നവംബർ മാസം 14 ശിശുദിനമാണെന്ന് എല്ലാവർക്കുമറിയാം, എന്നാൽ, നവംബർ 17ന് പ്രത്യേകമായൊരു ശിശുദിവസം ലോകമൊട്ടുക്ക് ആചരിക്കുന്നുണ്ട്. -world prematurity day. സമയം തികയാതെ (37 ആഴ്ചകൾക്ക് മുമ്പ്) ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, സാമൂഹിക പിന്തുണയുമായി ആ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നതിനുമാണ് ഈ ദിവസം പ്രയോജനപ്പെടുത്തുന്നത്.
പ്രതിവർഷം ഒന്നര കോടിയിലധികം കുഞ്ഞുങ്ങൾ മാസം തികയുന്നതിന് മുമ്പ് ജനിക്കുന്നു. അതിൽ 10 ശതമാനത്തിലധികം കുഞ്ഞുങ്ങളും അധികം വൈകാതെ മരണപ്പെടാറുമാണ്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നതും അതു മൂലം മരണപ്പെടുന്നതും ഇന്ത്യയിലാണ്. കേരളത്തിലെ ആരോഗ്യസൂചികകൾ വികസ്വര രാജ്യങ്ങളുമായി കിടപിടിക്കുന്നതാണെങ്കിലും ഇവിടെയും ചിലയിടങ്ങളിൽ നേരത്തേ ജനിക്കുന്ന ഭാരം കുറഞ്ഞ കുഞ്ഞുങ്ങളെ പരിചരിക്കാൻ വേണ്ട സൗകര്യങ്ങൾ സുസജ്ജമല്ല.
കഴിഞ്ഞ 50 വർഷത്തിനിടയിൽ നവജാതശിശു പരിചരണ രംഗത്തുണ്ടായ വളർച്ച വളരെയധികം അദ്ഭുതപ്പെടുത്തുന്നതാണ്. ഒരു കിലോയിൽ താഴെ ഭാരത്തോടു കൂടി ജനിക്കുന്ന 90 ശതമാനം കുട്ടികളും 1960കളിൽ മരിക്കുകയാണുണ്ടായിരുന്നത്. അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ്. കെന്നഡിയുടെ മകൻ 1963ൽ അതിപ്രശസ്തമായ ബോസ്റ്റൺ ആശുപത്രിയിൽ പിറന്ന് രണ്ടു ദിവസത്തിനുള്ളിൽ മരിക്കുമ്പോൾ രണ്ടു കിലോയിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു. കുഞ്ഞിന് ആവശ്യമായ വെൻറിലേറ്ററോ ശ്വാസകോശ വളർച്ചക്ക് സഹായിക്കുന്ന മരുന്നുകളോ അന്നുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് കേരളത്തിലെ മിക്ക നഗരങ്ങളിലും ഇത്തരം സൗകര്യങ്ങൾ സുലഭമാണ്.
മാസം തികഞ്ഞും തികയാതെയും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിലൂടെ ന്യൂമോണിയ, ആസ്തമ, വയറിളക്കം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ കുറക്കാനും കുഞ്ഞിെൻറ മാനസികവും ശാരീരികവുമായ വളർച്ചക്ക് പിൻബലമേകാനും സഹായിക്കുന്നു.
സമയത്തിനു മുേമ്പ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു പ്രത്യേകിച്ച് (എട്ടു മാസം തികയാതെ) ജനിക്കുന്നവർക്ക് ചില പ്രയാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാഴ്ച, കേൾവി എന്നിവക്ക് ബുദ്ധിമുട്ടും വളർച്ചക്ക് കാലതാമസവും വരാം. എന്നാൽ, എല്ലാ കുഞ്ഞുങ്ങളും അങ്ങനെയാകണമെന്നില്ല. ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളായ ഐസക് ന്യൂട്ടൻ, ആൽബർട്ട് ഐൻസ്റ്റൈൻ, മാർക്ക് ട്വയിൻ, പാബ്ലോ പിക്കാസോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ തുടങ്ങി ഒട്ടനവധി വ്യക്തിത്വങ്ങൾ അങ്ങനെ ജനിച്ചവരാണ്.
സമയത്തിനു മുമ്പ് ജനിച്ച കുഞ്ഞുങ്ങളോട് കൂടുതൽ സംസാരിച്ചും, അവരെ പാട്ടുകൾ പാടി കേൾപ്പിച്ചും, വ്യത്യസ്ത ശബ്ദങ്ങൾ കേൾപ്പിച്ചും, വിവിധ നിറങ്ങൾ കാണിച്ചും വളർച്ചയുടെ ഓരോ ഘട്ടത്തിലും കരുത്തു പകരണം. വളർച്ചക്ക് കാലതാമസം വന്നാൽ അത് നേരത്തേ കണ്ടെത്തി അവരെ ചികിത്സിക്കണം.നേരത്തേ ജനിക്കുന്നത് എല്ലായ്പോഴും തടയാൻ കഴിയണമെന്നില്ല. എന്നാൽ, ശരിയായ ഗർഭകാല പരിചരണത്തിലൂടെയും പ്രമേഹം, രക്തസ്രാവം തുടങ്ങിയവ നിയന്ത്രിക്കുന്നതിലൂടെയും ഒരളവു വരെ സാധിക്കും.
എറണാകുളം റിനൈ മെഡിസിറ്റിയിലെ നവജാത ശിശുവിഭാഗം ഡോക്ടർമാരാണ് ലേഖകർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.