ഭരണകൂടതലത്തിലും പൊതുമണ്ഡലത്തിലും ഒരേപോലെ ഹിന്ദുത്വശക്തികൾ മേൽകൈ നേടിയ ഈ ഘട്ടത്തിൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഏറെയും ഹിന്ദുത്വത്തിന്റെ വളർച്ചക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പത്തുവർഷത്തിലേറെയായി തുടരുന്ന നരേന്ദ്ര മോദിയുടെ ഭരണകാലത്ത് പ്രധാന ദേശീയമാധ്യമങ്ങളും ചാനലുകളും മാത്രമല്ല, പ്രാദേശിക മാധ്യമങ്ങളും ഹിന്ദുത്വശക്തികളുടെ വലയിലായി
ആധുനികമായ ജനാധിപത്യ വ്യവസ്ഥയെ ഉറപ്പിച്ചുനിർത്തുന്ന മൂന്ന് പ്രധാനപ്പെട്ട തൂണുകളായാണ് നിയമനിർമാണം, ഭരണനിർവഹണം, നിയമപരിപാലനം എന്നിവ കണക്കാക്കപ്പെടുന്നത്. ഇവക്കൊപ്പം ബഹുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഫോർത്ത് എസ്റ്റേറ്റ് എന്നനിലയിൽ നാലാമത്തെ തൂണിന്റെ സ്ഥാനമാണ് മാധ്യമങ്ങൾക്ക് കൽപിക്കപ്പെട്ടിട്ടുള്ളത്.
സൂക്ഷ്മമായി നോക്കിയാൽ, ജനാധിപത്യത്തിലെ വ്യത്യസ്തമായ അഭിപ്രായങ്ങൾക്കും ആശയസംഘർഷങ്ങൾക്കും വേദിയൊരുക്കുക എന്ന കടമയാണ് മാധ്യമങ്ങൾ നിർവഹിക്കുന്നതെന്ന വാദം പൂർണമായും ശരിയല്ലെന്ന് കാണാൻ കഴിയും. മറിച്ച് ബ്രിട്ടീഷ്-അമേരിക്കൻ മാതൃകയിലുള്ള ഭരണസംവിധാനങ്ങളുടെ ‘സ്റ്റാറ്റസ്കോ’ നിലനിർത്തലാണ് അവ മുഖ്യമായും ചെയ്യുന്നത്.
സാമൂഹിക വ്യവസ്ഥിതിയെ മാറ്റിമറിക്കുന്ന ആശയധാരകളോ ചരിത്രത്തിന്റെ ഗതിമാറ്റങ്ങളെ സംബന്ധിക്കുന്ന സൂചനകളോ തുടക്കത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുക അപൂർവമാണ്. പലപ്പോഴും ചെറുമാധ്യമങ്ങളിലൂടെയോ അവാങ്ഗാദ് എന്ന് വിളിക്കപ്പെടുന്ന ബദൽ കൂട്ടായ്മകളിലൂടെയോ ആയിരിക്കും പുതിയ ആശയങ്ങളും സാമൂഹിക ചലനങ്ങളും സമൂഹത്തിൽ എത്തിച്ചേരുക.
മാത്രമല്ല, ഫോർത്ത് എസ്റ്റേറ്റ് എന്ന സങ്കൽപത്തിനകത്ത് വരുന്ന വ്യവസ്ഥാപിത മാധ്യമങ്ങൾ സ്വകാര്യമൂലധനത്തിന്റെ അല്ലെങ്കിൽ കുത്തക മൂലധനത്തിന്റെ ഉൽപന്നങ്ങളായാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ സ്വതന്ത്രാഭിപ്രായങ്ങളെ പരിപോഷിപ്പിക്കുക എന്നതിലുപരി തങ്ങളുടെ അധീശത്വ താൽപര്യങ്ങളെ സംരക്ഷിക്കുക എന്നതും കൂടിയാണ് ഇവ ലക്ഷ്യമാക്കുന്നത്.
ഇപ്രകാരത്തിലുള്ള ഭരണവർഗ-മൂലധന താൽപര്യങ്ങളിൽനിന്ന് വേറിട്ടതായ മാധ്യമ സംസ്കാരവും ബഹുജനങ്ങളോടുള്ള കൂറും പുലർത്തുന്നു എന്നവകാശപ്പെടുന്നവയാണ് ഇടതുപക്ഷ മാധ്യമങ്ങൾ. 1930 കൾ മുതൽ ലോകത്ത് പലയിടങ്ങളിലും ശക്തിപ്പെട്ട ഈ മാധ്യമങ്ങൾ അതാത് പ്രദേശത്തെ മുഖ്യധാരയോട് കണ്ണിചേർക്കപ്പെട്ട് വമ്പിച്ച മൂലധന കേന്ദ്രീകരണവും മുതലാളിത്ത മാനേജ്മെന്റ് സംവിധാനങ്ങളും ഉള്ളവയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് കീഴാളരുടെയും ബഹുജനങ്ങളുടെയും പ്രാതിനിധ്യമുണ്ടെന്ന് കരുതുന്നത് സാങ്കൽപികതയാണ്.
1960കൾ മുതലാണ് ലോകത്ത് പലയിടങ്ങളിലും ഏറ്റവും പുറന്തള്ളപ്പെട്ടവരായ സാമൂഹിക വിഭാഗങ്ങളുടെ സ്വതന്ത്ര കർതൃത്വ രൂപവത്കരണം നടക്കുന്നത്. മുൻകാലത്ത് സ്വയം പ്രതിനിധാനാവകാശം കൈയാളുന്നതിൽ വിലക്കനുഭവിച്ചിരുന്ന ഇത്തരം സമുദായങ്ങൾ സ്വന്തമായി സംസാരിക്കുന്നവരും സ്വതന്ത്രമായി സംഘടിക്കുന്നവരുമായി മാറിയ പുതിയ ചരിത്രഘട്ടം ഇതോടെ രൂപപ്പെട്ടു.
ഈ സന്ദർഭത്തോട് അകൽച്ചയും പ്രതിപത്തിയില്ലായ്മയുമാണ് സാമ്പ്രദായിക മാധ്യമങ്ങൾ പുലർത്തിയതെന്ന് കാണാവുന്നതാണ്. ഉദാഹരണമായി യൂറോപ്പിലെയും അമേരിക്കയിലെയും കറുത്തവരുടെയും മറ്റ് അരികുവത്കരിച്ചവരുടെയും മുന്നേറ്റങ്ങളെ ശിഥിലീകരണ പ്രവണതയായിട്ടാണ് അവിടത്തെ മുഖ്യധാര മാധ്യമങ്ങൾ വിലയിരുത്തിയത്. സമാനമായ വിധത്തിൽതന്നെയാണ് ഇന്ത്യയിലെ കീഴാളരുടെ ഉണർച്ചകൾക്കെതിരെ ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തിയ സമീപനത്തെയും കാണേണ്ടത്.
സംവരണം പോലുള്ള അവകാശങ്ങൾക്കായി വാദിച്ചുകൊണ്ട് ജാതിവ്യവസ്ഥയെ മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നു, ഭരണതലത്തിലും ഉദ്യോഗസ്ഥമണ്ഡലത്തിലും കാര്യക്ഷമതയില്ലായ്മ പ്രകടിപ്പിക്കുന്നു, അഴിമതിയും അധികാരദുർവിനിയോഗവും നടത്തുന്നു...എന്നു തുടങ്ങി ദേശത്തെ ഗ്രസിച്ച സകലമാന കുഴപ്പങ്ങൾക്കും കാരണം ദലിത്-പിന്നാക്ക-ന്യൂനപക്ഷ സമൂഹങ്ങളിൽനിന്ന് നാമമാത്രമായ ആളുകൾ അധികാരത്തിലേക്കും അറിവിലേക്കും കടന്നുവന്നതാണെന്ന പ്രചാരണമാണ് ഈ മാധ്യമങ്ങൾ കെട്ടഴിച്ചുവിട്ടിട്ടുള്ളത്.
ചുരുക്കിപ്പറഞ്ഞാൽ, മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമാണ് തങ്ങളുടെ ആദർശമണ്ഡലമെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും സവർണാധിപത്യത്തിനും കുത്തകവത്കരണത്തിനും വേണ്ടിയുള്ള പൊതുസമ്മതി നിർമിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങളെന്ന് വ്യക്തമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിൽ ഭരണവർഗമായി ഉയർന്നത് ഹിന്ദുക്കളിലെ ഉപരിജാതിക്കാരായ ഉൽപതിഷ്ണുക്കളാണ്.
എന്നാൽ, ക്രമേണ ഈ പുരോഗമന മതേതര ഭരണവർഗം ദുർബലമാവുകയും തൽസ്ഥാനത്ത് ഉപരിജാതികളിലെതന്നെ യാഥാസ്ഥിതികർ അധികാരം നിയന്ത്രിക്കുന്നവരാകുകയും ചെയ്തു. ഈ മാറ്റത്തിന്റെ പ്രതിഫലനമായി കോൺഗ്രസും വിവിധ സോഷ്യലിസ്റ്റ് പാർട്ടികളും ശോഷിക്കുകയും മറുവശത്ത് ആർ.എസ്.എസിന്റെ സ്വാധീനമുള്ള ഹിന്ദുത്വശക്തികൾ വിജയം നേടുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി.
ഭരണകൂടതലത്തിലും പൊതുമണ്ഡലത്തിലും ഒരേപോലെ ഹിന്ദുത്വശക്തികൾ മേൽകൈ നേടിയ ഈ ഘട്ടത്തിൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഏറെയും ഹിന്ദുത്വത്തിന്റെ വളർച്ചക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പത്തുവർഷത്തിലേറെയായി തുടരുന്ന നരേന്ദ്ര മോദിയുടെ ഭരണകാലത്ത് പ്രധാന ദേശീയമാധ്യമങ്ങളും ചാനലുകളും മാത്രമല്ല, പ്രാദേശിക മാധ്യമങ്ങളും ഹിന്ദുത്വശക്തികളുടെ വലയിലായി.
കേരളത്തിൽതന്നെ ഏറ്റവും പ്രമുഖ ചാനലുകളെയും പത്രമാധ്യമങ്ങളെയും ആർ.എസ്.എസ് ബന്ധമുള്ള കോർപറേറ്റുകൾ അധീനപ്പെടുത്തുകയുണ്ടായി. ഇത്തരം മാറ്റത്തിനൊപ്പം പഴയതിൽനിന്ന് വ്യത്യസ്തമായ നിലയിൽ വാർത്തകളുടെ ഉദ്ഭവവും പ്രചാരണവും വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനും കേന്ദ്രീകൃത ഡാറ്റകളുടെ വൻതോതിലുള്ള വിനിമയത്തിന്റെയും അടിസ്ഥാനമുള്ളതായി മാറി. ഇവക്കൊപ്പം സോഷ്യൽ മീഡിയയും ‘വാട്സ്ആപ്’ വിനിമയ ശൃംഖലകളും സമാന്തരമായി ശക്തിപ്പെട്ടു.
എഴുത്തുകാരനും മാധ്യമ വിദഗ്ധനുമായ ദാമോദർ പ്രസാദ് നിരീക്ഷിച്ചതുപോലെ ‘തുറന്നതും വികേന്ദ്രീകൃതവുമായ സ്വഭാവത്താലും വിവേചനരാഹിത്യത്താലും ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുകയും അരികുകളെ ഉൾച്ചേർത്തുകൊണ്ട് പൊതുമണ്ഡലത്തെ വികസ്വരമാക്കുമെന്ന് കരുതിയതുമായ ഒന്നായിരുന്നു നവമാധ്യമ സാങ്കേതികവിദ്യ.
എന്നാൽ, ഇത് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നൽകിയ ഉണർവുകളും പ്രതീക്ഷകളും കെടുത്തിക്കളയുന്ന വിധത്തിലുള്ള ഭരണകൂട കേന്ദ്രീകരണത്തിന്റെയും കോർപറേറ്റ് നിയന്ത്രണത്തിന്റെയും ലിംഗനീതി വിരുദ്ധതയുടെയും വർണജാതിവെറിയുടെയും അപരഹിംസാ മുറവിളികളുടെയും അധീശത്വമണ്ഡലമായി പയ്യെ പതിക്കുകയാണോ എന്നത് നമ്മെ ആശങ്കപ്പെടുത്തുന്നു’.
ഇതേ പശ്ചാത്തലത്തിലാണ് കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷം ഉന്നയിക്കുന്ന ‘മാപ്ര’ എന്ന അധിക്ഷേപ വാക്കിനെ കാണേണത്. ഇടതുപക്ഷ സർക്കാർ ഭരണത്തുടർച്ച കൈവരിച്ചതോടെ തങ്ങളുടെ പാർട്ടിക്കും സർക്കാറിനും അനുഗുണമല്ലാത്ത വാർത്തകൾ കൊടുക്കുന്ന മുഖ്യധാരാ മാധ്യമപ്രവർത്തകരെയും അവരുടെ സ്ഥാപനങ്ങളെയും ശകാരിക്കാനാണ് അവർ ഈ വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്.
കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരിൽ പലരുംതന്നെ ഇടതുപക്ഷ വിദ്യാർഥി രാഷ്ട്രീയത്തോട് ബന്ധമുള്ളവരാണ്. ഇവരെ സ്ഥാനത്തും അസ്ഥാനത്തും അധിക്ഷേപിക്കാനും അവരുടെ തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അവമതിക്കാനും തുടങ്ങിയതോടെ അവരും ഇടതുപക്ഷവുമായുള്ള രക്തബന്ധത്തിൽ വിള്ളലേറ്റു എന്നതാണ് വസ്തുത. മാത്രമല്ല, ഇടതുപക്ഷത്തിന് ദേശീയതലത്തിലും കേരളത്തിലും ഉണ്ടായിരുന്ന ബൗദ്ധികമായ മേൽകൈ നഷ്ടപ്പെട്ടതും മാധ്യമപ്രവർത്തകരുമായുള്ള പരസ്പര ബന്ധത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കി.
രണ്ടാം ഇടതുപക്ഷ മുന്നണി സർക്കാർ തുടരെ തുടരെ വിവാദങ്ങളിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. അഴിമതി ആരോപണങ്ങൾക്ക് പുറമെ കേന്ദ്രഭരണകൂടത്തോടും ബി.ജെ.പിയോടും രഹസ്യമായി നീക്കുപോക്കുകൾ ഉണ്ടാക്കുന്നു എന്ന സംശയം ഭരണകൂടത്തെ പിന്താങ്ങുന്നവർക്കിടയിൽപോലും രൂപപ്പെട്ടു. ഈഘട്ടത്തിൽ തങ്ങളുടെ പാർട്ടിയുടെയും ഭരണകൂടത്തിന്റെയും ജനപ്രിയതക്ക് സംഭവിച്ച ഇടിവിന് കാരണം മാധ്യമങ്ങളാണെന്ന മിഥ്യാവിചാരമാണ് മാർക്സിസ്റ്റുകാരുടെ ‘മാപ്ര’ ശത്രുതക്ക് പിന്നിലുള്ളത്. അല്ലാതെ, മാധ്യമങ്ങളെ ജനാധിപത്യപരമായി വിമർശനത്തിന് വിധേയമാക്കുകയാണെന്ന് അവർപോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.