നിന്ദ്യം ഈ അസഹിഷ്ണുത

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കടുത്ത ആഘാതം സൃഷ്ടിച്ച നോട്ട് റദ്ദാക്കല്‍ നടപടിയെ സംബന്ധിച്ച് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍െറ മഹാപ്രതിഭയുമായ എം.ടി. വാസുദേവന്‍ നായര്‍ തുഞ്ചന്‍പറമ്പില്‍ മന്ത്രി തോമസ് ഐസകിന്‍െറ പുസ്തക പ്രകാശനച്ചടങ്ങില്‍ നടത്തിയ വിമര്‍ശനം ശ്രദ്ധേയമായിരുന്നു. എന്നാല്‍, ബി.ജെ.പി നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങള്‍. അസഹിഷ്ണുതയും നിന്ദയും സ്ഫുരിക്കുന്ന ആക്രോശങ്ങളിലൂടെ എം.ടിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേര്‍ക്കുപോലും ഭീഷണി ഉയര്‍ത്തുന്ന ബി.ജെ.പി നേതൃത്വത്തിന്‍െറ നിലപാടിനെതിരെ സാംസ്കാരിക നായകര്‍ പ്രതികരിക്കുന്നു...

അഭിപ്രായ സ്വാതന്ത്ര്യം പാര്‍ട്ടികളുടെ ഒൗദാര്യമല്ല
സക്കറിയ
നോട്ട് നിരോധനത്തെപ്പറ്റി അഭിപ്രായം പറയാന്‍ സാമ്പത്തിക വിദഗ്ധനോ  ബാങ്ക് ഉദ്യോഗസ്ഥനോ ആകണമെന്നില്ല. നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന കാര്യം മാത്രമാണ് എം.ടി പറഞ്ഞത്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എം.ടിക്കും  വഴിയില്‍കൂടി പോകുന്ന ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇന്ത്യന്‍ ഭരണഘടന അതിനുള്ള അവകാശം നമുക്ക് നല്‍കിയിട്ടുണ്ട്. നോട്ട് നിരോധനത്തെക്കുറിച്ച് പറയാന്‍ പറ്റില്ളെന്നുള്ളത് സംഘ്പരിവാറിന്‍െറ പൊതുവെയുള്ള ഫാഷിസ നിലപാടാണ്. സ്വേച്ഛാധിപത്യ സ്വഭാവത്തിന്‍െറ പ്രകാശനമാണ് ഇതിലൂടെ കാണുന്നത്. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും മുത്തലാഖ് പ്രശ്നത്തിലും എം.ടി മിണ്ടിയില്ളെന്നതുകൊണ്ട് ഇനി അഭിപ്രായം പറയാന്‍ അനുവദിക്കില്ളെന്ന നിലപാട് ആ പാര്‍ട്ടിയുടെ വികൃതമുഖമാണ് വ്യക്തമാക്കുന്നത്. ഏത് സമയത്ത് മിണ്ടണം മിണ്ടണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. അല്ലാതെ, ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പറയുന്നതിനനുസരിച്ച് വാ തുറക്കാന്‍ വിധിക്കപ്പെട്ടവരല്ല ഇവിടത്തെ ജനങ്ങളും സാഹിത്യകാരന്മാരും.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്
ഡോ. എം. ലീലാവതി
നോട്ട് നിരോധനത്തെക്കുറിച്ച് എം.ടി പറഞ്ഞത് അദ്ദേഹത്തിന്‍െറ അഭിപ്രായമാണ്. അത് പ്രകടിപ്പിക്കാനുള്ള മൗലികാവകാശം രാജ്യത്തുണ്ട്. സമൂഹത്തിനെ ബാധിക്കുന്ന പ്രശ്നത്തില്‍ വിദഗ്ധര്‍ക്കു മാത്രമേ അഭിപ്രായം പറയാനാകൂ എന്ന നിലപാടിനോട് യോജിപ്പില്ല. സാമൂഹിക പ്രശ്നങ്ങളില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രതികരിക്കുന്നത് നല്ലതാണ്.

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കരുത്
കെ.എല്‍. മോഹനവര്‍മ
സമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നവന് അഭിപ്രായം പറയാന്‍ ഇക്കണോമിസ്റ്റ് ആകണമെന്നില്ല. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നോട്ടുനിരോധനത്തെക്കുറിച്ച് എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍െറ അവകാശമാണ്. അത് തടയുന്നത് ജനാധിപത്യാവകാശലംഘനമാണ്. നോട്ടുനിരോധനം സാമ്പത്തികമായ പ്രശ്നം മാത്രമല്ല, സാമൂഹികപ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. ഭാവിയില്‍ ഇതിന്‍െറ ഫലം നല്ലതോ ചീത്തയോ ആകാം. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയില്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന്‍േറതിനേക്കാള്‍ ഗുണകരമാകുന്നത് ബംഗ്ളാദേശ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ യൂനിസ് അഹമ്മദിന്‍െറ സാമ്പത്തിക സിദ്ധാന്തങ്ങളാണ്.

സംസ്കാരത്തോടുള്ള വെല്ലുവിളി
വൈശാഖന്‍
നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് എം.ടി അഭിപ്രായം പറഞ്ഞത് ജനങ്ങളുടെ നാഡീമിടിപ്പ് അറിഞ്ഞതുകൊണ്ടായിരിക്കണം. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളോടും, പ്രത്യേകിച്ച് രാഷ്ട്രീയ കാര്യങ്ങളില്‍ എഴുത്തുകാരന്‍ അഭിപ്രായം പറയണമെന്ന് കരുതുന്നില്ല. എന്നാല്‍, സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന ഒരു കാര്യം നേരിട്ട് അറിയുമ്പോള്‍ അതിനെക്കുറിച്ച് പറയുന്നത് ലോകവീക്ഷണമുള്ളതുകൊണ്ടുകൂടിയാണ്. അതിനെ ബി.ജെ.പി സങ്കുചിതമായി സമീപിക്കുന്നതും ആക്രോശിക്കുന്നതും മലയാളത്തോടും സംസ്കാരത്തോടുമുള്ള വെല്ലുവിളിയാണ്.

എം.ടി ഇത്രയല്ലേ പറഞ്ഞുള്ളൂ
സാറാ ജോസഫ്
ജനങ്ങള്‍ അനുഭവിക്കുന്ന  രൂക്ഷ ദുരിതത്തെക്കുറിച്ച് എഴുത്തുകാരന്‍െറ മിനിമം പ്രതികരണമാണ് നോട്ട് അസാധുവാക്കലിനെക്കുറിച്ച് എം.ടി നടത്തിയത്. എം.ടി ഇത്രയല്ളേ പറഞ്ഞുള്ളൂ. പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ട സമയം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ടു പോയെന്ന് ബോധ്യമായിരിക്കുകയാണ്. പറഞ്ഞ ലക്ഷ്യത്തിന്‍െറ സമീപത്തുപോലും എത്താനായില്ല. ജനം നേരിടുന്ന ദുരിതം മാത്രം ബാക്കിയായി. അത് മറച്ചുപിടിക്കാനാണ് കാഷ്ലെസും മറ്റും പറഞ്ഞു നടക്കുന്നത്. മോദിക്കും കൂട്ടര്‍ക്കുമെതിരെ ജനം അതിന്‍െറ അവിശ്വാസം പാസാക്കുകയാണ് വേണ്ടത്.

ഹൈന്ദവതയുടെ നെഞ്ചിലേക്കുള്ള വെടി
കെ.പി. രാമനുണ്ണി
ശരിയായ ഹൈന്ദവതയുടെ നെഞ്ചിലേക്കുള്ള മറ്റൊരു വെടിയാണ് എം.ടിക്കു നേരെയുള്ള ഭര്‍ത്സനത്തിലൂടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നടത്തിയിരിക്കുന്നത്. ശാസ്ത്രം, കല എന്നീ വകതിരിവുകളില്ലാതെ സാകല്യാവസ്ഥയില്‍ വിജ്ഞാനത്തെ കാണുന്നതാണല്ളോ ഭാരതീയ പൈതൃകം. എന്നാല്‍, തീര്‍ത്തും പാശ്ചാത്യമായ സ്പെഷലൈസേഷന്‍ ശാഠ്യത്തോടെയാണ് സാഹിത്യകാരനായ എം.ടി സാമ്പത്തിക കാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്ന തീട്ടൂരം രാധാകൃഷ്ണന്‍  ഇറക്കിയിരിക്കുന്നത്. അല്ളെങ്കിലും, ഒരുവശത്ത് രാജ്യ സ്നേഹം പറഞ്ഞ് മറുവശത്ത് കൊളോണിയല്‍ അജണ്ടകളാണല്ളോ ന്യൂനപക്ഷ വിദ്വേഷമായും കോര്‍പറേറ്റ് പ്രീണനമായും അദ്ദേഹത്തിന്‍െറ കക്ഷി ആവിഷ്കരിക്കുന്നത്.

സാധാരണ ജനങ്ങള്‍ നേരിടുന്ന നീറുന്ന പ്രശ്നത്തെ വിലയിരുത്താന്‍ ഏതൊരു പൗരനും അവകാശമുണ്ടായിരിക്കെ, എം.ടിക്ക് അഭിപ്രായം പറയാന്‍ മറ്റു സകലമാന വിഷയങ്ങളെക്കുറിച്ചും മുന്‍കൂര്‍ പ്രതികരിച്ചതിന്‍െറ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന വാദം വിചിത്രംതന്നെ. സാമ്പത്തിക ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഡിമോണിറ്റൈസേഷന്‍െറ കെടുതികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ ധിക്കാരത്തോടെ പ്രതികരിക്കുകയാണോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്? നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത്?

ലക്ഷ്യം ഭീതി പടര്‍ത്തല്‍
കെ.ഇ.എന്‍
എം.ടി. വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ നീക്കം സമൂഹത്തില്‍ ഭീതി പരത്തല്‍ ലക്ഷ്യമിട്ടുള്ളതാണ്. കല്‍ബുര്‍ഗിയെപ്പോലുള്ള പ്രമുഖരെ ഇല്ലാതാക്കിയതുപോലുള്ള ശ്രമത്തിന്‍െറ തുടര്‍ച്ചതന്നെയാണിത്. അതിനാല്‍, യാദൃച്ഛികമോ അപ്രതീക്ഷിതമായ നടപടിയോ ആയി ഇതിനെ ലഘൂകരിച്ച് കാണാനാവില്ല. എന്തും ചെയ്യാവുന്ന അസഹിഷ്ണുതയാണ് എം.ടിയെപ്പോലുള്ള എഴുത്തുകാരനെതിരെയും തിരിയാന്‍ ഫാഷിസത്തെ പ്രേരിപ്പിക്കുന്നത്.
രാജ്യത്തെ ജനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ചാണ് എം.ടി പ്രതികരിച്ചത്. ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വിഷയത്തില്‍നിന്ന് മാറിനില്‍ക്കാനാവില്ല. അഭിപ്രായപ്രകടനവും എതിര്‍ശബ്ദവുമൊന്നും ഫാഷിസം ഇഷ്ടപ്പെടുന്നില്ല. എന്തു പറയണമെന്ന് നിശ്ചയിക്കാന്‍ ഇവര്‍ക്ക് എന്തവകാശമാണുള്ളത്. അഭിപ്രായത്തെ ആക്രോശത്തിലൂടെ നേരിടുകയാണ് ഫാഷിസത്തിന്‍െറ രീതി. അത്തരമൊരു രീതിയാണ് എം.ടിക്കുനേരെയും ഇപ്പോള്‍ ഉയര്‍ന്നത്. ഇത് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമെതിരായ ആക്രോശമാണ്.

നാട് മുഴുവന്‍ ക്യൂവില്‍ നില്‍ക്കുന്ന സവിശേഷമായ സാഹചര്യത്തിലാണ് നാം കഴിയുന്നത്. സ്വന്തം പണത്തിന്‍െറ വിഹിതം തേടിയാണ് ഈ ക്യൂ നിര്‍ത്തം. ഇതിനിടയില്‍ കുറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചു. സഹോദരന്‍െറ മൃതദേഹത്തില്‍ തട്ടിയും അധ്വാനിച്ച പണം കൈപ്പറ്റാന്‍ ജനം വീര്‍പ്പുമുട്ടുകയാണ്. ഇത്തരമൊരു പൊതുമണ്ഡലത്തില്‍ കഴിയുമ്പോള്‍ ആര്‍ക്കാണ് പ്രതികരിക്കാതിരിക്കാന്‍ കഴിയുക. മാനുഷികമായ പ്രതികരണം മാത്രമാണ് എം.ടി നടത്തിയത്. എഴുത്തുകാരന്‍െറ ബാധ്യത കൂടിയാണ് അദ്ദേഹം നിറവേറ്റിയത്.

 

Tags:    
News Summary - Writers, back Jnanpith awardee M T Vasudevan Nair who criticised note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.