കേരള ചരിത്രത്തിൽ ആദ്യമായി ഒരു നിയമസഭാ സാമാജികനെതിരെ വന്ന ലോകായുക്ത ഉത്തരവാണ് മുൻമന്ത്രി കെ.ടി. ജലീലിെൻറ ബന്ധുനിയമന കേസിൽ ഉണ്ടായത്. ജലീൽ നിയമവിരുദ്ധമായി ബന്ധുവിനെ പൊതുസ്ഥാപനത്തിൽ നിയമിച്ചെന്ന് അേന്വഷണത്തിൽ ബോധ്യപ്പെട്ട ലോകായുക്ത അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് നീക്കാൻ നിയമനാധികാരിയായ മുഖ്യമന്ത്രിയോട് ഉത്തരവിടുകയായിരുന്നു. ഇത്തരമൊരു കുറ്റം ചെയ്ത വ്യക്തി ലോകായുക്ത വകുപ്പ് 14 പ്രകാരം മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ല. പൊതുസേവകർ അധികാരം ദുർവിനിയോഗം ചെയ്ത് തനിക്കോ മറ്റാർക്കെങ്കിലുമോ സാമ്പത്തിക നേട്ടം ലഭിക്കുന്ന ഏതെങ്കിലും പ്രവർത്തനങ്ങൾ ചെയ്യുന്നത് 1988 ലെ അഴിമതി തടയൽ നിയമം 13(1) (ഡി)(ii) അനുസരിച്ചു നാലു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
എന്നാൽ, ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും നിരപരാധിയായ തെൻറ വാദം കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും കാണിച്ചു ജലീൽ കേരള ഹൈകോടതിയെ സമീപിച്ചു. കോടതി ജലീലിന്റെയും അദ്ദേഹത്തെ അനുകൂലിച്ച സംസ്ഥാന സർക്കാറിന്റെയും എതിർത്ത പരാതിക്കാരന്റെയും വാദം കേട്ട ശേഷം ലോകായുക്ത വിധി ശരിവെക്കുകയായിരുന്നു. അപ്രകാരമാണ് മന്ത്രി ജലീൽ പിണറായി സർക്കാറിന്റെ അവസാന നാളുകളിൽ രാജിവെക്കേണ്ടി വന്നത്.
പക്ഷേ, അഴിമതിക്കാരനെന്ന മുദ്ര ചാർത്തിയത് ഭാവിയിൽ കളങ്കമുണ്ടാക്കുമെന്നു മനസ്സിലാക്കിയ ജലീൽ ലോകായുക്ത വിധിയും ഹൈകോടതി വിധിയും തെറ്റാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചു. ഹരജി പ്രഥമ വാദത്തിനു വന്നപ്പോൾ തന്നെ സുപ്രീംകോടതിയുടെ ചോദ്യം ബന്ധുവിനെ നിയമവിരുദ്ധമായി പൊതുസ്ഥാപനത്തിൽ നിയമനം നടത്തിയത് അഴിമതിയല്ലേ എന്നായിരുന്നു? അപകടം മനസ്സിലാക്കിയ ഹരജിക്കാരൻ സുപ്രീംകോടതിയിൽനിന്ന് അനുമതി തേടി ഹരജി പിൻവലിച്ചു.
സുപ്രീംകോടതിയിൽ തിരിച്ചടിയുണ്ടായപ്പോൾ ജലീലിെന്റ പ്രതികരണം വിചിത്രമായിരുന്നു. സർക്കാറിന് താൻ ഒരു രൂപ പോലും നഷ്ടം വരുത്തിയിട്ടിെല്ലന്നും ലോകായുക്ത വിധി വന്നയുടനെ താൻ രാജിവെച്ചതോടെ പ്രശ്നം അവസാനിച്ചുവെന്നും അതു കൊണ്ടാണ് സുപ്രീംകോടതിയിലെ കേസ് പിൻവലിച്ചതെന്നുമായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. രാജിവെച്ച ശേഷം പിന്നെയെന്തിനാണ് സുപ്രീംകോടതിയെ സമീപിച്ചത് എന്നൊരു ചോദ്യം ഉത്തരം ലഭിക്കാതെയുണ്ട്.
അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന ഒരു സർക്കാർ എന്തുകൊണ്ട് ജലീലിന് എതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നില്ല? ലോകായുക്തയിൽ പരാതി നൽകിയ യൂത്ത് ലീഗ് നേതാവും ഒന്നും പറഞ്ഞതായി അറിയില്ല . 1988 ലെ അഴിമതി തടയൽ നിയമത്തിൽ ഇടതു സർക്കാറിനെ അനുകൂലിക്കുന്ന നിയമസാമാജികർക്ക് പ്രത്യേകിച്ച് ഇളവും പരിഗണനയുമൊന്നുമില്ല. കരുണാകര സർക്കാറിന്റെ കാലത്ത് പാമോലിൻ ഇറക്കുമതിക്കുള്ള മന്ത്രിസഭ തീരുമാനം അഴിമതിയാണെന്ന് ആരോപിച്ചുള്ള കേസ് ഇപ്പോഴും കോടതിയിലാണ്. ആ തീരുമാനം മന്ത്രിസഭയുടേതാണ്, മന്ത്രിയുടേതായിരുന്നില്ല.
ലോകായുക്ത നിയമം വകുപ്പ് 15 അനുസരിച്ചു ലോകായുക്ത നടത്തുന്ന അന്വേഷണത്തിൽ കഴമ്പുണ്ടെന്നുകണ്ടാൽ ലോകായുക്ത തന്നെ വിജിലൻസ് കോടതിയിൽ പരാതി നൽകണം എന്നതാണ് നിയമം, ഇതു സംബന്ധിച്ചു ലോകായുക്തയുടെ സ്വമേധയാ നടപടിയുടെ അടിസ്ഥാനത്തിലോ പരാതിക്കാരന്റെയോ മറ്റാരുടെയോ പരാതിയുടെ അടിസ്ഥാനത്തിലോ പ്രോസിക്യൂഷൻ സ്വീകരിക്കുവാൻ വിജിലൻസ് കോടതിയിൽ ലോകായുക്തക്ക് പരാതി നൽകാം.
രാജ്യത്തെ പരമോന്നത കോടതി ലോകായുക്തയുടെ വിധിയിൽ ഇടപെടാൻ വിസമ്മതിച്ച സാഹചര്യത്തിൽ ജലീൽ പ്രോസിക്യൂഷനിൽ നിന്ന് രക്ഷപ്പെടുന്നത് നിയമ വാഴ്ചയോടുള്ള തികഞ്ഞ അവഹേളനമാണ്. ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും വർഷങ്ങൾ ജയിലിൽ കഴിഞ്ഞത് ഭരണതലത്തിലെ സ്വജന പക്ഷപാതം ആരോപിച്ചുള്ള കേസിൽ ആണ്. അധികാരത്തിലിരിക്കെ സ്വന്തക്കാർക്ക് സൗജന്യം ചെയ്തു വന്നതായിരുന്നു തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ. ജയലളിതക്കെതിരായ ശിക്ഷ വിധിക്കുള്ള അടിസ്ഥാനം.
ജലീൽ അഴിമതി നടത്തിയതായി പ്രഥമ ദൃഷ്ട്യാ ലോകായുക്ത കെണ്ടത്തുകയും ഹൈകോടതിയും സുപ്രീംകോടതിയും അതിൽ ഇടപെടാതെ ശരിവെക്കുകയും ചെയ്തതിനാൽ അന്തിമ വിധിയായി മാറിയ സാഹചര്യത്തിൽ അഴിമതി വിരുദ്ധ നിയമ പ്രകാരം ജലീലിനെ പ്രോസിക്യൂട്ട് ചെയ്തേ പറ്റൂ. മുഖ്യമന്ത്രിയും സർക്കാറും മൗനം പാലിച്ചാലും നിയമം നിയമത്തിന്റെ വഴിക്കു നീങ്ങുമ്പോൾ ജലീലിന് നിയമത്തിന്റെ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുകയില്ല . നിയമ വാഴ്ചയുടെ ശക്തിയും അതാണ്.
(ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രസിഡൻറും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.