കുറ്റവും ശിക്ഷയും

പ്രമാദമായ സൗമ്യ വധക്കേസില്‍ വിചാരണക്കോടതി വിധിക്കുകയും ഹൈകോടതി അംഗീകരിക്കുകയും ചെയ്ത വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത് ഗോവിന്ദച്ചാമിക്ക് കഴുമരം തന്നെ വേണമെന്ന് ആഗ്രഹിച്ചവരെ നിരാശരാക്കിയിരിക്കുന്നു.  അതേസമയം, ബലാത്സംഗത്തിന് വിധിച്ച ജീവപര്യന്തം പരമോന്നത നീതിപീഠം ശരിവെച്ചിരിക്കുകയാണ്. പ്രതി മുമ്പും കൊടും ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ടെന്നും പൊതുസമൂഹത്തിനു മൊത്തം ഭീഷണിയായി മാറിയ ഈ മനുഷ്യനെ കഴുമരത്തിലേറ്റേണ്ടതുണ്ടെന്നും 2011 നവംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതി വിധിച്ചപ്പോള്‍ സൗമ്യയുടെ മരണത്തില്‍ അങ്ങേയറ്റം ദു$ഖിക്കുകയും രോഷംകൊള്ളുകയും ചെയ്ത കേരളക്കര ഒന്നടങ്കം ആശ്വാസംകൊണ്ടതാണ്.  എന്നാല്‍, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് വിധിക്കെതിരായ അപ്പീല്‍ പരിഗണനക്ക് വന്നപ്പോള്‍ സുപ്രീംകോടതി പ്രകടിപ്പിച്ച സംശയങ്ങള്‍ കേസ് ഗോവിന്ദച്ചാമിക്ക് അനുകൂലമായി ഭവിക്കുമോ എന്ന് ഉത്കണ്ഠപ്പെട്ടത് അസ്ഥാനത്തായില്ല.  

സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിനും കൊലപ്പെടുത്തിയതിനും എന്താണ് തെളിവ് എന്ന് മൂന്നംഗ ബെഞ്ച് ആരാഞ്ഞപ്പോള്‍തന്നെ ദുര്‍ബലമായ വാദങ്ങളാണോ പ്രോസിക്യൂഷന്‍ പരമോന്നത നീതിപീഠത്തിനു മുന്നില്‍ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് കേരളീയര്‍ക്ക് പരസ്പരം ചോദിക്കേണ്ടിവരുകയുണ്ടായി. വധശിക്ഷ റദ്ദാക്കപ്പെടുകയും ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം നല്‍കുകയും ചെയ്തതോടെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ശക്തമായ തെളിവായി അവതരിപ്പിക്കാന്‍ സാധിച്ചില്ല എന്നാണ് കൊലപാതകം തെളിയിക്കാന്‍ സാധിക്കാത്തതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. വിചാരണക്കോടതിയും ഹൈകോടതിയും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ തൃശൂര്‍ മെഡി. കോളജ് ചീഫ് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ളി വാസുവിന്‍െറ മൊഴി എടുക്കാന്‍പോലും സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരായവര്‍ കൂട്ടാക്കിയില്ല  എന്നത് നിസ്സാര പാളിച്ചയായി തള്ളിക്കളയാനാവില്ല. മാത്രമല്ല, ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുത്ത പബ്ളിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍െറ സേവനം എന്തുകൊണ്ട് ഡല്‍ഹിയിലും വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരും. അതേസമയം, പ്രതിക്കുവേണ്ടി എല്ലാ ഘട്ടങ്ങളിലും ഒരാള്‍തന്നെ ഹാജരായത്  മറുപക്ഷത്തിന് അനുകൂലമായി ഭവിക്കുകയും ചെയ്തു.

 തങ്ങളുടെ വാദങ്ങളെ അഖണ്ഡനീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് കേരളത്തിന്‍െറ മന$സാക്ഷിയെ പിടിച്ചുലച്ച അതിദാരുണ സംഭവത്തിന് ഇങ്ങനെയൊരു പരിണതി വരുത്തിവെച്ചത്.  സ്വയംരക്ഷക്ക് സൗമ്യ വണ്ടിയില്‍നിന്ന് എടുത്തുചാടിയതാവാനുള്ള സാധ്യത നിലനില്‍ക്കുന്നില്ളേ എന്ന സുപ്രീംകോടതിയുടെ ചോദ്യവും അതിനെ ബലപ്പെടുത്തുന്ന വിധം തൊട്ടടുത്ത ജനറല്‍ കമ്പാര്‍ട്മെന്‍റിലെ യാത്രക്കാരന്‍െറ സാക്ഷിമൊഴിയും ഗോവിന്ദച്ചാമി യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നുവെന്ന സര്‍ക്കാറിന്‍െറ വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു. നിയമപരമായ പഴുതുകള്‍ അടക്കാനും പ്രതിക്ക് നല്‍കിയ ശിക്ഷ നിലനിര്‍ത്താനും പ്രോസിക്യൂഷന് സാധിക്കാതെവരുമ്പോള്‍ നീതിയാണ് അട്ടിമറിക്കപ്പെടുന്നത്. അതേസമയം, വിചാരണക്കോടതിയിലും ഹൈകോടതിയിലും സമര്‍പ്പിക്കപ്പെട്ട ബലപ്പെട്ട തെളിവുകള്‍ക്ക് ഡല്‍ഹിയിലത്തെിയപ്പോഴേക്കും എന്തുസംഭവിച്ചു എന്ന ചോദ്യത്തിന് സര്‍ക്കാര്‍ അഭിഭാഷകര്‍ മറുപടി പറയേണ്ടതുണ്ട്.

തുടക്കം മുതല്‍ നിഗൂഢതകളിലും വിവാദങ്ങളിലും കുടുങ്ങിക്കിടന്ന സൗമ്യവധക്കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ടതില്‍ ജനം രോഷാകുലരാണ്. കാരണം, സൗമ്യയുടെ ദാരുണാന്ത്യം ഒരു യുവതി നേരിട്ട വ്യക്തിപരമായ ദുരന്തത്തിനപ്പുറം കേരളത്തില്‍ സ്ത്രീജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ഭീഷണികളിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ തിരിച്ചുവിട്ടത്. സൗമ്യയും ജിഷയുമൊക്കെ പൊതു ഇടങ്ങള്‍ കീഴടക്കിയ ആസുരശക്തികളുടെ മുന്നില്‍ ജീവിതം ബലികൊടുക്കേണ്ടിവന്ന  ജന്മങ്ങളാണ്. നമ്മുടെ ജനാധിപത്യക്രമം വളര്‍ത്തിയെടുത്ത ജീവിതപരിസരങ്ങള്‍ ഇപ്പോഴും സ്ത്രീജനത്തെ വലവിരിച്ച് കാത്തുകിടക്കുകയാണെന്ന പച്ചയായ യാഥാര്‍ഥ്യത്തിനു മുന്നില്‍ നിയമവും നീതിന്യായവ്യവസ്ഥയുമൊക്കെ അവസരത്തിനൊത്തുയരുന്നില്ളെങ്കില്‍  പ്രത്യാഘാതം അരാജകത്വമായിരിക്കും. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുമ്പോഴാണ് ഒരു സമൂഹം നാഗരികമായി മുന്നോട്ടു പോകുന്നതും സമാധാനം സ്ഥാപിക്കപ്പെടുന്നതും.

സൗമ്യവധത്തിലടങ്ങിയ ക്രൂരതയും കാപാലികതയും തെളിവുകള്‍ വെച്ച് മാത്രം അളന്നുതിട്ടപ്പെടുത്താന്‍ സാധിക്കാത്തതാണെന്ന് മനസ്സിലാകാത്തവരല്ല ന്യായാസനങ്ങള്‍. ‘പൊതുവികാരം’ മാനിച്ച് തീവ്രവാദവിഷയത്തില്‍ കഴുമരം നല്‍കുന്ന നീതിപീഠത്തിന് എന്തുകൊണ്ട് പൊതുസുരക്ഷ കണക്കിലെടുത്ത് കൊടുംക്രിമിനലുകളെ തുറുങ്കലില്‍തന്നെ ജീവിതാന്ത്യം വരെ തളച്ചിട്ടുകൂടാ എന്ന ചോദ്യമായിരിക്കാം സാമാന്യജനത്തില്‍നിന്ന് ഇനി ഉയര്‍ന്നുകേള്‍ക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.