ഏറ്റെടുക്കണം കുട്ടികളുടെ അവകാശ സംരക്ഷണ ചലഞ്ച്

തല തകർന്ന് പറന്നുപോയ ആ കുരുന്ന് ആത്മാവിനു മുന്നിൽ നാണംകെട്ട് തലതാഴ്ത്തി നിൽക്കുകയാണ് നാം. പുതിയൊരു കളിത്ത ോപ്പിലേക്ക് അവനെ എതിരേൽക്കുവാൻ കാത്തുനിൽപുണ്ട് നമ്മുടെ ക്രൂരതകളിൽനിന്ന് വിടുതൽ വാങ്ങി മു​േമ്പ പറന്നുപോയ ഒരുപാട് കുഞ്ഞു മുഖങ്ങൾ. ഇത് അവസാനത്തേതാണെന്നും ഇനി ആവർത്തിക്കില്ലെന്നും അവരുടെ മുറിവേറ്റ കുഞ്ഞുടലുകൾക്കു മ ുന്നിൽ നിന്നെല്ലാം നമ്മൾ ആണയിട്ടിരുന്നതാണ്. മുതിർന്നവരുടെ ലോകം തങ്ങൾക്ക് ജീവിക്കാൻ കൊള്ളുന്നയിടമല്ലെന്ന ഞെട്ടലിൽ പതറിപ്പോവുന്നുണ്ട് ഒാരോ പാൽപുഞ്ചിരിയും. മനുഷ്യർ എന്ന് വിളിക്കപ്പെടുവാൻപോലും അർഹതയില്ലാത്ത വിധ ം അധഃപതിച്ചുപോയ ജനത എന്നാണ്, എങ്ങനെയാണ് ഇതിനെല്ലാം പ്രതിക്രിയ ചെയ്യുക?

പ്രത്യക്ഷത്തിൽ മത-രാഷ്​​ട്രീയ സ്വാധീനങ്ങളൊന്നുമില്ലാത്തതിനാൽ ഇൗ സംഭവത്തിൽ അതിക്രമം നടത്തിയ വ്യക്തികളെ നിയമപാലകർ തുറുങ്കിലടച്ചേക്കും, അത്യന്തം നിഷ്ഠുരമായ ഇൗ ചെയ്തിക്ക് ഒരു പക്ഷേ, ഇന്ത്യൻ നീതിപീഠം നിയമ വ്യവസ്ഥ നിർദേശിച്ച പരമാവധി ശിക്ഷയും നൽകിയേക്കും. വിചാരണക്കുപോലും കാത്തിരിക്കാതെ ശിക്ഷ നടപ്പാക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ചിലരുടെ ആവേശവാദം. ഇത്തരം അതിക്രമങ്ങൾക്ക് ഉതകുന്ന സാഹചര്യം സൃഷ്​ടിക്കുന്നതിൽ നമുക്കുള്ള കുറ്റകരമായ പങ്കിനെ മറച്ചുവെക്കാനുള്ള പാഴ്വിദ്യ മാത്രമാണത്. നിയമവും നീതിയും ക്രമപ്രകാരം നടപ്പാവണം, എന്നാൽ കുഞ്ഞിനെ ഇല്ലാതാക്കിയവർ ഭൂമുഖത്തുനിന്ന് ഇല്ലാതായാൽ തീരുന്നതല്ല ഇൗ അതിക്രമത്തി​െൻറയും അതു സൃഷ്​ടിച്ച ആഘാതത്തി​െൻറയും ആഴം. മറിച്ച്, കുഞ്ഞുങ്ങൾക്കെതിരെ എന്തുമാവാം എന്ന മനോനില പാടേ തുടച്ചുനീക്കപ്പെടുകയാണ് വേണ്ടത്. പുറമെ കാണുന്നതോ എക്സ്റേ പരിശോധനയിൽ തെളിയുന്നതോ ആയ മുറിവ് വലുതായതുകൊണ്ടു മാത്രമാണ് ഇൗ കേസ് വലിയ തല​െക്കട്ടുകളിൽ ഇടംപിടിച്ചത്. യന്ത്രങ്ങൾക്ക് വായിക്കുവാനോ മായ്​ക്കുവാനോ കഴിയാത്ത മുറിവുകൾ മനസ്സിൽ പേറി, തലയണക്കടിയിൽ തലതാഴ്ത്തി കരഞ്ഞ് നേരം പുലരാൻ പ്രാർഥിക്കുന്ന നൂറായിരം മക്കളുണ്ടാവില്ലേ നമുക്കു ചുറ്റും, ഒരു പക്ഷേ, നമ്മുടെ വീടകങ്ങളിൽ തന്നെ.

കുടിയേറ്റ തൊഴിലാളികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതും കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 12 പേരെ കേരളത്തിൽനിന്ന് പിടികൂടിയതുമായ കഴിഞ്ഞയാഴ്ച പുറത്തുവന്ന വാർത്തകളും എത്രമാത്രം ഭയാനകമായ അവസ്ഥയിലാണ് നമ്മുടെ കുഞ്ഞുങ്ങൾ ജീവിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. സർക്കാറോ കോടതിയോ ചൈൽഡ്​ലൈനോ ബാലാവകാശ കമീഷനോ വിചാരിച്ചാൽ മാത്രം പരിഹരിക്കാനാവുന്ന വിഷയമല്ലിത്. മറിച്ച്, ഒാരോ വ്യക്തിയുടെയും ബാധ്യതയാണ്.

മുതിർന്നു എന്നവകാശപ്പെടുന്നവർ ഉത്തരവാദിത്തപൂർണമായ, പക്വമായ ജീവിത നിലപാടുകളിലൂടെ അറുതിവരുത്തേണ്ടതാണ് കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ. വോട്ടവകാശമോ സഭാ പ്രാതിനിധ്യങ്ങളോ ഇല്ലെന്നിരിക്കിലും അവരും മനുഷ്യരാണ്. എല്ലാവിധ മൗലികാവകാശങ്ങളോടെയും പഠിച്ചും കളിച്ചും ചിന്തിച്ചും ജീവിച്ചുവളരാൻ അർഹതയുള്ള വ്യക്തികൾ. അവർക്കുനേരെ അതിക്രമം നടത്തുവാൻ ആർക്കും, മാതാപിതാക്കൾക്കോ, രക്ഷിതാക്കൾക്കോ അധ്യാപകർക്കോ, ആർക്കും തന്നെ അധികാരമോ അവകാശമോ ഇല്ല. ജീവിച്ച കാലയളവിലും ശരീരത്തി​െൻറയും മനസ്സി​​െൻറയും കാഠിന്യത്തിലും മാത്രമാണ് അവർ മുതിർന്നവരേക്കാൾ പിന്നിലാവുന്നുള്ളൂ.

പുസ്തകം വായനക്കും മരംനടുന്നതിനും പത്തു വർഷം മുമ്പുള്ള ചിത്രം ഫേസ്ബുക്കിലിടുന്നതിനുമെല്ലാം ചലഞ്ച് നടത്തുന്നവരാണ് നമ്മൾ. നിർഭയരായ, ആത്മവിശ്വാസം നിറഞ്ഞ ഒരു വരും തലമുറയെ, നല്ല പൗരന്മാരെ ആഗ്രഹിക്കുന്ന ഒാരോ മനുഷ്യരും ഇനി ഏറ്റെടുക്കേണ്ടത് കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുവാനുള്ള ചലഞ്ച് ആണ്. ദിനാചരണങ്ങൾ കൊണ്ടോ, പ്രഭാഷണങ്ങൾകൊണ്ടോ അല്ല, ഒാരോ മനുഷ്യരും പരിവർത്തിക്കപ്പെട്ട്, കുട്ടികൾക്ക് നന്നായി വളരുവാൻ പാകപ്പെട്ട ലോകം കെട്ടിപ്പടുക്കുേമ്പാഴാണിത് സാധ്യമാവുക. ഇനിയൊരു കുഞ്ഞിനുവേണ്ടി ഇത്തരത്തിൽ തപിക്കാനും സ്വയം ശപിക്കാനും ഇടവരാതിരിക്ക​െട്ട!

Tags:    
News Summary - Child Protection Challenge - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.