അനുവർത്തിച്ച രീതികളിലെ വ്യത്യാസം ഇരുവരും സംഖ്യകൾ അവതരിപ്പിച്ച രീതിയിലും പ്രതിഫലിക്കുന്നുണ്ട്. 2019ലെ കണക്കിൽനിന്ന് 50 സീറ്റുകളെങ്കിലും ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്ന അവകാശവാദം ഓരോ സംസ്ഥാനങ്ങളിലും സംഭവിക്കുന്ന കുറവുകൾ രേഖപ്പെടുത്തിയാണ് യോഗേന്ദ്ര യാദവ് വിശദീകരിച്ചത്. എന്നാൽ, കിഷോർ, ‘വർധിക്കുന്ന കണക്കുകളെ’ കുറിച്ച് മാത്രമാണ് സംസാരിച്ചത്.
ആറാഴ്ച നീണ്ട, ഏഴു ഘട്ടമുള്ള ലോക്സഭ തെരഞ്ഞെടുപ്പ് അവസാന റൗണ്ടുകളിലേക്കടുക്കവെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും നടത്തിയ ഫലപ്രവചനങ്ങളാണ് ചൂടുള്ള ചർച്ച. നിഗമനങ്ങളിലെ വൈരുധ്യത്തിനൊപ്പം അതിനു പിന്നിലെ പ്രേരണകളെക്കുറിച്ചും ചർച്ച കൊഴുക്കുന്നുണ്ട്.
ബി.ജെ.പി കഴിഞ്ഞ തവണ നേടിയ 303 സീറ്റുകളിൽനിന്ന് അമ്പതെണ്ണമെങ്കിലും കുറയുമെന്നും ഭൂരിപക്ഷത്തിനാവശ്യമായ 272 സീറ്റ് എന്ന ലക്ഷ്യം നേടാനാവില്ലെന്നും സ്വരാജ് അഭിയാൻ നേതാവായ യോഗേന്ദ്ര യാദവ് നിരവധി അഭിമുഖങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ബി.ജെ.പിയുടെ നില സുഭദ്രമാണെന്നും നിലവിലുള്ളതിനേക്കാൾ സീറ്റുകൾപോലും നേടിയേക്കുമെന്നുമാണ് ജൻ സുരാജ് പാർട്ടി മേധാവിയായ പ്രശാന്ത് കിഷോറിന്റെ പ്രവചനം.
തികച്ചും വിപരീതമായ നിഗമനങ്ങളെ ഇരുവരും ശക്തമായി സാധൂകരിക്കുന്നുണ്ട്. കിഷോറുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം 2022ൽ നടത്തിയ ഒരു പ്രവചനം തെറ്റിപ്പോയിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ ചൂണ്ടിക്കാട്ടിയത് വിഷയത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. യോഗേന്ദ്രയും കിഷോറും പക്ഷപാതപരമായ വിശകലനമാണ് നടത്തിയതെന്ന ആക്ഷേപം സമൂഹ മാധ്യമങ്ങളിൽ ഉയരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ കാമ്പയിൻ കൺവീനർമാരിൽ ഒരാളായിരുന്നു യോഗേന്ദ്ര യാദവ്. ആദ്യ മോദി സർക്കാർ അധികാരത്തിലേറിയ 2014ൽ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു പ്രശാന്ത് കിഷോർ.
അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഡേറ്റ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. യു.പി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഛത്തിസ്ഗഢ്, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളിൽ താനും സഹപ്രവർത്തകരുടെ സംഘവും ഇന്ത്യയുടെ പല ഭാഗങ്ങളും സന്ദർശിച്ച് ശേഖരിച്ച അനുമാന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവചനമെന്ന് യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നു. സന്ദർശനം നടത്താത്ത സംസ്ഥാനങ്ങളിൽ പ്രാദേശിക മാധ്യമ പ്രവർത്തകരിൽനിന്ന് ലഭിച്ച വിവരങ്ങളെ ആശ്രയിച്ചാണ് നിഗമനങ്ങൾ. അതേസമയം, ഇത്തരം യാത്രകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന പ്രവചനങ്ങൾ തെറ്റാണെന്നും മോദി സർക്കാറിനെതിരെ ജനരോഷമില്ലെന്നതിന്റെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്താണ് തന്റെ കണക്കെന്നും പ്രശാന്ത് കിഷോർ പറയുന്നു. എന്നാൽ, ഈ നിഗമനങ്ങൾ ഏതെങ്കിലും സർവേയുടെ അടിസ്ഥാനത്തിലാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പൊതുജനങ്ങളുടെ മാനസികാവസ്ഥ വിലയിരുത്തിയാണിതെന്നാണ് പ്രശാന്ത് പറയുന്നത്.
“രണ്ട് ഘടകങ്ങൾക്ക് ഒരു സർക്കാറിനെ പുറത്താക്കാനാവും. ഒന്നുകിൽ നിലവിലുള്ളതിനെതിരെ വോട്ടർമാർക്കിടയിൽ വ്യാപകമായ രോഷം വേണം, അല്ലെങ്കിൽ ഒരു പുതിയ സർക്കാറിനായി മുറവിളി ഉയരണം” -ഈ രണ്ട് ഘടകങ്ങളും നിലവിലില്ലെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കിഷോർ പറഞ്ഞു.
അനുവർത്തിച്ച രീതികളിലെ വ്യത്യാസം ഇരുവരും സംഖ്യകൾ അവതരിപ്പിച്ച രീതിയിലും പ്രതിഫലിക്കുന്നുണ്ട്. 2019ലെ കണക്കിൽനിന്ന് 50 സീറ്റുകളെങ്കിലും ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്ന അവകാശവാദം ഓരോ സംസ്ഥാനങ്ങളിലും സംഭവിക്കുന്ന കുറവുകൾ രേഖപ്പെടുത്തിയാണ് യോഗേന്ദ്ര യാദവ് വിശദീകരിച്ചത്. എന്നാൽ, കിഷോർ, ‘വർധിക്കുന്ന കണക്കുകളെ’ കുറിച്ച് മാത്രമാണ് സംസാരിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ മാറ്റ സാധ്യതകൾ വിശദമാക്കിയ യോഗേന്ദ്ര യാദവ് രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകളുള്ള യു.പിയിൽ (80) ബി.ജെ.പിക്ക് വലിയ നഷ്ടം പ്രവചിക്കുന്നു. കഴിഞ്ഞ തവണ 62 സീറ്റ് നേടിയ അവർ ഇക്കുറി 50ലേക്ക് താഴുമെന്നാണ് പ്രവചനം. യു.പിയിൽ ആയിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച താൻ കഴിഞ്ഞ തവണ സമാജ്വാദി പാർട്ടിക്ക് വോട്ടു ചെയ്തവരുടെ നിലപാടിൽ മാറ്റം കണ്ടില്ലെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്ത അഞ്ചിലൊരാൾ വീതം ഇക്കുറി മാറിച്ചിന്തിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം ‘ദ വയറി’നോട് പറയുന്നു. ‘‘കഴിഞ്ഞ തവണ യു.പിയിലെ വോട്ട് വിഹിതത്തിൽ എതിരാളികളേക്കാൾ 13 ശതമാനം മേൽക്കൈ ബി.ജെ.പിക്കുണ്ടായിരുന്നു, ലഭ്യമായ കണക്കുകളനുസരിച്ച് അത് അഞ്ച് ശതമാനമായി കുറയും. അങ്ങനെ സംഭവിച്ചാൽ, അവർക്കവിടെ 50 സീറ്റിൽ കൂടുതൽ നേടാനാവില്ല.’’
മാധ്യമങ്ങളുമായി സംസാരിക്കവേ തന്റെ പ്രവചനത്തിന്റെ സംസ്ഥാനം തിരിച്ചുള്ള വിശകലനം പ്രശാന്ത് കിഷോർ നൽകിയില്ല. ബി.ജെ.പി നിലവിലേതിനേക്കാൾ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന അവകാശവാദം വിശദീകരിക്കാൻ ‘മോജോ സ്റ്റോറി’ ആവശ്യപ്പെട്ടപ്പോൾ “ബി.ജെ.പിക്ക് ഭൂരിഭാഗം സീറ്റുകളും ലഭിക്കുന്ന വടക്ക്, പടിഞ്ഞാറൻ ഇന്ത്യയിൽ അവർക്ക് ഭൗതികമായ നാശനഷ്ടങ്ങളൊന്നും നേരിടേണ്ടിവരില്ല’’യെന്നും സീറ്റുകളും സംസ്ഥാനങ്ങളും തിരിച്ച കണക്കിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 50ലധികം സീറ്റുകൾ നഷ്ടപ്പെട്ടാൽ മാത്രമേ ബി.ജെ.പിക്കത് നാശമായി മാറൂ എന്ന് ദ വയറിന് നൽകിയ അഭിമുഖത്തിൽ കിഷോർ പറഞ്ഞു. കിഴക്കൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി വോട്ട് വിഹിതവും സീറ്റ് നിലയും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷപാതപരമായ പ്രവചനങ്ങൾ എന്ന ആരോപണത്തെ നേരിടാൻ, യോഗേന്ദ്രയും പ്രശാന്തും തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളിൽനിന്ന് അകലം പാലിച്ചാണ് സംസാരിക്കുന്നത്. രാജ്യതാൽപര്യം കണക്കിലെടുത്ത് 2022ൽ സ്വന്തം രാഷ്ട്രീയ പാർട്ടിയായ സ്വരാജ് അഭിയാൻ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും പിന്തുണക്കാൻ തീരുമാനിച്ചിരുന്നതായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ യോഗേന്ദ്ര തുറന്നുപറഞ്ഞിരുന്നു. എന്നാൽ, തന്റെ പ്രവചനങ്ങൾ സ്വതന്ത്രവും രാഷ്ട്രീയജ്ഞാനത്തിലധിഷ്ഠിതവുമാണെന്ന് മറ്റ് അഭിമുഖങ്ങളിൽ അദ്ദേഹം അവകാശപ്പെടുന്നു. ‘‘പ്രതീക്ഷകളെയും വിലയിരുത്തലുകളെയും വേറിട്ട് നിർത്താൻ ആവത് ശ്രമിക്കുന്ന’’തായി അദ്ദേഹം ‘ഇന്ത്യ ടുഡേ’യോട് പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നടത്തിയ പ്രവചനങ്ങൾ തെറ്റിയെന്ന വിമർശനത്തിന് തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് ബാലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിന് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷം താൻ പ്രവചനം മാറ്റിയിരുന്നുവെന്ന് യോഗേന്ദ്ര പറഞ്ഞു. ‘‘ബി.ജെ.പിക്ക് 100 സീറ്റുകൾ കുറയുമെന്ന് 2018 ഡിസംബറിൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ എല്ലാവരും ഉദ്ധരിക്കുന്നത്; എന്നാൽ, ബാലാകോട്ട് സംഭവിച്ച നിമിഷം ഈ (2019) തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നുവെന്ന് ഞാൻ പറഞ്ഞത് വിട്ടുകളയുന്നു’’ -അദ്ദേഹം മോജോ സ്റ്റോറിയോട് പറഞ്ഞു.
അവശേഷിക്കുന്ന ഘട്ടങ്ങളിൽ ബി.ജെ.പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നതിനുപകരിക്കുംവിധത്തിലാണ് സംസാരിക്കുന്നതെന്ന സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആരോപണം പ്രശാന്ത് കിഷോറും തള്ളുന്നു. കുറച്ച് മാസങ്ങളായി താൻ അഭിമുഖങ്ങൾ നൽകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നത് ആരെയെങ്കിലും പ്രീതിപ്പെടുത്താനോ അപ്രീതിപ്പെടുത്താനോ സ്വാധീനിക്കാനോ അല്ല എന്നും അദ്ദേഹം പറയുന്നു.
അത്തരം പ്രവചനങ്ങളിൽ കൃത്യത പുലർത്താനാവില്ലെന്നതിനാലാണ് സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക് പറയാത്തതെന്ന് പ്രശാന്ത് കിഷോർ ന്യായീകരിക്കുന്നു. “നിങ്ങൾ ഒരുതവണ ഉത്തർപ്രദേശ് സന്ദർശിച്ചാണ് ആരാണ് 20 സീറ്റുകൾ നേടുന്നതെന്ന് പ്രവചിക്കുന്നത്, പക്ഷേ, അവിടെ ഒരു ലക്ഷം ഗ്രാമങ്ങളുണ്ട്”, ഞാൻ ബംഗാളിൽ ആയിരുന്നപ്പോൾ ഒരാൾ പറഞ്ഞു, താൻ ആറ് മാസത്തോളം സംസ്ഥാനത്ത് സർവേ നടത്തിയെന്ന്. ആറു മാസംകൊണ്ട് നിങ്ങൾക്ക് എത്ര ബൂത്തുകളിലെത്താൻ കഴിയും? സർവേയിൽ മറുപടി പറഞ്ഞ വോട്ടർമാർ ആറുമാസത്തിനിടെ മനസ്സ് മാറ്റിയോ ഇല്ലയോ എന്ന് എങ്ങനെ അറിയാൻ പറ്റും?
എന്നാൽ, വോട്ടർമാർ പാർട്ടിയിൽ അതൃപ്തരാണെന്നും മോദിയുടെ ജനപ്രീതി കുറഞ്ഞുവെന്നും പറഞ്ഞിട്ടും കിഷോർ ബി.ജെ.പിക്ക് സീറ്റ് നേട്ടമുണ്ടാവുമെന്ന് പ്രവചിക്കുന്നതിൽ പരസ്പര വൈരുധ്യമുണ്ടെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു.
(വിവിധ ദേശീയ മാധ്യമങ്ങളിൽ പ്രവർത്തിച്ച ലേഖകൻ ഇപ്പോൾ scroll.in സീനിയർ റിപ്പോർട്ടറാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.