ഈഴവസമുദായം രാഷ്​ട്രീയശക്തിയാകുമ്പോൾ

ഇൗഴവ സമുദായം വോട്ട്ബാങ്കായി മാറുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇൗയിടെ 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ജനസംഖ്യയുടെ 23 ശതമാനം വരുന്ന സമുദായത്തിന് 42 നിയോജകമണ്ഡലങ്ങളിൽ ഒറ്റക്ക് മുൻതൂക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മുന്നണികളും രാഷ്​ട്രീയ പാർട്ടികളും ഈഴവരെ പരിഗണിക്കുന്നില്ലെന്ന പതിവ് നിലപാട് ആവർത്തിച്ചു. ബി.ഡി.ജെ.എസുമായി തനിക്ക് ബന്ധമൊന്നും ഇല്ലെന്ന നിലപാടിലായിരുന്നു കഴിഞ്ഞ കുറേക്കാലമായി വെള്ളാപ്പള്ളി നടേശൻ.

എന്നാൽ 'മാധ്യമം' അഭിമുഖത്തിൽ ബി.ഡി.ജെ.എസ്​ ഇപ്പോൾ പിച്ച വെക്കുകയാണെന്നും നാളെ ഓടിക്കളിക്കുന്ന കാലം വരുമെന്നും പറയാൻ മറന്നില്ല. പിണറായി വിജയനേയും നരേന്ദ്രമോദിയേയും ഒരുപോലെ താലോലിക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളി എക്കാലത്തും എല്ലാ മുന്നണികളേയും പിണക്കാതെയിരിക്കാൻ തന്ത്രപരമായ നിലപാട് സ്വീകരിക്കാൻ ശ്രമിക്കാറുണ്ട്.

സംഘ്പരിവാറിന്‍റെ ലക്ഷണമൊത്ത ഉപോൽപ്പന്നം

ബി.ഡി.െജ.എസിനെ നെഞ്ചിൽ കൈവെച്ച് തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശന് കഴിയുകയില്ല. കാരണം 2015 ഡിസംബർ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമത്വമുന്നേറ്റ യാത്രയിൽ ഭാരത് ധർമ ജനസേനയെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. അന്നു തങ്ങളുടെ ലക്ഷ്യം ഹിന്ദു രാഷ്​ട്രവാദമല്ലെന്ന് വിശദീകരിച്ചത് കൃത്യമായ മുൻകൂർ ജാമ്യമെടുക്കലായിരുന്നു. നൂറുശതമാനം സംഘ്​പരിവാറിന്‍റെ ലക്ഷണമൊത്ത ഉപോൽപന്നമാണ് ബി.ഡി.ജെ.എസ് എന്നത് രൂപവത്​കരണ കാലം മുതൽ വ്യക്തമായതാണ്. കുങ്കുമ നിറത്തിലെ പതാകയും പേരിലെ ഓരോ പദവും അത് തെളിയിക്കുന്നു.

ഏത് മുന്നണിയോടൊപ്പവും ചേരാൻ തയാറാണെന്ന് ആദ്യമൊക്കെ തുഷാർ വെള്ളാപ്പള്ളി പറ​െഞ്ഞങ്കിലും മാസങ്ങൾക്കു ശേഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട് കൃത്യമായ അജണ്ടേയാടെ രൂപവത്​കരിച്ചതാണ് പാർട്ടിയെന്ന് ഉറപ്പായിരുന്നു. താമസംവിനാ എൻ.ഡി.എയുടെ ഘടകകക്ഷിയായതോടെ സംഘ്പരിവാർ പരീക്ഷണശാലയിൽ പിറവിയെടുത്ത ഒന്നായിരുന്നു ബി.ഡി.ജെ.എസ് എന്ന വസ്തുത മറനീക്കി പുറത്ത് വന്നു.

ബി.ഡി.ജെ.എസിന്‍റെ രൂപവത്​കരണം എസ്.എൻ.ഡി.പി യോഗത്തിന്‍റെ ഔദ്യോഗിക തീരുമാനത്തിന്‍റെ വെളിച്ചത്തിലായിരുന്നില്ല. സമുദായത്തിലെ അടിസ്ഥാന വർഗത്തിൽ പെട്ട ബഹുഭൂരിപക്ഷം അംഗങ്ങളും ഇരു കമ്യൂണിസ്​റ്റ്​പാർട്ടികളിലും മധ്യവർഗം കോൺഗ്രസിലുമായാണ് കാലങ്ങളായി പ്രവർത്തിക്കുന്നത്. അതേ സമയം, ഈഴവസമുദായത്തിലെ ഗണ്യമായ ഒരുവിഭാഗം കഴിഞ്ഞ കുറേക്കാലമായി സംഘ്പരിവാർ രാഷ്​ട്രീയത്തോട് അടുപ്പം കാണിക്കുന്നുണ്ടെന്ന വസ്തുത കാണാതിരുന്നു കൂടാ. സർവമതങ്ങളേയും സമാദരിക്കുന്ന വിശ്വമാനവ ദർശനത്തിെൻറ സ്രഷ്​ടാവായ ശ്രീനാരായണ ഗുരു ജന്മമെടുത്ത സമുദായത്തെ സംഘ്പരിവാർ പാളയത്തിലേക്ക് എത്തിക്കാനുള്ള റിക്രൂട്ടിങ്​ ഏജൻസിയായാണ് ബി.ഡി.ജെ.എസ് നിലകൊള്ളുന്നത്. തങ്ങളുടെ ചൊൽപ്പടിയിലുള്ള യോഗം കൗൺസിലർമാരേയും യൂണിയൻ ഭാരവാഹികളേയും സംഘടനയുടെ ഭാരവാഹികളാക്കിയതും മറ്റൊരു ഹിഡൻ അജണ്ടയുടെ ഭാഗമായിരുന്നു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാടിളക്കി മത്സരരംഗത്ത് വന്ന ബി.ഡി.ജെ.എസ് എൻ.ഡി.എ ഘടകകക്ഷിയായി 37 സീറ്റുകളിൽ ജനവിധി തേടിയെങ്കിലും ഒരിടത്തും വിജയിച്ചില്ല. എന്നാൽ വൈക്കം (22.77 ശതമാനം), തിരുവല്ല (21.75), റാന്നി, കുട്ടനാട് (25.40), ഇടുക്കി (19.40), തൊടുപുഴ (20.37), ഉടുമ്പൻചോല (17.30), കയ്​പമംഗലം, (22.30), നാട്ടിക (22.36), ചാലക്കുടി (17.44) എന്നിവിടങ്ങളിൽ ശക്തി തെളിയിച്ചു.

അഞ്ചു വർഷത്തിനിപ്പുറം പിളർന്ന് ശക്തി ക്ഷയിച്ചു. ഇക്കുറി എൻ.ഡി.എ ഘടകകക്ഷിയായി 23 സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടിക്ക് മറ്റൊരു അത്ഭുതവും കാണിക്കാനാവില്ല. 2016ൽ കുട്ടനാട്ടിലെ സ്ഥാനാർഥിയായിരുന്ന സുഭാഷ് വാസു കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാനും റാന്നിയിലെ സ്ഥാനാർഥിയായിരുന്ന കെ.പത്മകുമാർ ഐ.ടി.ഡി. ഡയറക്ടറുമായി. പ്രിയ നേതാവ് തുഷാർ വെള്ളാപ്പള്ളി കേന്ദ്ര സഹമന്ത്രി പദവിയിൽ അവരോധിതനാകുന്നതും കാത്ത് ആരാധകർ ഒന്നാം നരേന്ദ്ര മോദി സർക്കാറിെൻറ അവസാന കാലഘട്ടം വരെ ആകാംക്ഷയോടെ ഇരുന്നു. വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ്​ കോളജിലെ തർക്കവും മൈക്രോഫിനാൻസ് അഴിമതിയും അടക്കമുള്ള വിഷയങ്ങളിൽ തെറ്റിയ സുഭാഷ് വാസു പുറത്തായതോടെ ചെയർമാൻ പദവി ആർക്കും ലഭിച്ചിട്ടില്ല. പാർട്ടിയെ നയിക്കുകയെന്ന ലക്ഷ്യമല്ലാതെ തനിക്ക് പാർലമെൻററി വ്യാമോഹമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി ആവർത്തിക്കുന്നുണ്ടെങ്കിലും രണ്ടാം മോദി സർക്കാറിൽ ഇനിയും പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ഇതിനിടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് എൻ.ഡി.എയുടെ പോസ്​റ്ററുകളിലും ഫ്ലക്സ്ബാനറുകളിലും തുഷാറിന്‍റെ ഫോേട്ടാ ഉണ്ടായിരുന്നുവെങ്കിലും ഒരു പ്രചാരണ പരിപാടിയിലും പങ്കെടുക്കാതെ പ്രതിഷേധ സൂചകമായി വിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി വീണ്ടും എൻ.ഡി.എയിൽ സജീവമായ തുഷാർ വെള്ളാപ്പള്ളി തനിക്ക് പാർലമെൻററി വ്യാമോഹമില്ലെന്നും സംഘടനയെ രാഷ്​ട്രീയശക്തിയായി വളർത്തിയെടുക്കുക മാത്രമാണ് ലക്ഷ്യമെന്നും പറയുന്നു.

എസ്.ആർ.പി അനുഭവം

ബി.ഡി.ജെ.എസിന്‍റെ രൂപവത്​കരണം എസ്.എൻ.ഡി.പി യോഗത്തിന്‍റെ ഔദ്യോഗിക തീരുമാനത്തിന്‍റെ വെളിച്ചത്തിൽ ആയിരുന്നില്ല. എന്നാൽ 1975 മാർച്ച് 13ന് എസ്.എൻ.ഡി.പി യോഗം കൗൺസിലിന്‍റെ അംഗീകാരത്തോടെയാണ് ഒരു രാഷ്​ട്രീയപാർട്ടി പിറന്നിരുന്നു-സോഷ്യലിസ്​റ്റ്​​ റിപ്പബ്ലിക്കൻ പാർട്ടി (എസ്​.ആർ.പി). 1974 ൽ സാമ്പത്തിക സംവരണം മുഖ്യ അജണ്ടയായി നായർ സർവിസ് സൊസൈറ്റി നേതൃത്വം നൽകുന്ന നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) മുന്നാക്ക താൽപര്യസംരക്ഷണത്തിനായി പിറവിയെടുത്തപ്പോൾ തന്നെ മറ്റൊരു രാഷ്​ട്രീയബദൽ വേണമെന്ന് ഇതര പിന്നാക്ക ദലിത്​ സംഘടനകളുമായി ചർച്ചചെയ്ത് എസ്.എൻ.ഡി.പി യോഗം തത്ത്വത്തിൽ തീരുമാനമെടുത്തിരുന്നു. അങ്ങനെയാണ്​ പിന്നാക്ക,ദലിത്,ന്യൂനപക്ഷങ്ങളുടെ ഉന്നമനമെന്ന കൃത്യമായ രാഷ്​ട്രീയലക്ഷ്യം മുൻ നിർത്തി സാമുദായികസംവരണം ജനസംഖ്യാനുപാതികമായി വേണമെന്ന നിർദേശം മുന്നോട്ട് വെച്ച് യോഗത്തിന്‍റെ ആശീർവാദത്തോടെ എസ്.ആർ.പി രൂപം കൊണ്ടത്. പ്രഫ. പി.എസ്.വേലായുധനും ജസ്​റ്റിസ് എൻ.ശ്രീനിവാസനും യോഗം നേതൃത്വത്തിലിരിക്കെ അവർ തന്നെ ഭാരവാഹികളായി രൂപം കൊണ്ട എസ്.ആർ.പിയുടെ വൈസ് ചെയർമാനായി കേരള നാടാർസഭയുടെ അധ്യക്ഷൻ ചെല്ലയ്യൻ നാടാരേയും സെക്രട്ടറിയായി സാധുജന പരിപാലനസംഘത്തിെൻറ കൊണ്ണിയൂർ ബാബുവിനേയും തെരഞ്ഞെടുത്തു.കേരള ക്രൈസ്തവ സഭാ പ്രതിനിധിയായ ഇ.ജെ.ജേക്കബായിരുന്നു ട്രഷറർ.ഒരു സെക്രട്ടറിയുടേയും ഒരു വൈസ്ചെയർമാേൻറയും പദവികൾ ഒഴിച്ചിട്ടായിരുന്നു ഭാരവാഹികളെ നിശ്ചയിച്ചത്. അത് മുസ്​ലിംലീഗിനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് പറയുന്നത്.

അതുവരെ ദലിത് സംവരണം മാത്രം നിലനിൽക്കുന്ന രാജ്യത്ത് പിന്നാക്കസംവരണം വേണമെന്ന് ആവശ്യപ്പെട്ട എസ്.ആർ.പി ചെയർമാൻ എൻ.ശ്രീനിവാസ​െൻറ നേതൃത്വത്തിൽ 1976 ൽ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്നാണ് മൊറാർജി ദേശായി പ്രധാനമന്ത്രിയായിരിക്കെ 1979 ലാണ് മണ്ഡൽ കമീഷനെ നിയമിക്കുന്നത്. പിന്നാക്ക ജനവിഭാഗങ്ങളുടെ മാഗ്​നകാർട്ടയായ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 1982ൽ ദൽഹി ജന്ദർ മന്ദിറിൽ എസ്.ആർ.പി സമരം സംഘടിപ്പിച്ചിരുന്നു. പിന്നീടാണ് 1990ൽ വി.പി. സിങ്​ പ്രധാനമന്ത്രിയായിരിക്കെ റിപ്പോർട്ട് അംഗീകരിച്ചത്.

1977 പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് കരുത്തു കാണിച്ച എസ്.ആർ.പി 1980ലാണ് യു.ഡി.എഫിെൻറ ഭാഗമായത്. വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് രാഷ്​ട്രീയപ്രസ്ഥാനങ്ങളും യു.ഡി.എഫിലെ ഘടകകക്ഷികളായി തുടർന്നുവെന്നതാണ് കേരളരാഷ്​ട്രീയത്തിലെ കൗതുക കാഴ്ചകളിൽ ഒന്ന്​. 80 ൽ കോട്ടയത്തുനിന്ന് എൻ.ശ്രീനിവാസനും കരുനാഗപ്പള്ളിയിൽ നിന്ന് ടി.വി.വിജയരാജനും എസ്.ആർ.പി ടിക്കറ്റിൽ ജയിച്ച് നിയമസഭയിലെത്തി. കോൺഗ്രസ് വിമതനായി ജയിച്ച കൊടകരയിലെ സി.ജി. ജനാർദനൻ എസ്.ആർ.പിയിൽ ചേർന്നു. എൻ. ശ്രീനിവാസൻകെ.കരുണാകരൻ മന്ത്രിസഭയിലെ എക്സൈസ് മന്ത്രിയായി.വൈപ്പിൻ മദ്യദുരന്തം ഈ കാലഘട്ടത്തിലായിരുന്നു. ബിവറേജസ് കോർപറേഷനിലെ നിയമനവുമായി ബന്ധപ്പെട്ടും അഴിമതിയാരോപണങ്ങളുണ്ടായി. അഴിമതി നിരോധന കമീഷ​െൻറ പരാമർശങ്ങളെ തുടർന്ന് എൻ. ശ്രീനിവാസന് മന്ത്രിപദവി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പാർട്ടിപിളരുകയും ശ്രീനിവാസ​െൻറ നേതൃത്വത്തിൽ ഒരുവിഭാഗവും വിജയരാജ​െൻറ നേതൃത്വത്തിൽ മറ്റൊരു വിഭാഗവുമായി വേർതിരിഞ്ഞ് ഇരുമുന്നണികളിലായി മത്സരിച്ചുവെങ്കിലും രണ്ട് കൂട്ടരും പരാജയപ്പെടുകയായിരുന്നു.

എൻ.ഡി.പി കോൺഗ്രസിൽ ലയിച്ചതിനാൽ സാങ്കേതികമായി നിലവിലില്ല. എന്നാൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക്​ സോഷ്യൽ ജസ്​റ്റിസ് പാർട്ടി എൻ.ഡി.പിയുടെ രാഷ്​ട്രീയനിലപാട് സ്വീകരിച്ച പുതിയ പാർട്ടിയാണ്. അതേ സമയം, സാങ്കേതികമായി ഇന്നും നിലനിൽക്കുന്ന ഒ.വി. ശ്രീദത്ത് ജനറൽ സെക്രട്ടറിയായ എസ്.ആർ.പി 2014 ലെ പാർല​െമൻറ് തെരെഞ്ഞെടുപ്പിൽ ഒറ്റക്കഎ മത്സരിച്ച് 6156 വോട്ടുകൾ നേടിയിരുന്നു. 2016 മുതൽ യു.ഡി.എഫിന് പിന്തുണ നൽകുന്ന പാർട്ടി കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നു.

ഇൗഴവലീഗ്​ എന്ന ആദ്യ രാഷ്​ട്രീയപാർട്ടി

ശ്രീമൂലം പ്രജാസഭയിൽ സാമുദായികസംവരണത്തിെൻറ ഭാഗമായി സാമാജികത്വം നിശ്ചയിച്ചപ്പോൾ പുലയവിഭാഗത്തിെൻറ പ്രതിനിധിയായി സുഭാഷിണി പത്രാധിപർ പി.കെ.ഗോവിന്ദപ്പിള്ളയെ തിരുവിതാംകൂർ സർക്കാർ 1911 ൽ നോമിനേറ്റ് ചെയ്​തു. അനീതി നിറഞ്ഞ അശാസ്ത്രീയ തീരുമാനത്തിനെതിരെ സഭയിൽ അന്ന് പ്രമേയം കൊണ്ടുവന്നത് ഈഴവ- ചാന്നാർ(നാടാർ) പ്രതിനിധികളായിരുന്നു. തുടർന്നാണ് മഹാത്മ അയ്യങ്കാളിയെ അതേ വർഷം ഡിസംബർ അഞ്ചിന് പുലയ സാമാജികനായി നോമിനേറ്റ് ചെയ്യാൻ സർക്കാർ നിർബന്ധിതമായത്​. പിൽക്കാലത്ത് മുന്നാക്കവിഭാഗങ്ങളുടെ പ്രാമുഖ്യത്തിനെതിരെ ഇൗഴവ-മുസ്​ലിം ധ്രുവീകരണം സംഭവിക്കുകയും പിന്നാക്ക-ദലിത് -ന്യൂനപക്ഷ ഐക്യനിര രൂപപ്പെടുകയും ചെയ്​തു. എസ്.എൻ.ഡി.പി യോഗത്തിെൻറ പിന്തുണയോടെയാണ് 1932ൽ ഈഴവ-മുസ്​ലിം-ദലിത് വിഭാഗങ്ങളുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സംയുക്ത രാഷ്​ട്രീയ സഭ രൂപം കൊള്ളുന്നത്. ഈഴവർ സംഘടനാരൂപത്തിൽ രാഷ്​ട്രീയമായി സംഘടിക്കുന്നത് ആദ്യമായാണ്. 1932 ഡിസംബർ17 ന് തിരുവനന്തപുരം എൽ.എം.എസിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത പ്രമുഖരിൽ യോഗം കൗൺസിലംഗം സി.വി.കുഞ്ചിരാമൻ, പിന്നീട് തിരു-കൊച്ചി മുഖ്യമന്ത്രിയായ സി.കേശവൻ, ഇ.ജെ.ജോൺ, എൻ.വി.േജാസഫ്, പി.കെ.കുഞ്ഞ് (പിൽക്കാലത്ത് ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായി) എന്നിവർ പങ്കെടുത്തു.

1933 ജൂൈല 31ന് തിരുവിതാംകൂർ സംയുക്ത രാഷ്​ട്രീയസഭ പേരുമാറ്റി ഈഴവ ലീഗായി മാറി. വാസ്തവത്തിൽ ഈഴവരുടെ ആദ്യ രാഷ്​ട്രീയപാർട്ടി അതാണ്. സി.കേശവൻ പ്രസിഡണ്ടായ ഈഴവ ലീഗിെൻറ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിെൻറ പിന്തുണയോടെ നടത്തിയ നിവർത്തന പ്രക്ഷോഭം ചരിത്രത്തിെൻറ ഭാഗമായി. അതിെൻറ തുടർച്ചയായി നടന്ന കോഴഞ്ചേരി പ്രസംഗത്തിെൻറ പേരിൽ സി.കേശവൻ അറസ്​റ്റ്​ ചെയ്യപ്പെടുകയും എസ്.എൻ.ഡി.പി യോഗം രാജ്യദ്രോഹ സംഘടനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. തുടർന്ന് നടന്ന സമരങ്ങളുടെ തീച്ചൂളയിൽ തിരുവിതാംകൂർ സർക്കാർ സാമുദായികസംവരണം നടപ്പിലാക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ശ്രീമൂലം പ്രജാസഭയിൽ ഒമ്പത് ഈഴവ അംഗങ്ങളും മുസ്​ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലായി മൂന്ന് വീതം അംഗങ്ങളും ഒരു ദലിത് പ്രാതിനിധ്യവും ലഭിച്ചു. ഈ രാഷ്​ട്രീയമുന്നേറ്റമാണ് തിരുവിതാംകൂർ രാഷ്​ട്രീയകോൺഗ്രസിന് വഴിമാറിയത്. പിൽക്കാലത്ത് മുസ്​ലിം ലീഗ് നേതാക്കൾ ഈഴവലീഗിൽ നിന്നു വഴിപിരിഞ്ഞ് മുസ്​ലിംലീഗ് രൂപവത്​കരിച്ചു. അന്ന് ലീഗിെൻറ ഭരണഘടനയായി സ്വീകരിച്ചത് ഈഴവ ലീഗിെൻറ ഭരണഘടനയാണെന്നത് മറ്റൊരു ചരിത്ര വസ്തുതയാണ്.

എക്കാലത്തും പിന്നാക്ക ന്യൂനപക്ഷ ദലിത് വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മുൻകൈയെടുത്തു പോന്ന എസ്​.എൻ.ഡി.പി യോഗം മഹത്തായ നവോത്ഥാന മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നു. എന്നാൽ ദൗർഭാഗ്യവശാൽ യോഗത്തിെൻറ നിലവിലെ നേതൃത്വം സാമ്പത്തിക സംവരണം അടക്കമുള്ള മുന്നാക്ക താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും മുഖ്യപദവികൾ വഹിക്കുന്ന യോഗം കഴിഞ്ഞ കാൽ നൂറ്റാണ്ടായി പിന്തുടരുന്ന പ്രവൃത്തികൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുന്നതും പ്രഖ്യാപിതലക്ഷ്യങ്ങൾക്ക് കടക വിരുദ്ധവുമാണ്. പതിറ്റാണ്ടുകൾ മുമ്പ് ത്യാഗസമ്പന്നമായ അവകാശ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഓരോന്നായി കാൽച്ചുവട്ടിൽ നിന്നു ഒലിച്ചു പോവുകയാണ്. ഇത് തിരിച്ചറിഞ്ഞ് യോഗത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യമായ 'സാമൂഹിക നീതി, സമത്വ നീതി'എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംഘടനയെ ദിശാബോധത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ നേതൃത്വത്തിന് ബാധ്യതയുണ്ട്. മുൻകാല ഭാരവാഹികൾ കൃത്യമായി നടപ്പിലാക്കിയിരുന്ന ഇക്കാര്യത്തിൽ നേതൃത്വം വരുത്തുന്ന വീഴ്​ചകൾ കേരളത്തിെൻറ സാമൂഹിക ചരിത്രത്തോട് ചെയ്യുന്ന നീതി നിഷേധമാണ്. സ്ഥാപിത താൽപര്യ സംരക്ഷണത്തിനായി സംഘ്പരിവാറിന്‍റെ ബി ടീമായി അധഃപതിക്കുന്നതിനു പകരം ചരിത്രപാഠങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിന്‍റെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന എല്ലാവിധത്തിലും അഭിമാനം സമ്മാനിക്കുന്ന കരുത്തുള്ള എസ്.എൻ.ഡി.പി യോഗ നേതൃത്വത്തെയാണ് പ്രബുദ്ധ കേരളം ആവശ്യപ്പെടുന്നത്.

Tags:    
News Summary - when Eezhava community become a political power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.