‘ഗീതോപദേശ’ത്തിന് ചെവികൊടുത്താല്‍

ഇന്ത്യയിലെ ഇടതുപക്ഷം പൊതുവെയും സി.പി.എം വിശേഷിച്ചും രൂക്ഷമായി എതിര്‍ത്തുപോന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ശക്തയായ വക്താവും മുതലാളിത്ത സിദ്ധാന്തങ്ങളുടെ ആഗോള പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കയിലെ ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തികവിഭാഗം മേധാവിയുമായ ഗീതാ ഗോപിനാഥിനെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം പാര്‍ട്ടിയിലും ഇടതുമുന്നണിയിലും തുടരുകയാണ്. ഗീതയെ നിയമിച്ചത് സംസ്ഥാന സര്‍ക്കാറാണ്, എങ്കിലും നടപ്പാക്കുക ഇടതു സാമ്പത്തിക നയങ്ങളാണ് എന്നത്രെ ഏറ്റവുമൊടുവില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ടത്തെിയ ഒഴികഴിവ്. നട്ടുവളര്‍ത്തിയത് കാഞ്ഞിരമാണെങ്കിലും അത് കായ്ക്കുക മധുരനാരങ്ങയാണെന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ അതുളവാക്കുന്ന പരിഹാസ്യതയില്‍നിന്ന് ഒട്ടും ഭിന്നമല്ല യെച്ചൂരിയുടെ പ്രസ്താവന. ഗീത മലയാളി ആണെന്നതോ അവര്‍ വേതനമൊന്നും സ്വീകരിക്കുന്നില്ളെന്നതോ വിവാദവിധേയമായ നിയമനത്തിന്‍െറ ഗൗരവം കുറക്കുന്നില്ല. ഷികാഗോ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രഫസറായിരുന്ന അവര്‍ കമ്പോളാധിഷ്ഠിത സമ്പദ്ശാസ്ത്ര ചിന്തയിലെ ഷികാഗോ പാതയുടെ വക്താവാണ്. അമേരിക്കന്‍ ധനനയങ്ങള്‍ തീരുമാനിക്കുന്ന ന്യൂയോര്‍ക് ഫെഡറല്‍ റിസര്‍വ് ബാങ്കിന്‍െറ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയില്‍ അംഗവുമായിരുന്നു അവര്‍. സാമൂഹിക ക്ഷേമപദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം, സബ്സിഡി, തൊഴിലുറപ്പ് പദ്ധതികള്‍ പരമാവധി നിയന്ത്രിക്കണം, പലിശനിരക്ക് കുറക്കണം എന്നിത്യാദി വലതുപക്ഷ സാമ്പത്തിക നയങ്ങളെ ഗീത ന്യായീകരിച്ചിട്ടേയുള്ളൂ. ഇവ്വിധമുള്ള യു.പി.എ സര്‍ക്കാറിന്‍െറയും നിലവിലെ എന്‍.ഡി.എ ഭരണകൂടത്തിന്‍െറയും നയങ്ങളെയും തദധിഷ്ഠിത നടപടികളെയും നിരാകരിച്ച പാര്‍ട്ടിയാണ് സി.പി.എം. അക്കാരണത്താല്‍തന്നെ മതേതര പാര്‍ട്ടിയായിട്ടും കോണ്‍ഗ്രസിന്‍െറ വിരുദ്ധ ചേരിയിലാണ് പാര്‍ട്ടി നിലകൊണ്ടതും. മാത്രമല്ല, ഇടത് ട്രേഡ് യൂനിയനുകളും വലതു തൊഴിലാളി സംഘടനകളും ഒരുപോലെ എതിര്‍ക്കുന്ന മോദി സര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നയങ്ങളെ ഗീത പിന്താങ്ങുകകൂടി ചെയ്യുന്നു. ഈവക കാരണങ്ങളാല്‍ തലമുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദനും മുന്‍ ഇടത് സര്‍ക്കാറിന്‍െറ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായക്കും ശക്തമായി എതിര്‍ത്തിട്ടും അവരുടെ നിയമനനടപടിയുമായി മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍െറ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ആഗോള, ദേശീയ, സംസ്ഥാന വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഉപദേശങ്ങള്‍ നല്‍കലാണ് താന്‍ ഏറ്റെടുത്ത ഒരു ജോലി എന്ന് ഗീത വ്യക്തമാക്കുന്നു. രണ്ടാമത്തേത് സംസ്ഥാനത്തെ വിവിധ വകുപ്പുകളെ പൊതുസമ്പത്ത്, മാനേജ്മെന്‍റ് കാര്യങ്ങള്‍, സംരംഭകത്വം, തൊഴില്‍, വികസന സമ്പദ്ശാസ്ത്രം എന്നീ മേഖലകളിലെ വിദഗ്ധരുമായി ബന്ധപ്പെടുത്തുന്നതില്‍ പങ്കുവഹിക്കലും. ഈ രണ്ട് മേഖലകളും സര്‍ക്കാറിന്‍െറ വികസന കാഴ്ചപ്പാടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ‘ഗീതോപദേശ’ങ്ങള്‍ സര്‍ക്കാര്‍ അപ്പടി അംഗീകരിച്ചുകൊള്ളാന്‍ ബാധ്യസ്ഥമല്ളെന്നത് ശരി. എങ്കിലും അഗാധ വൈദഗ്ധ്യമുള്ള ഒരു സാമ്പത്തിക ശാസ്ത്രജ്ഞ പഠിച്ചുനല്‍കുന്ന ഉപദേശങ്ങളിലെ ചതിക്കുഴികള്‍ കണ്ടത്തെണമെങ്കില്‍ തുല്യരോ കൂടുതല്‍ വിദഗ്ധരോ ആയവര്‍ സര്‍ക്കാറില്‍ വേണം. അതാര്? ധനമന്ത്രി തോമസ് ഐസക് ധനകാര്യ വിദഗ്ധനാണെന്നത് ശരി. പക്ഷേ, അദ്ദേഹത്തിന് സാമ്പത്തിക നയങ്ങളില്‍ വേണ്ടത്ര വൈദഗ്ധ്യമോ അഗാധ കാഴ്ചപ്പാടോ പോരെന്ന തീര്‍പ്പിന്‍െറ അടിസ്ഥാനത്തിലായിരിക്കുമല്ളോ മൂലധനശക്തികളുടെ ആഗോള മുഖമായ ഒരു വനിതയത്തെന്നെ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്്. തീവ്ര വലതുപക്ഷത്തിന്‍െറ കരുത്തനായ സാരഥി നരേന്ദ്ര മോദി ഇടതു സര്‍ക്കാറിന്‍െറ നിയമനത്തില്‍ സംതൃപ്തി രേഖപ്പെടുത്തുകകൂടി ചെയ്തത് ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
നവലിബറല്‍ സാമ്പത്തിക സിദ്ധാന്തങ്ങള്‍ ലോകത്തെ വരിഞ്ഞുമുറുക്കിയ വര്‍ത്തമാനകാലത്ത് അതിന്‍െറനേരെ കൃത്യവും വ്യക്തവുമായ ഒരു നിലപാട് സ്വീകരിക്കുന്നതിലും അതു പ്രകാരം സര്‍ക്കാറുകളെ നയിക്കുന്നതിലും സി.പി.എമ്മും ഇടതുപക്ഷവും പരാജയപ്പെട്ടിരിക്കുന്നു എന്ന് തുറന്നു സമ്മതിക്കാനുള്ള വൈമനസ്യമാണ് പ്രശ്നത്തിന്‍െറ മര്‍മം. നന്ദിഗ്രാമിലും സിംഗൂരിലും സ്വീകരിച്ച വികസനനയത്തിന്‍െറ പരാജയം മൂന്നര പതിറ്റാണ്ടു നീണ്ട ഭരണകുത്തകതന്നെ ബംഗാളില്‍ ഇടതുപക്ഷത്തിന് നഷ്ടപ്പെടുത്തിയശേഷമെങ്കിലും വ്യതിരിക്തമായ പാത സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയേണ്ടതായിരുന്നു. അത് സാധ്യമായില്ളെന്ന് മാത്രമല്ല, യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയില്‍ പൊറുതിമുട്ടിയ കേരളജനത സൗജന്യമായി നല്‍കിയ ഭരണാവസരംപോലും ജനപക്ഷത്തും തൊഴിലാളിവര്‍ഗപക്ഷത്തും നിന്ന് സുചിന്തിതമായി ഉപയോഗിക്കാന്‍ സി.പി.എമ്മിനും സഹപാര്‍ട്ടികള്‍ക്കും കഴിയാതെ പോവുകയാണോ എന്ന ന്യായമായ ചോദ്യമാണുയരുന്നത്. ഏറ്റവുമൊടുവില്‍ പ്രകടമാവുന്നപോലെ ഇന്ത്യന്‍ ഫാഷിസത്തോടുള്ള സമീപനത്തില്‍പോലും വഴുതിക്കളിക്കുന്ന സ്ഥിതികൂടി തുടര്‍ന്നാല്‍ രാജ്യം യഥാര്‍ഥ ഇടതുപക്ഷത്തിന് റീത്ത് സമര്‍പ്പിക്കേണ്ട ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് പറയേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.