നവലിബറൽകാലത്തെ ജനാധിപത്യത്തിെൻറ പ്രത്യേകതകളിലൊന്ന്, അത് ആഗ്രഹങ്ങളെ കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ തുറന്നുവിട്ട് വാക്കുകളെ കടിഞ്ഞാണിൽ തളച്ചിടുന്നു എന്നതാണ്. ജനാധിപത്യ മനുഷ്യനെയല്ല, വിപണി മനുഷ്യനെയാണ് അത് സൃഷ്ടിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യം, നീതി, ബഹുസ്വരത, സംവാദം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തിലെല്ലാം ഇന്നത്തെ ലോകത്ത് ഒരുതരം ദാർശനിക ദാരിദ്ര്യമാണ്, ഫിേലാസഫിക്കൽ തിൻനെസ്(philosophical thinness).
ഇതിെൻറ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ. മുകളിൽ സൂചിപ്പിച്ച പല അവകാശങ്ങളും മഴക്കാടുകളെപ്പോലെ വംശനാശം നേരിടുന്നു എന്നതിെൻറ അവസാന തെളിവാണ് ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പാസാക്കിയ ഇൻഫർമേഷൻ ടെക്നോളജി ഇൻറർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്.
ഇതേച്ചൊല്ലി സർക്കാറും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിയമപ്പോരിൽ ഏർപ്പെട്ടിരിക്കുകയാണ്. ക്രമസമാധാന പരിപാലനവും രാഷ്ട്ര പരമാധികാരവും സുരക്ഷയുമാണ് നിയമത്തിന് ന്യായീകരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നതെങ്കിൽ, പൗരജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് മീഡിയ പ്ലാറ്റ്ഫോമുകൾ ഇതിനെ ചിത്രീകരിക്കുന്നത്.
ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തയാറാക്കിയ നിയമത്തിലെ ചില കാര്യങ്ങൾ എടുത്തുകാട്ടി ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്: ഉഭയകക്ഷി സമ്മതപ്രകാരമല്ലാത്ത സ്വകാര്യ ചിത്രങ്ങൾ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒഴിവാക്കുക, സുതാര്യത ഉറപ്പുവരുത്താൻ കംപ്ലയൻസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, പരാതിപരിഹാര സംവിധാനം സ്ഥാപിക്കുക, സ്വകാര്യാഭിപ്രായങ്ങൾ, സ്പോൺസേഡ് കാര്യങ്ങൾ, പരസ്യം തുടങ്ങിയവ തിരിച്ചറിയുന്നതിനായി ലേബൽ ചേർക്കുക എന്നിവ ഇതിൽപ്പെടുന്നു.
എന്നാൽ, നിയമത്തിെൻറ പൊതുസ്വഭാവം അഭിപ്രായസ്വാതന്ത്ര്യത്തിന് ഹാനികരമാണെന്നതിൽ സംശയം വേണ്ട. പ്ലാറ്റ്ഫോമിെൻറ ഏത് ഉള്ളടക്കവും സർക്കാർ ആവശ്യപ്പെടുന്നപക്ഷം 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുക, ഉറവിടം വെളിപ്പെടുത്തുക, ഓരോ പ്ലാറ്റ്ഫോമുകളും ഇന്ത്യയിൽ അവരുടെ മേഖല ഓഫിസ് തുടങ്ങുക, ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങിയവയാണ് ഇക്കാര്യത്തിൽ മുഖ്യം.
രാജ്യസുരക്ഷ, പരമാധികാരം, ക്രമസമാധാനം തുടങ്ങിയവയുടെ സംരക്ഷണം/പരിപാലനമാണല്ലോ നിയമനിർമാണത്തിന് ആധാരമായി സർക്കാർ വാദിക്കുന്നത്. 2019ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും പരിപാലിക്കപ്പെടേണ്ടതും തന്നെയാണ്.
എന്നാൽ, വ്യാകുലപ്പെടുത്തുന്നത് ഇക്കാര്യത്തിൽ നിയമം സർക്കാറിന് നൽകുന്ന അമിതാധികാരമാണ്. ആദ്യത്തെ പ്രശ്നം ഇത്തരം കാര്യങ്ങളെല്ലാം സർക്കാറിെൻറ ഏകപക്ഷീയമായ നിർവചനത്തിനും നടപടിക്കും വിധേയമാണെന്നതാണ്. ഉദാഹരണമായി, ഏതു സന്ദർഭത്തിലാണ് ഒരുസന്ദേശം രാജ്യസുരക്ഷയെ, പരമാധികാരത്തെ അല്ലെങ്കിൽ ക്രമസമാധാനത്തെ ബാധിക്കുന്നത്? ഇക്കാര്യങ്ങളിൽ നിയമത്തിെൻറ മൗനമാണ് സർക്കാറിെൻറ അധികാരം. അതിൽനിന്ന് ഒരുകാര്യം വ്യക്തമാണ്: ഇവിടെ രാജ്യതാൽപര്യമല്ല പ്രശ്നം, ഭരണകൂടത്തിെൻറ രാഷ്ട്രീയതാൽപര്യമാണ്.
ഭരണകക്ഷിയായ ബി.ജെ.പിയുടെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാൽമതി ഇതു ബോധ്യമാവാൻ. പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്തു നടത്തിയാൽപോലും രാജ്യദ്രോഹത്തിന് കേസെടുക്കുന്നൊരു ഭരണകൂടമാണ് നമ്മുടേത്. ഇക്കാര്യത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട 405 കേസുകളിൽ 96 ശതമാനവും 2014 നുശേഷം ഉണ്ടായിട്ടുള്ളതാണെന്ന വസ്തുത ഒാർക്കുന്നത് നന്നായിരിക്കും. ഇതിൽ തന്നെ 149 എണ്ണം പ്രധാനമന്ത്രിയെ വിമർശിച്ചതിനും 144 എണ്ണം യു.പി. മുഖ്യമന്ത്രി ആദിത്യനാഥിനെ വിമർശിച്ചതിനുമാണ്.
ഇതിനർഥം കേന്ദ്ര സർക്കാർ നോട്ടമിടുന്നത് സർക്കാർവിരുദ്ധ സന്ദേശങ്ങളെയാണെന്ന് വ്യക്തം. 36 മണിക്കൂർ സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ, നിയമനടപടികൾക്കുള്ള സാധ്യത തീരെ വിരളം തന്നെ. തന്നെയുമല്ല, പ്ലാറ്റ്ഫോമുകൾ സന്ദേശത്തിെൻറ ഉറവിടം വെളിപ്പെടുത്തുകയും വേണം. ഇനിമുതൽ ഭരണകൂടത്തിെൻറ മധുരേച്ഛയാണ് ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിെൻറയും സ്വകാര്യതയുടെയും അളവുകോൽ എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
2019 ലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് നിയമം നിർമിച്ചത് എന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ, ഉറവിടത്തെക്കുറിച്ചുള്ള ഏതൊരന്വേഷണവും വ്യക്തിയുടെ മൗലികാവകാശം ലംഘിക്കാൻ ഇടവരരുതെന്നും അത്തരം നീക്കങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളു എന്നും കോടതി പറഞ്ഞതിനെ സർക്കാർ സൗകര്യപൂർവം മറച്ചുെവക്കുന്നു!
സ്വകാര്യതയുടെയും എൻഡ്-ടു-എൻഡ് ഇൻക്രിപ്ഷനിൽ (സന്ദേശം അത് അയക്കുന്ന ആൾക്കും അത് ലഭിക്കുന്ന ആൾക്കും മാത്രം വായിക്കാനാവുന്ന രീതി) മാറ്റംവരുത്തുന്നതിെൻറ പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് പ്ലാറ്റ്ഫോമുകൾ പുറമേ ഉന്നയിക്കുന്നതെങ്കിലും അവരെ സംബന്ധിച്ചിടത്തോളം മറ്റു ചില പ്രശ്നങ്ങളാണ് മുഖ്യം.
നിയമമനുസരിച്ചില്ലെങ്കിൽ അവർ അനുഭവിക്കുന്ന 'സേഫ് ഹാർബർ' പരിരക്ഷ നഷ്ടമാവും എന്നതാണ് ഇതിൽ മുഖ്യം. ഈ പരിരക്ഷയാണ് ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് പ്ലാറ്റ്ഫോമുകളെ ഒഴിവാക്കുന്നത്. എന്നാൽ, ഇത് ഇല്ലാതാവുന്നതോടെ, തങ്ങളുടെ പ്ലാറ്റ്ഫോംവഴി നടക്കുന്ന എല്ലാ ആശയവിനിമയങ്ങൾക്കും അവർ കൂടി ഉത്തരവാദികൾ ആകുന്നു. സർക്കാറിന് അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവസരം ഒരുക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേൽ നിയന്ത്രണം പാടില്ലെന്നല്ല വാദിക്കുന്നത്. അതിെൻറ ലക്ഷ്യം എന്താണെന്നതാണ് പ്രശ്നം. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉതകുംവിധം ആരോഗ്യകരമായ ആശയവിനിമയത്തിെൻറയും വിശ്വാസയോഗ്യമായ വിവരങ്ങളുടെയും ഉറവിടമാകണം പ്ലാറ്റ്ഫോമുകൾ.
ഇതാവണം നിയന്ത്രണങ്ങളുടെ ഉദ്ദേശ്യം. ഇവിടെയാണ് കേന്ദ്ര സർക്കാറിെൻറ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുന്നതും. അതിെൻറ രാഷ്ട്രീയത്തിന് അതിരുകൾ ഇല്ലാതാവുന്നു എന്നതാണ് നമ്മുടെ അനുഭവം. അത് ചോദ്യം ചെയ്യാനാവാത്ത ഉത്തരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. ഉത്തരം നൽകാനാവാത്ത ചോദ്യങ്ങളെക്കാൾ അപകടകരമാണല്ലോ ചോദ്യം ചെയ്യാനാവാത്ത ഉത്തരങ്ങൾ. ഇതോടെ ജനാധിപത്യത്തിെൻറ കല സംവാദകലയിൽനിന്ന് മുറിഞ്ഞുമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.