ഒ.ഡി.എഫ് അഥവാ തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനമുക്തമായ സംസ്ഥാനമായി കേരളത്തെ, കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു മുമ്പുതന്നെ പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ നീക്കം അഭിനന്ദനീയമാണ്. കൊച്ചു സംസ്ഥാനമായ സിക്കിം മാത്രമാണിപ്പോള്‍ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹിമാചല്‍ പ്രദേശും ഉടനെ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കാനിരിക്കെ അതിനെ മുന്‍കടന്ന് കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതാവാനുള്ള കേരളത്തിന്‍െറ ശ്രമം വിജയിക്കാതിരിക്കാന്‍ കാരണങ്ങളില്ല. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഇതിനകം ‘വെളിക്കിരിക്കലില്‍’നിന്ന് മുക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്്.
ആലപ്പുഴ, കൊല്ലം, മലപ്പുറം ജില്ലകള്‍കൂടി പട്ടികയില്‍ സ്ഥലംപിടിക്കാന്‍ ദിവസങ്ങള്‍ മതി. വയനാട്, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം താമസം നേരിടുന്നത്. ആ പ്രശ്നങ്ങളും പക്ഷേ, ഉടനടി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. മൊത്തം 1,75,084 ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടേടത്ത് 1,54,764 എണ്ണം പണിപൂര്‍ത്തിയായതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ മോദി രാജ്യത്തിന് നല്‍കിയ ഉറപ്പ് പ്രകാരം 2019 ഒക്ടോബര്‍ രണ്ടിന് മുമ്പായി ഇന്ത്യ മൊത്തം തുറന്ന വിസര്‍ജനമുക്തമായിത്തീരേണ്ടതാണ്.
അതിനായി അദ്ദേഹം ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ നിശ്ചിത സമയത്ത് ലക്ഷ്യം കൈവരിക്കണമെങ്കില്‍, 52.1 ശതമാനം വരുന്ന ഗ്രാമീണ ഇന്ത്യയില്‍ ശൗചാലയങ്ങള്‍ പണിയേണ്ടതുണ്ടെന്നാണ് 2015ലെ കണക്ക്. ലോകത്തിലെ പരമ ദരിദ്രരാജ്യങ്ങളില്‍പോലും സ്ഥിതി ഇത്രത്തോളം പരിതാപകരമല്ല. ബംഗ്ളാദേശില്‍ വെറും അഞ്ചു ശതമാനം ഗ്രാമീണരാണ് തുറന്ന സ്ഥലത്ത് വിസര്‍ജനം ചെയ്യുന്നത്; ആഫ്രിക്കയിലെ ദരിദ്രമേഖലപോലും ഇന്ത്യയേക്കാള്‍ ഭേദമാണ്. ഇന്ത്യയിലെ ശൗചാലയരഹിതരായ 77 കോടി 40 ലക്ഷം ജനങ്ങളെ അണിനിരത്തിയാല്‍ ഭൂമിയില്‍നിന്ന് ചന്ദ്രനും കടന്നുപോവാന്‍ മാത്രം ദൈര്‍ഘ്യമുണ്ടാവും എന്നൊരു തമാശതന്നെ പ്രചാരത്തിലുണ്ട്.
അതുകൊണ്ടാണ് തന്‍െറ സ്വച്ഛ് ഭാരത് അഭിയാന് മുന്തിയ പരിഗണന പ്രധാനമന്ത്രി നല്‍കുന്നതും ശൗചാലയ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനങ്ങളെ പരമാവധി പ്രേരിപ്പിക്കുന്നതും. നേരത്തത്തേന്നെ വ്യക്തിപരമായ ശുചിയുടെ കാര്യത്തില്‍ മുന്‍നിരയിലുള്ള കേരളം ശൗചാലയ നിര്‍മാണത്തില്‍ മറ്റ് സംസ്ഥാനങ്ങളെ സമയത്തിനുമുമ്പേ പിന്നിലാക്കുന്നതില്‍ ആശ്വസിക്കാന്‍ തീര്‍ച്ചയായും വകയുണ്ട്. ആന്ധ്രയും ഗുജറാത്തുമാണ് ഇക്കാര്യത്തില്‍ ലക്ഷ്യപ്രാപ്തിയുടെ അടുത്തേക്ക് നീങ്ങുന്ന മറ്റു രണ്ട് സംസ്ഥാനങ്ങള്‍.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യരുടെ മുന്നില്‍ പറയാന്‍പോലും ലജ്ജിക്കേണ്ട പ്രശ്നമാണ് തുറന്ന സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം. ദാരിദ്ര്യമാണ് മുഖ്യകാരണമെങ്കില്‍കൂടി ഇന്ത്യക്കാരുടെ പൗരബോധത്തിന്‍െറ അഭാവവും സര്‍ക്കാറുകളുടെ കുറ്റകരമായ അനാസ്ഥയുമാണ് ഈ പതനത്തില്‍ രാജ്യത്തെ എത്തിച്ചത്. മനുഷ്യര്‍ മലം ചുമന്നു കൊണ്ടുപോവുന്ന അപൂര്‍വ രാജ്യങ്ങളിലൊന്ന് എന്ന ‘ബഹുമതി’യും നാം നേടിയെടുത്തു! ഈ ദു$സ്ഥിതി എത്രയും വേഗം അവസാനിപ്പിച്ചേ പറ്റൂ എന്ന ഏറെ വൈകിയ തീരുമാനം എന്തുവിലകൊടുത്തും വിജയിപ്പിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്‍െറയും ചുമതലയാണ്. ശൗചാലയങ്ങളുടെ നിര്‍മാണത്തില്‍ ലക്ഷ്യംനേടാന്‍ പോവുന്ന കേരളം, അതേസമയം സാമൂഹിക ശുചിത്വകാര്യത്തില്‍ അത്രയൊന്നും അഭിമാനാര്‍ഹമായ സ്ഥിതിയിലല്ളെന്ന സത്യം തിരിച്ചറിഞ്ഞേ തീരൂ.
പൊതു ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വളരെ പിന്നിലാണ് കേരളീയരെന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍മാത്രം പോയിനോക്കിയാല്‍ മതി. മൂത്രനാറ്റം കൊണ്ട് പരിസരത്ത് നില്‍ക്കാനാവാത്ത സ്ഥിതിയാണ് മിക്കയിടത്തും. ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന വഴിപോക്കരെ സാക്ഷിനിര്‍ത്തി പൊതുസ്ഥലങ്ങളിലും റോഡുകളിലും കുത്തനെ നിന്ന് മൂത്രമൊഴിക്കുന്ന മാന്യന്മാര്‍ പതിവ് കാഴ്ചമാത്രം. നഗരങ്ങളില്‍ പ്രധാന കേന്ദ്രങ്ങളില്‍ നിര്‍മിതമായ പൊതു ശൗചാലയങ്ങള്‍ മലീമസമാക്കുന്നത്് പൊതുസമൂഹം തന്നെയാണ്.
ദുരുപയോഗം മൂലം മിക്കതും അടച്ചിടേണ്ടിവന്നിരിക്കുന്നു. മഹാവിപ്ളവമായി ആരംഭിച്ച ഇ-ടോയ്ലറ്റുകള്‍ വെറും നോക്കുകുത്തികളാവാന്‍ ദിവസങ്ങള്‍ മതിയായി. കക്കൂസ് മാലിന്യങ്ങള്‍ ഇരുട്ടിന്‍െറ മറവില്‍ വഴിയോരങ്ങളിലും പുഴയോരങ്ങളിലും വലിച്ചെറിയുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഇങ്ങനെപോയാല്‍ ശൗചാലയ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കക്കൂസ് മാലിന്യങ്ങള്‍കൊണ്ട് നടക്കാന്‍പറ്റാത്ത സ്ഥിതിയാവുമെന്ന് പേടിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും റെസിഡന്‍റ്സ് അസോസിയേഷനുകളും നിയമപാലകരും സഹകരിച്ച് ഈ സാമൂഹിക വിരുദ്ധരെ പിടിച്ചുകെട്ടാതെ രക്ഷയില്ല. മാലിന്യജന്യ രോഗങ്ങള്‍ പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് അനുദിനം പെരുകാന്‍ മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. പൗരബോധമാണ് സാമൂഹിക പുരോഗതിക്ക് പ്രാഥമികമായി വേണ്ടത് എന്ന് നാം തിരിച്ചറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.