കോഴിക്കോട് സര്‍വകലാശാല അരുന്ധതി റോയിയുടെ 'കം സെപ്റ്റംബര്‍' (Come September) എന്ന ലേഖനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംഘ്പരിവാര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ വേഗം ഇതിനു വഴങ്ങുകയാവും സര്‍വകലാശാല ചെയ്യുക എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. കാരണം, ഇത്തരം രാഷ്ട്രീയസമ്മർദങ്ങള്‍ താങ്ങാന്‍ കഴിവുള്ള കരുത്തുറ്റ സ്വയംനിർണയാവകാശങ്ങള്‍ ഇപ്പോള്‍ സർവകലാശാലകള്‍ക്ക് ലോകമെമ്പാടും തന്നെ ഇല്ലാതാവുകയാണ്. ഭരണകൂടങ്ങളും ഫാഷിസ്റ്റ് ശക്തികളും നിരന്തരം സര്‍വകലാശാല ഭരണത്തില്‍ കൈകടത്തുന്ന അവസ്ഥാവിശേഷം എണ്‍പതുകൾക്കുശേഷം ഉയര്‍ന്നുവന്ന ആഗോള നവലിബറല്‍ രാഷ്ട്രീയത്തിെൻറ ഭാഗം തന്നെയാണ്.
ഭരണകൂടങ്ങള്‍ വിശാലമായ അർഥത്തില്‍ തീര്‍ത്തും നിബന്ധനരഹിതമായി നല്‍കിവന്ന സാമ്പത്തികപിന്തുണ ക്രമാനുഗതമായി പിന്‍വലിക്കപ്പെടുകയും ഉന്നത വിദ്യാഭ്യാസമേഖല വിപണിയുടെ ഔദാര്യങ്ങള്‍ക്ക് കൈനീട്ടി നില്ക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്തത് ഈ പുതിയ ആഗോള സാമ്പത്തികക്രമത്തിെൻറ ഫലമായിരുന്നു. ഭരണകൂടത്തിന് മേല്‍ക്കൈ ഉണ്ടായിരുന്ന ദേശീയ സാങ്കേതിക വ്യവസ്ഥയില്‍നിന്ന് ഭരണകൂടം പിന്മാറിയതോടെ തന്നെ ഒരു വശത്ത് സര്‍വകലാശാലകള്‍ ഏതാണ്ട് പ്രത്യയശാസ്ത്രപരമായി അസ്ഥിരപ്പെട്ട് നിലനിൽപിന് വിപണിയുടെ ആശ്രിതരാവുകയും മറുവശത്ത് ഭരണകൂടം സ്വന്തം നവലിബറല്‍ നയങ്ങളുമായി സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ തുടങ്ങുകയുമായിരുന്നു. ചുരുക്കത്തില്‍ ഇന്നത്തെ സര്‍വകലാശാലകള്‍ ഭരണകൂടത്തിെൻറയും വിപണിയിലെ പ്രധാന കളിക്കാരുടെയും അടിമത്തമാണ് അനുഭവിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അരുന്ധതിയുടെ ലേഖനം സര്‍വകലാശാല ഈ പ്രതിഷേധത്തിെൻറ പേരില്‍ പിന്വലിക്കാനിടയുണ്ടെന്ന് ഞാന്‍ പറഞ്ഞത്. ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലാണ് അരുന്ധതി റോയിയുടെ 'കം സെപ്റ്റംബർ' ഉൾപ്പെടുത്തിയതായി പറയപ്പെടുന്നത്. ഇത് ദേശവിരുദ്ധലേഖനമാണെന്നും രാജ്യദ്രോഹമാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നുമൊക്കെ ആവശ്യം ഉയർത്തുന്നതിെൻറ അടിസ്ഥാനമെന്താണ്? കാലാകാലങ്ങളായി ഇന്ത്യയുടെ ആഭ്യന്തര വിദേശനയങ്ങളെക്കുറിച്ചു നടക്കുന്ന സുതാര്യമായ ചര്‍ച്ചകളില്‍ ഒരു എഴുത്തുകാരി അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ലേഖനമാണിത്. ആഗോള സാമ്പത്തികക്രമത്തിെൻറ പശ്ചാത്തലം അതിനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സൈനികശക്തിയുടെ കടന്നുകയറ്റങ്ങളാണ് എന്നാണ് ഈ ലേഖനം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആനുഷംഗികമായ മറ്റു പരാമര്‍ശങ്ങളും ഇതില്‍ കടന്നുവരുന്നുണ്ട്. ആ പരാമര്‍ശം തന്നെ എന്താണ്?
കശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് ലേഖനം ആരോപിക്കുന്നു, കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്നു ലേഖനം വാദമുയർത്തുന്നു, ഇന്ത്യയുടെ ആണവപരീക്ഷണത്തെയും അണക്കെട്ടുകളെയും ലേഖനം ചോദ്യംചെയ്യുന്നു, ഹിന്ദുക്കൾ ഇന്ത്യയിൽ ഫാഷിസം നടപ്പാക്കുകയാണെന്ന് പരസ്യമായി ലേഖനം ആരോപിക്കുന്നു... ഇങ്ങനെ പോകുന്നു സംഘ്പരിവാര്‍ വിമര്‍ശനങ്ങള്‍. ഇതൊന്നും ഇന്ത്യയില്‍ ഇല്ലാത്ത വിമര്‍ശനങ്ങളല്ല എന്നത് അവിടെ നില്ക്കട്ടെ. ലേഖനം ഒരിക്കലെങ്കിലും വായിച്ചവര്‍ ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമോ? ഇതൊന്നും ലേഖനത്തില്‍ പറഞ്ഞിട്ടുള്ളതല്ല. മറിച്ച്, ലേഖനം പറയുന്നത് അമേരിക്കയില്‍ ചെയ്യുന്നതുപോലെ ലോകത്തിലെ മറ്റു രാജ്യങ്ങളിലും ഇന്ത്യയിലും ഇത്തരം ആഭ്യന്തരവിമര്ശനങ്ങള് ഉന്നയിക്കുന്നവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്ന പ്രവണത ശക്തമാകുന്നു എന്നു മാത്രമാണ്.
ഏറ്റവും പ്രധാനകാര്യം ഈ ലേഖനം എഴുതിയത് 18 വര്‍ഷങ്ങള്‍ക്കുമുമ്പാണ് എന്നതാണ്. 2002ൽ ചെയ്ത ഒരു പ്രഭാഷണമാണത്. അതില്‍ എന്താണ് പറയുന്നത്? ''ഇന്ത്യയിലെ അണുബോംബിനെക്കുറിച്ച്, വന്‍കിട അണക്കെട്ടുകളെക്കുറിച്ച്, കോര്‍പറേറ്റ് ആഗോളീകരണത്തെക്കുറിച്ച്, ഹൈന്ദവ വർഗീയതയുടെ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുന്ന ഞങ്ങളെപ്പോലെ ചിലരെ -ചുരുക്കത്തില്‍ സര്‍ക്കാറിെൻറ നിലപാടുകള്‍ക്ക് വിരുദ്ധമായ വീക്ഷണങ്ങള്‍ ഉള്ളവരെ- ദേശവിരുദ്ധരായി മുദ്രകുത്താറുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് വലിയ അലോസരമൊന്നും തോന്നാറില്ലെങ്കിലും ഇത് ഞാന്‍ യഥാർഥത്തില്‍ ചെയ്യുന്നതിെൻറയും ചിന്തിക്കുന്നതിെൻറയും ഒരു ശരിയായ വിവരണമല്ല. കാരണം 'ദേശവിരുദ്ധ' എന്ന് പറയുന്നത് സ്വന്തം രാജ്യത്തിനെതിരെ നിൽക്കുന്ന വ്യക്തിയും അതുകൊണ്ടുതന്നെ മറ്റൊരു രാജ്യത്തിനുവേണ്ടി നില്ക്കുന്നയാളുമാണ്. 'ദേശീയത എന്ന ആശയത്തെക്കുറിച്ച് സംശയാലുവായിരിക്കുന്നതിന്, 'ദേശീയത വിരുദ്ധ' ആവുന്നതിന്, 'ദേശവിരുദ്ധ' ആവേണ്ട കാര്യമില്ല. വിവിധ രൂപത്തിലുള്ള ദേശീയത പ്രത്യയശാസ്ത്രങ്ങളാണ് ഇരുപതാം നൂറ്റാണ്ടില്‍ അധിക വംശഹത്യകള്‍ക്കും കാരണമായത്.
കൊടികള്‍ പലപ്പോഴും ഭരണകൂടങ്ങള്‍ ജനങ്ങളുടെ ചിന്തയെ മൂടിവെക്കാനും മരിച്ചവരെ അടക്കാനും ഉപയോഗിക്കുന്നു. സ്വതന്ത്രചിന്തയുള്ളവര്‍ (ഇതില്‍ ഞാന്‍ കോർപറേറ്റ് മാധ്യമങ്ങളെ ഉള്‍പ്പെടുത്തുന്നില്ല) കൊടികള്‍ക്ക് താഴെ അണിനിരക്കുമ്പോള്‍, എഴുത്തുകാര്‍ക്കും ചിത്രകാരികള്‍ക്കും സംഗീതജ്ഞര്‍ക്കും സിനിമപ്രവര്‍ത്തകര്‍ക്കും ഒക്കെ സ്വന്തം നീതിബോധം റദ്ദുചെയ്തുകൊണ്ട് സ്വന്തം കലയെ അന്ധമായി രാഷ്ട്രസേവനത്തിെൻറ നുകത്തില്‍ കെട്ടേണ്ടിവരുന്നു. ഇങ്ങനെ സംഭവിക്കുന്നത് നമ്മെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കേണ്ടതും ദുഃഖിപ്പിക്കേണ്ടതുമായ കാര്യമാണ്. ഇന്ത്യയില്‍ 1998ലെ അണുപരീക്ഷണം കഴിഞ്ഞ സമയത്തും 1999ലെ പാകിസ്താനെതിരെയുള്ള കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ സമയത്തും ഈ അവസ്ഥ ഉണ്ടായത് നാം കണ്ടതാണ്. അമേരിക്കയില്‍ ഗള്‍ഫ് യുദ്ധത്തിെൻറ സമയത്തും നാമിത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ 'ഭീകരതെക്കെതിരെയുള്ള യുദ്ധ'ത്തിെൻറ സമയത്തും നാമത് കാണുന്നു". ഇതാണ് ലേഖനത്തിലെ വിവാദ പരാമര്‍ശം.
ചുരുക്കിപ്പറഞ്ഞാല്‍ ഈ ലേഖനത്തിലെ നിലപാടിനെ സാധൂകരിക്കുന്ന വിമര്‍ശനവുമായാണ് ഈ ലേഖനം വായിക്കാതെ എന്ന് ഉറപ്പിച്ചുപറയാവുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുള്ളത്. മാത്രമല്ല, പിന്നീട് അരുന്ധതി നടത്തുന്ന ആനുഷംഗികമായ ചില പരാമര്‍ശങ്ങളും ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ആരോപണകര്‍ത്താക്കള്‍ ഉയര്‍ത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന്ഇന്ത്യക്കാര് കശ്മീരില്‍ നടക്കുന്ന ഭരണകൂട ഭീകരതയോട്, ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യയോടു യോജിക്കുന്നവരല്ല എന്നും അതുകൊണ്ട് സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ എല്ലാം ദേശവിരുദ്ധര്‍ എന്ന് ആരോപിക്കുന്നത് അപഹാസ്യമാണെന്നുമാണ് അരുന്ധതി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നിലപാടുകള്‍ ഇവിടത്തെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ എല്ലാ കാലത്തും സ്വീകരിച്ചിട്ടില്ലേ? ആ വ്യത്യസ്ത ചിന്താഗതിയെക്കുറിച്ച് സൂചിപ്പിച്ചാല്‍ അതും ദേശവിരുദ്ധമാകുന്നതെങ്ങനെ?
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2013ല്‍, ഗ്വണ്ടാനമോ തടവുകാരനായിരുന്ന അല്‍ റുബായിഷിെൻറ 'കടലിനു ഒരു ഗീതം' എന്ന ഇംഗ്ലീഷ് ബിരുദപഠനത്തിനു ഉള്‍ക്കൊള്ളിച്ചിരുന്ന കവിത കോഴിക്കോട് സര്‍വകലാശാല തിടുക്കപ്പെട്ടു പിന്‍വലിച്ചിരുന്നു. അന്ന് ഞാന്‍ ആ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഈ കവിത പഠിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടത് സംഘ്പരിവാര്‍ ആയിരുന്നു. കവിത എഴുതിയത് അൽഖാഇദയുടെ ഭാഗമായ അല്‍ റുബായിഷ് എന്ന ഭീകരവാദി ആണെന്നും അതിനാല്‍ അദ്ദേഹത്തിെൻറ കവിത പഠിപ്പിക്കരുതെന്നുമായിരുന്നു ആവശ്യം. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള ചില കവിതകള്‍ സമാഹരിച്ചു കുട്ടികളെ പഠിപ്പിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായിട്ടായിരുന്നു ഈ കവിതയും ഉള്‍പ്പെടുത്തിയത്. അല്‍ റുബായിഷിെൻറ കവിത മനുഷ്യെൻറ മോചനപ്രതീക്ഷയുടെ തീക്ഷ്ണമായ ഒരു സന്ദര്‍ഭത്തെ ആവിഷ്കരിക്കുന്നതാണ് എന്നതായിരുന്നു അത് തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം.
കോണ്സെൻട്രേഷന് ക്യാമ്പുകളിലും േലബര്ക്യാമ്പുകളിലും ഒക്കെ കഴിഞ്ഞിരുന്ന നിസ്സഹായരും നിരപരാധികളുമായ തടവുകാരെപ്പോലെ ഗ്വണ്ടാനമോ തടവറയിലെ ദുസ്സഹമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരും അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ഛയാൽ കരികൊണ്ടും പേസ്റ്റ് കൊണ്ടുമൊക്കെ ചുവരിലും പാത്രങ്ങളിലും മറ്റും എഴുതിയ കവിതകള്‍ 'Poems from Guantanamo: The Detainees Speak' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതില്‍ നിന്നാണ് അന്ന് സര്‍വകലാശാല ഈ കവിത തെരഞ്ഞെടുത്തിരുന്നത്. അഞ്ചുവർഷം ഗ്വണ്ടാനമോയില്‍ തടവിലായിരുന്ന അദ്ദേഹം പിന്നീട് മോചിതനായി.
അമേരിക്കയിലെ നോര്‍ത്തേന്‍ ഇലനോയ് യൂനിവേഴ്സിറ്റിയിലെ നിയമവിഭാഗത്തില്‍ അധ്യാപകനായിരുന്ന പ്രഫസര്‍ ഫല്ക്കൊഫ് എഡിറ്റ് ചെയ്ത് അമേരിക്കയിലെ അയോവ സര്‍വകലാശാല പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലെ കവിതയാണ് ഇവിടെ നിരോധിക്കണം എന്ന് പറഞ്ഞ് അന്ന് ശബ്ദമുയർത്തിയതും സര്‍വകലാശാല അതിനു വഴങ്ങിയതും. വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. ഒരിക്കലെന്നോ ദുരന്തമായി നാം കണ്ട ഫാഷിസ്റ്റ് ഇടപെടലിെൻറ നിരവധി പ്രഹസനപ്പതിപ്പുകള് നിത്യമെന്നോണം എത്തുകയാണ്. സര്‍വകലാശാല ഇക്കാര്യത്തില്‍ അതിെൻറ സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യവിരുദ്ധമായ ഇത്തരം നിരോധനാവശ്യങ്ങളെ പാടെ തള്ളിക്കളയുകയാണ് വേണ്ടത്. അതിനു സര്‍ക്കാറും സര്വകലാശാലക്കൊപ്പമുണ്ടാവണം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.