സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം

സ്വാശ്രയ വിഷയം ഉന്നയിച്ച് നിയമസഭക്കകത്തും പുറത്തും യു.ഡി.എഫ് ആരംഭിച്ച സമരം, അതിലെ ശരി തെറ്റുകള്‍ എന്തുതന്നെയായാലും കോണ്‍ഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും നവജീവന്‍ നല്‍കിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും മാണി കോണ്‍ഗ്രസിന്‍െറ പിന്മാറ്റവും കാരണം, ദുര്‍ബല പ്രതിപക്ഷമായിരിക്കും കേരളത്തിനുണ്ടാവുകയെന്ന നിഗമനത്തെ അപ്രസക്തമാക്കി തങ്ങളുടെ നിരയെ സജീവമാക്കാന്‍ സാധിച്ചുവെന്നതാണ് സമരംകൊണ്ട് പ്രതിപക്ഷത്തിനുണ്ടായ ഗുണം. ഇത്തരമൊരു രാഷ്ട്രീയ വിശകലനത്തിനപ്പുറം, സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും ഈ സമരവും വിവാദങ്ങളും എന്തെങ്കിലും ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അങ്ങനെയൊരു ലക്ഷ്യം പ്രതിപക്ഷത്തിന് ഉണ്ട് എന്ന് കരുതാനും വയ്യ.

ഉന്നയിക്കുന്ന വിഷയത്തിന്‍െറ ഗൗരവമല്ല യു.ഡി.എഫിന്  ഗുണം ലഭിക്കുന്ന തരത്തിലേക്ക് സമരത്തെ വളര്‍ത്തിയത് എന്നതാണ് രസകരമായ കാര്യം. ഭരണപക്ഷത്തിന്‍െറ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ സമീപനമാണ് സമരത്തെ ഈ വിധം തീവ്രമാക്കിയത്. സമരത്തെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന രീതിയാണ് തുടക്കം മുതലേ മുഖ്യമന്ത്രി സ്വീകരിച്ചത്. തനിക്കെതിരെ കരിങ്കൊടിയുമായി വന്നവരെ, ചാനലുകാര്‍ വാടകക്കെടുത്തവരാണ് എന്ന് വിശേഷിപ്പിക്കുക വഴി, മുഖ്യമന്ത്രി ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ് നടത്തിയത്. മാധ്യമങ്ങളെയും എതിര്‍പക്ഷത്ത് നിര്‍ത്താനേ അത് ഉപകരിച്ചുള്ളൂ. വിവാദമായപ്പോള്‍ അത് തന്‍െറ ഒരു തോന്നല്‍ മാത്രമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്.  ‘അതൊന്നും നടക്കാന്‍ പോകുന്നില്ല, ടോ, പോയി വേറെ പണി നോക്ക്’ എന്ന, നിയമസഭയിലെ അദ്ദേഹത്തിന്‍െറ പ്രസ്താവനയാകട്ടെ, പ്രതിപക്ഷപ്രതിഷേധത്തെ കൂടുതല്‍ തീവ്രമാക്കി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത സമീപനങ്ങള്‍, സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറിന് എന്തൊക്കെയോ ഒളിച്ചുകളിക്കാനുണ്ട് എന്ന സംശയം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധവും സമരവും ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. നിയമത്തിന്‍െറ പരിധിക്കകത്തുനിന്നു കൊണ്ടുള്ള സമരങ്ങളെ മാനിക്കുകയും പരിഗണിക്കുകയും ചെയ്യുമ്പോഴേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ. സ്വാശ്രയ പ്രശ്നത്തില്‍, തിരുവനന്തപുരത്തെ തെരുവുകളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കാട്ടിക്കൂട്ടിയത് മുഴുവന്‍ മഹത്തായ കാര്യങ്ങളാണ് എന്ന് അഭിപ്രായമില്ല. എന്നാല്‍, അവരുടെ ചെയ്തികളെപ്പോലും മറക്കുന്ന തരത്തിലായിപ്പോയി മുഖ്യമന്ത്രിയുടെ നിലപാട്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിനുശേഷമുള്ള ആദ്യത്തെ പ്രധാന പ്രതിപക്ഷ സമരമാണ് ഇപ്പോഴത്തേത്. പ്രതിപക്ഷസ്വരങ്ങളോടുള്ള സര്‍ക്കാര്‍ നിലപാട് എന്തായിരിക്കും എന്നതിന്‍െറ സൂചനകള്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയും. മുഖ്യമന്ത്രി പിണറായി വിജയന്‍െറ വാക്കുകളും സമീപനങ്ങളും ഭരണപക്ഷത്തിന്‍െറ സുചിന്തിതമായ തീര്‍പ്പ് എന്ന നിലക്ക് കാണുന്നത് പൂര്‍ണമായും ശരിയാവില്ല. പിണറായി വിജയന്‍െറ വ്യക്തിപരമായ ശൈലിയും രീതിയും അതില്‍ പ്രകടമാണ്. അത് അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തിന്‍െറ ഭാഗമാണ്. വലിയ വെല്ലുവിളികളോട് പടവെട്ടിവന്ന ഒരാളില്‍ സ്വാഭാവികമായുണ്ടാകുന്ന തീക്ഷ്ണതയും കാര്‍ക്കശ്യവും അതില്‍ പ്രകടമാണ്. അത് എളുപ്പം മാറ്റാന്‍ പറ്റുമെന്ന് വിചാരിക്കുന്നതിലും അര്‍ഥമില്ല. അതേസമയം, മുഖ്യമന്ത്രി എന്ന പദവിയിലിരിക്കുന്ന ഒരാള്‍, അത്തരമൊരു ശൈലിയുമായിതന്നെ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനേ അത് ഉപകരിക്കുകയുള്ളൂ എന്നതും വാസ്തവമാണ്.

ഇനി, സ്വാശ്രയ പ്രശ്നത്തിന്‍െറ കാര്യം. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ ഈ വിധം അലങ്കോലമാക്കിയതില്‍ ഭരണ, പ്രതിപക്ഷ മുന്നണികള്‍ക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ട്. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്, രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സൂത്രവാക്യവുമായി സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിലേക്ക് വരുന്നത്. എന്നാല്‍, ആ വാഗ്ദാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് സാധിച്ചില്ല. ഇടതു സര്‍ക്കാറുകളാവട്ടെ, സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെയും കോടതി ഇടപെടലുകളില്‍ തട്ടി തകരുകയായിരുന്നു. ചുരുക്കത്തില്‍, കുഴമറിഞ്ഞുകിടക്കുന്ന ഒരു പ്രശ്നമേഖലയാണ് അത്. ഇടതുപക്ഷത്തിന്‍െറ അന്ധമായ സ്വകാര്യ സ്ഥാപന വിരുദ്ധതയും ഐക്യ മുന്നണിയുടെ മാനേജ്മെന്‍റ് അനുകൂല സമീപനങ്ങളും വിഷയത്തെ വഷളാക്കുന്നതില്‍ ഒരുപോലെ പങ്കു വഹിച്ചിട്ടുണ്ട്. തുടക്കത്തിലുണ്ടായിരുന്ന സ്വാശ്രയ വിരുദ്ധത ഉപേക്ഷിച്ച ഇടതുപക്ഷം പിന്നീട് സ്വന്തമായി സ്വാശ്രയ കോളജുകള്‍ സ്ഥാപിച്ച് നടത്തുന്ന കൗതുകവും കേരളം കണ്ടു. ഇപ്പോഴത്തെ സ്വാശ്രയ കരാറാവട്ടെ, ഏറ്റവും ഗുണംചെയ്യുന്നത് സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജിനാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 67 ശതമാനം ഫീസ് വര്‍ധനയാണ് ആ സ്ഥാപനം നേടിയെടുത്തത്. കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുവെന്ന അവകാശവാദവുമായാണ് പുതിയ സ്വാശ്രയനയത്തെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. എന്നാല്‍, സീറ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന മാത്രമാണ് ഇതിന് കാരണം എന്നാണ് പ്രതിപക്ഷത്തിന്‍െറ വാദം. ചുരുക്കിപ്പറഞ്ഞാല്‍, അധ്യയനം ആരംഭിക്കാനിരിക്കെ പതിവുപോലെ, സ്വാശ്രയ വിദ്യാഭ്യാസരംഗം കുഴമറിഞ്ഞിരിക്കാനാണ് ഈ വിവാദങ്ങള്‍ കൊണ്ട് സാധിച്ചത്. തങ്ങളുടെ നയത്തിലെ പാകപ്പിഴവുകള്‍, ദുശ്ശാഠ്യങ്ങള്‍ മാറ്റിവെച്ച് പരിശോധിക്കാന്‍ ഭരണപക്ഷം തയാറാകണം. വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ പ്രതിപക്ഷവും ശ്രമിക്കണം. സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ബഹളമുണ്ടാക്കുക എന്നതിലുപരി, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിന് എല്ലാവരും ശ്രമിക്കുകയും വേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT