ഹിന്ദുത്വർ ഭരണഘടനയെഴുതുമ്പോൾ ജനാധിപത്യവാദികൾ എന്തുചെയ്യും?

ഹിന്ദുരാഷ്ട്ര നിർമാണം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഹിന്ദുത്വരുടെ വിവിധ വിതാനങ്ങളിലുള്ള കർമപരിപാടികളുടെ ഭാഗമായി ഹിന്ദുത്വ ഭരണഘടനയുടെ രചന പൂർത്തീകരണവും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം നടന്ന ധരം സൻസദിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഭരണഘടന തയാറാക്കുമെന്ന് പ്രമേയം പാസാക്കിയിരുന്നു. അടുത്ത വർഷം പ്രയാഗ് രാജിൽ നടക്കുന്ന സമ്മേളനത്തിൽ പൂർണ ഭരണഘടന അവതരിപ്പിക്കുമെന്നാണ് ഹിന്ദുത്വർ പ്രചരിപ്പിക്കുന്നത്.

ഇത് യാഥാർഥ്യത്തിന് നിരക്കാത്ത ഒന്നായതിനാൽ തികഞ്ഞ വിഡ്ഢിത്തമായി തോന്നിയേക്കാമെങ്കിലും ഇന്ത്യൻ സാമൂഹിക ചുറ്റുപാടുകൾ ഹിന്ദുത്വ സാംസ്കാരികാശയങ്ങൾക്ക് വളക്കൂറുള്ള ഒന്നായിരിക്കെ ഇതിനെ ഗൗരവതരമായി സമീപിക്കേണ്ടതുണ്ട്. ഭരണഘടന ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്തിൽ അതിനെ അട്ടിമറിക്കുന്ന വിധത്തിൽ ഹിന്ദുത്വ ബ്രാഹ്മണാധിപത്യത്തിന് സർവാധീശത്വം പകരുന്ന രൂപത്തിൽ ഹിന്ദുത്വ ഭരണഘടന രചിക്കുന്നൂവെന്നത് ജനാധിപത്യ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്ന കുറ്റകൃത്യമാണ്.

പൗരരല്ലാത്ത ന്യൂനപക്ഷങ്ങൾ

ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഹിന്ദുത്വ ഭരണഘടനയുടെ കരടുരൂപത്തിൽ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജീവിക്കാൻ കഴിയുമെങ്കിലും മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നാണ്. ന്യൂനപക്ഷങ്ങളെ ഇന്ത്യൻ പൗരരായി അംഗീകരിക്കില്ല എന്നാണിതിന്റെ രത്നച്ചുരുക്കം. പൗരത്വഭേദഗതി ബില്ലിലൂടെ ബ്രാഹ്മണ്യ ശക്തികളുടെ ഭരണകൂടം ഇക്കാര്യം തന്നെയാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. പൗരത്വ ബില്ലിലെ ആശയം കുറെക്കൂടി ആഴത്തിൽ ഹിന്ദുത്വ ഭരണഘടനയിൽ തെളിയുകയാണ്.

വിചാരധാരയിലും (Bunch of Thoughts) മറ്റും അവതരിപ്പിച്ച ഇന്ത്യയിലെ ശത്രുഗണമായാണ് മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ധരംസൻസദിൽ ആവിഷ്കരിച്ച ബ്രാഹ്മണ്യ ഭരണഘടനയുടെ കരടുരൂപം കണക്കാക്കുന്നത്. അടിസ്ഥാനപരമായി ഹിന്ദുത്വവാദികൾ നിരന്തരം പറയുന്ന 'വസുധൈവ കുടുംബകം' 'ലോകാഃ സമസ്താ സുഖിനോ ഭവന്തു' തുടങ്ങിയ ആശയങ്ങൾക്കെതിരായാണ് അവരുടെ ന്യൂനപക്ഷങ്ങൾക്കെതിരായ നിലപാട് രൂപം കൊണ്ടിരിക്കുന്നത്.ഇന്ത്യയിൽ നിലനിന്ന ചാതുർവർണ്യ ജാതിവ്യവസ്ഥയെ നിലനിർത്താനുതകും വിധത്തിലാണ് ഹിന്ദുത്വർ അവരുടെ 'ഭരണഘടന' ഭാവന ചെയ്യുന്നത്. അതിൽ മനുഷ്യരായി ത്രൈവർണികർ മാത്രമെ പരിഗണിക്കപ്പെടൂ എന്നതാണ് യാഥാർഥ്യം.

മനുസ്മൃതി ഉൾപ്പെടെയുള്ള ധർമശാസ്ത്ര പാരമ്പര്യം രേഖപ്പെടുത്തിയ പ്രതിലോമകരമായ 'നിയമങ്ങളെ' പുതിയ ഇന്ത്യയിൽ നിലനിർത്താനാണ് ഇതിലൂടെ അവർ പരിശ്രമിക്കുന്നത്. 'മനു ഇന്നും ജീവിക്കുന്നു' എന്ന് ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിച്ചത് ഹിന്ദുത്വം ഒരു സാംസ്കാരിക വ്യവസ്ഥയായതുകൊണ്ടുകൂടിയാണ്. ഭരണഘടനാ ജനാധിപത്യം നിലനിൽക്കുമ്പോഴും അതിനെ മറികടക്കുംവിധം പൊതുബോധമായും സാംസ്കാരിക വ്യവസ്ഥയായും ഹിന്ദുത്വം തുടരുന്നു. ചാതുർവർണ്യ ജാതിക്രമം മനുഷ്യരെ ഹീനരായി പുറന്തള്ളിയതിന്റെ അതേ യുക്തിയിലാണ് ന്യൂനപക്ഷങ്ങൾ പൗരരല്ല എന്ന് പ്രഖ്യാപിക്കുന്നത്. ഇതിലൂടെ ഹിന്ദുത്വർ ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്നില്ലെന്നും മനുസ്മൃതിയാണ് തങ്ങളുടെ യഥാർഥ ഭരണഘടനയെന്നുമാണ് ഉദ്ഘോഷിക്കുന്നത്.

അഖണ്ഡഭാരതം: സത്യവും മിഥ്യയും

ഹിന്ദുത്വവാദികൾ അവതരിപ്പിക്കുന്ന അഖണ്ഡഭാരതം ലക്ഷ്യമിടുന്നതും ഒരു ഹിന്ദുരാഷ്ട്രത്തെയാണ്. വൈദിക കാലം മുതൽതന്നെ നിലനിന്നതും പുരാണങ്ങളിൽ കന്യാകുമാരി മുതൽ ഹിമാലയം വരെ പരികൽപിക്കപ്പെട്ടിരുന്നതുമായ ഒന്നായി അഖണ്ഡ ഭാരതത്തെ അവതരിപ്പിക്കുന്നു. ഏറ്റവും പ്രാചീനമായ ഋഗ്വേദത്തിൽ ദക്ഷിണേന്ത്യയെ സംബന്ധിച്ച പരാമർശങ്ങളൊന്നും ഇല്ലായെന്നിരിക്കെ അഖണ്ഡഭാരതം വൈദികകാലം മുതൽ നിലനിന്നതാണെന്ന വാദം തന്നെ വസ്തുതാവിരുദ്ധമാണെന്ന് പറയേണ്ടിവരും. ആയിരക്കണക്കിന് നാട്ടുരാജ്യങ്ങളായി പിളർന്നിരുന്ന ഇന്ത്യ എന്ന ഐക്യസങ്കൽപം ഒരാധുനികമായ സൃഷ്ടിയാണ്.

ചാതുർവർണ്യ ജാതി ജീവിതത്തിന്റെ മേൽക്കീഴ് വ്യവസ്ഥകളിൽ നിലീനമായിരുന്ന ഇന്ത്യൻ സമൂഹത്തിന് 'അഖണ്ഡഭാരതം' എന്ന സങ്കൽപം അജ്ഞാതമായിരുന്നു. 'തനിക്കൊരു മാതൃരാജ്യമില്ലെന്ന്' ഗാന്ധിയോട് പറഞ്ഞ അംബേദ്കറുടെ വാക്കുകൾ തന്നെ അഖണ്ഡഭാരത സങ്കൽപത്തെ വിമർശനവിധേയമാക്കുന്നു. ആയിരക്കണക്കിന് നാട്ടുരാജ്യങ്ങളായി പിളർന്ന് പരസ്പരം കലഹിക്കുകയും ജാതിയുടെ ഏറ്റിറക്ക ക്രമങ്ങളിൽ ഞെരുങ്ങി അകന്നു ജീവിക്കുകയും ചെയ്ത ഒരു സമൂഹം അഖണ്ഡമായിരുന്നു എന്ന വാദം ഉന്നയിക്കാൻ ചരിത്രത്തെ സംബന്ധിച്ച വായനകളിൽ തികഞ്ഞ അജ്ഞാനിയായ ഒരാൾക്കെ കഴിയൂ.

കന്യാകുമാരി മുതൽ ഹിമാലയ പര്യന്തമുള്ള ഭാരതവർഷത്തെ ഭാവന ചെയ്ത പുരാണകർത്താക്കളും മുസ്‍ലിംകളെയും ദലിതരെയും മറ്റും മ്ലേച്ഛരായാണ് ഗണിച്ചിരുന്നത്. ഇത് ആത്യന്തികമായി ബ്രാഹ്മണ്യത്തിന്റെ ദേശഭാവനയാണെന്നാണ് തെളിയുന്നത്. ഇന്ത്യയിലെ മുഴുവൻ മനുഷ്യരെയും തുല്യരായി പരിഗണിക്കുന്ന സമത്വസങ്കൽപം ആധുനികമായ ഒരു ഭാവനയാണ്.

ഗുരുകുല സമ്പ്രദായവും ആധുനിക വിദ്യാഭ്യാസവും

ധരംസൻസദിൽ രൂപം കൊണ്ട ഹിന്ദുത്വ ഭരണഘടനയുടെ മറ്റൊരു പ്രഖ്യാപനം ഗുരുകുല സമ്പ്രദായം നടപ്പാക്കും എന്നാണ്. ജ്യോതിഷം മുതലായ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകുമെന്നും പ്രഖ്യാപനമുണ്ട്. നിലവിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജ്യോതിഷം (Astrology) പാഠ്യവിഷയമാണ്. അതുകൊണ്ട് ഇത് പുതുമയുള്ള വിഷയമല്ല. എന്നാൽ, ഏറ്റവും ഗൗരവമുള്ള വിഷയം ഗുരുകുല സമ്പ്രദായം നടപ്പാക്കും എന്നുള്ളതാണ് (ഫലജ്യോതിഷത്തിന്റെ പഠനം സമൂഹത്തിൽ ചെയ്യുന്ന ദുരിതഫലങ്ങൾ അത്ര ലളിതവുമല്ല). ഗുരുകുല സമ്പ്രദായത്തിൽനിന്ന് ആധുനിക വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റമാണ് പുതിയ ഇന്ത്യയെ സൃഷ്ടിച്ചത്.

ഇന്ത്യയിൽ നിലനിന്നിരുന്ന ഗുരുകുല സമ്പ്രദായത്തിൽ ദലിതർ, സ്ത്രീകൾ, പിന്നാക്ക ജാതി വിഭാഗങ്ങൾ എന്നിവർക്കൊന്നും തന്നെ പ്രവേശനമുണ്ടായിരുന്നില്ല. ധർമസൂത്രങ്ങളിലൂടെ കടന്നുപോയാൽ ബോധ്യപ്പെടുക, ഗുരുകുല സമ്പ്രദായത്തിൽ വിദ്യക്ക് അവകാശമുണ്ടായിരുന്നത് ത്രൈവർണിക ജാതിവിഭാഗങ്ങൾക്ക് മാത്രമാണെന്നാണ്. ധനുർവിദ്യക്ക് ആഗ്രഹിച്ച ഏകലവ്യന്റെ അവസ്ഥ ഇതിന്റെ മറ്റൊരു പരിച്ഛേദമാണ്. ഗുരുകുല സമ്പ്രദായം പാർശ്വവത്കൃത ജനവിഭാഗങ്ങളെ സമ്പൂർണമായി പുറന്തള്ളുന്ന ഒന്നാണ്. ആധുനിക വിദ്യാഭ്യാസപദ്ധതിയാണ് സമൂഹത്തിൽ പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങളെ സഹായിച്ചത്, അല്ലാതെ ഗുരുകുല സമ്പ്രദായമല്ല.

ഗുരുകുല വിദ്യാഭ്യാസം തിരികെ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്നതിലൂടെ ത്രൈവർണിക ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.ഇങ്ങനെ അടിമുടി ജനാധിപത്യ വിരുദ്ധവും വർണവെറി നിറഞ്ഞതുമായ ഒരു ഹിന്ദുത്വ ഭരണഘടനയുടെ കരടുരൂപം പുറത്തുവരുമ്പോൾ ജനാധിപത്യത്തിലും ആധുനികമായ നിയമവാഴ്ചയിലും (അതിന്റെ എല്ലാ പരിമിതികളും ഇരിക്കെത്തന്നെ) ഭരണഘടനയിലും അടിയുറച്ച് വിശ്വസിക്കുന്ന ജനാധിപത്യവാദികൾ എന്തുചെയ്യും എന്ന ചോദ്യമിവിടെ ഉയർന്നുവരും.

ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ രൂപത്തെ വോട്ടിനിട്ട് പരാജയപ്പെടുത്താൻ കഴിഞ്ഞാലും അതിന്റെ സാംസ്കാരിക രൂപത്തെ പരാജയപ്പെടുത്താൻ ഭാവി ജനാധിപത്യ ഇന്ത്യയെ സ്വപ്നം കാണുന്നവർക്കേ സഫലമാക്കാൻ കഴിയൂ. ഹിന്ദുത്വവാദികൾ 'ഹിന്ദുരാഷ്ട്രം' എന്ന 'സ്വപ്നം' യാഥാർഥ്യമാക്കാൻ അഹോരാത്രം യത്നിക്കുമ്പോൾ ഇന്ത്യയെ ഒരു ജനാധിപത്യ ഇന്ത്യയായി നിലനിർത്താൻ ഏത് തരം പ്രവർത്തന പദ്ധതികളാണ് ഹിന്ദുത്വ വിരുദ്ധരുടെയും ജനാധിപത്യ വാദികളുടെയും കൈയിലുള്ളത്. ഉത്തരം അത്രമേൽ ലളിതമായിരിക്കില്ല; എങ്കിലും മുഴുവൻ ജനാധിപത്യ വിശ്വാസികളും അതിനായി ചിന്തിച്ച് പ്രവർത്തിക്കേണ്ട കാലം ആഗതമായിരിക്കുന്നു.

Tags:    
News Summary - What will the democrats do when they write the Hindutva constitution?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.