മലയാളിയുടെ മരവിച്ച മനസാക്ഷി

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ എടപ്പാളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതിദാരുണ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതും ഒപ്പം മനുഷ്യത്വത്തോടുള്ള നമ്മുടെ പ്രാഥമിക പ്രതിബദ്ധതയെ ചോദ്യംചെയ്യുന്നതുമാണ്. മാനസികാസ്വാസ്ഥ്യമുള്ള 53 കാരിയായ ഒരു വീട്ടമ്മ ദിവസങ്ങളോളം ഭക്ഷണവും ചികിത്സയും ലഭിക്കാതെ മരിച്ചതും അവരുടെ മനോരോഗിയായ മകള്‍ അമ്മയുടെ ജീവന്‍ പോയതുപോലും തിരിച്ചറിയാനാവാതെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് അവശയായി കിടക്കുന്നതുമായ ദൃശ്യവും വാര്‍ത്തയുമാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഭര്‍ത്താവുപേക്ഷിച്ചുപോയ ശോഭനയെ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കളും കൈയൊഴിയുകയായിരുന്നുവത്രെ.  റിട്ടയേഡ് ബാങ്ക് മാനേജരുള്‍പ്പെടെ സഹോദരങ്ങള്‍ ആ ഹതഭാഗ്യക്കുണ്ടെങ്കിലും സമീപത്തുതന്നെ താമസിക്കുന്ന അവരിലൊരാള്‍ക്കും സഹോദരിയെ തിരിഞ്ഞുനോക്കണമെന്ന് തോന്നിയില്ല. മാനസികാസ്വാസ്ഥ്യം മൂലമാവാം മരണപ്പെട്ട സ്ത്രീ ആര്‍ക്കും വാതില്‍ തുറന്നുകൊടുക്കാറില്ലായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, ഇവരുടെ കാര്യങ്ങളന്വേഷിക്കാനും സഹായിക്കാനും ഇടക്കത്തൊറുള്ള പഞ്ചായത്ത് വാര്‍ഡംഗമായ വനിതയാണ് ഒടുവില്‍ അവരെ മരിച്ചനിലയില്‍ കണ്ടത്തെിയതും പൊലീസിനെ വിവരമറിയിച്ചതും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മകള്‍ ഒരാഴ്ചയായി ഭക്ഷണം കഴിച്ചിരുന്നില്ളെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

സംഭവം പുറത്തറിഞ്ഞപ്പോള്‍ പ്രതിഷേധിക്കാന്‍ ആളുകളുണ്ടായെങ്കിലും യഥാസമയം അമ്മയെയും മകളെയും ശ്രദ്ധിക്കാനോ ഭക്ഷണം നല്‍കാനോ ആശുപത്രിയിലത്തെിക്കാനോ നല്ലവനായ ഒരു ശമരിയക്കാരനും ഉണ്ടായില്ളെന്നതാണ് കണ്ണുതുറപ്പിക്കേണ്ട വസ്തുത. മാനസികാസ്വാസ്ഥ്യമുള്ളവരുടെ പെരുമാറ്റം നന്നായിട്ടേ പരിചരിക്കാന്‍ പറ്റൂ എന്ന് ശഠിക്കുന്നതിലെ നീതിബോധം വല്ലാത്തതാണ്.

ഇത്തരം സംഭവങ്ങള്‍ ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ നിര്‍ഭാഗ്യവശാല്‍ ഒറ്റപ്പെട്ടതല്ല. വൃദ്ധ മാതാപിതാക്കളെയും രോഗികളായ ഉറ്റവരെയും ഉടയവരെയും പട്ടിണിക്കാരായ അയല്‍ക്കാരെയും ശ്രദ്ധിക്കുകയോ സംരക്ഷിക്കുകയോ പരിചരിക്കുകയോ ചെയ്യുന്നത് അന്തസ്സിന് നിരക്കുന്നതല്ല എന്നാണോ നാം കരുതുന്നതെന്നറിഞ്ഞുകൂടാ. അതല്ളെങ്കില്‍, സ്വാര്‍ഥത മൂര്‍ച്ഛിച്ച് തന്‍െറയും ഇണയുടെയും മക്കളുടെയും കാര്യവും ക്ഷേമവും മാത്രം നോക്കി നടത്തിയാല്‍ മതി എന്ന് തീരുമാനിച്ചതാവുമോ എന്നും വ്യക്തമല്ല. എത്രതന്നെ പരാധീനതകളും ദാരിദ്ര്യവുമുണ്ടെങ്കിലും കുടുംബസ്നേഹം  കാത്തുസൂക്ഷിക്കുന്നതിലും അയല്‍ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്നതിലും പട്ടിണി പങ്കുവെക്കുന്നതിലും പിശുക്കുകാണിക്കാത്ത പൈതൃകമായിരുന്നു മലയാളിയുടേത്.

ദാരിദ്ര്യം സമ്പന്നതക്ക് വഴിമാറുകയും വിദ്യാഭ്യാസപരമായി മുന്നോട്ടു കുതിക്കുകയും അത്യാധുനിക സൗകര്യങ്ങള്‍ കൈവരുകയും ചെയ്തപ്പോഴാണ് കേരളീയര്‍ സ്വാര്‍ഥികളും കുടുംബബന്ധങ്ങള്‍ക്കും അയല്‍പക്ക മര്യാദകള്‍ക്കും ഒരു വിലയും കല്‍പിക്കാത്തവരുമായി മാറിക്കൊണ്ടിരിക്കുന്നത്. വാര്‍ധക്യവും ശാരീരികാവശതകളും അനാരോഗ്യവുമെല്ലാം ആര്‍ക്കും വരുമെന്നോര്‍ത്തിട്ടെങ്കിലും പീഡിതരോടും വേദനയനുഭവിക്കുന്നവരോടും മാനുഷികമായി പെരുമാറാന്‍ നമുക്ക് കഴിയേണ്ടതായിരുന്നു. ബാല്യത്തിലേ ധാര്‍മിക സദാചാര മാനുഷിക മൂല്യങ്ങളെക്കുറിച്ച അധ്യാപനങ്ങള്‍ തലമുറകള്‍ക്ക് സുലഭമായിത്തന്നെ ലഭിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന പൗരന്മാരാവുന്നതോടെ അതൊക്കെ വിസ്മരിച്ച് ആരോടും ഉത്തരവാദിത്തമോ കടപ്പാടോ ഇല്ലാതെ നെഞ്ചുവിരിച്ചു നടക്കാന്‍ മലയാളികള്‍ ശീലിച്ചുകഴിഞ്ഞിരിക്കുന്നു.

ദയാവായ്പ്, സ്നേഹം, കാരുണ്യം, സഹാനുഭൂതി, സേവനം, ത്യാഗം തുടങ്ങിയ സദ്ഗുണങ്ങള്‍ നമുക്ക് പ്രഭാഷണം നടത്താനും പ്രക്ഷേപണം ചെയ്യാനും ചുമരുകളില്‍ കലാഭംഗിയോടെ എഴുതിവെക്കാനും മാത്രമുള്ളവയായിത്തീരുകയാണ്. തന്‍െറ ജീവിതത്തില്‍ ആ വക മൗലികവാദങ്ങള്‍ക്കൊന്നും സ്ഥാനമില്ല എന്ന് ഓരോരുത്തരും വിശ്വസിക്കുന്നപോലെ. കൊല്‍ക്കത്തയിലെ കുഷ്ഠരോഗികളെ ശുശ്രൂഷിച്ച മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വത്തിക്കാനിലേക്ക് നാം ഇടിച്ചുകയറും. മീറ്ററുകള്‍ മാത്രം അകലെ കഞ്ഞി കിട്ടാതെ ഇഞ്ചിഞ്ചായി മരിക്കുന്ന പാവങ്ങളെ നാം കണ്ടില്ളെന്നും നടിക്കും. വാക്കും പ്രവൃത്തിയും തമ്മില്‍ ഇത്രമേല്‍ അന്തരമുള്ള കെട്ടകാലം മുമ്പുണ്ടായിരുന്നില്ളെന്നുവേണം പറയാന്‍.

കേരളത്തിന്‍െറ മുക്കുമൂലകളിലുടനീളം റെസിഡന്‍റ്സ് അസോസിയേഷനുകളും സേവന കൂട്ടായ്മകളും സഹായ സഹകരണ ഏജന്‍സികളുമുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. തദ്സംബന്ധമായ ഫണ്ട് പിരിവുകള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും മാധ്യമവാര്‍ത്തകള്‍ക്കും ഒരു ക്ഷാമവുമില്ല. പക്ഷേ, നടേ സൂചിപ്പിച്ചതുപോലുള്ള സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ നമ്മുടെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ വ്യാപകവും സമഗ്രവും മര്‍മസ്പര്‍ശിയുമാവണമെന്ന പാഠമാണ് ലഭിക്കുന്നത്.

കൊട്ടിഘോഷങ്ങള്‍ കൂടുതലും കര്‍മങ്ങള്‍ കുറവുമാവുന്നത് ആ സാംസ്കാരികാപചയത്തിന്‍െറ ലക്ഷണമാണ്. സര്‍ക്കാറുകള്‍ തീര്‍ച്ചയായും അവയുടെ ബാധ്യതകള്‍ നിറവേറ്റുക തന്നെ വേണം. പക്ഷേ, സര്‍ക്കാറുകളുടെ ശ്രദ്ധ യഥാസമയം പ്രശ്നത്തിലേക്ക് ക്ഷണിക്കാനെങ്കിലും ജനങ്ങള്‍ ജാഗ്രത കാണിക്കേണ്ടേ? അവിടെയും രാഷ്ട്രീയം കളിക്കാന്‍ മാത്രം ശപിക്കപ്പെട്ടിരിക്കുന്നുവോ കേരളീയര്‍?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.