മന്ത്രിസഭാ വികസനത്തിലൂടെ നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്്

ഭരണകാര്യങ്ങളില്‍ ആര്‍ക്കും ചോദ്യംചെയ്യാന്‍ സാധ്യമല്ലാത്തതാണ് തന്‍െറ അപ്രമാദിത്വമെന്നും കേന്ദ്രമന്ത്രിസഭയുടെ ഭാവി നിശ്ചയിക്കുന്നതില്‍ തന്‍െറ ഹിതമാണ് അവസാനവാക്കെന്നും ഒരിക്കല്‍ക്കൂടി സമര്‍ഥിക്കാന്‍ അവസരം നല്‍കുന്നതായി മോദി മന്ത്രിസഭയുടെ രണ്ടാമത്തെ മന്ത്രിസഭാ വികസനം. 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും അഞ്ചുപേരെ ഒഴിവാക്കിയും നടത്തിയ പുന$സംഘടനയുടെ എടുത്തുപറയേണ്ട സവിശേഷത ചില സുപ്രധാന വകുപ്പുകളില്‍ നടത്തിയ അപ്രതീക്ഷിത മാറ്റങ്ങളാണ്. മോദിമന്ത്രിസഭയിലെ ‘ഗ്ളാമര്‍ ഗേളും’ മാനവവിഭവശേഷി മന്ത്രിയുമായ സ്മൃതി ഇറാനിയെ തല്‍പദവിയില്‍നിന്ന് മാറ്റി ആ കസേര ഇതുവരെ സഹമന്ത്രിയായിരുന്ന പ്രകാശ് ജാവ്ദേക്കര്‍ക്ക് നല്‍കിയത് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചു. സ്മൃതിയെ തരംതാഴ്ത്തിയതും ജാവ്ദേക്കര്‍ക്ക് കാബിനറ്റ് പദവി നല്‍കി ഉയര്‍ത്തിയതും വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ്് കൈമാറുന്നത്.

മോദി മന്ത്രിസഭയെ മാത്രമല്ല, ഹിന്ദുത്വ രാഷ്ട്രീയത്തത്തെന്നെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയ ജെ.എന്‍.യു, ഹൈദരാബാദ് യൂനിവേഴ്സിറ്റി വിവാദങ്ങള്‍ ഇമ്മട്ടില്‍ വഷളാക്കിയതിനു പിന്നില്‍ സ്മൃതിയുടെ പരിചയക്കുറവും ദുശ്ശാഠ്യവും അനവധാനതയും വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് പല കോണുകളില്‍നിന്നും വിമര്‍ശമുയര്‍ന്നിരുന്നു. അതേസമയം, മാനവവിഭവശേഷി വകുപ്പ് കാര്യക്ഷമമായി കൊണ്ടുനടക്കാനോ അനിവാര്യമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാനോ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ അവര്‍ക്ക് സാധിച്ചതുമില്ല. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നിരിക്കെ, ആ വിഭാഗത്തെ ഉന്നമിട്ടുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ രാഷ്ട്രീയാഭ്യാസമെന്ന വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞു. യു.പിയിലും മധ്യപ്രദേശിലുമൊക്കെ ബി.ജെ.പിയുടെ രാഷ്ട്രീയ ഗ്രാഫ് കുത്തനെ താഴോട്ടുവരുന്നത് കണ്ടുകൊണ്ടുള്ള സംഭ്രാന്തിജനകമായ പ്രതികരണം എന്നാണ്  കോണ്‍ഗ്രസ് മോദിയുടെ നീക്കത്തെ വിശേഷിപ്പിച്ചത്. സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയുമൊക്കെ മന്ത്രിസഭാ വികസനത്തില്‍ രാഷ്ട്രീയം മാത്രമേ കാണുന്നുള്ളൂ.

പ്രാപ്തരും കേമന്മാരുമായ മന്ത്രിമാരുടെ കുറവ് പരിഹരിക്കാന്‍ പ്രധാനമന്ത്രി മോദിയുടെ കൈയില്‍ ഇന്ദ്രജാലമൊന്നുമില്ല എന്ന യാഥാര്‍ഥ്യത്തെ ഒരിക്കല്‍ക്കൂടി അംഗീകരിക്കേണ്ടിവരുന്നു. 1977ലെ ജനതാപാര്‍ട്ടി മന്ത്രിസഭയുടെയും വാജ്പേയി നേതൃത്വം നല്‍കിയ ഒന്നാം എന്‍.ഡി.എ സര്‍ക്കാറിന്‍െറയും ഏറ്റവും വലിയ കരുത്ത് പ്രഗല്ഭരും അനുഭവസമ്പന്നരുമായ നേതാക്കളുടെ സാന്നിധ്യമായിരുന്നു. ആ നിലയില്‍ നോക്കുമ്പോള്‍ മോദിമന്ത്രിസഭയില്‍ പേരെടുത്തുപറയാന്‍ പറ്റുന്നവര്‍ അംഗുലീപരിമിതമാണ്. ആ പരിമിതിയാണ് സുപ്രധാന വകുപ്പുകളില്‍ ഇളക്കിപ്രതിഷ്ഠ അനിവാര്യമാക്കിത്തീര്‍ക്കുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇത്രയുംനാള്‍ കൈകാര്യംചെയ്ത വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പ് വെങ്കയ്യനായിഡുവിനെ ഏല്‍പിക്കേണ്ടിവന്നിരിക്കുകയാണ്. ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിന്  നിയമകാര്യം തിരിച്ചുകൊടുത്തത് സദാനന്ദ ഗൗഢക്ക് ഈ വകുപ്പ് വഴങ്ങില്ളെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം. ഏകാധിപത്യപ്രവണത രക്തത്തിലലിഞ്ഞുചേര്‍ന്ന നരേന്ദ്ര മോദിയുടെ ‘പ്രസിഡന്‍ഷ്യല്‍’ ഭരണശൈലിക്ക് ഇണങ്ങുന്നതാണ് ശരാശരിക്കും താഴെനില്‍ക്കുന്ന മന്ത്രിമാരുടെ നിര. അഞ്ചുപേരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത് ‘പരിധിവിട്ട് പെരുമാറിയതു’ കൊണ്ടാണെന്നാണ് എന്‍.ഡി.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, രാഷ്ട്രീയമര്യാദ വിസ്മരിച്ച് വര്‍ഗീയത തീതുപ്പി വിവാദങ്ങള്‍ക്ക് തിരികൊളുത്താറുള്ള സാധ്വി നിരഞ്ജന്‍ ജ്യോതി, ഗിരിരാജ് സിങ്, മഹേഷ് ശര്‍മ, വി.കെ. സിങ് തുടങ്ങിയവരെ സ്പര്‍ശിക്കാന്‍ മോദി കൂട്ടാക്കാതിരുന്നത് ഹിന്ദുത്വപ്രത്യയശാസ്ത്രം അവരുടെ പിന്തുണക്കുണ്ട് എന്നതുകൊണ്ടാവാനേ തരമുള്ളൂ.

രാഷ്ട്രീയ പരിഗണനയിലൂന്നി, ജാതി, ഉപജാതി വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ മന്ത്രിമാരുടെ എണ്ണം എണ്‍പതിലത്തെിയിരിക്കുകയാണ്. ഇപ്പോഴത്തെ വികസനത്തില്‍ 19 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ ഇതില്‍ 17 പേരും ഇതുവരെ സംസ്ഥാനതലത്തില്‍പോലും മന്ത്രിക്കസേര കാണാത്തവരാണ്. നേരത്തേതന്നെ മതിയായ പ്രാതിനിധ്യമുള്ള യു.പി, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് മുമ്മൂന്നു പേരെയാണ് വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉത്തര്‍പ്രദേശില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ എണ്ണം പതിനാറായി. പ്രാദേശിക സന്തുലിതത്വം എന്ന അടിസ്ഥാനവശം പാടേ വിസ്മരിക്കപ്പെട്ട മറ്റൊരു കേന്ദ്രമന്ത്രിസഭ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാവില്ല. 125 കോടി ജനം അധിവസിക്കുന്ന ഒരു രാജ്യത്തിന്‍െറ ഭരണസംവിധാനം  ക്ഷണിക രാഷ്ട്രീയ താല്‍പര്യങ്ങളും സങ്കുചിത കാഴ്ചപ്പാടും മുന്‍നിര്‍ത്തി മാത്രമാകുമ്പോള്‍ കാര്യക്ഷമമായ ഭരണത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍തന്നെ അസ്തമിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.