സ്പെഷൽ റിക്രൂട്ട്മെന്റ് സെൽ ഇല്ലാതാക്കിയതെന്തിന് ?

കേരള സർക്കാറിന് കീഴിലെ 122 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം പരിശോധിച്ചപ്പോൾ അതിൽ 5,11,096 സ്ഥിര ജീവനക്കാരും 1127 താൽക്കാലിക ജീവനക്കാരുമുണ്ടെന്ന് മനസ്സിലായി. അതിൽ റിസർവേഷൻ പ്രകാരം 40,887 പട്ടികജാതി സ്ഥിര ജീവനക്കാരും 890 താൽക്കാലിക ജീവനക്കാരും രണ്ട് റിസർവേഷൻപ്രകാരം 10,221 പട്ടികവർഗ സ്ഥിരജീവനക്കാരും 222 പട്ടികവർഗ താൽക്കാലിക ജീവനക്കാരും ഉണ്ടാവേണ്ടതാണെങ്കിലും മൊത്തം പട്ടികവിഭാഗങ്ങൾ 40,000 വരുമോ എന്ന കാര്യം സംശയമാണ്.

483 സർക്കാർ സ്ഥാപനങ്ങളിൽ 10 ശതമാനം പ്രാതിനിധ്യം പട്ടികവിഭാഗങ്ങൾക്ക് ലഭിക്കുന്നപക്ഷം 70,000ലേറെ ഉദ്യോഗങ്ങൾ നിലവിൽ ഉണ്ടാകേണ്ടതായിരുന്നു. സർക്കാർ ഫണ്ടിൽനിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് മാനേജ്മെന്റുകൾക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കാത്തതിനാൽ ആയിരക്കണക്കിന് ഉദ്യോഗനഷ്ടം ആ വഴിക്കുമുണ്ട്. ഓഫിസ് അറ്റൻഡർ മുതൽ ഗവ. സെക്രട്ടറി വരെയുള്ള തസ്തികളിലെ പട്ടികജാതി-വർഗ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസസ് റൂൾ ഭാഗം രണ്ടിൽ 17 (അ) പ്രകാരം ഡയറക്ട് റിക്രൂട്ട്മെന്റ് നടത്താൻ പ്രത്യേകമായി നടപടി സ്വീകരിക്കണമെന്ന ചട്ടം കാറ്റിൽപ്പറത്തിയാണ് മാറിമാറി ഭരിച്ച സർക്കാറുകൾ ദലിത് സമുദായത്തോട് ക്രൂരത തുടരുന്നത്.

പൊതുഭരണവകുപ്പിലെ എംപ്ലോയ്മെന്റ് സെല്ലുകൾ

പൊതുഭരണവകുപ്പിലെ എംപ്ലോയ്മെന്റ് സെൽ വഴിയാണ് പട്ടികവിഭാഗ പ്രാതിനിധ്യം സർക്കാർ പരിശോധിച്ച് സ്പെഷൽ റിക്രൂട്ട്മെന്റിനായി അനന്തരനടപടികൾ സ്വീകരിക്കുന്നത്. പ്രാതിനിധ്യ പരിശോധനയും സ്പെഷൽ റിക്രൂട്ട്മെന്റ് നടപടിക്കായി കേരള പബ്ലിക് സർവിസ് കമീഷനെ അറിയിക്കലും നിയമനം ഉറപ്പുവരുത്തലും തടസ്സങ്ങൾ ഒഴിവാക്കുന്നതിന് സർക്കുലർ പുറപ്പെടുവിക്കലും പട്ടികവിഭാഗ എം.എൽ.എമാരും മുഖ്യമന്ത്രിയും വകുപ്പു മേധാവികളും ഉൾപ്പെടുന്ന അവലോകന യോഗങ്ങൾ സംഘടിപ്പിക്കലും റിപ്പോർട്ടുകൾ തയാറാക്കലും മാന്വലുകളും മറ്റും പ്രസിദ്ധീകരിക്കലുമെല്ലാം വിജയകരമായി നടത്തിയാലേ സ്പെഷൽ റിക്രൂട്ട്മെന്റ് എന്ന പ്രക്രിയ പൂർത്തീകരിക്കാനാവൂ. ഇതിനെല്ലാം കൂടി രണ്ടു സെക്ഷനുകളിലായി രണ്ട് ഗസറ്റഡ് ഓഫിസർമാരും അഞ്ച് നോൺ ഗസറ്റഡ് ജീവനക്കാരുമാണുണ്ടായിരുന്നത്.

ഈ സെക്ഷനുകൾ വഴി 87 സ്ഥാപനങ്ങളിലെ നിരീക്ഷണവും സ്പെഷൽ റിക്രൂട്ട്മെൻറ് നടപടികളും മാത്രമാണ് നടന്നുപോന്നത്

വൻതോതിലുള്ള പ്രാതിനിധ്യക്കുറവ് ഉള്ളതായി പട്ടികവിഭാഗങ്ങളിൽനിന്ന് മുറവിളികൾ ഉയർന്ന സാഹചര്യത്തിൽ 2019ൽ സർക്കാറിന് ഇക്കാര്യത്തിൽ ഒരു അന്വേഷണത്തിന് ഉത്തരവിടേണ്ടതായി വന്നു. 10ൽ താഴെ വകുപ്പുകളിൽ മാത്രംനടത്തിയ അന്വേഷണത്തിൽതന്നെ ആയിരക്കണക്കിന് പോസ്റ്റുകൾ പട്ടികവിഭാഗത്തിന് റിസർവ് ചെയ്യേണ്ടതായി കണ്ടെത്തി. 2019 സെപ്റ്റംബറിലെ കണക്കുകൾ അനുസരിച്ച് പട്ടികവിഭാഗത്തിന് 52 ഗസറ്റഡ് പോസ്റ്റുകൾ അടക്കം 888 തസ്തികകളും പട്ടികവർഗവിഭാഗത്തിന് 127 ഗസറ്റഡ് പോസ്റ്റുകൾ അടക്കം 1079 തസ്തികകളും അനുവദിക്കേണ്ടതുണ്ടെന്ന് തിട്ടപ്പെടുത്തിയിരുന്നു. ഉന്നതപദവികളായ സ്പെഷൽ സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, ജോ. സെക്രട്ടറി,ഡെപ്യൂട്ടി സെക്രട്ടറിമാർ തുടങ്ങിയ തസ്തികകളിലും പ്രാതിനിധ്യമില്ലെന്ന് കണ്ടെത്തി.

ഉദ്യോഗസ്ഥ ജാതിവെറിയും ഗൂഢാലോചനയും

സ്പെഷൽ റിക്രൂട്ട്മെൻറിന്റെ ഭാഗമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന എംപ്ലോയ്മെൻറ് ബി സെല്ലിന്റെ പ്രവർത്തനം നിർത്തി വെക്കുന്ന ഒരുത്തരവ് 17/02/2022 ൽ പൊതുഭരണവകുപ്പ് ഇറക്കിയ. കൂടുതൽ ജോലിക്കാരെ നിയോഗിച്ചും പ്രവർത്തനപരിധി വിപുലപ്പെടുത്തിയും ശാക്തീകരിക്കപ്പെടേണ്ട ബി സെല്ലിൽ കാര്യമായ പ്രവൃത്തിയില്ലയെന്ന് വിലയിരുത്തിയാണ് അവിടത്തെ സെക്ഷൻ ഓഫിസറെയും അസിസ്റ്റൻറിനെയും മാറ്റിയത്. പട്ടികവിഭാഗ അംഗങ്ങൾ സ്ഥാപനങ്ങളിൽ ജോലിയിൽ ഇല്ലെങ്കിലും അവർക്ക് അർഹതപ്പെട്ട ഒഴിവിൽ മറ്റു സമുദായങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ പി.എസ്.സി നോട്ടിഫിക്കേഷൻ നടത്തുകയില്ല.

ദലിതരുടെ പ്രക്ഷോഭകരമായ ഉണർവ് ഉണ്ടാവുമ്പോൾ ഒഴികെ സ്പെഷൽ റിക്രൂട്ട്മെൻറ് നടക്കുന്നില്ലയെന്നതുമാണ് വസ്തുത. പ്രവൃത്തിഭാരം ശാസ്ത്രീയ ക്രമീകരണം നടത്തുന്നത് സംബന്ധിച്ച പഠനസമിതിയുടെ ശിപാർശയിലൂടെ സെല്ലിന്റെ പ്രവർത്തനം നിർത്തിയ ശേഷം ആ ഉദ്യോസ്ഥരെ നിയോഗിച്ചത് മുന്നാക്ക സംവരണം നടപ്പാക്കുന്നതിലെ പ്രാതിനിധ്യപരിശോധന നടത്തുന്ന സെക്ഷനിലേക്കാണ്. താൽക്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ പട്ടികവിഭാഗ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള ഒരുത്തരവും നാളിതുവരെ ഇറക്കുന്നതിനായി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ തുനിഞ്ഞിട്ടില്ല.

താൽക്കാലിക നിയമനം മുഴുവൻ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരമാക്കുന്നതിന് അനുശാസിക്കുന്ന കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ട് നടപ്പാക്കാൻ നിഷ്കർഷിച്ചാൽ താൽക്കാലിക നിയമനത്തിൽ പട്ടികജാതി പ്രാതിനിധ്യം ഉറപ്പിക്കേണ്ടി വരുമെന്നതിനാലാണ് ഈ നിയമം നടപ്പാക്കാൻ നീക്കം ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാകാത്തത്. എന്നാൽ, മുന്നാക്ക സംവരണ ബിൽ നിയമമായതിന്റെ തൊട്ടുപിറകെ ഉദ്യോഗസ്ഥവൃന്ദം അതു നടപ്പാക്കുന്നതിനായി വളരെ ശുഷ്കാന്തി കാണിച്ചതും മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്ന ഒരു വിഭാഗത്തെ നിർബന്ധിത സംവരണപ്പട്ടികയിൽ ചേർക്കുന്നതിന് തിടുക്കം പിടിച്ചതും ശ്രദ്ധേയംതന്നെ. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിന്റെ കാര്യം പരിഗണിക്കാതെയും കണക്കെടുപ്പുകൾ നടത്താതെയുമാണ് മുന്നാക്കസംവരണം നടപ്പാക്കുന്നത്.

സ്പെഷൽ റിക്രൂട്ട്മെന്റ് സമ്പൂർണമാക്കണം

പട്ടികവിഭാഗം സംവരണമെന്നാൽ പട്ടിണി മാറ്റാൻ ഏതാനും പ്യൂണുകളെ നിയമിക്കലാണെന്ന പൊതുധാരണ ഉണ്ടാക്കിയെടുക്കാൻ സംവരണവിരുദ്ധരായ ജാതി ചിന്തകർക്ക് സാധിച്ചിട്ടുണ്ട്. എല്ലാ കേഡറിലും സംവരണം വേണമെന്ന് ഈയിടെ സുപ്രീംകോടതിതന്നെ വിധി പറഞ്ഞിട്ടുണ്ട്. തൂപ്പുകാർ മുതൽ ഗവ.സെക്രട്ടറിമാർ വരെയുള്ള പോസ്റ്റുകളിൽ പ്രാതിനിധ്യക്കുറവ് കാണുന്നപക്ഷം തൽസമയം ഡയറക്ട് റിക്രൂട്ട്മെൻറ് പട്ടികവിഭാഗത്തിൽനിന്നായി നടത്തുകയാണ് വേണ്ടത്! ഒരു സ്ഥാപനത്തിലെ പട്ടികവിഭാഗ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടിയാൽ അവിടത്തെ ക്ലാസ് ഫോർ ജീവനക്കാരായ പട്ടികവിഭാഗത്തിന്റെ എണ്ണം എടുത്തുകാട്ടി സംവരണം നടപ്പാക്കുന്നു എന്ന വാദം ഉന്നയിക്കപ്പെടുകയും നോൺ ഗസറ്റഡ്, ഗസറ്റഡ്, ഉന്നത ഉദ്യോഗസ്ഥ പദവികളിലെ കണക്കുകൾ മറച്ചുവെക്കുകയും ചെയ്യുന്ന പതിവ് സ്ഥാപനങ്ങളും സർക്കാറും തുടർന്നു കൊണ്ടേയിരിക്കുകയാണ്.

ഉയർന്ന തസ്തികകളിലേക്ക് സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തണമെന്ന് വാദം ഉന്നയിക്കുമ്പോൾ മെറിറ്റോക്രസി ഉയർത്തുന്നവർതന്നെ മുന്നാക്കവിഭാഗങ്ങളെ പിൻവാതിലിലൂടെ കയറ്റിവിടുന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നില്ല. ഗവ.സെക്രട്ടറിമാർ അടക്കം വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റിന്റെ ബലത്തിൽ യഥാർഥ പട്ടികവിഭാഗങ്ങളെ വഞ്ചിച്ച് ഉദ്യോഗസ്ഥപദവികൾ കരസ്ഥമാക്കിയ ആയിരക്കണക്കിന് പേർ കേരള സർവിസിലുണ്ടെന്ന് കണ്ടെത്തിയിട്ടും അവരെ പുറത്താക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇവരുടെ എണ്ണം കൂടി പട്ടികവിഭാഗത്തിന്റെ കണക്കിൽകൊള്ളിച്ചാണ് സർക്കാറുകൾ സംസാരിക്കുന്നത് .

ഉന്നതപദവികളിലെ പ്രാതിനിധ്യക്കുറവിന് കാരണം പ്രമോഷനിൽ സംവരണം ഇല്ലാത്തതാണ്. കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ പ്രമോഷനിൽ പട്ടിക വിഭാഗ സംവരണം നൽകുന്നതിന് നിയമനിർമാണം നടത്തിയിട്ടും ഇക്കാര്യത്തിൽ പുരോഗമന കേരളം എന്തുകൊണ്ട് അനങ്ങുന്നില്ല എന്ന ദലിതരുടെ ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്.

Tags:    
News Summary - Why was the Special Recruitment Cell abolished?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.