ബിരിയാണിച്ചെമ്പിലും പൊലീസ്

ആശ്ചര്യകരവും അതിവിചിത്രവുമായ വാര്‍ത്തകളാണ് ഹരിയാനയിലെ മേവാത്തില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഈ സംസ്ഥാനത്ത് കൗ പ്രൊട്ടക്ഷന്‍ ടാസ്ക് ഫോഴ്സ് (സി.പി.ടി.എഫ്) എന്നപേരില്‍ പൊലീസ് സേനയില്‍ ഒരു പ്രത്യേക വിഭാഗമുണ്ട്. ഡി.ഐ.ജി തസ്തികയിലുള്ള ഭാരതി അറോറ എന്നയാള്‍ക്കാണ് ഈ സംഘത്തിന്‍െറ ചുമതല. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഇദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള സര്‍വസജ്ജമായ പൊലീസ് സേന ചെയ്തുകൊണ്ടിരിക്കുന്ന ജോലി എന്താണെന്നറിയേണ്ടേ? ബിരിയാണി പരിശോധന. ഹരിയാനയിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മേവാത്തിലാണ് പ്രധാന പരിപാടി.

രുചികരമായ മേവാത്ത് ബിരിയാണിക്ക് ആവശ്യക്കാര്‍ ഏറെയാണ്. പെരുന്നാള്‍ കാലത്ത് റോഡരികില്‍ പ്രത്യേകം സ്റ്റാളൊരുക്കി ബിരിയാണി കച്ചവടം ചെയ്യുന്ന പതിവ് ഈ പ്രദേശത്തുണ്ട്. നൂറു കണക്കിന് വരുന്ന ഈ സ്റ്റാളുകള്‍ മിക്കതും ഇതിനകം നിര്‍ത്തിക്കഴിഞ്ഞു. വില്‍ക്കാന്‍ ഒരുക്കിവെച്ച ബിരിയാണിച്ചെമ്പുകള്‍, ബീഫുണ്ടോ എന്നറിയാന്‍ പൊലീസ് മറിച്ചിടുകയും കച്ചവടക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. സ്റ്റാളുകള്‍ അലങ്കോലമാക്കിയും കച്ചവടക്കാരെയും ഉപഭോക്താക്കളെയും വിരട്ടിയും വ്യാപക റെയ്ഡുകള്‍ സംഘടിപ്പിച്ചും ആകപ്പാടെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് ഭരണകൂടം തന്നെയാണ്. പലയിടങ്ങളില്‍നിന്നും ബിരിയാണി സാമ്പിളുകള്‍ എടുത്തുകൊണ്ടുപോയി പരിശോധനക്കായി ലാബുകളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. മുണ്ടാക്ക, ഘസേര, ഫിറോസ്പുര്‍ ഝിര്‍ക, ധോഹ തുടങ്ങിയ മേവാത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭീതിദമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്റ്റാളുകള്‍ അടച്ചുപൂട്ടിയതോടെ ബീഫ് തേടി പൊലീസ് വീടുകള്‍ കയറിയിറങ്ങുകയാണ്.

പൊലീസിനു പുറമെ, സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള ഗോരക്ഷാ ദള്‍ പ്രവര്‍ത്തകരും ബിരിയാണി വേട്ടയില്‍ സജീവമായിട്ടുണ്ട്. മേവാത്തിലെ ഡിംഗര്‍ഹെഡി ഗ്രാമത്തില്‍ നടന്ന ഇരട്ടക്കൊലപാതകത്തിനും കൂട്ടബലാത്സംഗത്തിനും പിറകില്‍ ഗോരക്ഷാ ദള്‍ പ്രവര്‍ത്തകരാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ ഹീനകൃത്യത്തിലെ പ്രതികളെ പിടികൂടുന്നതിനു പകരം ബിരിയാണിച്ചെമ്പുകള്‍ അരിച്ചുപെറുക്കി ബീഫിന്‍െറ കഷണം കിട്ടുമോ എന്ന അന്വേഷണത്തിലാണ് പൊലീസ്. കൊലപാതക, ബലാത്സംഗ കേസുകളില്‍ പൊലീസ് കാണിക്കുന്ന അലംഭാവത്തില്‍ മേവാത്ത് ബാര്‍ അസോസിയേഷന്‍ ഇതിനകം പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. വിഷയത്തില്‍ തങ്ങളുടെ ചെലവില്‍ വക്കീലിനെ വെച്ച് കേസ് നടത്താനാണ് ബാര്‍ അസോസിയേഷന്‍െറ തീരുമാനം. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അവര്‍ പരാതി നല്‍കുകയും ചെയ്തു. ഇരട്ടക്കൊലപാതകവും ബലാത്സംഗവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിട്ടുണ്ട്. പ്രദേശം സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് സലീം, പൊലീസ് ഇരട്ട സമീപനമാണ് കാണിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, സന്തോഷം കൊണ്ടുവരേണ്ട പെരുന്നാളിന്‍െറ സന്ദര്‍ഭത്തില്‍ ഭീതിദമായ അന്തരീക്ഷമാണ് മേവാത്തില്‍ നിലനില്‍ക്കുന്നത്.

ഒരു ഭരണകൂട സംവിധാനമാകെ ബിരിയാണിയില്‍ ബീഫ് കഷണമുണ്ടോ എന്നന്വേഷിച്ച് ഇറങ്ങിപ്പുറപ്പെടുന്ന വഷളന്‍ കാഴ്ചയാണ് ഹരിയാനയില്‍ നാം കാണുന്നത്. ആര്‍.എസ്.എസ് പ്രചാരകനായ മനോഹര്‍ലാല്‍ ഖട്ടറാണ് ഹരിയാനയിലെ മുഖ്യമന്ത്രി. ആര്‍.എസ്.എസ് ശാഖകളില്‍നിന്ന് അഭ്യസിച്ച വിദ്വേഷത്തിന്‍െറ രാഷ്ട്രീയം മറയേതുമില്ലാതെ പ്രയോഗിക്കപ്പെടുന്നതിന്‍െറ ദുരന്ത കാഴ്ചകളാണ് ഹരിയാനയില്‍ കാണുന്നത്. ദാരിദ്ര്യം, രോഗം, വരള്‍ച്ച, പോഷകാഹാരക്കുറവ് തുടങ്ങിയ വലിയ പ്രശ്നങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയുടെ ചിത്രങ്ങള്‍ ഹരിയാനയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നമുക്ക് നല്‍കിക്കൊണ്ടിരിക്കെയാണിത്. ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാത്തതു കാരണം, ഭാര്യയുടെ ജഡം തോളിലേറ്റി കിലോമീറ്ററുകള്‍ നടന്നുപോകേണ്ടിവരുന്ന ഹതഭാഗ്യരുടെ നാടാണിത്. അത്തരമൊരു നാട്ടില്‍, ആളുകള്‍ ബീഫ് ബിരിയാണി കഴിക്കുന്നുണ്ടോ എന്നത് ഒരു ഭരണകൂടത്തിന്‍െറ പ്രഥമ പരിഗണനീയ വിഷയമാകുന്നത് ആശ്ചര്യകരം തന്നെയാണ്. വിഭാഗീയതയുടെ ഈ രാഷ്ട്രീയം നമ്മുടെ നാടിനെ തകര്‍ക്കുന്നതാണ്; ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. വലിയ രാജ്യസ്നേഹികളാണ് തങ്ങള്‍ എന്നവകാശപ്പെടുന്ന ഈ സംഘം യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്തെ പടിപടിയായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്യബോധമുള്ളവര്‍ ഉണരേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT