മാണിയുടെ നീക്കം, എന്‍.ഡി.എയുടെ മോഹം

മുപ്പത്തിനാല് സംവത്സരങ്ങള്‍ നീണ്ട ബന്ധം വിച്ഛേദിച്ച് ഐക്യജനാധിപത്യ മുന്നണി വിടാന്‍ കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് കൈക്കൊണ്ട തീരുമാനം തത്ത്വാധിഷ്ഠിതമോ നയപരമോ അല്ല. മുങ്ങാന്‍പോവുന്ന കപ്പലില്‍നിന്ന് ചാടി രക്ഷപ്പെടാനുള്ള വ്യഗ്രത മാത്രമായി കാണാനാണ് വസ്തുതകള്‍ പ്രേരിപ്പിക്കുന്നത്. പ്രധാനമായും കര്‍ഷകരുടെയും ക്രൈസ്തവ സഭകളുടെയും താല്‍പര്യങ്ങളുടെ സംരക്ഷണമാണ് കേരള കോണ്‍ഗ്രസിന്‍െറ എക്കാലത്തെയും അജണ്ട  എന്നതുകൊണ്ട് ആ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ഇടതുപക്ഷ മുന്നണിയുടെയോ വലതുമുന്നണിയുടെയോ ഭാഗമാവാന്‍ കേരള കോണ്‍ഗ്രസിലെ ഭിന്ന ഗ്രൂപ്പുകള്‍ക്ക് വൈമനസ്യമോ പ്രയാസമോ ഉണ്ടായിട്ടില്ല. അതേസമയം, പ്രസ്തുത അജണ്ടയേക്കാളേറെ നേതാക്കളുടെ സ്വന്തം താല്‍പര്യങ്ങളാണ് പാര്‍ട്ടിയെ കാലാകാലങ്ങളില്‍ പിളരാനും പുനസ്സംയോജിക്കാനും വഴിയൊരുക്കിയത് എന്നതും പരമാര്‍ഥമാണ്. ഏറ്റവുമൊടുവില്‍ യു.ഡി.എഫുമായുള്ള സുദീര്‍ഘബന്ധം വേര്‍പെടുത്താന്‍ കെ.എം. മാണി വ്യക്തമാക്കിയ കാരണങ്ങളില്‍ ഒന്നുപോലും പൊതുരാഷ്ട്രീയ സാഹചര്യങ്ങളുമായോ വികസനവുമായോ കര്‍ഷകരുമായോ ബന്ധപ്പെട്ടതല്ല. യു.ഡി.എഫിലെ മുഖ്യഘടകമായ കോണ്‍ഗ്രസ് മാണിയെ ബാര്‍ കോഴക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു, നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ബറ്റാലിയനെ തന്നെ ചുമതലപ്പെടുത്തി, തോല്‍പിക്കാന്‍ പ്രത്യേക ഫണ്ട് വിനിയോഗിച്ചു, പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു, നേതാവിനെ കടന്നാക്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ചരല്‍ക്കുന്ന് ക്യാമ്പിലും മറ്റു വേദികളിലും മുഴങ്ങിക്കേട്ടത്. തത്ഫലമായി യു.ഡി.എഫ് ബന്ധം വിച്ഛേദിക്കുകയല്ലാതെ നിര്‍വാഹമില്ലാതെ വരുകയായിരുന്നു എന്ന് വിശ്വസിപ്പിക്കാനാണ് മാണിയുടെയും പാര്‍ട്ടിയുടെയും ശ്രമം. സ്വയം നിലനില്‍പിനുവേണ്ടി കൈകാലുകളിട്ടടിക്കുന്ന കോണ്‍ഗ്രസിന് ഇതിനൊക്കെ എവിടെ നേരം എന്ന ചോദ്യം വേറെ. ഇനി നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാനും ഇടതുമുന്നണി സര്‍ക്കാറിനോടും യു.ഡി.എഫിനോടും സമദൂര നയം സ്വീകരിക്കാനുമാണത്രെ കേരള കോണ്‍ഗ്രസിന്‍െറ തീരുമാനം. എല്ലാവരുമായും പ്രശ്നാധിഷ്ഠിത സഹകരണമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. അതേയവസരം യു.ഡി.എഫുമായി ചേര്‍ന്ന് ഭരിക്കുന്ന നൂറോളം പഞ്ചായത്ത്, നഗരസഭകളില്‍ വഴിപിരിയാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലത്രെ.
ഒരു തെരഞ്ഞെടുപ്പ് ആസന്നമല്ലാത്തതിനാല്‍ യു.ഡി.എഫിലെ പിളര്‍പ്പ് പെട്ടെന്നുള്ള മാറ്റങ്ങള്‍ക്കിടയാക്കിയില്ളെങ്കിലും ആ സംവിധാനം തകര്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഭരണപരാജയവും ചേരിപ്പോരും ചോര്‍ച്ചയും മൂലം സ്വതേ ദുര്‍ബലമായ കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിന്‍െറ ബന്ധവിച്ഛേദം കനത്ത നഷ്ടമുണ്ടാക്കുമെന്ന് വേണം കരുതാന്‍. മധ്യ തിരുവിതാംകൂറില്‍ നിര്‍ണായക സ്വാധീനവും പ്രബല ക്രൈസ്തവ വിഭാഗത്തിന്‍െറ പിന്‍ബലവുമുള്ള കേരള കോണ്‍ഗ്രസ് വഴിപിരിഞ്ഞതോടെ യു.ഡി.എഫിന്‍െറ ഭാവിതന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നു. രണ്ടാമത്തെ ഘടകപാര്‍ട്ടിയായ മുസ്ലിംലീഗിന് നികത്താന്‍ കഴിയുന്നതല്ല ഈ വിടവ്. കോണ്‍ഗ്രസും ലീഗും സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ജനതാദള്‍ (യു), ആര്‍.എസ്.പി തുടങ്ങിയ പാര്‍ട്ടികളുമടങ്ങിയ അവശിഷ്ട യു.ഡി.എഫിന്‍െറ മുന്നില്‍ അതിജീവന തന്ത്രമൊന്നും ഇപ്പോഴില്ല. ഭരിക്കുന്ന ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് ഈ രാഷ്ട്രീയ സാഹചര്യം. അതേ സാഹചര്യത്തില്‍ ഇതേറെ പ്രതീക്ഷ നല്‍കുന്നത് ബി.ജെ.പിക്കും എന്‍.ഡി.എക്കുമാണെന്നത് കാണാതിരുന്നുകൂടാ. മാണിക്കും പാര്‍ട്ടിക്കുമായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പ്രതികരിക്കുമ്പോള്‍ നേരത്തേ നീട്ടിയ ക്ഷണത്തിന്‍െറ കൂടുതല്‍ ശക്തമായ പ്രലോഭനമാണതെന്ന് വ്യക്തമാണ്. നിയമസഭ തെരഞ്ഞെടുപ്പിന്‍െറ മുമ്പുതന്നെ ബി.ജെ.പിയുടെ ദേശീയധ്യക്ഷന്‍ അമിത് ഷാ സഭകളുടെയും കേരള കോണ്‍ഗ്രസിന്‍െറയും പിന്നാലെ മധുരവാഗ്ദാനങ്ങളുമായി നടന്നത് രഹസ്യമല്ല. മകന്‍ ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിസഭയില്‍ ഒരു ബര്‍ത്ത് എന്ന ആവശ്യത്തെ കേരളത്തിലെ കൃഷിക്കാരുടെ പ്രശ്നപരിഹാരവുമായി ബന്ധിപ്പിക്കാനുള്ള മാണിയുടെ കരുനീക്കങ്ങളും പുതിയ വിവരമല്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പ്രയോഗവത്കരണത്തിന് തടയിടാനും ഒപ്പം വിലയിടിഞ്ഞ റബറിന് തല്‍ക്കാലത്തേക്കെങ്കിലും ശാപമോക്ഷം സാധ്യമാക്കാനും കഴിഞ്ഞാല്‍ അതുമതി എന്‍.ഡി.എ പ്രവേശത്തിന് ന്യായങ്ങളായി മാണിക്ക്. ദേശീയതലത്തില്‍ മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടേയും നേരെ ഉയരുന്ന അസഹിഷ്ണുതാപരമായ ഭീഷണികളോ മതനിരപേക്ഷ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയമോ ഒന്നും മധ്യതിരുവിതാംകൂറില്‍ പ്രസ്താവ്യമായ പ്രത്യാഘാതങ്ങളൊന്നും ഉളവാക്കുകയില്ല എന്നതായിരിക്കും ആശ്വാസവും. എന്നാല്‍, യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിനനുകൂലമായി തല്‍ക്കാലം ഒതുക്കിനിര്‍ത്തിയവരെ അപ്പാടെ എന്‍.ഡി.എ പ്രവേശത്തെ പിന്തുണക്കാന്‍ കിട്ടിക്കൊള്ളണമെന്നില്ല. അന്നേരം ‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്’ എന്ന മാണിസൂത്രം എത്രത്തോളം രക്ഷക്കത്തെും എന്ന് കണ്ടറിയേണ്ടതാണ്. ദേശീയ രാഷ്ട്രീയത്തിലെ അഭിനവ ചാണക്യനായ അമിത് ഷായുടെ കെണിയില്‍ മാണി വീണുകഴിയുന്നതോടെ അദ്ദേഹത്തിനും മകനും പാര്‍ശ്വവര്‍ത്തികള്‍ക്കും കൈവരിക്കാവുന്ന താല്‍ക്കാലിക നേട്ടങ്ങള്‍ക്കപ്പുറത്ത് മതനിരപേക്ഷ കേരളത്തില്‍ മുഖ്യപ്രതിപക്ഷമായി എന്‍.ഡി.എ ഉയരാനുള്ള സാധ്യതയാണ് ജനാധിപത്യ കക്ഷികളെയും ശക്തികളെയും അസ്വസ്ഥരാക്കേണ്ടത്. യു.ഡി.എഫിന്‍െറ പതനത്തില്‍ സന്തോഷിക്കുന്ന ഇടതുപക്ഷവും സര്‍ക്കാറും ഇങ്ങനെയൊരു മറുവശം കൂടി കാണാതിരുന്നാല്‍ അവരെ കാത്തിരിക്കുന്നത് നല്ല നാളുകളല്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.