകാരം ചിന്തിക്കുന്നതായി തോന്നുന്നു. അത്തരക്കാര്‍ പ്രസിഡന്‍റിന്‍െറ അധികാരങ്ങള്‍ക്ക് പരിധിയുണ്ട് എന്ന് വിശ്വസിക്കാത്തവരാണ്. ഹിലരിയും ട്രംപും തമ്മിലുള്ള വ്യത്യാസങ്ങളെ അവര്‍ പെരുപ്പിച്ചു കാണുന്നു. ട്രംപിന് വോട്ട് നല്‍കിയവര്‍ അദ്ദേഹത്തിന്‍െറ സര്‍വ നിലപാടുകള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അവര്‍ തെറ്റിദ്ധരിക്കുന്നു.

കാനഡയില്‍ ജനിച്ച് ഇപ്പോള്‍ ട്രംപിന്‍െറ വൈസ് പ്രസിഡന്‍റ് മൈക് പെന്‍സിന്‍െറ ജന്മസംസ്ഥാനമായ ഇന്ത്യാനയില്‍ കഴിയുന്ന എന്നെപ്പോലുള്ളവര്‍ ലാറ്റിനമേരിക്കക്കാരായി അനായാസം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതിനാല്‍, ഈ തെരഞ്ഞെടുപ്പ് എന്നെപ്പോലുള്ളവര്‍ക്കും നിര്‍ണായക പ്രാധാന്യമുള്ളതാണ്. ‘അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കുക’ എന്ന സ്വയംപ്രഖ്യാപിത ദൗത്യം സാക്ഷാത്കരിക്കുന്നതില്‍ ട്രംപ് വിജയിക്കുമോ? ഈ ദൗത്യപ്രഖ്യാപനവേളയില്‍ ലാറ്റിനമേരിക്കന്‍ വംശജരെ മാനഭംഗക്കാര്‍, കൊലയാളികള്‍, ക്രിമിനലുകള്‍ തുടങ്ങിയ സംജ്ഞകള്‍കൊണ്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

മെക്സികോയില്‍നിന്നുള്ള കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ വന്മതിലുകള്‍ ഉയര്‍ത്തുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കുകയുണ്ടായി. വാസ്തവത്തില്‍ ഈ ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാര്‍ അമേരിക്കക്കാര്‍ക്ക് അലോസരം പകരുന്നുണ്ടോ? കുറഞ്ഞ വേതനം പറ്റി കൂടുതല്‍ അധ്വാനം കാഴ്ചവെക്കുന്ന ഈ വിഭാഗത്തിന്‍െറ സാന്നിധ്യം യു.എസ് സമ്പദ്ഘടനയുടെ അനുഗ്രഹമാണ്. ട്രംപിന്‍െറ വിവിധ വ്യവസായശാലകളിലും അവര്‍ തൊഴില്‍ ചെയ്യുന്നു എന്നുകൂടി ഓര്‍ക്കുക. നാഷനല്‍ അര്‍ബന്‍ ലീഗ് നേതാവ് ചൂണ്ടിക്കാട്ടിയതുപോലെ ലാറ്റിനമേരിക്കന്‍ ഭീതി ഒരു മിഥ്യ മാത്രം. എന്നാല്‍, നല്ലവരായ ഞങ്ങളും മോശപ്പെട്ട അവരും എന്ന വാദം ഉയര്‍ത്താന്‍ യാഥാര്‍ഥ്യങ്ങള്‍ ട്രംപിന് വിഘാതമാകാറില്ല.

മുസ്ലിംകളും അപരഗണത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. അവരില്‍ മിക്കവരും ‘ഭീകരന്മാര്‍’ എന്ന പട്ടികയിലും ചേര്‍ക്കപ്പെട്ടിരിക്കുന്നു. അവര്‍ സദാ നിരീക്ഷിക്കപ്പെടണം, പരിശോധനാവിധേയരാകണം! സ്ത്രീവിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ട്രംപ് പന്നികള്‍, നായകള്‍, വൃത്തിഹീനര്‍, വിരൂപ മൃഗങ്ങള്‍ തുടങ്ങിയ പദപ്രയോഗങ്ങളാല്‍ അവരെ പരിഹസിക്കുന്നതിലും സങ്കോചം പ്രകടിപ്പിക്കാറില്ല. അവര്‍ കീഴ്പെടുത്തപ്പെടേണ്ടവരാകുന്നു! ആകര്‍ഷണീയരായ യുവതികളല്ലാത്തവരെ വിലമതിക്കുകയേ വേണ്ട!

അഭയാര്‍ഥികള്‍, വികലാംഗര്‍, ദരിദ്രര്‍, ഇറാഖില്‍ കൊല്ലപ്പെട്ട മുസ്ലിം സൈനികര്‍ തുടങ്ങിയവര്‍ക്കൊന്നും ട്രംപിന്‍െറ അംഗീകാരലിസ്റ്റില്‍ സ്ഥാനമേ ഇല്ല.
ട്രംപിന് മുന്നില്‍ വിശുദ്ധമായി ഒന്നുംതന്നെയില്ല. അതേസമയം, തന്നെ പരിശുദ്ധനായി അദ്ദേഹം സ്വയം കരുതുന്നു. ഒരുപക്ഷേ, രണ്ട് തിന്മകളില്‍ ചെറിയ തിന്മ ആയിരിക്കാം ട്രംപ്. അദ്ദേഹം നികുതികള്‍ അടക്കാറില്ല. പക്ഷേ, അത് സാമര്‍ഥ്യത്തിന്‍െറ ലക്ഷണമാകുന്നു. ഹിലരിയെ പിന്തുണക്കുന്ന ചില ഭീമന്മാരും നികുതി വെട്ടിക്കുന്നവരായി ജീവിക്കുന്നില്ളേ? അദ്ദേഹം സ്ത്രീലമ്പടനാകുന്നു. അത് പുരുഷന്മാര്‍ക്ക് ചേര്‍ന്നതല്ളേ? ഹിലരിയുടെ ഭര്‍ത്താവ് ബില്‍ ക്ളിന്‍റന്‍ സന്യാസി ആണോ? ആരോപണങ്ങള്‍ ഏറെ ഉയര്‍ന്നിട്ടും ഭൂരിപക്ഷവും ട്രംപിനുതന്നെ വോട്ട് നല്‍കി.

എട്ടു വര്‍ഷത്തോളം നീണ്ട ഡെമോക്രാറ്റിക് ഭരണം അവസാനിക്കാറായ ഘട്ടത്തില്‍ ഹൃദയം തുറക്കുകയായിരുന്നു വോട്ടര്‍മാര്‍. ഈ വോട്ടര്‍മാര്‍ ഒന്നടങ്കം വംശീയവാദികളല്ല. അപര വിദ്വേഷികളും സ്ത്രീപീഡകരുമല്ല. മണ്ണിന്‍െറ മക്കള്‍ വാദികളുമല്ല അവര്‍. തങ്ങള്‍ക്കും കുടുംബത്തിനും പരമ പ്രാധാന്യമെന്ന് ബോധ്യപ്പെട്ട ചില പ്രശ്നങ്ങളുടെ പേരില്‍ ട്രംപിന് വോട്ട് ചെയ്ത നിരവധി പേരെ എനിക്ക് വ്യക്തിപരമായിത്തന്നെ അറിയാം. എന്നാല്‍, ട്രംപിന്‍െറ സര്‍വനിലപാടുകളെയും അവര്‍ അനുകൂലിക്കുന്നു എന്ന് ഇതിന് അര്‍ഥം കല്‍പിക്കാനാകില്ല. മാറ്റത്തിനുവേണ്ടിയായിരുന്നു പലരും വോട്ട് നല്‍കിയത്. നിലവിലെ സ്ഥിതി മാറണം എന്നവര്‍ ആഗ്രഹിച്ചു. ഭരണകൂടം സൃഷ്ടിച്ച മുഷിപ്പില്‍നിന്ന് രക്ഷയാഗ്രഹിച്ചവരുടെ ആഗ്രഹാവിഷ്കാരമായിരുന്നു ഈ ജനവിധി.

മിക്ക രാജ്യങ്ങളെപ്പോലെയും അമേരിക്കന്‍ ജനത ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. വ്യവസ്ഥാപിത സമൂഹം ഒന്നടങ്കം തനിക്കെതിരെ ഒന്നിച്ചുവെങ്കിലും ട്രംപ് സര്‍വ വെല്ലുവിളികളെയും മറികടന്നു. സര്‍വകാര്യത്തിലും തന്‍െറ കാഴ്ചപ്പാടുകളെ സര്‍വരും അനുകൂലിക്കുന്നു എന്നതായിരുന്നില്ല ഈ വിജയത്തിന്‍െറ അടിത്തറ. വ്യവസ്ഥിതിയുടെ കോട്ടയുടെ കവാടങ്ങള്‍ തള്ളിത്തുറക്കണമെന്ന് ഭൂരിപക്ഷവും ആഗ്രഹിച്ചു എന്നതായിരുന്നു ട്രംപിന്‍െറ വഴികളെ സഞ്ചാരയോഗ്യമാക്കിയത്. പരിവര്‍ത്തന ഉപകരണമായി വോട്ടര്‍മാര്‍ ട്രംപിനെ പ്രയോജനപ്പെടുത്തുകയായിരുന്നു.

ട്രംപ് ഉല്‍പാദിപ്പിച്ച നിഷേധചിന്തകളെ സര്‍വരും പിന്തുണക്കുന്നു എന്ന് കരുതാന്‍ വയ്യ. അതേസമയം, വിപ്ളവകരമായ പരിവര്‍ത്തനം ആഗ്രഹിച്ച് ഇവാഞ്ചലിക്കല്‍ വിഭാഗങ്ങള്‍പോലും ട്രംപിന്‍െറ പാളയത്തില്‍ ചേര്‍ന്നു. സ്വവര്‍ഗ വിവാഹത്തോടും ഗര്‍ഭച്ഛിദ്രത്തോടും വിയോജിപ്പുള്ളവര്‍ ട്രംപിനു പിന്നില്‍ അണിനിരന്നു. ഹിലരിയുടെ ആരോഗ്യനയങ്ങളെയും സാമ്പത്തികനയങ്ങളെയും വിദേശ സൈനിക നയത്തെയും അവര്‍ ചോദ്യംചെയ്തു. അധികാരത്തിന്‍െറ ഇടനാഴികളില്‍ കുമിഞ്ഞുകൂടിയ അഴിമതിഭാണ്ഡങ്ങളെ തുടച്ചുനീക്കാന്‍ അഭിലഷിച്ച ജനങ്ങള്‍ ട്രംപിനോടൊപ്പം നിലയുറപ്പിച്ചു എന്നതാണ് സുപ്രധാനമായ കാര്യം.

എന്നാല്‍, വിജയാരവങ്ങള്‍ നിലക്കുകയും യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവുകയും ചെയ്യുന്ന ഘട്ടത്തില്‍ വ്യവസ്ഥിതിയുടെ അനുകൂലിയായി മാറാന്‍ സാക്ഷാല്‍ ട്രംപ് നിര്‍ബന്ധിതനാകും. അധികാര ദല്ലാളന്മാരുടെ സമ്മര്‍ദങ്ങള്‍ക്കും അദ്ദേഹം വഴങ്ങാനിടയാകും. വിജയപ്രഖ്യാപനാനന്തരം നടത്തിയ അസാമാന്യമായ ആ പ്രഭാഷണത്തില്‍ അദ്ദേഹം ഹിലരിയെ അഭിനന്ദിക്കുകയും കൃതജ്ഞത പ്രകടിപ്പിക്കുകയുമുണ്ടായി. ഭിന്നിപ്പിന് പകരം ഒരുമക്കുവേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു. വിഭാഗീയതകളുടെ മുറിവുകള്‍ തുന്നിക്കെട്ടുമെന്നും താന്‍ എല്ലാവരുടെയും പ്രസിഡന്‍റായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒരുപക്ഷേ, അനുരഞ്ജനത്തിന്‍െറ ആദ്യചുവടുകള്‍ ആയിരിക്കാം ഈ വാക്കുകള്‍.

വിഭജിത അമേരിക്കയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്ന രാഷ്ട്രസാരഥിയായി തുടരാന്‍ ട്രംപിന് സാധിക്കുമോ? കാത്തിരുന്നു കാണുക. ഏത് പരിവര്‍ത്തന ദശയിലും വികാര വിരേചനത്തിന് നിര്‍ണായകസ്ഥാനം ഉണ്ടായിരിക്കും. അമര്‍ത്തിവെച്ചിരുന്ന വികാരങ്ങളുടെ നിര്‍ഗമനത്തിന് ഇത്തരം വാല്‍വുകള്‍ അനുപേക്ഷണീയമാണ്. ആ വിധം വികാരങ്ങള്‍ പുറന്തള്ളി രാജ്യത്തെ ട്രംപ് പുതിയ ബോധ്യങ്ങളിലേക്ക് നയിച്ചേക്കാം. ഈ ആധുനികകാല ആഭ്യന്തര വിഭജനഘട്ടത്തില്‍ അമേരിക്കയെ മഹത്തായ രാജ്യമാക്കി ഉയര്‍ത്തിയ ആദര്‍ശങ്ങളെയും ഭരണഘടനയെയും അമേരിക്കക്കാര്‍ കൈവിടില്ളെന്ന് നമുക്ക് പ്രത്യാശിക്കാം.

 

നിയമവിദഗ്ധനും കോളമിസ്റ്റുമായ ലേഖകന്‍ ഇന്ത്യാനയിലെ വാള്‍പറൈയ്സോ കലാശാലയിലെ ലോ സ്കൂള്‍ അധ്യാപകനാണ്

Tags:    
News Summary - what we could realise when trump comes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.