ഭൂമി എന്നത് മനുഷ്യെൻറ അടിസ്ഥാന വികാരങ്ങളിലൊന്നാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ കേരളത്തിൽ വളർന്നത് അത് ചൂഷണംചെയ്താണ്. ''നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ'' എന്ന മുദ്രാവാക്യമാണ് കമ്യൂണിസ്റ്റ് പാർട്ടികളെ കേരളത്തിൽ വളർത്തിയത്. ഇൗ മുദ്രാവാക്യം സൃഷ്ടിച്ച ആവേശത്തിലാണ് ഇ.എം.എസിെൻറ നേതൃത്വത്തിൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നത്. തുടർന്ന് ഭൂപരിഷ്കരണ നിയമവും വന്നു.
ഭൂപരിഷ്കരണ കാലത്തേതിന് സമാനമായ സാഹചര്യം ഇപ്പോഴും കേരളത്തിലുണ്ട്. ഒന്നാം ഭൂപരിഷ്കരണത്തിൽനിന്ന് ഒഴിവാക്കപ്പെട്ട തോട്ടം മേഖലയിൽ യാതൊരു രേഖയുമില്ലാതെ കുത്തക കമ്പനികൾ ൈകവശംെവച്ചിരിക്കുന്നത് അഞ്ചു ലക്ഷത്തോളം ഏക്കർ ഭൂമിയാണ്. നിയമക്കുരുക്കുകളഴിച്ച് ഇത്രയും ഭൂമി ഏറ്റെടുക്കാൻ നിയമനിർമാണം വഴി സാധിക്കും. അക്കാര്യം എം.ജി. രാജമാണിക്യം കമീഷൻ ചൂണ്ടിക്കാട്ടിയതാണ്. രാജമാണിക്യം ശിപാർശ നടപ്പാക്കാൻ ഇടതുപക്ഷ സർക്കാർ തയാറായില്ല. എന്നു മാത്രമല്ല, തൊഴിലാളിവർഗെത്തക്കുറിച്ച് വീമ്പുപറയുന്ന അവർ കുത്തകകമ്പനികൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. മറ്റു മേഖലയിലേതുപോലെ പിണറായി സർക്കാറിെൻറ അധോലോക നയങ്ങളാണ് തോട്ടം മേഖലയിലും തുടരുന്നതെന്ന വിമർശനവും അതുയർത്തി. ശബരിമല വിമാനത്താവളത്തിെൻറ പേരിൽ ബിഷപ് യോഹന്നാെൻറ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് നടത്തിയ നീക്കങ്ങളിൽ അതാണ് കണ്ടതെന്ന് ഭൂസമരക്കാർ ചൂണ്ടിക്കാട്ടുന്നു.
ഭൂപരിഷ്കരണ നിയമം സംസ്ഥാനത്ത് നടപ്പാക്കുമ്പോൾ പറയപ്പെട്ടത് 18 ലക്ഷം ഹെക്ടർ മിച്ചഭൂമിയുണ്ട് എന്നായിരുന്നു. പക്ഷേ, നിയമം നടപ്പായശേഷം ഇതുവരെ വിതരണം ചെയ്തത് 45,000 ഹെക്ടർ മാത്രമാണ്. അതുപോലും വാസയോഗ്യമായ ഭൂമിയായിരുന്നില്ല. ഇതുമൂലം ദലിത് ആദിവാസി വിഭാഗങ്ങൾ മൂന്നും അഞ്ചും സെൻറുകൾ മാത്രം വരുന്ന കോളനികളിൽ ജീവിക്കാൻ വിധിക്കപ്പെട്ടു. വയലേലകളിലും തോട്ടങ്ങളിലും വിയർപ്പുചിന്തുന്ന കർഷകത്തൊഴിലാളികളും ദലിതരും തോട്ടംതൊഴിലാളികളും ഇന്നും ഭൂരഹിതരായി തുടരുന്നു. അവരാണ് രണ്ടാം ഭൂപരിഷ്കരണമെന്ന വാദം ഉയർത്തുന്നത്.
മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിച്ച വേളയിൽ വി.എസ്. അച്യുതാനന്ദനാണ് രണ്ടാം ഭൂപരിഷ്കരണം എന്ന മുദ്രാവാക്യത്തിന് ആക്കംപകർന്നത്. അതുമുതലാണ് തോട്ടം മേഖലയെ ഭൂപരിഷ്കരണത്തിൽനിന്ന് ഒഴിവാക്കിയതാണ് മണ്ണിൽ പണിയെടുക്കുന്നവർ ഭൂരഹിതരായി അലയാൻ കാരണമായത് എന്ന ഭൂസമരക്കാരുടെ വാദം ശ്രദ്ധപിടിച്ചുപറ്റിയത്. രണ്ടാം ഭൂപരിഷ്കരണ വാദം ഉയർത്തുന്നവർ ആവശ്യപ്പെടുന്നത് കൃഷി ചെയ്തു ജീവിക്കാൻ ആവശ്യമായ ഭൂമിയാണ്.
സംസ്ഥാനത്തെ മലയോര മേഖലയിൽ അഞ്ചുലക്ഷത്തോളം ഏക്കർ ഭൂമി വൻകിട തോട്ടം കമ്പനികൾ അനധികൃതമായി കൈയടക്കിെവച്ചിരിക്കുന്നു എന്നാണ് നേരേത്തയുള്ള സർക്കാർ കണക്ക്. സംസ്ഥാനത്തിെൻറ മൊത്തം റവന്യൂ ഭൂമിയുടെ 58 ശതമാനം വരും ഇത്. പിന്നീട് നടന്ന പരിശോധനകളിൽ രണ്ടു ലക്ഷം ഏക്കർകൂടി കണ്ടെത്തി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ അപേക്ഷിച്ചവർക്ക് മൂന്നു സെൻറ് വീതം നൽകാൻപോലും ഭൂമിയില്ലെന്നാണ് നമ്മളോട് ഭരണക്കാർ പറഞ്ഞുവരുന്നത്. ഏഴുലക്ഷം ഏക്കർ കണ്ടെത്തിയ കാര്യം പരസ്യമായ രഹസ്യമായി തുടരുന്നു. അതേക്കുറിച്ച് പ്രതിപക്ഷ പാർട്ടികളും മിണ്ടുന്നില്ല.
200ഓളം കമ്പനികളാണ് സംസ്ഥാനത്തെ തോട്ടം മേഖലയിലുള്ളത്. അവയിൽ 95 ശതമാനവും ഭൂമി കൈവശംെവച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് സർക്കാർ നിയോഗിച്ച സംഘങ്ങളുടെ കണ്ടെത്തൽ. മിക്ക കമ്പനികളും പ്രവർത്തിക്കുന്നത് സ്വാതന്ത്ര്യത്തിനുമുമ്പ് തോട്ടങ്ങളുടെ ഉടമകളായിരുന്ന ബ്രിട്ടീഷ് കമ്പനികൾ പിന്നീട് അവരുടെ ഭൂമി തങ്ങൾക്ക് കൈമാറിയെന്ന അവകാശവാദവുമായാണ്. ബ്രിട്ടീഷ് കമ്പനികൾ ഭൂമി വിൽപന നടത്തിക്കൊണ്ട് എഴുതിനൽകിയ ആധാരങ്ങളും അവർ കാട്ടുന്നു. ഇൗ ആധാരങ്ങളെല്ലാം 1976നുശേഷം എഴുതപ്പെട്ടവയാണ്. ഇവിടെ നിയമപ്രശ്നം ഉയരുന്നു. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് സെക്ഷൻ ആറിെൻറ അഞ്ചാം വകുപ്പിൽ പറയുന്നത് ആഗസ്റ്റ് 15നുശേഷം ബ്രിട്ടീഷ് നിയമങ്ങളൊന്നും ഇന്ത്യക്ക് ബാധകമായിരിക്കില്ലെന്നാണ്. എന്നിട്ടും 1976 വരെ ബ്രിട്ടീഷ് കമ്പനി ആക്ട് അനുസരിച്ച് ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ഇവിടെ പ്രവർത്തിച്ചത് എങ്ങനെ എന്ന ചോദ്യം ഉയരുന്നു. ബ്രിട്ടീഷ് നിയമങ്ങൾ അനുസരിച്ചാണ് ഭൂമി വിൽക്കുന്നതെന്നാണ് ആധാരങ്ങളിൽ പറയുന്നത്. 1976ൽ ബ്രിട്ടീഷ് നിയമങ്ങളനുസരിച്ച് ഇന്ത്യയിൽ ഭൂമി വിൽപപന നടത്തിയതാണ് നിയമപ്രശ്നമായി ഉയരുന്നത്.
നിയമലംഘനം വ്യക്തമാണെന്നിരിക്കെ അത്തരം ഭൂമി മുഴുവൻ കേരള ഭൂസംരക്ഷണ നിയമപ്രകാരം (കെ.എൽ.ആർ ആക്ട്) സർക്കാറിന് അവകാശപ്പെട്ടതാണ്. ഇക്കാര്യങ്ങൾ ഹൈകോടതിയുടെ സിംഗ്ൾ െബഞ്ച് ശരിെവക്കുകയും ചെയ്തിരുന്നു. സർക്കാറിന് അവകാശപ്പെട്ട ഭൂമികൾ ഏറ്റെടുക്കുന്നതിന് സ്പെഷൽ ഓഫിസറായി എം.ജി. രാജമാണിക്യത്തെ നിയോഗിച്ച് 2015 ഡിസംബർ 30ന് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ കമ്പനികൾ ഭൂമി കൈവശംെവച്ചിരിക്കുന്നത് സംബന്ധിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയ അദ്ദേഹം 2016 ജൂൺ നാലിന് സർക്കാറിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു. അതിൽ ടാറ്റയടക്കം കമ്പനികളുടെ തട്ടിപ്പ് അദ്ദേഹം വിവരിച്ചു. സംസ്ഥാനത്തെ തോട്ടം മേഖലയിലെ കമ്പനികൾ സംസ്ഥാന സർക്കാറിന് അവകാശപ്പെട്ട ഏഴുലക്ഷം ഏക്കർ ഭൂമി കൈയടക്കിെവച്ചിരിക്കുന്നു എന്നതിന് അദ്ദേഹം തെളിവുകൾ നിരത്തി. ഇത്രത്തോളം വിസ്തൃതമായ ഭൂമി ഏറ്റെടുക്കൽ കേസുകളിൽ കുരുങ്ങി വർഷങ്ങൾ നീളുന്ന നടപടിയായി കിടക്കുമെന്നതിനാൽ പുതിയ നിയമനിർമാണം വഴി കമ്പനികളുടെ ഭൂമി മുഴുവൻ ഏറ്റെടുക്കണമെന്ന് രാജമാണിക്യം ശിപാർശ ചെയ്തു.
ഹാരിസൺസ് മലയാളം കമ്പനിയുടെ തെക്കൻ ജില്ലകളിലുള്ള 30,000 ഏക്കർ ഭൂമി സർക്കാറിലേക്ക് ഏറ്റെടുത്ത് അദ്ദേഹം ഉത്തരവിറക്കുകയും ചെയ്തിരുന്നു. അത് ചോദ്യംചെയ്ത് ഹാരിസൺസ് നൽകിയ ഹരജിയിൽ ഭൂമിയിൽ ഉടമസ്ഥാവകാശ തർക്കം ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് സിവിൽ കോടതി വഴിയാണെന്നും സർക്കാർ ഉദ്യോഗസ്ഥന് അതിൽ തീർപ്പുകൽപിക്കാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി 2018 ഏപ്രിൽ 11ന് ഹൈകോടതി രാജമാണിക്യത്തിെൻറ ഭൂമി ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കിയിരുന്നു. സർക്കാറിെൻറ ഉടമസ്ഥത തെളിയിക്കാൻ സിവിൽ കോടതികളെ സമീപിക്കാനും നിർദേശിച്ചു. പിന്നീട് 2018 സെപ്റ്റംബർ 17ന് സുപ്രീംകോടതിയും ഹൈകോടതി ഉത്തരവ് ശരിെവച്ചു. വിധി വന്ന് വർഷം രണ്ടു കഴിഞ്ഞിട്ടും ഇതുവരെ ഫയൽ ചെയ്തത് രണ്ടു കേസുകൾ മാത്രമാണ്.
14 ജില്ലകളിലുമായി നൂറുകണക്കിന് കേസുകളാണ് ഫയൽ ചെയ്യേണ്ടത്. പഴയ ഇംഗ്ലീഷ് കമ്പനികളുടെ പക്കലുണ്ടായിരുന്ന ഭൂമികൾ ഇപ്പോൾ ൈകവശംെവക്കുന്നവരെ കണ്ടെത്തി അവർക്കെല്ലാമെതിരെയാണ് കേസുകൾ ഫയൽ ചെയ്യേണ്ടത്. ഇവ ഓരോന്നിലും ഓരോവിധം വിധിവരാൻ സാധ്യതയുണ്ട്. അവ പിന്നീട് ഹൈകോടതിയിലും സുപ്രീംകോടതികളിലും ചോദ്യംചെയ്യെപ്പടും. കുറഞ്ഞത് കാൽ നൂറ്റാണ്ടെങ്കിലും കോർപറേറ്റ് കമ്പനികൾക്ക് ഭൂമി കൈവശംെവക്കാൻ അവസരം ഒരുങ്ങും. ഇതിനു പോംവഴി നിയമനിർമാണം വഴി ഭൂമി ഏറ്റെടുക്കുകയാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് ഇംഗ്ലീഷ് കമ്പനികൾ ൈകവശംെവച്ചിരുന്ന സംസ്ഥാനത്തെ ഭൂമികൾ നിയമപ്രകാരം ആ കമ്പനികൾ ഇപ്പോഴത്തെ കമ്പനികൾക്ക് കൈമാറിയിട്ടിെല്ലങ്കിൽ അത്തരം ഭൂമി മുഴുവൻ ഏറ്റെടുക്കാനാണ് നിയമനിർമാണം വേണ്ടത്. രാജമാണിക്യം റിപ്പോർട്ട് നടപ്പാക്കുമെന്നും കുത്തക കമ്പനികൾ അനധികൃതമായി കൈവശംെവച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നും ഏതെങ്കിലും മുന്നണി അവരുടെ പ്രകടന പത്രികയിൽ പറയാൻ ൈധര്യപ്പെടുമോ? സംസ്ഥാനത്തിെൻറ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് വൻ മാറ്റത്തിന് കളമൊരുക്കുന്ന ഈ വാഗ്ദാനം പ്രകടനപത്രികയിൽ ഉൾെപ്പടുത്താൻ ഏതെങ്കിലും മുന്നണികൾക്ക് ധൈര്യമുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.