ജാതി ഭീകരതക്കെതിരെ ഉയരുന്ന ദലിത്രോഷം

ഇന്ത്യയിലെ അധ:സ്ഥിത ജനവിഭാഗത്തിന്‍െറ സാമൂഹികോല്‍ക്കര്‍ഷത്തിനുവേണ്ടി ആയുസ്സും വപുസ്സും ത്യജിച്ച ബാബാ സാഹെബ് അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം കെങ്കേമമായി കൊണ്ടാടാന്‍ കേന്ദ്രസര്‍ക്കാര്‍ വിപുലപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനിടയില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ക്കുനേരെ നടമാടുന്ന കൊടിയ പീഡനങ്ങള്‍ക്കെതിരെ ദലിതുകളുടെ ഭാഗത്തുനിന്ന് ഉയരുന്ന ശക്തമായ രോഷം കാണുമ്പോള്‍ അംബേദ്കറുടെ ആത്മാവ് ആഹ്ളാദിക്കുന്നുണ്ടാവണം. കാരണം, ആ ദലിത് വിമോചകന്‍െറ പതറാത്ത ഇച്ഛാശക്തികൊണ്ട് ഭരണഘടനയില്‍ അധ:സ്ഥിതന്‍െറ സാമൂഹികമേല്‍ഗതിക്കായി ഒട്ടേറെ വ്യവസ്ഥകള്‍ എഴുതിവെച്ചിട്ടും സ്വാതന്ത്ര്യത്തിന്‍െറ ഏഴുപതിറ്റാണ്ടിലേക്ക് കടക്കുന്ന നമ്മുടെ രാജ്യത്ത് ദലിത് പീഡനം തുടര്‍ക്കഥയായോ പേക്കിനാവായോ ഇന്നും നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ ഈ വിഭാഗത്തിനുവേണ്ടി ഭരണ-പ്രതിപക്ഷ ചേരിയിലെ നേതാക്കള്‍ ഒരു പാട് കണ്ണീര്‍ പൊഴിച്ചു. ഗുജറാത്തിലെ  ഗിര്‍സോമനാഥ് ജില്ലയിലെ ഊന ടൗണിനടുത്തുള്ള മോട്ട സമാധിയാല ഗ്രാമത്തില്‍ ചത്ത പശുവിന്‍െറ തോല്‍ ഉരിയാന്‍ ശ്രമിച്ച നാല് ദലിത് യുവാക്കളെ ‘ഗോസംരക്ഷകര്‍’ നഗ്നരാക്കി മര്‍ദിക്കുകയും, തുടര്‍ന്ന് ആത്മാഹുതി അടക്കമുള്ള പ്രതിഷേധരീതികള്‍ ഈ നിസ്സഹായര്‍ സ്വീകരിക്കുകയും ചെയ്ത വിവാദ സംഭവപരമ്പര ഇരുസഭകളിലും ചര്‍ച്ചക്കത്തെിയപ്പോഴാണ് കക്ഷിപക്ഷങ്ങള്‍ മറന്ന്, ദലിതര്‍ക്ക് വേണ്ടി വേപഥുതൂവിയത്.

ഗോസംരക്ഷണത്തിന്‍െറ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മാതൃകാസംസ്ഥാനമായി’ വളര്‍ത്തിയെടുത്ത ഗുജറാത്തില്‍ ഏതാനും ദലിതുകളെ നിഷ്ഠുരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. പശുക്കള്‍ക്കുവേണ്ടി വാദിക്കാനും പോരാടാനും നമ്മുടെ രാജ്യത്ത് ആളുകളുണ്ട്. ചത്താല്‍പോലും പശുവിനെ അസ്പര്‍ശ്യന്‍ തൊടരുത് എന്ന് പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്‍െറ വക്താക്കളാണ് കേന്ദ്രവും ഗുജറാത്തുമൊക്കെ ഭരിക്കുന്നത്. കൊടിയപീഡനങ്ങള്‍ക്കുശേഷവും ഒരു നിലക്കും നീതി ലഭിക്കാന്‍ പോകുന്നില്ല എന്ന അനുഭവസാക്ഷ്യങ്ങളാണ് നൈരാശ്യത്തിലേക്കും അതുവഴി ആത്മഹത്യയിലേക്കും ദലിതരെ കൊണ്ടത്തെിച്ചത്.

കീടനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പത്തുപേരില്‍ ഒരാള്‍ ഇതിനകം മരിച്ചു. ദലിതര്‍ക്കുനേരെയുള്ള അക്രമസംഭവങ്ങള്‍, വാര്‍ത്താമൂല്യം നഷ്ടപ്പെടുംവിധം പതിവായിരിക്കുകയാണ് രാജ്യമൊട്ടുക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍െറ വിഭാതവേളയിലും അസ്പര്‍ശ്യരും മ്ളേച്ഛരുമായാണ് സവര്‍ണസാമൂഹിക വ്യവസ്ഥ ഈ ജനവിഭാഗത്തെ കാണുന്നത്. മുന്‍ യു.പി മുഖ്യമന്ത്രിയും ബി.എസ്്.പി നേതാവുമായ മായാവതിക്കെതിരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങ് കഴിഞ്ഞദിവസം നടത്തിയ അറപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍, ജാതീയത പരുവപ്പെടുത്തിയ കെട്ടുനാറിയ സാമൂഹിക മനോഘടനയുടെ ബഹിര്‍സ്ഫുരണമായേ കാണാനാവൂ. നാലുതവണ മുഖ്യമന്ത്രിപദത്തിലിരുന്ന ഒരു സ്ത്രീയായിരുന്നിട്ടും മായാവതിയെ ലൈംഗിക തൊഴിലാളിയോട് ഉപമിക്കാന്‍ ബി.ജെ.പി നേതാവിനു ധൈര്യമുണ്ടായത്, അത്തരം വിചാരഗതികളെ താലോലിക്കുന്ന സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്നതിനാലാണ്. പശുവിറച്ചി തിന്നു എന്നാരോപിച്ച് ഒരു മനുഷ്യനെ അടിച്ചുകൊന്നിട്ടും അതിനു ന്യായീകരണം നിരത്തുന്ന ഒരു പ്രത്യയശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. ഗുജറാത്തില്‍ ഇതാദ്യമല്ല, പശുവിന്‍െറ പേരില്‍ ദലിതുകള്‍ ആക്രമിക്കപ്പെടുന്നത്. ഇരകളുടെ സ്ഥാനത്ത് ദലിതനോ മുസ്ലിമോ ആണെങ്കില്‍ നിയമത്തിന്‍െറ കരങ്ങള്‍ നീളില്ളെന്നും നീതിന്യായവ്യവസ്ഥ നിശ്ചേതനമാവുമെന്നും അക്രമികള്‍ക്കും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കും നന്നായറിയാം. ദലിതര്‍ക്ക് ഇപ്പോഴും ക്ഷേത്രങ്ങളില്‍ പ്രവേശമില്ല. പൊതുശ്മശാനത്തില്‍ ജഡങ്ങള്‍ സംസ്കരിക്കാന്‍ അവകാശമില്ല. ഭൂരഹിതനായ ഈ ഹതാശയര്‍ സ്വന്തം കുടിലിന്‍െറ ഓരത്ത് കുഴിവെട്ടിവേണം ശവദാഹം പൂര്‍ത്തിയാക്കാന്‍.

സാമൂഹികമായ ഇത്തരം അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും എതിരെ ശബ്ദിക്കുന്നതുപോലും വന്‍ അപരാധമായി കാണുന്ന ഒരു പൊതുബോധം വളര്‍ത്തിയെടുക്കുന്നതില്‍ ഭരണവര്‍ഗവും സവര്‍ണനേതൃത്വവും മുഖ്യധാരാ മാധ്യമങ്ങളുമൊക്കെ വിജയിച്ചിരിക്കുന്നു എന്നതാണ് നമ്മുടെ നാടിന്‍െറ വിധി. സമൂഹത്തിന്‍െറ പുറമ്പോക്കില്‍ വലിച്ചെറിയപ്പെട്ട ദലിത്സമൂഹം ഒരു ഉണര്‍വിന്‍െറ വക്കിലാണെന്ന് രോഹിത് വെമുലയുടെ രക്തസാക്ഷിത്വം ലോകത്തെ ഓര്‍മപ്പെടുത്തിയ വര്‍ത്തമാനകാല ദശാസന്ധിയിലാണ് ഗുജറാത്തില്‍ പീഡനങ്ങള്‍ക്കെതിരെ ദലിത് രോഷം ആളിപ്പടരുന്നത്. ഭരിക്കുന്നവര്‍ക്കും അധ$സ്ഥിതരെ സഹസ്രാബ്ദങ്ങളായി അടിമകളാക്കിവെച്ചവര്‍ക്കും ഇതില്‍ മുന്നറിയിപ്പുണ്ട്. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍െറ രചയിതാവായ ജെഫേഴ്സന്‍ കറുത്തവര്‍ഗക്കാരെ കുറിച്ച് പരാമര്‍ശിക്കവെ നടത്തിയ ഈ നിരീക്ഷണം ഓര്‍ക്കേണ്ട സമയം: ‘രാജ്യത്തിന്‍െറ മന$സാക്ഷി അപ്പാടെ മരിച്ചുപോയിട്ടില്ളെന്നും ധര്‍മരോഷത്തിന്‍െറ അഗ്നിജ്വാലകള്‍ ഒരുദിവസം ആളിപ്പടരുമെന്നും അറിയുന്നത് ചെറുതല്ലാത്ത സുഖം നല്‍കുന്നു.’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT