മുസ്‍ലിം പ്രീണനം എന്ന ആശയം

ഇന്ത്യയിലെ ഹിന്ദുത്വവാദികളാണ് മുസ്‍ലിം പ്രീണനം എന്ന വാക്ക് പ്രയോഗത്തിൽ കൊണ്ടുവന്നത്. അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‍ലിം സമുദായത്തിന് എന്തെങ്കിലും തരത്തിലെ ഭരണഘടന പരിരക്ഷയോ സാമൂഹികമായ സുരക്ഷയോ നൽകുന്നതിനെയാണ് പ്രീണനമെന്ന് വിളിക്കുന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസിനെയും മറ്റു ഇതര പുരോഗമന കക്ഷികളെയും അവർ വിശേഷിപ്പിക്കുന്നത് ‘സ്യൂഡോ’ മതേതരവാദികൾ അല്ലെങ്കിൽ ‘സിക്കുലറുകൾ’ എന്നാണ്.

അവരുടെ വാദപ്രകാരം ഒരു പരമാധികാര രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ അധികാരങ്ങളൊന്നും നൽകേണ്ടതില്ല. ഇതിനു കാരണമായി പറയുന്നത്, കേന്ദ്രീകൃതമായ ഭരണം നിർവഹിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിൽ പൗരരെല്ലാം നിയമത്തിനു മുന്നിൽ തുല്യരാണ്. ഈ തുല്യതയെ ഇല്ലായ്മ ചെയ്യാനും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വ്യത്യാസങ്ങളെ അതേപടി തുടരാനും മാത്രമേ പ്രത്യേക പരിരക്ഷകൾകൊണ്ട് സാധ്യമാവൂ.

യഥാർഥത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങൾ ആരംഭിച്ച കാലം മുതൽ മേൽപറഞ്ഞ തരത്തിലെ ആശയങ്ങളും പ്രചരിച്ചിരുന്നു. അക്കാലത്തെ ഉന്നത കുലജാതരായ ഹിന്ദു പരിഷ്കരണ വാദികൾ മിക്കവരും ഇന്ത്യക്കാർ ഒന്നാണെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കാൻ ശ്രമിച്ചത്. ഇത്തരത്തിലുള്ള ഏകീകൃതമായ ഒരു നിർവചനം സ്ഥാപിച്ചെടുക്കാൻ ഇന്ത്യക്കാർ എന്ന് വിളിക്കപ്പെടുന്ന ജനങ്ങളിൽ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ തമ്മിലുള്ള ജാതിപരവും വർണപരവും വർഗപരവുമായ വ്യത്യാസങ്ങളും വൈജാത്യങ്ങളും മറച്ചുവെക്കേണ്ടതുണ്ട്.

മാത്രമല്ല, പുരാതനകാലം മുതൽ ഇന്ത്യ അഥവാ ഭാരതം എന്ന ദേശം ഒരു ഭാവന എന്നതിലുപരി യാഥാർഥ്യമായി നിലനിന്നിരുന്നതായും അതിന് ഹൈന്ദവ മൂല്യങ്ങളുടെ ആഴത്തിലുള്ള അടിത്തറയുണ്ടെന്നും സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി പലരും വേദകാല സംസ്കാരമാണ് ഇന്ത്യയുടെ പ്രാഗ് ദേശീയതയെന്നും ആ സുവർണ കാലത്തിന്റെ തുടർച്ച സ്ഥാപിക്കുകയാണ് വർത്തമാനകാലത്തെ പ്രധാനപ്പെട്ട കർത്തവ്യമെന്നും മറ്റും വാദിക്കുകയുണ്ടായി.

ഇത്തരം വാദഗതികളിലൂടെ ഉരുത്തിരിഞ്ഞു വന്ന പ്രധാനപ്പെട്ട ആശയം ഇന്ത്യയിൽ നിലനിന്നിരുന്ന ഹൈന്ദവ സംസ്കൃതിയുടെ പ്രധാനപ്പെട്ട വശം മതസഹിഷ്ണുത ആയിരുന്നു എന്നതാണ്. അതായത് പുരാതനകാലം മുതലേ ഇന്ത്യയിലേക്ക് ഒട്ടേറെ വൈദേശിക വിഭാഗങ്ങൾ കടന്നുവന്നിരുന്നു. ചിലർ കച്ചവടക്കാരായും മറ്റുചിലർ യുദ്ധത്തിന്റെയും വെട്ടിപ്പിടിത്തങ്ങളുടെയും ഭാഗമായും എത്തിച്ചേർന്നു. മറ്റുചിലരാകട്ടെ അവരവരുടെ നാടുകളിൽ നിലനിന്നിരുന്ന മതങ്ങളുടെയും സാംസ്കാരിക ധാരകളുടെയും പ്രചാരകരായി വന്നു. ഇങ്ങനെ എത്തിച്ചേർന്ന എല്ലാവരും ഇവിടുത്തെ സാംസ്കാരിക ധാരകളിലേക്ക് ഇഴുകിച്ചേരുകയും ക്രമേണ ഇന്ത്യക്കാർതന്നെയായി പരിവർത്തനപ്പെടുകയും ചെയ്തു. ഇവർക്ക് ഇപ്രകാരം ലയിച്ചുചേരാൻ പറ്റിയത് ഇവിടെ നിലനിന്നിരുന്ന മതസഹിഷ്ണുത മൂലമാണ്. കൂടാതെ എല്ലാ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും സർവ ധർമ സമഭാവനയോടെ കാണുന്ന വിശാലമായ ജീവിതബോധം ഇന്ത്യക്കാരിൽ ഉണ്ടായിരുന്നതിനാലുംകൂടിയാണ് ഈ സമന്വയം സാധ്യമായത്.

ഇതേസമയം, ദേശീയവാദികൾ പലരും ഉയർത്തിപ്പിടിച്ച മതസഹിഷ്ണുതയെയും സർവ ധർമ സമഭാവനയെയും ബലഹീനതയും ഭീരുത്വവുമായിട്ടാണ് ഹിന്ദുത്വവാദികൾ കണക്കാക്കിയത്. അവരുടെ വീക്ഷണപ്രകാരം മേൽപറഞ്ഞ സങ്കൽപനങ്ങൾ വളർച്ചയെത്താത്ത ശൈശവ നിഷ്കളങ്കതയിൽനിന്ന് ഉടലെടുത്തതാണ്. ഹിന്ദുക്കൾ ഏകീകൃതരാകായെയും പരസ്പരം കെട്ടുറപ്പില്ലാതെയും കഴിഞ്ഞുകൂടിയതുമൂലം സംജാതമായ ബലഹീനതയെ മുതലെടുത്ത് സെമറ്റിക് മതങ്ങളായ ക്രൈസ്തവതയും ഇസ്‍ലാമും വരുകയാണ് ഉണ്ടായത്. ഇത്തരം വിദേശ മതങ്ങളുടെ സ്വാധീനഫലമായി ഹിന്ദുക്കൾ ഭാരതമണ്ണിൽ കേവലം ഇരകളും അനാഥരുമായി മാറിയെന്നും അവർ പ്രചാരണം നടത്തി. ഹിന്ദുക്കളുടെ തളർച്ച ഒഴിവാക്കാൻ പുരാണങ്ങളിലെ വീരയോദ്ധാക്കളെ പോലെ പൗരുഷമുള്ളവരായി മാറാനും അവർ ആഹ്വാനം ചെയ്തു.

ഇപ്രകാരം സെമറ്റിക് മതങ്ങളോട് കഠിനമായ വിദ്വേഷം പുലർത്തിയിരുന്ന ഹിന്ദുത്വവാദികളുടെ സ്വാധീനം ഭരണഘടന നിർമാണ സഭയിലും പ്രതിഫലിച്ചിരുന്നു. ഹിന്ദുയാഥാസ്ഥിതിയിൽ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനപരമായി അവകാശങ്ങൾ നൽകുന്നതിനെതിരെ സഭക്കകത്തും പുറത്തും വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടത്തി.

ഇവരോട് ഡോ. അംബേദ്കർ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ‘‘ന്യൂനപക്ഷ സംരക്ഷണത്തിനെതിരെ ഒരു തരം ഭ്രാന്തമായ വെറുപ്പ് പ്രകടിപ്പിക്കുന്ന യാഥാസ്ഥിതികരോട് രണ്ട് കാര്യങ്ങൾ പറയാൻ ഞാനാഗ്രഹിക്കുന്നു. ഒന്ന്; ന്യൂനപക്ഷങ്ങൾ സ്ഫോടനശക്തിയുള്ളതാണ്. അതിന്റെ പൊട്ടിത്തെറിയിൽ രാഷ്ട്രത്തിന്റെ ഊടും പാവും തകർന്നുപോയേക്കാം. യൂറോപ്പിന്റെ ചരിത്രം അതിന് വേണ്ടത്ര തെളിവ് നൽകുന്നുണ്ട്. രണ്ടാമത്തെ കാര്യം, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അവരുടെ നിലനിൽപ് ഭൂരിപക്ഷത്തിന്റെ കൈകളിൽ അർപ്പിച്ചിട്ടുണ്ടെന്ന വസ്തുതയാണ്’’.

ശ്രദ്ധിക്കേണ്ടതായ കാര്യം ന്യൂനപക്ഷങ്ങൾക്ക് ചില സംസ്ഥാനങ്ങളിൽ തൊഴിൽ സംവരണം നൽകുന്നതിനെയും മറ്റുമാണ് ഹിന്ദുത്വവാദികൾ എതിർക്കുന്നതെന്ന് ഉപരിപ്ലവമായി പറയാമെങ്കിലും അവർ അടിസ്ഥാനപരമായി ഉന്നയിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്.

ഒന്ന്- മതപരിവർത്തനങ്ങളോടുള്ള വിദ്വേഷം, രണ്ട്- ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ പെരുകുന്നു എന്ന വാദം, മൂന്ന്- ന്യൂനപക്ഷങ്ങൾക്ക് ദേശത്തോട് കൂറില്ലെന്ന പ്രചാരണം.

ഇതിൽ ഒന്നാമത്തെ വിഷയം പരിശോധിക്കുകയാണെങ്കിൽ സെമറ്റിക് മതങ്ങളിലേക്ക് കൂടുതലായും മതപരിവർത്തനം നടന്നത് ഇന്ത്യയിലെ ദലിത് ബഹുജനങ്ങളിൽനിന്നാണ്. ഇതാകട്ടെ, ജാതിവ്യവസ്ഥയോടും സവർണ മേധാവിത്വത്തോടുമുള്ള പ്രതിരോധമെന്ന നിലയിലാണ് ഉണ്ടായിട്ടുള്ളത്. അതിനാൽതന്നെ അതിൽ സാമൂഹിക വിപ്ലവത്തിന്റെ മാനങ്ങളുണ്ട്.

ആദ്യഘട്ടത്തിൽ സവർണാധീശത്വ ശക്തികൾ മതപരിവർത്തനങ്ങളെ അത്ര വലിയ ഭീഷണിയായി കരുതിയിരുന്നില്ല. എന്നാൽ, ബ്രിട്ടീഷ് ഭരണാധികാരികൾ സെൻസസ് നടപ്പാക്കാൻ തുടങ്ങുകയും പുത്തൻ തൊഴിൽ ശക്തികളായി കീഴാളരെ പരിവർത്തനപ്പെടുത്തുകയും ചെയ്തതോടെ സവർണർ ന്യൂനപക്ഷമായി മാറുകയാണെന്ന ഭീതി ഉളവായി. ഇതിന്റെ ഫലമായാണ് അവർ മതപരിവർത്തനങ്ങൾക്ക് എതിരെ തിരിഞ്ഞത്.

ഇതിലൂടെ സെമറ്റിക് മതങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ തടയുന്നതിനൊപ്പം കീഴാളരെ ഹിന്ദുവ്യവസ്ഥക്കകത്തുതന്നെ നിയന്ത്രിച്ച് നിർത്തുകയെന്നുമാണ് ഉദ്ദേശിക്കപ്പെടുന്നത്. ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലും വടക്ക്-കിഴക്കൻ മേഖലകളിലും കർശനമായ മതപരിവർത്തന നിയമങ്ങൾ പുതുതായി ഉണ്ടാക്കുകയും നിരവധി പള്ളികൾ തീവെച്ചു നശിപ്പിക്കുകയും ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും കൊല്ലുകയും ചെയ്യുന്നത് ഇതിനു വേണ്ടിയാണ്.

രണ്ടാമത്തെ വിഷയമായ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാപെരുപ്പമെന്ന വ്യാജ പ്രചാരണം മുഖ്യമായും ലക്ഷ്യംവെക്കുന്നത് മുസ്‍ലിംകളെയാണ്. മുസ്‍ലിംകൾ പെറ്റുപെരുകി രണ്ടു മൂന്ന് ദശാബ്ദത്തിനുള്ളിൽ ഹിന്ദുജനസംഖ്യയെ മറികടക്കുമെന്നും അതിനുശേഷം അവരുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുമെന്നുമാണ് ഈ കള്ളക്കഥകൾ ഉദ്ഘോഷിക്കുന്നത്. ഇതിന് പാശ്ചാത്യാധിനിവേശ ശക്തികൾ നടത്തിയ അപരഹിംസകളുമായി ബന്ധമുണ്ട്. അതായത്, പാശ്ചാത്യർ സ്വന്തം നാടുകളിലെ ജൂതർ, ജിപ്സികൾ മുതലായ ജനവിഭാഗങ്ങളെയും ഏഷ്യനാഫ്രിക്കൻ നാടുകളിലെ തദ്ദേശീയരെയും ഉന്മൂലനം നടത്തിയത് അവരുടെ ജനസംഖ്യാപെരുപ്പം നിയന്ത്രിക്കേണ്ടതുണ്ടെന്ന ശാസ്ത്രീയ വംശീയവാദ യുക്തികളുടെ പിൻബലത്താലാണ്. സമാനമായ വിധത്തിലുള്ള ഉന്മൂലനമാണ് ഹിന്ദുത്വവാദികൾ ആഗ്രഹിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം.

മൂന്നാമത്തെ വിഷയമായ ദേശത്തോട് കൂറില്ലാത്തവരാണ് ന്യൂനപക്ഷങ്ങൾ എന്നതും മുഖ്യമായും മുസ്‍ലിംകളെ തന്നെയാണ് ലക്ഷ്യംവെക്കുന്നത്. ഇതിലൂടെ മുസ്‍ലിംകളെ പൂർവാധുനിക കാലത്തിന്റെ വക്താക്കളാക്കി കാണുകയും അവരുടെ മതവിശ്വാസത്തെ മതഭ്രാന്തായി ചിത്രീകരിക്കുകയുമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഇത്തരക്കാർ ദേശത്തോട് കൂറില്ലാത്തവർ മാത്രമല്ല ദേശത്തിനുതന്നെ അപകടമാണെന്നും ചിത്രീകരിക്കപ്പെടുന്നു.

ന്യൂനപക്ഷ പ്രീണനം എന്ന വാക്ക് പ്രചാരണപരമായി നിരന്തരം ഉപയോഗിക്കുന്നതിലൂടെ മുസ്‍ലിംകളുടെയും മറ്റിതര ന്യൂനപക്ഷങ്ങളുടെയും വിഷയങ്ങൾ ഉന്നയിക്കാനോ ഏറ്റെടുക്കാനോ ആവാത്ത വിധം മതേതര പാർട്ടികൾ നിർവീര്യരായി മാറുന്നു. 2014ലെയും 2019ലെയും 2024ലെയും പൊതു തെരഞ്ഞെടുപ്പുകളിൽ സംഘ്പരിവാർ ശക്തികൾ ഈ തന്ത്രം ഫലപ്രദമായി ഉപയോഗിക്കുകയുണ്ടായി. തൽഫലമായി മുസ്‍ലിം പ്രാതിനിധ്യം ഗണ്യമായി കുറയുക മാത്രമല്ല, കേന്ദ്ര മന്ത്രിസഭയിൽ ഒറ്റ മുസ്‍ലിം മന്ത്രി പോലുമില്ലാത്ത അവസ്ഥയും സംജാതമായി. ഹിന്ദുത്വത്തിന്റെ വംശഹത്യാ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നത് ഇപ്രകാരത്തിലാണ്.

ചുരുക്കിപ്പറഞ്ഞാൽ ന്യൂനപക്ഷ പ്രീണനമെന്നും മുസ്‍ലിം പ്രീണനമെന്നും പറഞ്ഞ് മതേതര സമൂഹത്തെ അധിക്ഷേപിക്കുകയും നിർവീര്യരാക്കി മാറ്റുകയും ചെയ്യുന്നവർ പുലർത്തുന്നത് ശാസ്ത്രീയ വംശീയവാദത്തിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ആശയങ്ങളെയാണ്. അതിനെ ഫലപ്രദമായി നേരിടാൻ ദേശത്തിലുള്ള സർവ സ്ഥാപനങ്ങളിലും മുഴുവൻ ന്യൂനപക്ഷങ്ങൾക്കും പ്രാതിനിധ്യമുറപ്പാക്കുന്ന വിധത്തിൽ ജനാധിപത്യ സംവിധാനങ്ങളെ ഘടനാപരമായി മാറ്റിത്തീർക്കേണ്ടതുണ്ട്.

Tags:    
News Summary - Muslims minorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.