രാധിക ഉയര്‍ത്തിയ കൊടി

ആഗസ്റ്റ് 15ന് രാജ്യത്തെമ്പാടും, പ്രാദേശിക ക്ളബുകള്‍ തൊട്ട് രാഷ്ട്രപതി ഭവന്‍വരെ, ലക്ഷക്കണക്കിന് കേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് മഹത്തായ എഴുപതാം സ്വാതന്ത്ര്യദിനം നാം ആഘോഷിച്ചു.  എന്നാല്‍,  ഉയര്‍ന്നു പറന്ന  ഈ മുഴുവന്‍ പതാകകളെക്കാളും രാഷ്ട്രീയമായി ശ്രദ്ധിക്കപ്പെടുന്നതായിരുന്നു, ഗുജറാത്തിലെ ഉനയില്‍, രോഹിത് വെമുലയുടെ അമ്മ രാധിക ഉയര്‍ത്തിയ പതാക. എന്‍െറ ജന്മംതന്നെ ഒരു മഹാദുരന്തമായിരുന്നു എന്നെഴുതിവെച്ച്, ജാതിവിരുദ്ധ പോരാട്ടത്തിന്‍െറ പാതയില്‍ സ്വയം ജീവന്‍ വെടിഞ്ഞവനാണ് രോഹിത് വെമുല. ദലിത്, പിന്നാക്ക സംഘടനകള്‍ കാലങ്ങളായി ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് ജനകീയ ഭാഷ നല്‍കി എന്നതാണ് രോഹിതിന്‍െറ ഏറ്റവും വലിയ സംഭാവന. രോഹിതിന്‍െറ അമ്മയെന്നത് അതിനാല്‍തന്നെ രാജ്യത്തെ ദലിത് ഉണര്‍വുകളുടെ പ്രതീകമായി മാറിയിട്ടുണ്ട്. പശുവിന്‍െറ തോലെടുത്തുവെന്ന് ആരോപിക്കപ്പെട്ട് ദലിത് യുവാക്കള്‍ മര്‍ദിക്കപ്പെട്ടതിനെ തുടര്‍ന്ന്, യുവ ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ദലിത് അത്യാചാര്‍ ലഡത് സമിതിയുടെ ബാനറില്‍ ആഗസ്റ്റ് 10ന് ആരംഭിച്ച പദയാത്രകളുടെ സമാപനമെന്ന നിലക്കാണ് ഉനയില്‍ സ്വാതന്ത്ര്യദിനത്തില്‍ മഹാ റാലി സംഘടിപ്പിക്കപ്പെട്ടത്.

മുഖ്യാധാരാ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ളെങ്കിലും ഉനയിലെ മഹാ റാലി വലിയ രാഷ്ട്രീയ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ പ്രോജക്ടിന്‍െറ പരീക്ഷണശാലയായ ഗുജറാത്തില്‍നിന്നുതന്നെ അതിനെ ആന്തരികമായി ദുര്‍ബലപ്പെടുത്താന്‍ ശേഷിയുള്ള പുതിയ രാഷ്ട്രീയം ഉയര്‍ന്നുവരുന്നുവെന്നതാണ് അതിന്‍െറ പ്രസക്തി. വരേണ്യ ന്യൂനപക്ഷമായ ഹിന്ദുത്വ ബ്രിഗേഡിന്‍െറ  കാലാള്‍പട എന്നതായിരുന്നു ഗുജറാത്തിലെ ദലിതുകളുടെ അവസ്ഥ. സവര്‍ണരുടെ ആട്ടും തുപ്പും അപമാനവും പേറിയുള്ള ഒരുതരം ജീവിച്ചു തീര്‍ക്കലായിരുന്നു അത്. ചത്ത പശുക്കളുടെ തോലെടുത്ത് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അവര്‍ക്കിടയിലുണ്ട്. അത് പോലും സാധ്യമല്ലാത്ത വിധം സാമൂഹിക അപമാനത്തിന് തങ്ങള്‍ വിധേയമാക്കപ്പെടുന്നുവെന്ന തിരിച്ചറിവില്‍നിന്നാണ് ജിഗ്നേഷ് മേവാനിയെപ്പോലുള്ള ചെറുപ്പക്കാര്‍ ഉയര്‍ന്നുവരുന്നത്.

ദലിതുകളെ ജീവിതത്തിന്‍െറ അരികുകളിലേക്ക് മാറ്റി എന്നതുമാത്രമായിരുന്നില്ല ഗുജറാത്തിലെ ദുരന്തം. അവരെ, മുസ്ലിംകള്‍ക്കെതിരായ തങ്ങളുടെ കുടിപ്പക രാഷ്ട്രീയത്തിന്‍െറ ഉപകരണങ്ങളാക്കി ഉപയോഗിക്കുകയും ചെയ്തു മേല്‍പാളി വര്‍ഗം. 2002ലെ ഗുജറാത്ത് മുസ്ലിം വംശ ശുദ്ധീകരണം ദലിതുകളെ ഉപയോഗിച്ചാണ് സംഘ്പരിവാര്‍ നടപ്പാക്കിയത്. മുസ്ലിംകള്‍ക്കെതിരെ ദലിതുകളെ അവര്‍ അസ്ത്രങ്ങളായി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍, ഉന റാലി ആ രാഷ്ട്രീയ തന്ത്രത്തെയും പൊളിക്കുന്നതായിരുന്നു. ദലിത് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഗുജറാത്ത് ഘടകം പരസ്യമായി രംഗത്തുവന്നു. ദലിത് നേതാക്കളോടൊപ്പം മുസ്ലിം നേതാക്കളും വേദി പങ്കിട്ടു. ബഡേ മാസേ കീ ബാത് ഹെ, ദലിത് മുസ്ലിം സാത് ഹെ എന്ന മുദ്രാവാക്യം അവിടെ തടിച്ചുകൂടിയവര്‍ ഉച്ചത്തില്‍ മുഴക്കി. ഇന്ത്യയില്‍ രാഷ്ട്രീയമായി വലിയ ആഴങ്ങളുള്ള മുദ്രാവാക്യമാണിത്.

യഥാര്‍ഥത്തില്‍, ഇന്ത്യയില്‍ ദലിതരെക്കാള്‍ അപകടകരമായ പ്രതിസന്ധിയില്‍ നില്‍ക്കുന്നവരാണ് മുസ്ലിംകള്‍. സച്ചാര്‍ കമ്മിറ്റി ഇത് കണക്കുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ദലിതുകള്‍ക്ക് പീഡനങ്ങളില്‍നിന്ന രക്ഷപ്പെടാന്‍, എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് പോലുള്ള നിയമപരമായ പരിരക്ഷകള്‍ സാങ്കേതികമായെങ്കിലും ഉണ്ട്. എന്നാല്‍, ജന്മം കൊണ്ടുതന്നെ രാഷ്ട്രവിരുദ്ധനും തീവ്രവാദിയുമായി വകതിരിക്കപ്പെടുന്ന മുസ്ലിമിന് അങ്ങനെയൊരു പരിരക്ഷ ഇല്ളെന്നു മാത്രമല്ല, പലപ്പോഴും ഇരട്ട നീതിയുടെ ഇരയായി മാറുകയും ചെയ്യുന്നുണ്ട്. അങ്ങനെയിരിക്കെ, രാഷ്ട്രീയമായി സംഘടിക്കുകയും ശക്തിപ്പെടുകയുമല്ലാതെ മറുവഴികള്‍ ഈ സമൂഹങ്ങള്‍ക്ക് മുന്നിലില്ല എന്നതാണ് വാസ്തവം. അത്തരമൊരു രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചാല്‍ ഉന റാലി സാര്‍ഥകമായി എന്നു പറയാം.

എന്നാല്‍, ഇത്തരം മുന്‍കൈകളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും സ്വാംശീകരിച്ചും ഇല്ലാതാക്കാനുള്ള ശേഷിയും ഹിന്ദുത്വ ബ്രിഗേഡിനുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. ഇന്ത്യയിലെ ദലിത് ഉണര്‍വിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ പലരും ഇന്ന് സംഘ്പരിവാര്‍/എന്‍.ഡി.എ പാളയത്തിലാണ് എന്ന കാര്യം ഓര്‍മയിലുണ്ടാവണം. രാംവിലാസ് പാസ്വാന്‍, ഉദിത് രാജ് തുടങ്ങിയ ദലിത് വിമോചനത്തിന്‍െറ മുന്നണിപ്പടയാളികള്‍ ഇന്ന് ബി.ജെ.പിയോടൊപ്പമാണ്. സാക്ഷാല്‍ അംബേദ്കറൈറ്റ് ചിന്തകള്‍ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ട റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ഒരു പ്രബല വിഭാഗം പോലും ഇന്ന് എന്‍.ഡി.എ ഘടകകക്ഷിയാണ്. ജിതന്‍ റാം മാഞ്ചി മുതല്‍ സി.കെ ജാനു വരെയുള്ള അനുഭവങ്ങള്‍ വേറെയുമുണ്ട്. പതിതരായ ഒരു ജനതയെ വിലക്കെടുക്കാനുള്ള വരേണ്യ വര്‍ഗത്തിന്‍െറ കൗശലത്തെക്കൂടിയാണ് ഇതൊക്കെ കാണിക്കുന്നത്. അത്തരമൊരു പശ്ചാത്തലത്തില്‍, ഉനയില്‍ നടന്ന റാലി രാഷ്ട്രീയമായി ഏറെ പ്രസക്തമായിരിക്കെ തന്നെ, അതില്‍ അമിത പ്രതീക്ഷയര്‍പ്പിക്കാനും കഴിയില്ല എന്നതാണ് വാസ്തവം. എങ്കിലും ആ റാലിയുടെ രാഷ്ട്രീയ ഉള്ളടക്കം ഏറെ പ്രധാനവും നമ്മുടെ ജനാധിപത്യത്തെ ആന്തരികമായി ശക്തിപ്പെടുത്താന്‍ ശേഷിയുള്ളതുമാണ്. അതിനെ പ്രബലപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോവാനും പുരോഗമന ജനാധിപത്യ ശക്തികള്‍ ശ്രമിക്കുകയാണ് വേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.