ആബെ എന്തുകൊണ്ടിത്ര ആഘോഷിക്കപ്പെട്ടു?

ജപ്പാനിലും ഒന്നാം ലോകത്തും ജനപ്രിയനായ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും വാർത്തയായി. കേരളത്തിൽ മലയാള പത്രങ്ങളും വാർത്ത ചാനലുകളും ജപ്പാനിലെ മാധ്യങ്ങൾക്കൊപ്പമോ 'ആഘോഷിക്കുക'യും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് സ്മരിച്ചതടക്കം സവിസ്തരമായിരുന്നു മലയാള മാധ്യമങ്ങളുടെ അവതരണം.

എന്നാൽ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഭരണഘടനപരമായ ഫാഷിസ്റ്റ് അട്ടിമറിയുടെ പശ്ചാത്തലത്തിൽ ചുറ്റും ഉണ്ടാവുന്ന സംഭവ വികാസങ്ങളെ എത്രത്തോളം വിലയിരുത്തുന്നുവെന്നതിന്‍റെ ഉദാഹരണം കൂടിയായിരുന്നു ഈ ആഘോഷം. ഏകാധിപത്യ ജനപ്രിയതയുടെ തേരിലേറി വരുന്ന അവതാരങ്ങളെ കൂടി തിരിച്ചറിയുന്നതാവും പ്രതിരോധം കെട്ടിപ്പടുക്കുന്നതിൽ ഒരു പങ്ക് വഹിക്കുക. ഇന്ത്യയിലെ തീവ്രവലതുപക്ഷത്തിനും മാധ്യമങ്ങൾക്കും ഷിൻസോ എന്തുകൊണ്ടാണ് ജനപ്രിയനായി മാറിയത്?

രണ്ടാം ലോകയുദ്ധത്തിന് മുമ്പത്തെ നാസി ജർമനി, ഫാഷിസ്റ്റ് ഇറ്റലി എന്നിവക്കൊപ്പമുള്ള സാമ്രാജ്യത്വ രാഷ്ട്രമായിരുന്നു ജപ്പാനും. ജപ്പാന്‍റെ സാമ്രാജ്യത്വ അധീശത്വ മോഹത്തിന് ചൈനയും കൊറിയ (ഉത്തര- ദക്ഷിണ)യും കനത്ത വിലയാണ് നൽകേണ്ടിവന്നത്. ബ്രിട്ടീഷ് ഇന്ത്യയിലേക്കുവരെ അത് മറ്റൊരു രൂപത്തിൽ കടന്നുവന്നെങ്കിലും രണ്ടാം ലോകയുദ്ധ അവസാന കാലത്തെ നാഗസാക്കി, ഹിരോഷിമ നഗരങ്ങളിലെ അണുബോംബ് വർഷം അതിന് വിരാമമിട്ടു.

15 വർഷം മുമ്പ് അഴിമതി ആരോപണങ്ങളിലും അപവാദങ്ങളിലും നാണംകെട്ട് രാഷ്ട്രീയ വനവാസത്തിന് പോയ ഷിൻസോ ജനപ്രിയ തിരിച്ചുവരവിലാണ് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്നത്. 'ഡോണൾഡ് ട്രംപിന് മുമ്പേ വന്ന ട്രംപ്'' എന്നാണ് ഷിൻസോയെ ജേക്ക് അഡെൽസ്റ്റീൻ എന്ന മാധ്യമപ്രവർത്തകൻ അടയാളപ്പെടുത്തുന്നത്. ജപ്പാൻ പൗരന്മാർക്കിടയിൽ ഉറഞ്ഞുകിടന്ന കൊറിയൻ വിരുദ്ധ വികാരം ഉണർത്തിയും ആളിക്കത്തിച്ചുമാണ് ഷിൻസോയുടെയും ലിബറൽ ഡെമോക്രാറ്റിക് കക്ഷിയും അധികാരത്തിലേക്ക് കടന്നുവന്നത്.

പിൽക്കാലത്ത് ഇന്ത്യയിൽ സംഘ്പരിവാർ സംഘടനകളും ബി.ജെ.പിയും അനുവർത്തിച്ചതും സമാനമായി 'മുസ്ലിം' അപരരെ സൃഷ്ടിച്ചും വൈരം ഉണർത്തിയുമായിരുന്നു. മറ്റു പല സമാനതകളും മോദിയുടെ ഷിൻസോയോടുള്ള 'വികാര'ത്തിന് പിന്നിൽ കാണാൻ കഴിയും. രണ്ടാം ലോകയുദ്ധാനന്തര ജപ്പാൻ ഭരണഘടന തയാറാക്കിയപ്പോൾ സൈനികപരമായി 'ന്യൂട്രൽ' ആയ നിലപാട് ഭരണഘടനയിൽ എഴുതിച്ചേർക്കേണ്ടി വന്നതിനെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന നേതാവായിരുന്നു ഷിൻസോ ആബെയും അദ്ദേഹം നേതൃത്വം നൽകിയ ലിബറൽ ഡെമോക്രാറ്റിക് കക്ഷിയും.

ഭരണഘടനയിലെ അടിസ്ഥാന മനുഷ്യാവകാശം, ജനങ്ങളുടെ പരമാധികാരം, നിഷ്പക്ഷത എന്നിവ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ മന്ത്രിസഭയിൽ നീതിന്യായ വകുപ്പ് ചുമതല വഹിച്ചിരുന്ന നാഗ്സേ ജിനൻ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചത്. ആബെ ഈ വാദത്തെ അങ്ങേയറ്റം പിന്തുണച്ചു. ജപ്പാൻ സാമ്രാജ്യത്തിന്‍റെ ബിംബമായിരുന്ന രാജാവിലേക്ക് അധികാരം വരണമെന്ന അഭിപ്രായവും അദ്ദേഹം പുലർത്തിയിരുന്നു. ജപ്പാനെ വീണ്ടും മഹത്തരമാക്കുക എന്ന ലക്ഷ്യമായിരുന്നു ലിബറൽ ഡെമോക്രാറ്റിക് കക്ഷിയും ഈ നേതാവും മുന്നോട്ടുവെച്ചത്. തന്‍റെ കാലത്ത് ഷിൻസോ ആബെ തന്‍റെ നയങ്ങളെ കടന്നാക്രമിച്ച ലിബറൽ മാധ്യമങ്ങളെ മുഴുവൻ ജനങ്ങളുടെ ശത്രുക്കളെന്ന് മുദ്രകുത്തി, പ്രത്യേകിച്ചും ലിബറൽ ഇടതുപക്ഷ മാധ്യമങ്ങളെ.

അങ്ങേയറ്റത്തെ വലതുപക്ഷ അജണ്ടകളിലൂടെ മാധ്യമ സ്വാതന്ത്ര്യത്തിൽ ജപ്പാന്‍റെ സ്ഥാനം ആബെയുടെ കാലത്ത് 11ൽ നിന്ന് 72 ലാണ് കൂപ്പുകുത്തിയത്. സർക്കാറിനെതിരായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥരെ ചവിട്ടിയൊതുക്കിയും പിരിച്ചുവിട്ടും ഭീഷണിയിൽ നിർത്തി. ഇതിന്റെ ഫലമായി ആബെക്കും സർക്കാറിനും എതിരായ അഴിമതിക്കഥകൾ മുക്കാലും പുറംലോകം കണ്ടില്ല. ഉദ്യോഗസ്ഥ മേലധികാരികൾ തന്നെ അവ മുക്കി.

ചാനലുകളിൽ ആബെക്കെതിരെ വിമർശന സ്വഭാവത്തിൽ മുരടനക്കിയ അവതാരകരും റിപ്പോർട്ടർമാരും അപ്രത്യക്ഷമായി. 2020 ൽ ആരോഗ്യ കാരണങ്ങളാൽ ആബെ രാജിവെച്ചുവെന്നാണ് പറഞ്ഞ് പരത്തിയിരുന്നതെങ്കിലും രാഷ്ട്രീയ അപവാദങ്ങളും തെരഞ്ഞെടുപ്പ് നിയമലംഘനത്തെ കുറിച്ചുള്ള അന്വേഷണമായിരുന്നു യാഥാർഥ്യമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ എതിരാളികളെയും കക്ഷികളെയും തനിക്ക് എതിര് നിന്ന ആരെയും അവമതിച്ചും മാധ്യമങ്ങളെ നിശ്ശബ്ദമാക്കിയും 'ജനപ്രിയത' എന്ന ലേബലിൽ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങൾ കൊണ്ടാടിയ ഷിൻസോ ആബെയുടെ രാഷ്ട്രീയം തുറന്നു കാട്ടാനോ ചർച്ച ചെയ്യാനോ ഇന്ത്യയിലെ ഇടതുപക്ഷവും തയാറായില്ല.

മോദിക്കും ബി.ജെ.പി- സംഘ്പരിവാറിനും ഏറെ പ്രിയപ്പെട്ടവനായി ഷിൻസോ ആബെ മാറിയത് എന്തുകൊണ്ടെന്ന് പറയാൻ അതുവഴി അവർ പരാജയപ്പെടുകയും ചെയ്തു. ലിബറലുകളും ഇടതുപക്ഷവും ഇന്ന് നേരിടുന്ന രാഷ്ട്രീയ- പ്രത്യയശാസ്ത്ര നിരക്ഷരത കൂടിയാണ് ഈ സംഭവം തുറന്നു കാട്ടുന്നത്. ഓർമകളെയും ചരിത്രത്തെയും ഫാഷിസ്റ്റുകൾ തിരുത്തി എഴുതുമ്പോൾ തിരഞ്ഞെടുത്ത മറവിയിലൂടെയാണ് ഇന്ത്യൻ ലിബറലുകളും ഇടതുപക്ഷവും 'നേരിടുന്നത്'.

Tags:    
News Summary - Why is Abe so celebrated?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.