ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവാണ് മഹാത ്മ ഗാന്ധി. അദ്ദേഹത്തെ അങ്ങേയറ്റം വിമർശിച്ചവരും അതേയളവിൽ പ്രകീർത്തിച്ചവരുമുണ്ട്. ഗാന്ധിസവും അത് പ്രതിനിധാനം ചെയ്യുന്ന എല്ലാറ്റിനെയും ചവിട്ടിമെതിക്കണമെന്നാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞതെങ്കിൽ, ഗാന്ധിജി ഒരു കാഴ്ചപ്പാടും അറിവും ഇല്ലാത്തവനും ജീവിതത്തിലുടനീളം പരാജയം ഏറ്റുവാങ്ങിയവനുമാണ് എന്നാണ് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത്. ഒരുവേള, അദ്ദേഹത്തിെൻറ ൈപ്രവറ്റ് സെക്രട്ടറിയും സന്തത സഹചാരിയുമായിരുന്ന മഹാദേവ് ദേശായിപോലും അദ്ദേഹത്തെ പരോക്ഷമായി വിമർശിക്കുകയുണ്ടായി. വിശുദ്ധരുമായി സ്വർഗത്തിൽ ജീവിക്കുന്നത് പരമാനന്ദവും മഹത്തരവുമാണ്. എന്നാൽ, അവരുമായി ഭൂമിയിൽ കഴിയുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണ് -ദേശായി പറഞ്ഞു.
ഗാന്ധിജി എന്ന പ്രതിഭാസം
സംശയം വേണ്ട, ഗാന്ധിജിയെ പ്രകീർത്തിച്ചവർക്കു തന്നെയാണ് മുൻതൂക്കം. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലിനും ദൈന്യതക്കും ശബ്ദം നൽകിയവനാണ് ഗാന്ധി എന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ പ്രഫസറായിരുന്ന എഡ്വേഡ് തോംപ്സൺ പറഞ്ഞുവെങ്കിൽ, ലോകത്തെ രണ്ടാമത്തെ ഏറ്റവും മഹാനായ വ്യക്തിയെന്നാണ് ജോർജ് ബർണാർഡ് ഷാ, അദ്ദേഹത്തിെൻറ സ്വതഃസിദ്ധമായ ശൈലിയിൽ ഗാന്ധിജിയെ വിശേഷിപ്പിച്ചത്. അദ്ദേഹം ഒരു പ്രതിഭാസമാണ്.
അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഷോക്കിൽനിന്ന് ഞാൻ ഇനിയും മോചിതനായിട്ടില്ല, ഷാ തുടർന്ന് പറഞ്ഞു. ആൽബർട്ട് ഐൻസ്റ്റൈെൻറ പഠനമുറിയുടെ ചുവരിൽ അദ്ദേഹത്തിെൻറ ജീവിതാവസാനംവരെ ഇടംപിടിച്ച ഒരേയൊരു ചിത്രവും ഗാന്ധിജിയുടേതായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൂടെയുണ്ടായിരുന്ന മറ്റ് മഹാന്മാരുടെ ചിത്രങ്ങൾ അദ്ദേഹം എടുത്തുമാറ്റിയത്രെ!
ഈവിധം അനുകൂലമായാലും പ്രതികൂലമായാലും ഇത്രയധികം ലോകശ്രദ്ധ ആകർഷിക്കാൻ ഗാന്ധിജിക്ക് എങ്ങനെ കഴിഞ്ഞുവെന്നതും അദ്ദേഹത്തിനുശേഷം ജീവിച്ചിരുന്ന ആർക്കും എന്തുകൊണ്ട് അത് സാധിച്ചില്ലെന്നതും നമ്മുടെ മുന്നിലെ വലിയ ചോദ്യങ്ങളാണ്. സമാധാനപരമായ പരിവർത്തനം, അന്ത്യജരെയും ദരിദ്ര ജനവിഭാഗങ്ങളെയും സംഘടിപ്പിക്കൽ, ഗ്രാമീണ ജീവിതത്തോടുള്ള ആഭിമുഖ്യം, അധികാരവികേന്ദ്രീകരണം, ആഴത്തിലുള്ള മതവിശ്വാസം ഉള്ളപ്പോഴും ഇതര മതസ്ഥരോടുള്ള ആദരവ്, ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ലളിതജീവിതം -ഇതൊക്കെയാണ് ജീവിതത്തിലുടനീളം അദ്ദേഹം ഉയർത്തിപ്പിടിച്ചത്.
ജനങ്ങളുമായുള്ള ജൈവബന്ധം
ജനങ്ങളെയും അവരുടെ പ്രാരബ്ധങ്ങളെയും നേരിട്ട് മനസ്സിലാക്കിയ ശേഷം പൊതുപ്രവർത്തനത്തിനിറങ്ങിയ ഒരേയൊരു നേതാവ് ഒരുപക്ഷേ മഹാത്മഗാന്ധിയായിരിക്കും. അതിനുവേണ്ടി അദ്ദേഹം മൈലുകളോളം സഞ്ചരിച്ചു. െട്രയിനിലും കാറിലും കാളവണ്ടിയിലും കാൽനടയായും മരുഭൂമികളും മലകളും മേടുകളും താണ്ടി. ഗ്രാമങ്ങളിലും നഗരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും അന്തിയുറങ്ങി. പൊതുജീവിതം സുതാര്യമാക്കാൻ വ്യക്തിജീവിതം വേെണ്ടന്നുെവച്ചു. രാഷ്ട്രീയക്കാരിൽ സ്വകാര്യജീവിതം ഇല്ലാതിരുന്ന മറ്റൊരാൾ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ രാഷ്ട്രീയക്കാരിൽനിന്ന് മറ്റുചില വ്യത്യാസങ്ങളും അദ്ദേഹത്തിനുണ്ട്. അതിൽ ഒന്ന് സ്വന്തം തെറ്റുകളും ദൗർബല്യങ്ങളും ഏറ്റുപറഞ്ഞു എന്നതാണ്. താൻ ഹിമാലയൻ വിഡ്ഢിത്തങ്ങൾ പലതും കാണിച്ചിട്ടുണ്ടെന്ന് തുറന്നുപറയാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. സ്വയം വിമർശനവും മറ്റുള്ളവരുടെ വിമർശനങ്ങളോടുള്ള തുറന്ന സമീപനവും അദ്ദേഹത്തെ അഹങ്കാരിയുമാക്കിയില്ല.
സാധാരണക്കാരോട് കൂടുതൽ അടുക്കാനാണ് അദ്ദേഹം ജീവിതം ലളിതമാക്കിയതുതന്നെ. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച അന്നത്തെ ഇന്ത്യൻ മധ്യവർഗത്തിെൻറ വസ്ത്രധാരണരീതി പൊതുജീവിതത്തിെൻറ തുടക്കത്തിൽത്തന്നെ വെടിഞ്ഞെങ്കിൽ, 1921ൽ മധുരയിൽെവച്ച് ഷർട്ട് ധരിക്കുന്ന ശീലവും ഉപേക്ഷിച്ചു. അദ്ദേഹത്തിെൻറ ആഹാരരീതിയും താമസസ്ഥലവുമൊക്കെ സാമാന്യജനങ്ങളുമായി കൂടുതൽ അടുക്കാൻ ഉതകുന്നതായിരുന്നു. അവസാനം, സാധ്യമായിടത്തൊക്കെ അദ്ദേഹം കാൽനടയായി സഞ്ചരിച്ചു. കസ്തൂർബക്ക് അയച്ച കത്തിൽ ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: െട്രയിനിലും കാറിലും കാളവണ്ടിയിലും സഞ്ചരിച്ചുകൊണ്ട് ഒരാൾക്ക് ധർമം പ്രചരിപ്പിക്കാനാവില്ല. അതിനാവശ്യം പദയാത്രയാണ്.
സംഭ്രമത്തിെൻറ രാഷ്ട്രീയം
മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് ചേരുന്നതായിരുന്നു അദ്ദേഹത്തിെൻറ സമരമുറകളും. നിസ്സഹകരണവും സത്യഗ്രഹവുമായിരുന്നല്ലോ അതിൽ പ്രധാനം. സത്യഗ്രഹത്തെ അദ്ദേഹം വിശേഷിപ്പിച്ചത് സംഭ്രമത്തിെൻറ രാഷ്ട്രീയം എന്നാണ്. അദ്ദേഹത്തിെൻറ രാഷ്ട്രീയം മന്ദഗതിയിലായിരുന്നു. നീണ്ട സമ്മർദത്തിനൊടുവിൽ സാവധാനം സംഭവിക്കുന്നതാണ് മനംമാറ്റം എന്നദ്ദേഹം വിശ്വസിച്ചു. വേഗത്തിലുള്ള നടത്തവും സാവധാനമുള്ള രാഷ്ട്രീയവുമായിരുന്നു ഗാന്ധിജിയുടേത്. ഇന്ത്യയിൽ ആദ്യമായി ജനകീയ പ്രക്ഷോഭത്തിെൻറ സാധ്യതകൾ തിരിച്ചറിയുകയും അത് വിജയകരമായി പ്രയോഗിക്കുകയും ചെയ്ത രാഷ്ട്രീയവുമായിരുന്നു അത്.
ഇത് ഗാന്ധിജി സാധിച്ചത് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജനങ്ങളുമായി നിരന്തരം സംവദിച്ചുമാണ്. വലിയ പ്രഭാഷകനായിരുന്നില്ലെങ്കിലും അദ്ദേഹത്തിെൻറ വാക്കുകൾ വ്യക്തവും കുറിക്കുകൊള്ളുന്നതുമായിരുന്നു. ജനങ്ങളുടെ മിത്തുകളിൽനിന്നും പാരമ്പര്യത്തിൽനിന്നും കടഞ്ഞെടുത്ത പ്രയോഗങ്ങളിലൂടെ അവരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളെക്കുറിച്ച് അവരോട് സംസാരിച്ചു. ഇന്ത്യക്കാരുമായും വിദേശികളുമായും അദ്ദേഹം നിരന്തരം കത്തിടപാട് നടത്തി. ഇവരിൽ അദ്ദേഹത്തോട് ഉപദേശം ചോദിച്ചവരും ഉപദേശം നൽകിയവരും തർക്കിച്ചവരും ഉണ്ടായിരുന്നു. ഇത്രയധികം രാഷ്ട്രീയമായ ആശയവിനിമയം നടത്തിയ ഒരു നേതാവും ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലതന്നെ. ഒരർഥത്തിൽ, നമ്മുടെ പൊതുമണ്ഡലത്തിെൻറ രൂപവത്കരണത്തിന് ഇത് നൽകിയ സംഭാവന വളരെ വലുതാണ്.
ഇത്രയും സത്യസന്ധവും സുതാര്യവും ജനകീയവുമായൊരു പൊതുജീവിതത്തിെൻറ ഉടമയായതുകൊണ്ടാണ് ഗാന്ധിജിയിലേക്ക് ലോകം വീണ്ടും വീണ്ടും തിരിഞ്ഞുനോക്കുന്നുത്. രാമചന്ദ്രഗുഹ ചൂണ്ടിക്കാണിച്ച പോലെ, 70 വർഷത്തെ സ്വാതന്ത്ര്യത്തിനൊടുവിൽ തെക്കൻ ഏഷ്യയിലെ ജനങ്ങളോട് അവർക്ക് ഏത് മോഡലാണ് സ്വീകാര്യമാവുകയെന്ന് ചോദിച്ചാൽ അത് പാകിസ്താെൻറ ഇസ്ലാമിക-മിലിട്ടറി ഭരണമായിരിക്കില്ല, ഭാരതത്തിെൻറ ജനാധിപത്യ മതനിരപേക്ഷ മാതൃകയായിരിക്കും എന്ന് നിസ്സംശയം പറയാം. ജനങ്ങളിൽ ഈ വിശ്വാസം വളർത്തിയെടുക്കുന്നതിൽ ഗാന്ധിജി വഹിച്ച പങ്ക് നിസ്തുലമാണ്. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ തിരിച്ചറിയേണ്ടുന്നൊരു വസ്തുതയാണിത്. അവർ അതിനെ തച്ചുതകർക്കുന്നതിൽനിന്ന് പിന്മാറുന്നത് ഗാന്ധിജിയോട് കാണിക്കുന്ന ഏറ്റവും വലിയ ആദരവായിരിക്കും.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.