സുപ്രീംകോടതിയിൽനിന്ന് നാം പ്രതീക്ഷിക്കുന്നത്

കേന്ദ്ര സർക്കാർ അതിന്റെ നിർദിഷ്ട പുനരവലോകനം പൂർത്തിയാക്കുന്നതുവരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ നിയമമായ 124 എ. വകുപ്പ് മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിടുന്നതിന്റെ തലേനാൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഴുന്നേറ്റുനിന്ന് ഒരു പച്ച നുണ പറഞ്ഞു:

'(രാജ്യദ്രോഹ കേസുകളിൽ) എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതും അന്വേഷണം നടത്തുന്നതും സംസ്ഥാന സർക്കാറുകളാണെന്നും കേന്ദ്രം അത് ചെയ്യാറില്ലെന്നും' മേത്ത പറഞ്ഞതായി നിയമ പ്രസിദ്ധീകരണമായ ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

മേത്ത സൗകര്യപൂർവം അവഗണിച്ച സത്യമെന്തെന്നാൽ, ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാമ്രാജ്യത്തിന്റെ ഭാഗമാണ് ലഫ്. ഗവർണർ മുഖേനെ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്. ഇതേ ഡൽഹി പൊലീസാണ് 2021 ജനുവരി 26ന് ഡൽഹിയിൽ കൊല്ലപ്പെട്ട കർഷകൻ പൊലീസ് വെടിവെപ്പിലാണ് മരിച്ചതെന്ന് പരസ്യമായി അവകാശപ്പെട്ടു എന്ന 'കുറ്റത്തിന്' മൃണാൾ പാണ്ഡേ, രാജ്ദീപ് സർദേശായ്, സഫർ ആഘ, വിനോദ് ജോസ്, അനന്ത് നാഗ് തുടങ്ങിയ ഒരു പറ്റം മാധ്യമപ്രവർത്തകർക്കും പാർലമെന്റംഗം ശശി തരൂരിനുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് ഇതേ ഡൽഹി പൊലീസാണ്.

രാജ്യത്ത് ചുമത്തപ്പെടുന്ന ഒട്ടുമിക്ക രാജ്യദ്രോഹ കേസുകളും ശുദ്ധ അസംബന്ധങ്ങളാണ്. മുംബൈയിലെ റാണാ ദമ്പതികൾക്കെതിരെ ചുമത്തപ്പെട്ട പരിഹാസ്യമായ രാജ്യദ്രോഹകേസിനെക്കുറിച്ചാണ് മേത്ത കോടതിയിൽ പറഞ്ഞത്. എന്നാൽ, ഏതാനും വർഷങ്ങളായി അത്തരം കേസുകളുടെ ഒരു പകർച്ചവ്യാധി തന്നെയാണ് മഹാരാഷ്ട്ര മുതൽ മണിപ്പൂർവരെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അതിലേറെയും അദ്ദേഹം സേവിക്കുന്ന സർക്കാറിന്റെ പ്രേരണയാൽ സംഭവിച്ചവയുമാണ്.

എല്ലായിടത്തും പൊലീസ് നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ല. 1962ലെ കേദാർനാഥ് സിങ് കേസിൽതന്നെ സുപ്രീംകോടതി വ്യക്തമാക്കിയത് അക്രമവുമായി നേരിൽ ബന്ധമൊന്നുമില്ലെങ്കിൽ എന്തെങ്കിലും വാചകങ്ങളുടെ പേരിൽ രാജ്യദ്രോഹ ആരോപണം നിലനിൽക്കില്ല എന്നാണ്.

ഡൽഹി പൊലീസ് ചുമത്തിയ കേസ് ബഹുവിശേഷമാണ്, വിമർശിക്കുകയും ഇഷ്ടമില്ലാത്തത് പറയുകയും ചെയ്യുന്നവർക്കെതിരെ ഒരു തത്ത്വദീക്ഷയുമില്ലാതെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്ന ചിന്താഗതിയെ മോദി സർക്കാർ പൂർണമായും പിൻപറ്റുന്നുവെന്ന് ഇത് വ്യക്തമാക്കിത്തരുന്നു അതുകൊണ്ടാണ് സോളിസിറ്റർ ജനറൽ അത് സൗകര്യപൂർവം മറക്കാൻ നോക്കുന്നതും. ഇത് ഇന്ത്യൻ നാട്ടിൻപുറങ്ങളിലോ സംസ്ഥാനങ്ങളിലെ അരക്ഷിതരും പ്രതികാരദാഹികളുമായ രാഷ്ട്രീയക്കാരുടെയോ പ്രശ്നമല്ല, മറിച്ച് ഇന്ത്യയിലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾക്കൊള്ളുന്ന ഒരു പ്രശ്നമാണ്, ഇഷ്ടമില്ലാത്ത ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ വേണ്ടി നിയമം ദുരുപയോഗം ചെയ്യാൻ അവർ ഒരുമ്പെടുന്നതിന്റെ വിഷയമാണ്.

ഇത്തരമൊരു ദുഷ്കരമായ അവസ്ഥയിൽ കുരുങ്ങി നിൽക്കവെ തന്ത്രപൂർവം രാജ്യദ്രോഹ നിയമത്തെക്കുറിച്ച് അവലോകനം നിർദേശിച്ചുകൊണ്ട് വരാനിരിക്കുന്ന കോടതിവിധിയിൽനിന്ന് രക്ഷപ്പെടാനാണ് സർക്കർ ശ്രമിച്ചത്. ഇന്ത്യയെ കൊളോണിയൽ വിഴുപ്പു ഭാണ്ഡങ്ങളിൽനിന്ന് മോചിപ്പിക്കാനുള്ള 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി'യുടെ പ്രയത്നങ്ങളുടെ ഭാഗമെന്ന പേരിൽ ഔദ്യോഗിക സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.

പുനരവലോകനത്തിനുള്ള നിർദേശം സുപ്രീംകോടതി ഒരു സുപ്രധാന മുന്നറിയിപ്പോടെ അംഗീകരിച്ചു: നിലവിലുള്ള എല്ലാ രാജ്യദ്രോഹ കേസുകളും ആ പ്രക്രിയ പൂർത്തിയാകുന്നതുവരെ നിർത്തിവെക്കണം. ഇതിനകം കസ്റ്റഡിയിലുള്ളവർക്ക് ജാമ്യം ലഭിക്കുമെന്ന് ഉറപ്പുനൽകിയിട്ടില്ല, പുതിയ കേസുകൾ ഫയൽ ചെയ്യുന്നത് സംബന്ധിച്ച കോടതിയുടെ ഉത്തരവ് സൂക്ഷ്മതയാർന്ന ഭാഷയിലാണ്- ''കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇപ്പോൾ 124A പ്രയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുമെന്ന് അത് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു'' -ഈ നിർദേശം അവഗണിക്കുന്നത് ദയയോടെ നോക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കോടതിക്ക് 'ലക്ഷ്മണരേഖ' മുന്നറിയിപ്പ് നൽകിയെങ്കിൽപോലും നമ്മുടെ സർക്കാറുകൾ തീർത്തും നിർലജ്ജരല്ലാ എന്ന് കരുതാം. കോടതിയുടെ ഇടക്കാല ഉത്തരവ് ഫലത്തിൽ അർഥമാക്കുന്നത് 150 വർഷം നീണ്ട രാജ്യദ്രോഹത്തിന് ഒടുവിൽ അറുതി വരുന്നു എന്നുതന്നെയാണ്. മോദി സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന അവലോകനം അത്ര ഗൗരവത്തോടെയുള്ളതാവാൻ തരമില്ല. അത് നിർദേശിക്കുന്ന സംരക്ഷണം പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ രാജ്യദ്രോഹ എഫ്.ഐ.ആറിൽ ഒപ്പിടുന്നത് നിർബന്ധമാക്കുന്ന തരത്തിലുള്ളതാണ്. സുപ്രീംകോടതിയുടെ ഇക്കാര്യത്തിലെ നിലപാട് മാറാത്തിടത്തോളം കാലം സർക്കാറിനെ വിമർശിക്കുന്നവരെ ദ്രോഹിക്കുന്നതിനായി ഈ കൊളോണിയൽ തിരുശേഷിപ്പിനെ ഇനി ഉപയോഗിക്കാനാവില്ല.

ഈ വിഷയത്തിലെ സർക്കാറിന്റെ സംശയാസ്പദമായ ആത്മാർഥത കണക്കിലെടുത്ത് സുപ്രീംകോടതി കുറച്ചുകൂടി സ്പഷ്ടമായ നിലപാടെടുക്കണമെന്ന് ആഗ്രഹിച്ചാൽപോലും നിലവിലേത് വളരെ നല്ലൊരു സംഭവവികാസം തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ക്രിമിനൽ കുറ്റമാക്കി തീർക്കുന്നതിന് രാജ്യദ്രോഹത്തെ ഒരു വടിയായി ഉപയോഗിച്ചുപോന്ന സെൻസർമാരുടെ ആയുധപ്പുരയിൽ ഇനിയും ഒട്ടേറെ നിയമങ്ങൾ സ്റ്റോക്കുണ്ട്. അധികാരത്തിലിരിക്കുന്ന സർക്കാറുകൾക്ക് ഇഷ്ടമില്ലാത്ത പ്രസംഗങ്ങളും രചനകളും നടത്തുന്നവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ദേശീയ സുരക്ഷാ നിയമം, പൊതുസുരക്ഷാ നിയമം (ജമ്മു-കശ്മീരിൽ) കൂടാതെ ഐ.പി.സി സെക്ഷനുകൾ - 153, 295, 504, 505 - എന്നിവ ഉപയോഗിക്കുന്നത് ഇക്കഴിഞ്ഞ വർഷങ്ങളിൽ നാം കണ്ടു. അഡ്വ. പ്രദീക് ഛദ്ദയുടെ പക്കൽ ഇത്തരം വകുപ്പുകളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. 2020ൽ ദുരന്തനിവാരണ നിയമവും പകർച്ചവ്യാധി നിയമം പോലും മാധ്യമങ്ങളെ അടിച്ചമർത്തുന്നതിനായി പ്രയോഗിക്കപ്പെട്ടു.

രാജ്യദ്രോഹ നിയമത്തിലേക്കുള്ള വഴി അടയുന്നതോടെ വിമർശകരെ ഭയപ്പെടുത്തുന്നതിനും മാധ്യമപ്രവർത്തകരെയും പൗരാവകാശ സംരക്ഷകരേയും പ്രതിപക്ഷ രാഷ്ട്രീയക്കാരെയും നിശ്ശബ്ദരാക്കുന്നതിനും ഇത്തരം അനേകം നിയമങ്ങളുടെ ദുരുപയോഗം ഇരട്ടിയാക്കുന്നതിന് പൊലീസിനേയും (അവരുടെ ഏമാൻമാരേയും) പ്രേരിപ്പിക്കാൻ സാധ്യത ഏറെയാണ്.

ഇത്തരം മറ്റു നിയമങ്ങളുടെ നിലവിൽ നടക്കുന്നതും വരാനിരിക്കുന്നതുമായ ദുരുപയോഗം തടയുന്നതിന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയും സഹപ്രവർത്തകരും മാർഗങ്ങൾ കണ്ടെത്തുമെന്ന് 'ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും' ചെയ്യുക നാം.

(കടപ്പാട്: The India cable, the wire.in)
Tags:    
News Summary - What we expect from the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.