രാജ്യദ്രോഹവും അപകീര്‍ത്തിയും സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കുമേല്‍ ചുമത്താവുന്ന കുറ്റങ്ങളല്ളെന്ന സുപ്രീംകോടതി തീര്‍പ്പ് ജനാധിപത്യ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ്. കോമണ്‍കോസ് എന്ന സന്നദ്ധസംഘടനയും എസ്.പി. ഉദയകുമാറും സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ വിധിപറയവേ ജസ്റ്റിസുമാരായ ദീപക് മിശ്രയും യു.യു. ലളിതും ഊന്നിപ്പറഞ്ഞത്, നേരത്തേ കേദാര്‍നാഥ് കേസില്‍ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് നല്‍കിയ തീര്‍പ്പ് നിലനില്‍ക്കുന്നുവെന്നാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ്, അക്രമമോ അക്രമത്തിനുള്ള പ്രേരണയോ ഉള്‍ക്കൊള്ളുന്ന ചെയ്തികള്‍ക്കേ ബാധകമാകൂ എന്നാണ് 1962ല്‍ കേദാര്‍നാഥ് കേസില്‍ കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്. ഇതിന്‍െറ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയ ഇപ്പോഴത്തെ ഹരജിയിലെ വാദം അംഗീകരിച്ച കോടതി സര്‍ക്കാറുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കാന്‍ വെവ്വേറെ ഹരജികള്‍ വേണമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സ്വാതന്ത്ര്യം കിട്ടി ഇത്രയായിട്ടും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് കോടതിയില്‍നിന്ന് ഇത്തരം വിശദീകരണം വേണ്ടിവന്നത്, ഭരണഘടനക്കുമേല്‍ അധികാരത്തെയാണ് അവര്‍ വിലമതിക്കുന്നത് എന്നതിന് തെളിവാണ്. അടുത്തകാലത്തായി നിസ്സാര വിയോജിപ്പുകള്‍ക്കുപോലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന പ്രവണത കൂടിയിട്ടുണ്ട്. ചര്‍ച്ചായോഗങ്ങളുടെയും സംവാദങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും കാര്‍ട്ടൂണുകളുടെയും പേരിലൊക്കെ ഈ വകുപ്പ് ചുമത്തുന്നു. 2014ല്‍ മാത്രം ഇത്തരം 47 കേസുകള്‍ ഒമ്പത് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തു. കാര്‍ട്ടൂണ്‍ വരച്ചതിനാണ് 2001ല്‍ അസീം ത്രിവേദിക്കെതിരെ കേസെടുത്തത്. ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍ ഷെയര്‍ചെയ്തതിന് കഴിഞ്ഞമാസം മറ്റൊരാള്‍ക്കെതിരെയും കേസെടുത്തു. ക്രിക്കറ്റ് കളിയില്‍ പാകിസ്താന്‍ ടീമിനെ അനുകൂലിച്ചതിനും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചതിനുമൊക്കെ രാജ്യദ്രോഹം ചാര്‍ത്തപ്പെട്ടു. സിനിമാഹാളില്‍ ദേശീയഗാനം ആലപിക്കുന്ന നേരത്ത് എഴുന്നേറ്റ് നില്‍ക്കാഞ്ഞതിന് കേരളത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തത് 2014ല്‍. തമിഴ്നാട് സര്‍ക്കാറിലുള്ളവര്‍ മദ്യക്കച്ചവടത്തില്‍നിന്ന് ലാഭമെടുക്കുന്നതിനെ വിമര്‍ശിച്ച് പാടിയതിനാണ് അവിടെ കഴിഞ്ഞകൊല്ലം എസ്. കോവനെ പിടികൂടിയത്. കൂടങ്കുളം ആണവ പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തിയതിന്‍െറ പേരില്‍ 23,000 പേര്‍ക്കെതിരായിട്ടാണ് 2012-13 കാലത്ത് കേസെടുത്തത്. ഇക്കൊല്ലം ആദ്യത്തെ എട്ടുമാസത്തിനുള്ളില്‍ 18 രാജ്യദ്രോഹക്കേസുകളിലായി 19 പേരെ കുടുക്കിക്കഴിഞ്ഞിരിക്കുന്നു.
രാജ്യത്തിനെതിരല്ല, സര്‍ക്കാറിനെതിരായി പ്രതിഷേധിക്കുന്നവരെയാണ് രാജ്യദ്രോഹികളായി കാണുന്നത്. അതൊന്നും രാജ്യദ്രോഹമല്ളെന്ന് കോടതി വ്യക്തമാക്കിയതില്‍ ആശ്വസിക്കാം. പക്ഷേ, ഈ പ്രവണത തടയാന്‍ സമൂര്‍ത്തമായ നടപടികള്‍ ഇനിയും വരേണ്ടതായിട്ടാണിരിക്കുന്നത്. 2014ല്‍ 47 കേസുകളിലായി 58 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തിയെങ്കിലും ഒരാളുടെ കാര്യത്തില്‍ മാത്രമാണ് കുറ്റം ചെയ്തതായി കോടതി കണ്ടത്. മറ്റു വര്‍ഷങ്ങളിലും അനുപാതം മെച്ചമായിരിക്കാന്‍ വഴിയില്ല. വളരെ പതുക്കെ മാത്രം ചലിക്കുന്ന നമ്മുടെ നീതിന്യായ സംവിധാനത്തില്‍, കുറ്റംചെയ്യാത്ത അനേകം പേര്‍ ജയിലില്‍ കഴിയേണ്ടിവരുന്നു. അവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്നു; അവര്‍ക്ക് സര്‍ക്കാര്‍ തസ്തികയില്‍ നിയമനം കിട്ടില്ല; വിളിക്കുമ്പോഴെല്ലാം കോടതിയില്‍ ചെല്ളേണ്ടിവരും; കേസിനായി വന്‍തുക ചെലവിടേണ്ടിയും വരും. ഇതെല്ലാം സഹിച്ചശേഷം കുറ്റമുക്തരായവര്‍ക്ക് നഷ്ടപ്പെട്ടത് പോയി-അത്രമാത്രം. അതായത്, കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ളെങ്കില്‍പോലും കുറ്റാരോപിതര്‍ നമ്മുടെ വ്യവസ്ഥിതിയില്‍ ശിക്ഷ അനുഭവിക്കുന്നു. കള്ളക്കേസ് ചുമത്തുന്ന അധികൃതര്‍ക്കും അതേ ആവശ്യമുള്ളൂ. ഉദയകുമാര്‍ ചൂണ്ടിക്കാട്ടിയപോലെ, ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനും സര്‍ക്കാറിനെതിരായി പ്രതിഷേധിക്കുന്നവരെ വിരട്ടാനും നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. അധികൃതര്‍ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം വ്യക്തമാക്കുന്നതോടെ ജുഡീഷ്യല്‍ സംവിധാനത്തിന്‍െറ ചുമതല തീരുന്നില്ല. നീതിക്കായി കോടതിയെ സമീപിക്കാന്‍ ഇരകള്‍ക്ക് സാധ്യമാകേണ്ടതുണ്ട്.
പ്രത്യേക കോടതികളോ ബെഞ്ചോ സ്ഥാപിച്ചിട്ടായാല്‍പോലും, വിവിധതരം കള്ളക്കേസുകളുടെ ഇരകള്‍ക്ക് നഷ്ടപരിഹാരവും അതിനുത്തരവാദികളായവര്‍ക്ക് ശിക്ഷയും ഉറപ്പുവരുത്തുമ്പോഴേ നീതിനിര്‍വഹണം പൂര്‍ണമാവുകയുള്ളൂ. കോളനി ഭരണം നിലനിര്‍ത്താന്‍ വേണ്ടി തോമസ് മെക്കാളേ 1870കളിലുണ്ടാക്കിയ നിയമം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നിലനില്‍ക്കുന്നത് അപമാനകരമാണ്. ഭരണഘടനയുടെ ചൈതന്യത്തിനും നാം ഒപ്പുവെച്ചിട്ടുള്ള സിവില്‍-രാഷ്ട്രീയാവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (ഐ.സി.സി.പി.ആര്‍)ക്കും നിരക്കാത്ത, ജനാധിപത്യവിരുദ്ധമായ അമിതാധികാര നിയമങ്ങള്‍ റദ്ദാക്കുകയാണ് അടിയന്തരമായി വേണ്ടത്. കരിനിയമമുണ്ടാക്കുന്നതും ജനങ്ങളെ വെറുതെ അടിച്ചമര്‍ത്തുന്നതുമാണ് രാജ്യദ്രോഹം-അവയെ എതിര്‍ക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.