സാംസ്കാരിക സദസ്സുകൾ ശക്തിയും സാന്ത്വനവുമാണ്. സദസ്സ് തുടങ്ങുന്നതിനുമുമ്പുള്ള കവിതകളും ഗാനങ്ങളും ഊർജം പകരും. ചിലപ്പോഴൊക്കെ ഞാനാണ് ഭ്രാന്തൻ എന്ന് എല്ലാവരും പാടുമ്പോൾ നമുക്കും ഭ്രാന്തെടുക്കും! പ്രഫസർ ഓമനക്കുട്ടൻ മാഷ് ഏതോ മത്സരവേദിയിൽ മത്സരാർഥികളായ കുട്ടികളെല്ലാം ഈയൊരു കവിത ഒരേവിധം ചൊല്ലുന്നത് ആവർത്തിച്ചുകേട്ട് അസ്വസ്ഥനായി നിങ്ങളാരുമല്ല, ഞാനാണ് ഇപ്പോൾ ശരിക്കും ഭ്രാന്തൻ എന്ന് രോഷാകുലനായി പ്രതികരിച്ച് വേദിവിട്ടത് വായിച്ചതോർമയിലുണ്ട്. എന്നാൽ, ജനായത്ത വേദികളിൽനിന്ന് ‘കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു’, ‘തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും’ എന്നീപ്രകാരമുള്ള ചില ഗാനങ്ങളും സമയം അഡ്ജസ്റ്റ് ചെയ്യാൻവേണ്ടി ഇടിപൊടി തിമിരത്തിൽ പാടുന്നത് കേട്ടിട്ടുണ്ട്. ഉള്ള ഊർജവും അതോടെ ഇല്ലാതാവും.
എന്നാൽ വയലാറിന്റെ പ്രശസ്തമായ ചില വരികൾ മതസൗഹാർദ സദസ്സുകളെ ആവേശം കൊള്ളിക്കും. എത്രയോ തവണ യേശുദാസ് പാടിയും മറ്റുള്ളവർ പാടിയും കേട്ടിട്ടും മടുപ്പ് വന്നിട്ടില്ല. ഇന്ത്യനവസ്ഥയിൽ എത്ര ആവർത്തിച്ചാലും മനുഷ്യത്വത്തിന്റെ വീര്യം വർധിപ്പിക്കുന്ന ആ പാട്ടുകൾ എത്ര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നരബാധിക്കാതെ നിത്യചൈതന്യ േസ്രാതസ്സായി തുടരുകയാണ്. ഒരു മതമൊരു ജാതി/മതിലുകൾ ഇടിയട്ടെ/മന്ത്രപ്പുരകൾ തകരട്ടെ/മനസ്സിൽ നിന്നു വിലങ്ങുകൾ മാറ്റിയ മനുഷ്യനുണരട്ടെ... ഇതുപോലുള്ള അനേകം പാട്ടുകളിൽനിന്നും അക്കാലത്ത് ഉയിർത്തെഴുന്നേറ്റത്, മനസ്സിൽനിന്നും വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ പുതിയ വിമോചിത മനുഷ്യരാണ്. മതമുള്ളവരും ഇല്ലാത്തവരും അവർക്കിടയിലുണ്ടായിരുന്നു.
എന്നാൽ, വെറും പാട്ട് എന്ന പദവിക്കപ്പുറം മലയാള മതനിരപേക്ഷാനുഭൂതിയുടെ ഹൃദയസ്പർശിയായ മഹാമുദ്ര, കാലത്തിന്റെ ആത്മാവിൽ അന്നെന്നപോലെ ഇന്നും പതിപ്പിച്ച് മതനിരപേക്ഷ മനസ്സുള്ളവരെയൊക്കെയും പുളകംകൊള്ളിക്കുന്നത്, 1972ലെ ‘അച്ഛനും ബാപ്പയും’ എന്ന സിനിമയിലെ വയലാർ എഴുതി ജി. ദേവരാജൻ സംഗീതംനൽകി മലയാളത്തിന്റെ അത്ഭുതഗായകൻ യേശുദാസ് പാടി അനശ്വരമാക്കിയ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു/ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു –മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി/മണ്ണു പങ്കുവെച്ചൂ/മനസ്സു പങ്കുവെച്ചൂ. ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായീ/നമ്മൾ കണ്ടാലറിയാതായീ –ഇന്ത്യ ഭ്രാന്താലയമായി/ആയിരമായിരം മാനവഹൃദയങ്ങൾ/ആയുധപ്പുരകളായി/ദൈവം തെരുവിൽ മരിക്കുന്നു/ചെകുത്താൻ ചിരിക്കുന്നു, എന്ന വരികളാണ്. ഇതിലെ ചില ആശയങ്ങളോട് വിയോജിക്കുന്നവർപോലും, ഇതിൽ അനിവാര്യമായും ഉണ്ടാവേണ്ടിയിരുന്ന ഇന്ത്യയെ ശരിക്കും ഭ്രാന്താലയമാക്കിയ ജാതിപരാമർശങ്ങൾ വിട്ടുപോയതിനോട് വിയോജിക്കുന്നവർപോലും, വയലാറിന്റെ ഈ വരികൾ കേൾക്കുമ്പോൾ, എത്രയോ തവണ കേട്ടതായിട്ടുകൂടി, പുതുതായി കേൾക്കുന്നതുപോലെ കാതോർത്തിരിക്കുന്നതിന് എത്രയോതവണ സ്വയം സാക്ഷിയായിട്ടുണ്ട്.
പ്രശസ്ത കഥാകൃത്ത് റഹിം മുഖത്തലയുടെ അനുസ്മരണയോഗത്തിൽ മൂന്ന് നാല് വർഷങ്ങൾക്കുമുമ്പ്, അതേ സ്കൂളിലെ അധ്യാപകനും നല്ലൊരു ഗായകനുമായ സി.എച്ച്. അജയകുമാർ മാഷ് ഇതേ വയലാർ കവിത വികാരാർദ്രമായി ചൊല്ലി. ഒപ്പം ഇപ്പോൾ പലരും ഇന്ത്യ ഭ്രാന്താലയമായി എന്നതിനു പകരം ലോകം ഭ്രാന്താലയമായി എന്ന് ചൊല്ലുന്നതിലുള്ള ഉത്കണ്ഠയും പങ്കുവെച്ചു. വയലാർ ഒരു സന്ദേഹവുമില്ലാതെ ഇന്ത്യ ഭ്രാന്താലയമായി എന്നെഴുതിയത് എങ്ങനെ എവിടെവെച്ച് എപ്പോൾ എന്തിന് ആർക്കുവേണ്ടി ലോകം ഭ്രാന്താലയമായി എന്ന് മാറ്റി പാടി എന്നത്, ഇന്ത്യയും കൂടി ചേർന്നതാണല്ലോ ലോകം എന്ന് കരുതി ആശ്വസിക്കാവുന്നതാണ്. എന്നാൽ, യേശുദാസ് രണ്ടുവിധത്തിലും അതായത് ഇന്ത്യ ഭ്രാന്താലയമായി എന്നും, ലോകം ഭ്രാന്താലയമായി എന്നും പാടിയിട്ടുണ്ട്. യേശുദാസിനെ സൂക്ഷ്മമായി പിന്തുടരുന്ന യുവസാംസ്കാരിക വിമർശകനായ എം.എം. ദിലീപും ഗായകനായ സി.എച്ച്. അജയ് മാഷും രണ്ടുവിധത്തിൽ പാടിയതിന്റെ വിഡിയോ അയച്ചുതന്നു. പൊതുവെ നാട്ടിലിപ്പോൾ ഇതേ പാട്ട് ഇന്ത്യ ഭ്രാന്താലയമായി എന്നതിനുപകരം ലോകം ഭ്രാന്താലയമായി എന്ന് പാടുന്നതായാണ് കണ്ടുവരുന്നത്.
അതെന്തുകൊണ്ടാണെന്ന ആലോചനയിലേക്ക് കടക്കുന്നതിനു മുമ്പ്, ‘അച്ഛനും ബാപ്പയും’ എന്ന പ്രശസ്തമായ നിരവധി പുരസ്കാരങ്ങൾ നേടിയ ആ ദേശീയോദ്ഗ്രഥന മതസൗഹാർദ സിനിമയെക്കുറിച്ച്, എനിക്കുണ്ടായ കൗതുകകരമായ രണ്ട് പരോക്ഷാനുഭവം പങ്കുവെക്കുന്നത് പ്രസക്തമാവും. രണ്ടും സെക്കുലർ സാംസ്കാരിക വേദികളിലാണ്. ഒരിടത്ത് പ്രഫസർ ശിവരാമൻ മാഷ് പ്രസംഗിക്കുന്നതിനിടയിൽ ചെറുകാടിനെപ്പറ്റി രമണന്റെ ബാപ്പ എന്ന് പ്രയോഗിക്കുന്നു. സദസ്സിലുണ്ടായിരുന്ന ചെറുകാടിന്റെ മകനും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന രമണൻമാഷിൽ അത് പ്രത്യേകിച്ചൊരു പ്രതികരണവുമുണ്ടാക്കിയില്ല. എന്നാൽ സദസ്സ് ചെറുതായൊന്നിളകി! അതായത്, ‘അച്ഛനും ബാപ്പയും’ മോഡൽ മതസൗഹാർദം ഒരരനൂറ്റാണ്ട് മുന്നോട്ടു പോയിട്ടും, അച്ഛൻ അച്ഛനും ബാപ്പ ബാപ്പയുമാണ്. സിനിമക്കാവാത്തത് മലയാളത്തിൽ പിന്നെ സാധ്യമാക്കിയത് ആ ഇംഗ്ലീഷ് ഡാഡിയാണ്.
അച്ഛനെയും അമ്മയെയും ബാപ്പയെയും ഉമ്മയെയും ഒഴിച്ചുനിർത്തുന്ന മലയാളത്തിലെ മാതാവ്/പിതാവ് സംബോധനകളെ വൈക്കം മുഹമ്മദ് ബഷീർ മുമ്പേ അടിച്ചോടിച്ചതാണ്. മാതാവെ ഒരൽപം ജലം തന്നാലും എന്ന ചോദ്യത്തിന് ചോറ്റുതവികൊണ്ടാണ് ബഷീറിന്റെ ഉമ്മ കഥാപാത്രം മകന് മറുപടി നൽകിയത്. സത്യത്തിൽ ആർക്കും അവരുടെ സൗകര്യത്തിനും സ്വാതന്ത്ര്യത്തിനുമനുസരിച്ച് പ്രിയപ്പെട്ടവരെ എങ്ങനെയും വിളിക്കാവുന്നതാണ്. ഇക്കാര്യത്തിൽ ഒരു മസിലുപിടിത്തത്തിന്റെയും ആവശ്യമില്ല. ഒരു ഹിന്ദുമതവിശ്വാസിയായ കുട്ടി അച്ഛനെ അപ്പാ/ബാപ്പാ എന്നോ മുസ്ലിം കുട്ടി ഉപ്പ ബാപ്പ ഇപ്പയെ, അപ്പാ അച്ഛാ എന്നോ വിളിക്കുന്നതുകൊണ്ട് മതവിശ്വാസത്തിന് ഒരു മുറിവും സംഭവിക്കില്ല.
എന്നാൽ, മറ്റൊരിക്കൽ ഞാൻ പ്രശസ്ത തിരക്കഥാകൃത്തായ ടി.എ. റസാഖിന്റെ അനുസ്മരണത്തിൽ പങ്കെടുത്തപ്പോഴുണ്ടായത് ഇതിൽനിന്നും വേറിട്ടൊരനുഭവമാണ്. വളരെ സെക്കുലറായ ഒരു സുഹൃത്ത് റസാഖിന്റെ സെക്കുലറിസത്തിന് സാക്ഷിയായി കൂട്ടിനു വിളിച്ചത് റസാഖ് സ്വന്തം മക്കളോടു തന്നെ ബാപ്പ എന്നു വിളിക്കുന്നതിനു പകരം അച്ഛാ എന്ന് വിളിക്കാൻ നിർദേശിച്ചതാണ്. അങ്ങനെ നിർദേശിച്ചാലും ഇല്ലെങ്കിലും അതിന് ഓരോരുത്തരുടെ ഇഷ്ടം എന്നല്ലാതെ, അതിനപ്പുറമുള്ള ഒരർഥവുമില്ല. എന്നാൽ മതനിരപേക്ഷതയെ ഓരോരുത്തരുടെയും ഇഷ്ടം പരിഗണിക്കാതെ ഒരൊറ്റ വിളിയിലേക്ക് മാത്രമായി ഒതുക്കുന്നതും ചുരുക്കുന്നതും മതനിരപേക്ഷതയുടെ പൊരുളിന് പരിക്കേൽപിക്കും. സ്വന്തം ഇഷ്ടാനുസരണം വിളിക്കുന്നതും വിളിക്കാതിരിക്കുന്നതും തമ്മിലും നിർബന്ധപൂർവം വിളിപ്പിക്കുന്നതും വിളിക്കാൻ അനുവദിക്കാതിരിക്കുന്നതും തമ്മിലുള്ള അകലം അച്ഛനും ബാപ്പക്കുമിടയിൽ ഒതുങ്ങുകയില്ല.
ചരിത്രരേഖകളേക്കാൾ ഉച്ചൈസ്തരം ഒരു കാലഘട്ടത്തെ സാക്ഷ്യപ്പെടുത്തുന്നത് വാക്കുകൾ എന്ന് എറിക്ഹോബ്സോം എഴുതിയതും ഭയമില്ലാത്ത വാക്യം കവിത എന്ന് കെ.ജി.എസ് ദൃഢപ്പെടുത്തിയതും ചേർത്തുവെച്ചാൽ ഏറക്കുറെ ഇന്നത്തെ ഇന്ത്യനവസ്ഥയുടെ ഒരേകദേശചിത്രം തെളിയും. അങ്ങനെ നോക്കുമ്പോഴാണ് ജാതിമേൽക്കോയ്മയുടെ നേതൃത്വത്തിൽ അപരവിദ്വേഷം വാക്കിലും നോട്ടത്തിലും സംബോധനയിലും ആശംസകളിലും ഉത്സവത്തിലും ഭക്ഷണത്തിലും എന്തിന് നിരുപദ്രവകരമായൊരു പേരിൽപോലും ഇളകിമറിയുമ്പോൾ ഇന്ത്യ ഭ്രാന്താലയമായി എന്നതിനു പകരം ലോകം ഭ്രാന്താലയമായി എന്ന് മാറ്റി പാടുമ്പോഴുണ്ടാകുന്ന കീഴ്മേൽ മറിച്ചിലിന്റെ ആഴം മനസ്സിൽ അസ്വസ്ഥതയുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നത്. ഹൈഹിറ്റ്ലർ എന്നതിനു പകരം സുപ്രഭാതം ആശംസിക്കുന്നവർപോലും നാസികളെ മുമ്പ് ഭയപ്പെടുത്തി. ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കുന്നതിനു പകരം ശ്രീരാമ ഭഗവാന്റെ നാമം ഹൃദയത്തിൽ ജപിക്കുന്നവർപോലും ഇന്ന് ഇന്ത്യയെ ഭ്രാന്താലയമാക്കിയ ജാതിമേൽക്കോയ്മാശക്തികളെ പരിഭ്രാന്തരാക്കുന്നതുപോലെ.
വയലാർ എഴുതിയത് ഇന്ത്യ ഭ്രാന്താലയമായി എന്നാണെങ്കിൽ, ആ പ്രയോഗം മുമ്പും ഇന്നും പ്രസക്തമാണെങ്കിൽ എന്തിന് യേശുദാസ് ഒരിടത്ത് വയലാർ എഴുതിയ വിധത്തിലും മറ്റൊരിടത്ത് വയലാർ എഴുതാത്ത വിധത്തിലും പാടി? യേശുദാസിനെ പിന്തുടർന്ന് ഇന്ന് പാടുന്ന ഗായകർ പലരും ലോകം ഭ്രാന്താലയമായി എന്നുമാത്രം പാടുന്നത് എന്തുകൊണ്ടാണ്. വയലാർ ലോകം ഭ്രാന്താലയമായി എന്നാണ് എഴുതിയതെന്ന് ചുമ്മാ വിചാരിക്കുക.
അദ്ദേഹം 1975ൽ മരിച്ചിട്ടില്ലെന്നും നമ്മോടൊപ്പം ഇപ്പോഴും പ്രത്യക്ഷത്തിൽതന്നെ ഉണ്ടായിരുന്നുവെന്നും കരുതുക. എങ്കിൽ വിറക്കാത്ത കൈകളോടെ അദ്ദേഹം അന്ന് സ്വയമെഴുതിയത് വെട്ടി ഒരു തവണയല്ല അനേകം പ്രാവശ്യം ഇന്ത്യ ഭ്രാന്താലയമായി എന്ന് തിരുത്തി എഴുതുമായിരുന്നു! അങ്ങനെയുള്ളൊരു കാലത്ത് ലോകം ഭ്രാന്താലയമായി എന്നുപാടുന്നത്, ജാതിമേൽക്കോയ്മയുടെ തുടരുന്ന ക്രൂരതകൾക്ക് ക്ഷമാപണം കണ്ടെത്തലാവും. സവിശേഷമാവേണ്ടിടത്ത് അതായത് നമ്മുടെ സംവാദസന്ദർഭത്തിൽ ഇന്ത്യ എന്ന് കൃത്യം പറയേണ്ടിടത്ത് ലോകം എന്ന് പറയുന്നതും, സാമാന്യമാവേണ്ടിടത്ത് അതായത് ലോകം എന്ന് പറയേണ്ടിടത്ത് ഇന്ത്യ എന്ന് പറയുന്നതും പ്രത്യേകിച്ചൊരു വെള്ളവുമൊഴിക്കാതെതന്നെ തിരിച്ചറിവിന്റെ തീനാളങ്ങളെ കെടുത്തിക്കളയും.
യേശുദാസിന്റെ വായിലേക്ക്, വയലാർ എഴുതാത്ത, ലോകം ഭ്രാന്താലയമായി എന്ന വരി വെച്ചുകൊടുത്തത് സാമാന്യ പ്രസ്താവങ്ങളുടെ മറവിൽ യാഥാർഥ്യങ്ങളെ മരവിപ്പിക്കുന്ന ജാതിമേൽക്കോയ്മാ സാമാന്യബോധത്തിന്റെ കീഴാളരക്തംപുരണ്ട കൈകളാണ്. പ്രത്യക്ഷത്തിൽ നോക്കുമ്പോൾ യേശുദാസ് ഇതിൽ വാദിയോ പ്രതിയോ അല്ല. എങ്കിലും പ്രിയ യേശുദാസ് അങ്ങത് തട്ടിതെറിപ്പിക്കേണ്ടതായിരുന്നു. അതിനുള്ള ധീരമായ വിവേകമാണ് മലയാളത്തിന്റെ പ്രിയ യേശുദാസിൽനിന്നും, അദ്ദേഹം രണ്ട് വിധത്തിലും പാടിയെങ്കിൽ, അതിൽനിന്നും ഇന്ത്യ ഒഴിവാക്കി ലോകം ഭ്രാന്താലയമായി എന്നുമാത്രം പാടുന്നവരിൽനിന്നും ആധുനിക കാലം പ്രതീക്ഷിക്കുന്നത്.
ഇന്ത്യകൂടി ഉൾപ്പെടുന്ന ലോകത്തിന് ഒരു പ്രശ്നവുമില്ലാത്തതുകൊണ്ടല്ല, ഇന്ത്യയുടെ സവിശേഷപ്രശ്നങ്ങളെ, മറ്റ് രാഷ്ട്രങ്ങളിലെ കൊള്ളരുതായ്മകളുടെ ചിലവിൽ നേർപ്പിച്ചെടുക്കാനുള്ള ജാതിമേൽക്കോയ്മാസാമാന്യബോധത്തിന്റെ സൂത്രവിദ്യകളെ സ്വാഗതം ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്, ഇന്ത്യ ഭ്രാന്താലയമായ് എന്ന് മാത്രം പാടേണ്ടിടത്ത് അങ്ങനെയും, ഇന്ത്യയുൾപ്പെടെ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും ഒരുപോലെ ഭ്രാന്താലയമായി എന്നു പാടേണ്ടിടത്ത് അങ്ങനെയും പാടണം എന്ന് പറയുന്നത്. ആവിധം പറയുന്നത് വയലാർ എഴുതിയ ഇന്ത്യ ഭ്രാന്താലയമായി എന്നതിനെ മറ്റ് വിധത്തിലേക്ക് ഒരുവിധേനയും വലിച്ചുനീട്ടാനാവാത്തതിനാലാണ്.
ജാതിമേൽക്കോയ്മാ വിവേചനം അത്രമേൽ ഇന്ത്യൻ യാഥാർഥ്യം ആയതിനാലാവണം. ഈ മലബാറത്തുകാർ എന്തൊരു ഭ്രാന്തന്മാരാണ് എന്ന് വിവേകാനന്ദനെഴുതിയത്, ശരി-തെറ്റ് സംവാദം ഒഴിവാക്കിയാണ് ആദ്യം നാം വായിക്കുന്നത്. പിന്നീടാണ് ശരി-തെറ്റുകളുടെ സംവാദത്തിലേക്ക് നമ്മൾ കടക്കുക. അതുപോലെ ഇന്ത്യയെക്കുറിച്ചുള്ള വയലാറിന്റെ ഭ്രാന്താലയ പ്രയോഗത്തെയും ആദ്യം എഴുതിയതുപോലെ പാടുകയും അതിനുശേഷം അതാവശ്യപ്പെടുന്ന സംവാദങ്ങളിലേക്ക് പ്രവേശിക്കുകയുമാണ് വേണ്ടത്. എഴുതിയ വരിതന്നെ മാറ്റിയാൽ പിന്നെന്തു സംവാദം? തിരുത്തി പാടുന്നതിന് ഇന്നത്തെ ഇന്ത്യനവസ്ഥയിൽ സാക്ഷാൽ വയലാർ വന്ന് തിരുത്തിയാലും ഒരു ന്യായവുമില്ല! പിന്നല്ലേ പാടുന്നവരുടെ തിരുത്തൽ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.