വിശദ ചര്‍ച്ചകള്‍ക്കുശേഷം ഭരണഘടനാപരവും നിയമപരവുമായ സാധുതയുണ്ടെന്ന പൊതു കാഴ്ചപ്പാടോടെയാണ് ലോകായുക്ത ഭേദഗതി നിയമം കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയത്. കേന്ദ്ര ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥകളും ഭരണഘടന വ്യവസ്ഥകളും പാലിച്ച്, സംസ്ഥാന ലോകായുക്ത മാതൃകാ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ ഭേദഗതി നിയമമാക്കിയത്. ലോകായുക്ത നിയമപ്രകാരം ഈ സംവിധാനം അന്വേഷണത്തിനും പരിശോധനക്കും ചുമതലപ്പെടുത്തിയ സംവിധാനമാണ്. ഇത് നിയമത്തിന്റെ ആമുഖത്തില്‍തന്നെ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ലോക്പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്തയും അതത് നിയമങ്ങളനുസരിച്ച് അന്വേഷണസംവിധാനങ്ങളാണ്. അതുകൊണ്ടാണ് ഈ നിയമങ്ങളിലൊന്നും ശിക്ഷ വിധിക്കാനും നിര്‍ബന്ധമായി നടപ്പാക്കാനും വ്യവസ്ഥചെയ്യുന്ന വകുപ്പുകള്‍ ഇല്ലാത്തത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ സമരത്തിന്റെ ഘട്ടത്തില്‍ ജനകീയമായി അവതരിപ്പിക്കപ്പെട്ട ജനലോക്പാല്‍ ബില്ലിലും കേരള ലോകായുക്തയിലെ 14ാം വകുപ്പിന് സമാനമായ വകുപ്പില്ല.
ആധുനിക ലോകത്ത് ഓംബുഡ്സ്മാന് സംവിധാനം ആദ്യമായി വന്ന സ്വീഡൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ശിപാര്‍ശകള്‍ നല്കാന് അധികാരമുള്ള അന്വേഷണ സംവിധാനമായാണ് ഓംബുഡ്സ്മാന് പ്രവര്‍ത്തിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ പതിനാലാം വകുപ്പ് വ്യത്യസ്തമാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനം ഒഴിയണമെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം ലോകായുക്തക്ക് നല്കിയിരിക്കുന്നു. എന്നു മാത്രമല്ല, അത് ഉടന്‍തന്നെ നടപ്പാക്കണമെന്ന നിര്‍ബന്ധ വ്യവസ്ഥയും ഈ നിയമത്തിലുണ്ട്.
ഇന്ത്യൻ ഭരണഘടനപ്രകാരം മുഖ്യമന്ത്രി തുടരുന്നത് സഭയുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിമാര്‍ തുടരുന്നത് 'പ്രീതി'യുടെ അടിസ്ഥാനത്തിലും. അത് മുഖ്യമന്ത്രിയുടെ ശിപാര്ശയിലുള്ള ഗവര്‍ണറുടെ പ്രീതിയിലാണ്. ഈ ഭരണഘടന വ്യവസ്ഥയുള്ളിടത്തോളം കോടതികള്‍ക്കുപോലും സ്ഥാനം ഒഴിയണമെന്ന് വിധിക്കാനുള്ള അധികാരം ഇല്ലെന്ന് ഉന്നത നീതിപീഠങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനക്ക് ചേരാത്തതും നിയമത്തിന്റെ ഉദ്ദേശ്യപരിധിക്ക് പുറത്തുള്ളതും സാമാന്യ നീതിക്കു നിരക്കാത്തതുമായ വകുപ്പിൽ മാറ്റം വരുത്തുക എന്ന ഉത്തരവാദിത്തം നിർവഹിക്കുകയാണ് നിയമസഭ ചെയ്തത്. ഏതെങ്കിലും നിയമം ഭരണഘടനവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ കോടതിക്കാണ് അധികാരം. എന്നാല്‍, ഏതെങ്കിലും നിയമം ഏതെങ്കിലും തരത്തില്‍ തെറ്റാണെന്നു തോന്നിയാല്‍ റദ്ദാക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ നിയമസഭക്ക് അധികാരമുണ്ട്.
ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിയമസഭയെയും മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെയും എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കറെയുമാണ് കോംപിറ്റന്റ് അതോറിറ്റിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ലോക്പാലിനു സമാനമാണ്. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ലോക്സഭയും മന്ത്രിമാരുടെ കാര്യത്തില്‍ പ്രധാനമന്ത്രിയും എം.പിമാരുടെ കാര്യത്തില്‍ സ്പീക്കറും, രാജ്യസഭ ചെയര്‍മാനുമാണ്. ലോക്പാലിലെ 24ാം സെക്ഷന്‍പ്രകാരം ലോക്പാല്‍ റിപ്പോര്‍ട്ട് കോംപിറ്റന്റ് അതോറിറ്റിക്ക് നല്‍കണം. പ്രധാനമന്ത്രി ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്സഭയിലായതു കൊണ്ടാണ് അപ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഇവയെല്ലാം ഭരണഘടന വ്യവസ്ഥപ്രകാരമാണ് നിശ്ചയിച്ചിട്ടുള്ളത്.
മാതൃകാ ലോകായുക്ത നിയമപ്രകാരമാണെങ്കില്‍ 90 ദിവസത്തിനുള്ളില്‍ എടുത്ത നടപടി ബന്ധപ്പെട്ട കോംപിറ്റന്റ് അതോറിറ്റി ലോകായുക്തയെ അറിയിക്കണം. ഇതേ വ്യവസ്ഥയാണ് 14ാം വകുപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ശിപാര്‍ശ നടപ്പാക്കുന്നില്ലെങ്കില്‍ അതിന്റെ കാരണംകൂടി അറിയിക്കണമെന്ന വ്യവസ്ഥ കൂടുതലായി ചേര്‍ത്തിരിക്കുന്നു. ലോക്പാല്‍ നിയമത്തിലെ സെക്ഷന്‍ 36ല്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള അഴിമതിയുടെ കാര്യത്തില്‍ സാധാരണ സാഹചര്യത്തില്‍ നിർദേശം നടപ്പാക്കണമെന്ന് പറയുന്നതിനൊപ്പം തീരുമാനം നടപ്പാക്കുന്നില്ലെങ്കില്‍ കാരണം രേഖാമൂലം നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഉദ്യോഗസ്ഥന്മാര്ക്കു മാത്രം ബാധകമായ വ്യവസ്ഥ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും ബാധകമാക്കുകയാണ് ചെയ്യുന്നത്.
പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ മാറ്റണമെന്ന നിർദേശം നല്കാന് ലോക്പാലിന് അധികാരമില്ല. എന്നാല്‍, കർണാടക ഒഴികെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്ന ശിപാര്‍ശ നല്കാന് ഭേദഗതി ചെയ്ത നിയമത്തിലും ലോകായുക്തക്ക് അധികാരം നല്കുന്നു. കർണാടകയില്‍ ഇത് സ്വീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ കോംപിറ്റന്റ് അതോറിറ്റിക്ക് അധികാരവും നല്‍കിയിട്ടുണ്ട്.
ലോകായുക്തക്ക് ജുഡീഷ്യല്‍ അധികാരമുണ്ടെന്നും ജുഡീഷ്യല്‍ തീരുമാനത്തിന്റെ അപ്പലേറ്റ് അധികാരിയായി എക്സിക്യൂട്ടിവ് മാറുന്നുവെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നുമാണ് പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. ഇത് അന്വേഷണസംവിധാനം മാത്രമാണെന്നും ശിക്ഷ വിധിക്കാനോ അത് നടപ്പാക്കണമെന്ന് നിര്‍ബന്ധിക്കാനോ ഉള്ള അധികാരം ഇല്ലെന്നും State of Kerala v Bernard (2002 KHC 765) എന്ന കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണയും ജസ്റ്റിസ് ശിവരാമനും ഉള്ള ഡിവിഷന് ബെഞ്ച് വിധിക്കുകയുണ്ടായി. ലോകായുക്ത കോടതിക്ക് തുല്യമല്ലെന്ന് അസന്ദിഗ്ധമായി ഹൈകോടതി പ്രഖ്യാപിച്ചു. ഈ കേസിൽ കോടതി ഉത്തരവിൽ പറയുന്നത് ഇങ്ങനെ: ''ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം എന്നതൊഴികെ ലോകായുക്തക്ക് അഡ്ജൂഡിക്കേറ്ററി അധികാരമോ തങ്ങളുടെ കണ്ടെത്തൽ നടപ്പാക്കാനുള്ള അധികാരമോ ഇല്ല.'' കെ.ടി. ജലീലിന്റെ കേസില്‍ അപ്പീല്‍ സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. ബര്‍ണാഡ് കേസിലെ വിധി ഈ കേസില്‍ പരാമര്‍ശിക്കുകയോ ആ വിധിയിലെ മൗലികമായ നിഗമനങ്ങള്‍ റദ്ദാക്കുകയോ ചെയ്തിട്ടില്ല.
റിട്ടയര്‍ ചെയ്ത ജഡ്ജിമാരുള്ള സംവിധാനമായതുകൊണ്ട് അതിനു ജുഡീഷ്യല്‍ അധികാരമുണ്ടായിരിക്കുമെന്ന വിചിത്രവാദം പ്രതിപക്ഷം ഉന്നയിക്കുകയുണ്ടായി. ആര് എവിടെ ഇരിക്കുന്നുവെന്നതല്ല ഏതു നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് അടിസ്ഥാന പ്രശ്നം. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി ചെയര്‍മാനും സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയുള്‍പ്പെടെ അംഗങ്ങളുമായ മനുഷ്യാവകാശ കമീഷന്റെയും എന്‍ക്വയറി കമീഷന് ആക്ട് പ്രകാരമുള്ള കമീഷനുകളുടെയും ഉത്തരവുകള്‍ ജുഡീഷ്യല്‍ ഉത്തരവുകളാകാത്തത് ഇതിനാലാണ്.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ലോകായുക്തക്ക് ജുഡീഷ്യല്‍ അധികാരം നല്കുന്ന നിയമ ഭേദഗതി കൊണ്ടുവരണമോ എന്ന പ്രശ്നം പരിശോധിക്കുകയുണ്ടായി. അങ്ങനെ നല്‍കുന്നത് നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണെന്ന നിയമവകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് അന്നത്തെ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ജുഡീഷ്യല്‍ തീരുമാനം എടുക്കാനുള്ള അധികാരം ലോകായുക്തക്ക് ഭരണഘടന പ്രകാരവും നിയമപ്രകാരവും ഇല്ലാത്തതുകൊണ്ടാണ് ഉയര്‍ന്ന കോടതികള്‍ക്ക് അപ്പീല്‍ അധികാരം നല്‍കാത്തത്.
റിപ്പോര്‍ട്ടും ശിപാര്‍ശയും നല്കാൻ മാത്രമല്ല, സെക്ഷന്‍ 15 പ്രകാരം കുറ്റം ചെയ്തെന്നു തോന്നിയാല്‍ ഏതു കോടതിയിലേക്കും പ്രോസിക്യൂഷന് നല്‍കാനും അധികാരം ലോകായുക്തക്കുണ്ട്. '2013ല്‍ ലോക്പാല്‍ നിയമം വന്നശേഷം അതിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ഈ ഭേദഗതിയിലൂടെ ആ ദൗത്യവുംകൂടി നിര്‍വഹിച്ചിട്ടുണ്ട്. ലോകായുക്തയെ നിയമാനുസൃത സംവിധാനമാക്കി മാറ്റുന്നതിനെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ സഭയില്‍ തുറന്നുകാട്ടിയിരുന്നു.
1968ല്‍ ലോക്സഭ പാസാക്കിയ ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍പോലും കോണ്‍ഗ്രസ് തയാറായില്ല. നാലര പതിറ്റാണ്ടിനുശേഷം കൊണ്ടുവന്ന ബില്ലില്‍ ആദ്യം പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വലിയ സമ്മർദത്തിനുശേഷം പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിയപ്പോഴും വലിയ നിയന്ത്രണങ്ങളുണ്ടാക്കി. Public Orderനെ ബാധിക്കുമെന്നു തോന്നിയാല്പോലും ആ പരാതി സ്വീകരിക്കേണ്ട. എങ്ങാനും പരാതി സ്വീകരിച്ചാല്‍ അതു സംബന്ധിച്ച അന്വേഷണം in cameraയില്‍ ആയിരിക്കണമെന്നും പരാതി തള്ളിയാല്‍ അതിന്റെ കാരണങ്ങള്‍ പരാതിക്കാരന് ഉള്‍പ്പെടെ ആര്‍ക്കും നല്‍കേണ്ടതില്ലെന്നും വ്യവസ്ഥ ചെയ്യുന്നു. ഫലത്തില്‍, പ്രധാനമന്ത്രിയെ ഒഴിവാക്കിയ നിയമം കേന്ദ്രത്തില്‍ കൊണ്ടുവന്ന കോണ്‍ഗ്രസ്, മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലും ആന്ധ്രയിലും കൊണ്ടുവന്ന നിയമങ്ങളുടെ പരിധിയില്‍ മുഖ്യമന്ത്രിയുമില്ല. അപ്പോള്‍ ഇവിടെ നടത്തിയ പ്രകടനം എത്ര പരിഹാസ്യമാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.