ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ചയുണ്ടായ വിമാനദുരന്തത്തിൽ 179 പേർ വെന്തുമരിച്ചത് ലോകത്തെ ഞെട്ടിച്ചു. 181 പേർ കയറിയ ജെജു എയറിന്‍റെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ചും ഗിയർ തകരാറിലായും കത്തിയമരുകയായിരുന്നു. 228 പേരുടെ മരണത്തിനിടയാക്കിയ 1997ലെ വിമാനദുരന്തത്തിനുശേഷം ദക്ഷിണകൊറിയ കണ്ട ഏറ്റവും വലിയ വ്യോമദുരന്തമാണിത്. പക്ഷിയിടിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ ലാൻഡിങ് ഗിയർ പ്രവർത്തനക്ഷമമല്ലാതായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ദക്ഷിണ കൊറിയ ഭരണപരവും രാഷ്ട്രീയവുമായ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഭീകരമായ ഈ വിമാനദുരന്തം. പ്രസിഡന്‍റ് യൂൻ സുക് യോളിനെ പാർലമെന്‍റ് പുറത്താക്കിയതിനെതുടർന്ന് ആക്ടിങ് പ്രസിഡന്‍റായ പ്രധാനമന്ത്രി ഹാൻ ഡക് സൂയും ഇംപീച്ച്മെന്റിനെ തുടർന്ന് പുറത്തുപോകേണ്ടിവന്ന അവിടെ താൽക്കാലിക പ്രസിഡന്‍റ് അധികാരത്തിലുണ്ടെങ്കിലും തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിമാനദുരന്ത അന്വേഷണത്തിൽ നിർണായകമായ ബ്ലാക്ബോക്സുകൾ രണ്ടും, ഫ്ലൈറ്റ് ഡീറ്റെയിൽസും വോയ്സ് റെക്കോഡറുമടക്കം കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, വ്യോമദുരന്തങ്ങളിൽ കൃത്യവും വിശദവുമായ കാരണങ്ങൾ കണ്ടെത്താൻ വർഷങ്ങൾ നീണ്ട അന്വേഷണം വേണ്ടിവരും എന്നാണ് ഇതുവരെയുള്ള അനുഭവം.
ഡിസംബർ 25ന് അസർബൈജാൻ തലസ്ഥാനമായ ബാകുവിൽനിന്ന് ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോയ അസരി വിമാനം കസാഖ്സ്താനിലെ അക്താവ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ് 38 പേർ മരിച്ചതിന്‍റെ ഞെട്ടൽ വിട്ടുമാറും മുമ്പേയാണ് ദക്ഷിണകൊറിയയിലെ ദുരന്തം. ആ ദുരന്തത്തിന് പിന്നിൽ യുക്രെയിൻ യുദ്ധസാഹചര്യത്തിൽ റഷ്യയുടെ കൈയുണ്ടെന്ന വാദവിവാദങ്ങൾ ഇനിയും ശമിച്ചിട്ടില്ല. ഒടുവിൽ ചെച്നിയൻ വ്യോമമേഖലയിൽ യുക്രെയിൻ ആക്രമണം വിഫലമാക്കാൻ റഷ്യ വ്യോമപ്രതിരോധ മിസൈൽ വിന്യസിച്ചതായി വെളിപ്പെടുകയും റഷ്യൻ വ്യോമമേഖലയിൽ നടന്ന അപകടത്തിൽ പ്രസിഡന്‍റ് പുടിൻ അസരി പ്രസിഡന്‍റിനോട് ക്ഷമാപണം നടത്തുകയും ചെയ്തതോടെ അപകടകാരണങ്ങൾ പുറത്തായി.
പൊതുവിൽ ഡിസംബർ മാസം ആകാശദുരന്തങ്ങളുടെ കാലയളവായി മാറിയോ എന്ന് ആശങ്കയുയർത്തുന്നതാണ് സംഭവവികാസങ്ങൾ. ഡിസംബർ 22ന് ബ്രസീലിൽ വ്യവസായ പ്രമുഖൻ ലൂയി ക്ലാഡിയോ ഗലീസി അദ്ദേഹത്തിന്‍റെ പത്തംഗ കുടുംബവുമായി പറന്ന വിമാനം തകർന്ന് മുഴുവൻ പേരും മരിച്ചിരുന്നു. അർജന്‍റീന, ഹവായ്, പാപ്വന്യൂഗിനി എന്നിവിടങ്ങളിൽ വിമാനങ്ങൾ തകർന്ന് പൈലറ്റുമാരും ക്രൂവും മരണമടഞ്ഞതും ഈ മാസം തന്നെ. ആറു ദുരന്തങ്ങളിലായി 236 പേർ മരണമടഞ്ഞത് വ്യോമസഞ്ചാരത്തെക്കുറിച്ച ഭയാശങ്കകൾ വർധിപ്പിക്കുക സ്വാഭാവികം. ഒരൊറ്റ മാസത്തിനുള്ളിൽ ഇത്രയധികം മനുഷ്യജീവൻ നഷ്ടപ്പെടുത്തിയ മിക്ക അപകടങ്ങളും ലാൻഡിങ്ങിനിടെ സംഭവിച്ചതാണ്. മൂടൽമഞ്ഞ് പോലെയുള്ള കാലാവസ്ഥയിലെ വൈഷമ്യങ്ങളും പക്ഷിയിടിക്കുന്നതടക്കമുള്ള സാങ്കേതികപ്രശ്നങ്ങളും അസർബൈജാൻ വിമാനദുരന്തത്തിൽ സംശയിക്കുന്ന ബാഹ്യ ഇടപെടലുമെല്ലാം ചേർന്ന് സുരക്ഷവിഷയം കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. വിമാനങ്ങളുടെ അറ്റകുറ്റപ്പണികളിലെ കണിശത, സുരക്ഷമാനദണ്ഡങ്ങൾ പാലിക്കുന്നതിലെ അലംഭാവം തുടങ്ങി നിരവധി ആരോപണങ്ങൾ വിമാനക്കമ്പനികൾക്ക് നേരെ ഉയരുന്നുണ്ട്. ഈ ദുരന്തത്തിന് പിറ്റേന്നാൾ ഇന്നലെ ഇതേ കമ്പനിയുടെ മറ്റൊരു യാത്രാവിമാനത്തിനും ലാൻഡിങ് ഗിയർ തകരാറുമൂലം പറന്നുയർന്നശേഷം തിരിച്ചിറക്കേണ്ടിവന്നു. അപകടത്തിൽപെട്ട വിമാനമായ ബോയിങ് കുറേക്കാലമായി തൊഴിൽസമരവും നിർമാണത്തിലെയും പരിശീലനത്തിലെയും അപര്യാപ്തതയും മൂലം വിവാദത്തിലാണ്. അതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഈയപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
അടുത്തകാലത്തായി ആകാശയാത്ര കൂടുതൽ ആയാസരഹിതമായതോടെ യാത്രികരുടെ എണ്ണത്തിൽ വമ്പിച്ച വർധനയുണ്ടായി. റോഡപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ വെച്ച് ആകാശയാത്രയുടെ അപകടക്കുറവ് പറയപ്പെടാറുണ്ട്. ദുരന്തമുണ്ടായാൽ വ്യാപ്തിയും പ്രത്യാഘാതവും കൂടും എന്നതുകൊണ്ടുതന്നെ അതീവ ജാഗ്രതയും ശ്രദ്ധയും പുലർത്തുന്നതു കൊണ്ടുകൂടിയാണ് വ്യോമഗതാഗതം കൂടുതൽ സുരക്ഷിതമായിരിക്കുന്നത്. അതുകൊണ്ട് വ്യോമമേഖല തീർത്തും അപകടമുക്തമായിരിക്കേണ്ടതുണ്ട്. അസർബൈജാൻ വിമാനദുരന്തത്തിലെന്നപോലെ രാജ്യങ്ങൾ തമ്മിലെ സംഘർഷത്തിലും സൈനികനീക്കങ്ങളിലും യാത്രാവിമാനങ്ങൾ കരുവാക്കപ്പെടാതിരിക്കാനുള്ള അന്താരാഷ്ട്ര മര്യാദ പാലിക്കപ്പെട്ടേ മതിയാവൂ. ദുരന്തങ്ങളുടെ കാരണങ്ങൾ പഠിച്ച് പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് വിമാനയാത്രയുടെ സുരക്ഷ വർധിപ്പിക്കുന്നതും വ്യോമഗതാഗതത്തിന് ആൾത്തിരക്കേറ്റുന്നതും. അതുകൊണ്ടുതന്നെ പഴുതടച്ച സുരക്ഷ ശ്രദ്ധിക്കാൻ വിമാനക്കമ്പനികൾക്കും ഗവൺമെന്‍റുകൾക്കും ഉത്തരവാദിത്തമുണ്ട്. അതർഹിക്കുന്ന ഗൗരവത്തോടെ വ്യോമഗതാഗതത്തിലും വ്യവസായത്തിലും കക്ഷികളായവരെല്ലാം ഒത്തുപിടിക്കുകയാണ് ആവർത്തിക്കുന്ന വിമാനദുരന്തങ്ങൾ ആവുംവിധം ഒഴിവാക്കാനുള്ള മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.