ആംനസ്റ്റിക്ക് എതിരെയും രാജ്യദ്രോഹക്കുറ്റമോ?

അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമായി രാഷ്ട്രാന്തരീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ എന്ന സന്നദ്ധസംഘടനയുടെ ഇന്ത്യന്‍ ഘടകത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതും അതിന്‍െറ സാമ്പത്തികസ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതും രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കരിനിഴലിലാണെന്ന വ്യാപക പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ്. ജമ്മു-കശ്മീരില്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാകുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയുടെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമം 124-എ വകുപ്പനുസരിച്ച് ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ആംനസ്റ്റിയുടെ 2015ലെ റിപ്പോര്‍ട്ടില്‍ പേരെടുത്തുപറഞ്ഞ പീഡന ഇരകള്‍ താഴ്വരയില്‍നിന്ന് ബംഗളൂരുവരെ യാത്രചെയ്ത് എത്തിയത് തങ്ങള്‍ നേരിട്ട അതിക്രമങ്ങളും ക്രൂര പീഡനങ്ങളും സദസ്സുമായി പങ്കുവെക്കാനായിരുന്നു. കശ്മീരി പണ്ഡിറ്റുകളും പരിപാടിയിലേക്ക്് ക്ഷണിക്കപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ ധാരാളമായി പങ്കെടുത്ത പരിപാടിയുടെ അവസാനം ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങള്‍ നടന്നതിനെ തുടര്‍ന്ന്  ഒരു വിഭാഗം ‘ആസാദി’ മുദ്രാവാക്യം വിളിച്ചതായി പറയപ്പെടുന്നു. കശ്മീരി പണ്ഡിറ്റ് നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ  ആര്‍.കെ.  മാട്ടു, ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള പട്ടാളമാണ് ഇന്ത്യയുടേതെന്ന് പറഞ്ഞതോടെയാണത്രെ ഒരു വിഭാഗം കശ്മീരികള്‍ പ്രകോപിതരായതും മുദ്രാവാക്യങ്ങള്‍ മുഴക്കിയതും. അതോടെ, ആര്‍.എസ്.എസിന്‍െറ വിദ്യാര്‍ഥിവിഭാഗമായ എ.ബി.വി.പി ‘ദേശവിരുദ്ധര്‍ക്ക്’ എതിരെ രംഗത്തുവരുകയും പൊലീസില്‍ ‘രാജ്യദ്രോഹപ്രവര്‍ത്തനങ്ങളെ’ക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു.

പരിപാടിയെക്കുറിച്ച് പൊലീസിനെ  മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും ഭരണഘടനാമൂല്യങ്ങള്‍ സംവാദത്തിനു വിടുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ആംനസ്റ്റിയുടെ വക്താക്കള്‍ വിശദീകരിക്കുന്നു. ‘യഥാര്‍ഥ രാജ്യസ്നേഹികളു’ടെ എണ്ണം നാട്ടില്‍ പെരുകിയതോടെയാണ് എന്തിനും ഏതിനും രാജ്യദ്രോഹ മുദ്രകുത്തി വിയോജിപ്പിന്‍െറയും എതിര്‍പ്പിന്‍െറയും ശബ്ദം അടിച്ചമര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ധാര്‍ഷ്ട്യം കാണിക്കാന്‍ തുടങ്ങിയത്. ഡല്‍ഹി ജവഹല്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലും  ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്സിറ്റിയിലും സംഭവിച്ചതുപോലെ, എ.ബി.വി.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിന്മേലാണ് ആംനസ്റ്റിക്കെതിരെ എഫ്.ഐ.ആര്‍ തയാറാക്കിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ വാഴ്ചക്കാലത്ത് ആര്‍.എസ്.എസിന്‍െറ വിദ്യാര്‍ഥികള്‍ ആജ്ഞാപിക്കുന്നത് അനുസരിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറും മുന്നോട്ടുവന്നത് അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യം ചവിട്ടിയരക്കുന്നതില്‍ ഭരണകൂടങ്ങളെല്ലാം ഒരേ തൂവല്‍പക്ഷികളാണ് എന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു. ബ്രിട്ടീഷ് ഭരണകൂടം ദേശീയനേതാക്കളുടെ നാവരിയാനും തൂലിക പിടിച്ചുവാങ്ങാനും ജയിലുകള്‍ നിറക്കാനും ദുരുപയോഗം ചെയ്തത് രാജ്യദ്രോഹത്തിന്‍െറ ഈ ഉമ്മാക്കിയായിരുന്നു.  തങ്ങള്‍ക്ക് അലോസരപ്പാടുണ്ടാക്കുന്ന ശബ്ദം ഉയരാന്‍ പാടില്ല എന്ന ദുശ്ശാഠ്യമാണ് തരവും സന്ദര്‍ഭവും കിട്ടുമ്പോഴൊക്കെ, ഇന്ത്യ പോലൊരു ജനായത്തക്രമത്തില്‍ എന്നോ വലിച്ചെറിയേണ്ട ഒരു നിയമവ്യവസ്ഥ പൊടിതട്ടിയെടുത്ത് പ്രയോഗിക്കാന്‍ സര്‍ക്കാറുകള്‍ക്ക് പ്രേരണയാകുന്നത്.

ബ്രാഹ്മണ്യത്തില്‍നിന്നുള്ള മോചനത്തിനായി  ഉണര്‍ത്തുപാട്ടുമായി വന്ന കനയ്യ കുമാറിനും സര്‍ക്കാറിന്‍െറ മദ്യനയത്തെ വിമര്‍ശിച്ച കോവനും സംവരണം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഹാര്‍ദിക് പട്ടേലിനും അഴിമതിക്കാര്‍ക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച അസീം ത്രിവേദിക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഭരണകൂടം ഐ.പി.സി 124-എ വകുപ്പാണ് ദുര്‍വിനിയോഗം ചെയ്തതെന്ന് അറിയുമ്പോഴാണ് എത്ര കിരാതമാണ് ഈ നിയമവ്യവസ്ഥയെന്ന് തിരിച്ചറിയപ്പെടുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു നിരപരാധികള്‍ ഇങ്ങനെ കുറ്റം ചുമത്തപ്പെട്ട് തുറുങ്കിലടക്കപ്പെട്ടിട്ടുണ്ട്.

ആംനസ്റ്റിക്കെതിരായ ഇപ്പോഴത്തെ നീക്കം കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരമാവാനാണ് സാധ്യത. അല്ളെങ്കില്‍ കേന്ദ്രത്തിന്‍െറ പ്രീതി നേടാനുള്ള കോണ്‍ഗ്രസുകാരുടെ തരംതാണ നടപടി.  ഏതായാലും, കശ്മീര്‍ താഴ്വരയുടെ യഥാര്‍ഥ ചിത്രം ലോകമറിയുന്നത് തടയുക എന്നത് മോദിസര്‍ക്കാറിന്‍െറ ആവശ്യമാണ്. കശ്മീരിന്‍െറ കാര്യത്തില്‍ ഒട്ടകപ്പക്ഷിനയമാണ് മോദി പിന്തുടരുന്നത്. അതുകൊണ്ടാണ്, ഇതാദ്യമായി ഒരു സന്നദ്ധസംഘടനക്കെതിരെ കരിനിയമം ചാര്‍ത്തിയതും തുടര്‍വേട്ടക്ക് വാതില്‍ തുറന്നിട്ടതും.  സദസ്സില്‍നിന്നാരെങ്കിലും മുദ്രാവാക്യം മുഴക്കിയതിന് ആംനസ്റ്റിക്ക് എന്തുപിഴച്ചു? അങ്ങനെ ഒരു മുദ്രാവാക്യം വിളിച്ചെന്നു കരുതി തകരുന്നതാണോ നമ്മുടെ രാജ്യത്തിന്‍െറ പരമാധികാരവും അഖണ്ഡതയുമൊക്കെ. ബ്രിട്ടീഷ് കോളനിശക്തികള്‍ ഇന്ത്യന്‍ ജനതയെ വരിഞ്ഞുമുറുക്കി അടിമകളാക്കിനിര്‍ത്താന്‍ ഉപയോഗിച്ച അതേ കാടന്‍ വ്യവസ്ഥ ഇപ്പോഴും നാടന്‍ സായിപ്പന്മാര്‍ പൗരന്മാര്‍ക്കെതിരെ ആയുധമായെടുക്കുമ്പോള്‍ അതിനെതിരെയാണ് രാജ്യമൊട്ടുക്കും ശബ്ദമുയരേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.