പാഠമാകുമോ പെരിയയിലെ വിധി ?

കേരളത്തെ നടുക്കിയ കാസർകോട് പെരിയ ഇരട്ടക്കൊല നടന്ന് അര വ്യാഴവട്ടത്തിനുശേഷം കേസിൽ വിധി വന്നിരിക്കുന്നു. കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ സി.പി.എം നേതാക്കളും പ്രവർത്തകരുമായ 14 പേരെയാണ് സി.ബി.ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ജനുവരി മൂന്നിനാണ് ഇവർക്കുള്ള ശിക്ഷ വിധിക്കുക. പ്രതിചേർത്തിരുന്ന 10 പേരെ വിട്ടയക്കുകയും ചെയ്തു. അധികാര ഗർവിൽ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയ കുറ്റവാളികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും സർക്കാർ നടത്തിയ അധികാര ദുർവിനിയോഗമാണ് ഈ നിഷ്ഠുര കൃത്യത്തിന്റെ ഗൗരവം വർധിപ്പിച്ചത്. സർക്കാർ അംഗീകരിച്ചാലും ഇല്ലെങ്കിലും നാണംകെട്ട ആ ശ്രമങ്ങൾക്ക് താൽക്കാലികമായെങ്കിലും തിരിച്ചടിയേറ്റിരിക്കുന്നു.

2019 ഫെബ്രുവരി 17നാണ് പെരിയക്കടുത്ത കല്യോട്ട് ഇരട്ടക്കൊലപാതകം അരങ്ങേറിയത്. നാലുനാളിനകം ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നൽകിയെങ്കിലും ഉദ്യോഗസ്ഥരെ നിരന്തരം മാറ്റിയും സമ്മർദം ചെലുത്തിയും ശ്വാസം മുട്ടിച്ചു സർക്കാർ. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ല എന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയ സർജനെ കാണിക്കുകപോലും ചെയ്യാതെ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ സീൽ ചെയ്ത് കോടതിയിൽ ഹാജരാക്കിയതുൾപ്പെടെ ഒളിഞ്ഞും തെളിഞ്ഞും അട്ടിമറികൾ അരങ്ങേറി. ഉത്തരേന്ത്യൻ തെരുവു സംഘട്ടനങ്ങളിലും സിനിമകളിലും കാണാറുള്ളതുപോലെ പ്രതികളെ പൊലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സംഭവവുമുണ്ടായി. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകൂ എന്നു കാണിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചതിൽപിന്നെ വാശിയോടെ നടത്തിയ ഇടപെടലുകൾ പ്രതികൾ സർക്കാറിന്റെ പ്രതിപുരുഷന്മാർ തന്നെയാണ് എന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണമായി വേണം കാണാൻ. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കപ്പെടാതിരുന്ന മുൻ എം.എൽ.എ ഉൾപ്പെടെയുള്ള സി.പി.എം ഭാരവാഹികളിൽ പലരും പ്രതിചേർക്കപ്പെട്ടത് സി.ബി.ഐ അന്വേഷണം നടത്തിയശേഷമാണ്. അന്വേഷ​ണം സി.ബി.ഐക്ക് വിട്ട ഹൈകോടതി തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് കോടിയിലേറെ രൂപ ചെലവിട്ടാണ് പിണറായി വിജയൻ സർക്കാർ കേസ് നടത്തിയത്. ഹൈകോടതിയിൽ 90,33,132 രൂപയും സുപ്രീംകോടതിയിൽ 24,50,000 രൂപയുമാണ് വക്കീൽ ഫീസിനത്തിൽ മാത്രം സർക്കാർ ചെലവിട്ടത്.

അരിയിൽ ഷുക്കൂർ, ടി.പി. ചന്ദ്രശേഖരൻ, മട്ടന്നൂർ ഷുഹൈബ് എന്നിവരെ കൊലപ്പെടുത്തിയതടക്കം സമാനമായ മറ്റു പല അക്രമസംഭവങ്ങളിലും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം തടയാനും പ്രതികളെ രക്ഷപ്പെടുത്താനും പൊതുഖജനാവിലെ പണം ദുർവിനിയോഗിച്ചിട്ടുണ്ട് സർക്കാർ. സംവാദ ബുദ്ധി, രാഷ്​ട്രീയ മാന്യത, മര്യാദ ഇവയൊന്നും തരിമ്പുപോലും പാലിക്കാതെ രാഷ്ട്രീയവിരോധം വെച്ച് എതിരാളികളെ കൊലപ്പെടുത്തിയ കൊടിയ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ സർക്കാറിനോ അതിനെ നിയ​ന്ത്രിക്കുന്ന പാർട്ടിക്കോ ലജ്ജ തോന്നുന്നുണ്ടാവില്ല, പക്ഷേ, പാർട്ടി കാപ്സ്യൂളുകൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന അടിമകളല്ലാത്ത കേരളത്തിലെ പൊതുജനങ്ങൾ അത്തരത്തിലാണെന്ന് സർക്കാറും പാർട്ടിയും ധരിച്ചുവെക്കരുത്. തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം ആളുകളെ കൊല്ലാനോ പാർട്ടിക്കാർ ​പ്രതിയായ കേസുകൾ അട്ടിമറിക്കാനോ ഉള്ള ലൈസൻസല്ല എന്ന സാമാന്യബുദ്ധിയെങ്കിലും സർക്കാറിനുണ്ടാവണം. സംസ്ഥാന പൊലീസിന്റെ അന്തസ്സ് നിലനിർത്താനാണ് കേസ് നടത്തിയതെന്ന് ന്യായീകരിക്കുന്നവരുണ്ടാവാം. സി.ബി.ഐയുടെ അന്വേഷണവും ഇടപെടലുകളും സർവതന്ത്ര സ്വതന്ത്രമല്ല എന്ന കാര്യത്തിലും തർക്കമില്ല. പക്ഷേ, രാഷ്ട്രീയം കളിക്കാതെ നീതിയുക്തമാം വിധത്തിൽ കേസന്വേഷണം നടത്താൻ സംസ്ഥാന ​പൊലീസിനെ അനുവദിച്ചിരുന്നുവെങ്കിൽ സി.ബി.ഐ അന്വേഷണം എന്ന ആവശ്യമേ ഉയരുമായിരുന്നില്ല. കേസിൽ അന്യായമായ കൈകടത്തൽ നടത്തിയും കുറ്റക്കാരെ രക്ഷിക്കാൻ നിർബന്ധിച്ചും കേരള പൊലീസിന്റെ അന്തസ്സിനെ ആരെങ്കിലും ഹനിച്ചിട്ടുണ്ടെങ്കിൽ അത് സംസ്ഥാനം ഭരിക്കുന്ന ഭരണകൂടം മാത്രമാണ്.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ നാം വാഴ്ത്തുന്ന കേരളത്തെ ജീവിക്കാൻ കൊള്ളാത്ത ഇടമാക്കി മാറ്റുന്നതിൽ ഏറ്റവും വലിയ ഘടകങ്ങളിലൊന്ന് അന്യായമായ രാഷ്ട്രീയ സംഘട്ടനങ്ങളാണ്. സി.പി.എം മാത്രമല്ല അതിനുത്തരവാദികൾ. ബി.ജെ.പി- കോൺഗ്രസ്- മുസ്‍ലിം ലീഗ്-എസ്.ഡി.പി.ഐ തുടങ്ങിയവരൊക്കെ ഈ അനാശാസ്യതയുടെ പ്രതികളാണ്. പഠനത്തിനും തൊഴിലിനും താമസത്തിനുമായി നാട് വിട്ട് ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലേക്കും ഇടം തേടിപ്പോകുന്ന പുതുതലമുറയിൽ അരാഷ്ട്രീയത ആരോപിച്ചിട്ട് കാര്യമില്ല. അവരെപ്പോലെ ഓരോ കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്ന ചെറുപ്പക്കാരെ അധികാരത്തിന്റെ തിണ്ണമിടുക്കിൽ തെരുവിൽ അരിഞ്ഞുതള്ളുന്നതും പാർട്ടി കോടതി വിചാരണ നടത്തി എറിഞ്ഞു കൊല്ലുന്നതുമൊക്കെ കണ്ട് കണ്ണ് കലങ്ങുന്ന മലയാളിച്ചെറുപ്പങ്ങൾക്ക് പാർട്ടിയോടോ രാഷ്ട്രീയത്തോട് തന്നെയോ അലർജി തോന്നിയാൽ അവരെ മാത്രം കുറ്റം പറയാനാവില്ല. ടി.പി വധത്തിനുശേഷം വടകര ലോക്സഭ മണ്ഡലത്തിലെയും പെരിയ ഇരട്ടക്കൊലക്കുശേഷം കാസർകോട്ടെയും വോട്ടർമാർ കൈയൊഴിഞ്ഞതിൽ നിന്നുപോലും പാർട്ടി തിരിച്ചറിവ് നേടുന്നില്ല. പെരിയകേസിലെ വിധി വന്ന അതേദിവസം തന്നെ പാർട്ടിക്കോടതി വധശിക്ഷക്ക് വിധേയനാക്കിയ യുവാവിന്റെ അനുഭവം ഓർമപ്പെടുത്തിയാണ് വടക്കൻ കേരളത്തിൽ ഒരു സി.പി.എം നേതാവ് കൊലവിളി പ്രസംഗം നടത്തിയത്.

സംഘ്പരിവാർ സഹയാത്രികനായ ആൾദൈവത്തെ മധ്യസ്ഥനാക്കി നടത്തുന്ന ചർച്ചകളല്ല രാഷ്ട്രീയ സംഘട്ടനങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവാദിത്തം വഹിക്കുന്ന കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി മനസ്സിലാക്കണം. രാഷ്ട്രീയ-വർഗീയ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന്, അക്രമികളും വി​ദ്വേഷം പരത്തുന്നവരും ഏതു പാർട്ടിക്കാരായാലും തരിമ്പ് സഹിഷ്ണുത കാണിക്കില്ലെന്ന്, അവർക്ക് സുരക്ഷാ കവചമൊരുക്കുന്ന കേസുകൾ നടത്തില്ലെന്ന് തീരുമാനിക്കാൻ സർക്കാർ ഒരുക്കമാണോ? ചാവേറുകളാവാനും രാഷ്ട്രീയ കൊലപാതക കൊട്ടേഷൻ ഏ​റ്റെടുക്കാനും തെമ്മാടികളെ കിട്ടാനില്ലാത്ത സ്ഥിതിയുണ്ടാവും. അവരെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടായി കേരളം ഒപ്പമുണ്ടാവും.

Tags:    
News Summary - Periya twin Murder Madhyamam Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.