അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനുള്ള ക്ഷണം ഇന്ത്യൻ നാഷനൽ കോൺഗ്രസ് നിരസിച്ചിരിക്കുന്നു. ജനുവരി 22ന് നടക്കുന്ന വിഗ്രഹപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ രാജ്യസഭയിലെ പ്രതിപക്ഷനേതാവുകൂടിയായ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് ക്ഷണം ലഭിച്ചെന്നും വിശ്വാസത്തെ രാഷ്ട്രീയതാൽപര്യങ്ങൾക്കു ചൂഷണംചെയ്യാനുള്ള ആർ.എസ്.എസ്/ബി.ജെ.പി പരിപാടിയായതിനാൽ ക്ഷണം ബഹുമാനപുരസ്സരം നിരസിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ബുധനാഴ്ച വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ‘‘മതവിശ്വാസം വ്യക്തിഗതമായ കാര്യമാണ്. എന്നാൽ, കാലമേറെയായി അയോധ്യയിൽ ക്ഷേത്രമെന്ന രാഷ്ട്രീയ പരിപാടിയുമായി നടക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയും. പണിതീരാത്ത ക്ഷേത്രം ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ ഉദ്ഘാടനംചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് എന്നു വ്യക്തമാണ്.
2019ലെ സുപ്രീംകോടതി വിധിയെ മാനിച്ചും ശ്രീരാമനെ ആദരിക്കുന്ന ദശലക്ഷങ്ങളുടെ വികാരം ഗൗനിച്ചും’’ ചടങ്ങിനുള്ള ക്ഷണം നിരസിക്കുകയാണെന്ന് കോൺഗ്രസ് വിശദീകരിച്ചു. ഇതോടെ സംഘ്പരിവാറിന്റെ അജണ്ടക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി. തികച്ചും മതാനുഷ്ഠാനമായി നടക്കേണ്ട പരിപാടിയെ രാഷ്ട്രീയവത്കരിച്ച് ലോക്സഭ തെരഞ്ഞെടുപ്പിലേക്കു മുതൽക്കൂട്ടാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ക്ഷേത്ര നിർമാണസമിതിയുടെ ക്ഷണക്കത്ത് നാടൊട്ടുക്ക് വിതരണംചെയ്യുന്നത് ആർ.എസ്.എസ്/ബി.ജെ.പി നേതൃത്വം ചടങ്ങിൽ പങ്കുകൊള്ളുന്നതും മാറിനിൽക്കുന്നതും മതനിന്ദ വിട്ട് രാഷ്ട്രനിന്ദ വരെയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഹിന്ദുമതാനുയായികളുടെ വിശ്വാസപരമായ കാര്യമായി രാമക്ഷേത്രത്തെ എടുത്തുകാട്ടുന്നവർതന്നെ ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ജയ് വിളികൾ അടിച്ചേൽപിക്കുന്നിടത്തോളമെത്തിയിട്ടുണ്ട് ഉദ്ഘാടനത്തിന്റെ പേരിലുള്ള ഉന്മാദം. ഇത്തരം ചതുരുപായങ്ങൾ ചില്ലറ ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസിൽനിന്നുതന്നെ ചില നേതാക്കൾ ക്ഷണം സ്വീകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഘ്പരിവാറിന്റെ ഗൂഢതാൽപര്യങ്ങളെ തുറന്നെതിർക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനം സ്വാഗതാർഹമാണ്.
അയോധ്യയിലെ ബാബരി മസ്ജിദിൽ പാതിരാവിൽ രാമവിഗ്രഹം പ്രതിഷ്ഠിച്ച് ആരംഭിച്ച ഒരു വിവാദം 1992 ഡിസംബർ ആറിന് ഹിന്ദുത്വ കർസേവകർ മസ്ജിദ് തകർത്ത സംഭവത്തോടെ ഇന്ത്യ എന്ന രാഷ്ട്രത്തെതന്നെ സാമുദായികമായി നെടുകെ പിളർത്തിയ ദുരന്തമായി കലാശിച്ചു. മസ്ജിദ് പൊളിക്കില്ല എന്നും അത് കൈവിട്ടുപോയപ്പോൾ പള്ളി പൊളിച്ചിടത്തു പുനർനിർമിക്കുമെന്നും ആണയിട്ടിരുന്നതാണ് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. പള്ളിപൊളിച്ച അതിക്രമികൾക്കെതിരെ അറസ്റ്റും അന്വേഷണവും കുറ്റപത്രവും വിചാരണയുമൊക്കെ മുറക്കു നടന്നു. ഒടുവിൽ ആരും ശിക്ഷിക്കപ്പെടാതെ കേസ് നിർവീര്യമായി അന്തരീക്ഷത്തിൽ ലയിച്ചു. മസ്ജിദ്-മന്ദിർ വിവാദം ഒരു ഭൂവുടമ തർക്കമായി കോടതിയിലെത്തി.
കക്ഷികൾക്കിടയിൽ ഭൂമി വിഭജിക്കാമെന്നായി ആദ്യ കോടതിനിർദേശം. ഒടുവിൽ രാജ്യത്തെ പരമോന്നത നീതിപീഠം തർക്കത്തിൽ വിധി പറഞ്ഞു. ബാബരി മസ്ജിദിന്റെ നിലനിൽപ് അംഗീകരിച്ച സുപ്രീംകോടതി അത് തകർത്തതിലെ അന്യായം ചൂണ്ടിക്കാട്ടി. ഒടുവിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പിന്നീട് വെളിപ്പെടുത്തിയതുപോലെ ‘സംഘർഷങ്ങളുടെ നീണ്ട ചരിത്രം ഓർമിച്ചു’ കോടതി 2.77 ഏക്കർ തർക്കഭൂമി അനുബന്ധ ഭൂഭാഗങ്ങൾ സഹിതം രാമവിഗ്രഹത്തിന്‍റെ ഉടമസ്ഥതയിലേക്കു തീറെഴുതി തീർപ്പാക്കി. അവിടെയാണ് പുതിയ രാമക്ഷേത്രമുയരുന്നത്. ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിലുടനീളം മഠാധിപതികളെയും സന്യാസി സംഘടനകളെയും പുരോഹിതവേദികളെയും മുന്നിൽ നിർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമായിരുന്നു സംഘ്പരിവാറിന്റേത്.
ഒടുവിൽ ക്ഷേത്രനിർമാണവും ഹൈന്ദവസന്യാസികളടങ്ങുന്ന സമിതി കൈയാളുമ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നത് അവർതന്നെയാണ്. അതുകൊണ്ടാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനത്തിന് മുതൽ പ്രതിഷ്ഠ ചടങ്ങിന് വരെ പ്രധാനമന്ത്രി ഉദ്ഘാടകനാവുന്നത്. പണിതീരാത്ത ക്ഷേത്രത്തിലെ രാമവിഗ്രഹത്തിന്‍റെ പ്രാണപ്രതിഷ്ഠ ആചാരലംഘനമാണെന്നും മതപുരോഹിതന്മാരാണ്, രാഷ്ട്രീയക്കാരല്ല ക്ഷേത്രചടങ്ങുകൾ നടത്തേണ്ടതെന്നും പറഞ്ഞ് നാലു ശങ്കരാചാര്യന്മാർ പരിപാടിക്കെത്തില്ല എന്നറിയിച്ചത് ക്ഷേത്രോദ്ഘാടനം മതപരമായ വിശുദ്ധകർമമായല്ല, രാഷ്ട്രീയ പരിപാടിയായാണ് കലാശിക്കുകയെന്ന് ഹിന്ദുസമൂഹവും അവരുടെ നേതൃത്വവും തിരിച്ചറിഞ്ഞ് തിരസ്കരിക്കുന്നു എന്നതിന്‍റെ തെളിവാണ്.
വിഷയത്തിലെ മതവും രാഷ്ട്രീയവും തിരിച്ചറിയാതെയോ, അതു കൂട്ടിക്കലർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള മോഹം കൊണ്ടോ കോൺഗ്രസിൽ ഒരു വിഭാഗവും ഈ വിവാദത്തിൽ പലപ്പോഴും വലതുവലയിൽ വീണിട്ടുണ്ട്. അത്തരക്കാരെ ഒതുക്കിനിർത്താനായ കാലത്ത് മസ്ജിദ്-മന്ദിർ തർക്കം മൂർച്ഛിക്കാതെ നോക്കാൻ കോൺഗ്രസിനും അവർ നയിച്ച ഭരണകൂടത്തിനും കഴിഞ്ഞിട്ടുണ്ട്. മതാവേശംപൂണ്ട വലതുവാദികൾ പിടിമുറുക്കിയപ്പോഴോ, കാര്യങ്ങൾ കൈവിട്ടുപോയിട്ടുമുണ്ട്.
രാജ്യഭരണം കോൺഗ്രസിന്‍റെ കൈയെത്താദൂരത്തേക്ക് പിടിവിട്ടുപോയതിൽ അയോധ്യയിലെ വീഴ്ചക്കുള്ള പങ്ക് പാർട്ടിചരിത്രത്തിന്‍റെതന്നെ ഭാഗമാണ്. ഇപ്പോൾ കോടതി അനുമതി വാങ്ങി പണിയുന്ന ക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തെയും മതാത്മക ദേശീയതയുടെ ആഘോഷമാക്കി മാറ്റാനുള്ള ഹിന്ദുത്വ അജണ്ട കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോൾ അതവസാനിപ്പിച്ചുകൊണ്ടുള്ള കോൺഗ്രസിന്‍റെ തീരുമാനം രാജ്യത്തെ മതനിരപേക്ഷ സംസ്കാരത്തിന് കൂടുതൽ മിഴിവ് പകരുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.