ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടാവില്ല. പകരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ചടങ്ങിന് നേതൃത്വം നൽകുക. കോവിഡ് മുൻകരുതലിെൻറ ഭാഗമായി മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയതിനെ തുടർന്നാണിത്. മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിൽ ദുരന്തസ്ഥലം സന്ദർശിച്ചപ്പോൾ കലക്ടറും കൂടെയുണ്ടായിരുന്നു. അതിനാലാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ.ടി. ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ എന്നിവർ സ്വയം നിരീക്ഷണത്തിലേക്ക് പോവുന്നത്. അതായത്, നമ്മൾ വിചാരിച്ചതിനെക്കാൾ സങ്കീർണമായ അവസ്ഥയിലേക്ക് കോവിഡ് നമ്മെ കൊണ്ടുപോവുകയാണെന്നാണ് ഇതെല്ലാം നൽകുന്ന സൂചനകൾ.
അടുത്ത മാസത്തോടെ സംസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക് പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രസ്താവിച്ചത് വ്യാഴാഴ്ചയാണ്. 'പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടക്ക് രോഗികൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്താൽ മരണവും കൂടിയേക്കാം' -മന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചുകൊണ്ടേയിരിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് മന്ത്രിയുടെ പ്രസ്താവന. ലോകമാസകലം മനുഷ്യരുടെ ദൈനംദിന ജീവിതത്തെ അട്ടിമറിക്കുന്ന തരത്തിൽ ഈ മഹാമാരി പടർന്നുതുടങ്ങിയിട്ട് മാസങ്ങളായി. ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിക്കാനാകാതെ ശാസ്ത്രവും മനുഷ്യനും നിസ്സഹായനായി നിൽക്കുന്നത് നാം കണ്ടുകൊണ്ടേയിരിക്കുകയാണ്. കൂടിയ ജനസാന്ദ്രത, വയോജനങ്ങളുടെ കൂടിയ അനുപാതം, ജീവിതശൈലീ രോഗങ്ങളുടെ വർധിച്ച സാന്നിധ്യം എന്നീ കാരണങ്ങളാൽ കോവിഡ് താണ്ഡവത്തിന് എളുപ്പം വിധേയമാകാവുന്ന സംസ്ഥാനമാണ് കേരളം. രോഗം പടരുന്നത് തടയുന്നതിൽ നമുക്കുണ്ടായിരുന്ന മേൽക്കൈ ഇതിനകം നഷ്ടപ്പെട്ടിരിക്കുന്നു. മരണനിരക്കിൽ നാം പിറകിലാണ് എന്നതുമാത്രമാണ് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യം.
സാധാരണനിലയിൽ ആരോഗ്യവാനായ ഒരാൾക്ക് വലിയ അപകടങ്ങളുണ്ടാക്കുന്ന രോഗമല്ല കോവിഡ്. അതേസമയം, നേരത്തേതന്നെ ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾക്ക് ഇത് അപകടം വിതക്കുന്നതുമാണ്. അതിനേക്കാളെല്ലാം പ്രധാനമായത്, ഇതിെൻറ പകർച്ചതോതാണ്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പടരുന്ന ഈ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ പെട്ടെന്ന് ഇരട്ടിപ്പുണ്ടാക്കുന്നു. നിയന്ത്രണാതീതമായി രോഗികളുടെ എണ്ണം പെരുകുമ്പോൾ ആശുപത്രികൾ, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം താളം തെറ്റുന്നു. പൊലീസ്, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ എന്നിങ്ങനെയുള്ള അനുബന്ധ സംവിധാനങ്ങളെയെല്ലാം സ്തംഭിപ്പിക്കാൻ ഇതിെൻറ പ്രചാരണം കാരണമാവും. അതിനാൽ, രോഗപ്പടർച്ച തടയുകതന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. എന്നാൽ, അതിന് സ്വീകരിക്കുന്ന കടുത്ത മാർഗങ്ങളാവട്ടെ, ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതുമാണ്. ലോക്ഡൗൺ ഒരു പരിധിക്കപ്പുറം നീട്ടിക്കൊണ്ടുപോവാൻ നമുക്ക് സാധിക്കാതിരുന്നത് ഈ കാരണത്താലാണ്. ലോക്ഡൗൺ അനന്തമായി തുടർന്നിരുന്നെങ്കിൽ കോവിഡിനെക്കാൾ മാരകമായ പട്ടിണിമരണങ്ങളിലേക്കും സമ്പദ്ഘടനയുടെ സമ്പൂർണ തകർച്ചയിലേക്കും നാട് നീങ്ങിയേനെ. പരിമിതമായ നിയന്ത്രണങ്ങളുള്ള ഈ സമയത്തുപോലും നമ്മുടെ സമ്പദ്ഘടന മുടന്തിനീങ്ങുകയാണ് എന്നതാണ് യാഥാർഥ്യം.
കോവിഡ് അടുത്ത കാലത്തൊന്നും അവസാനിക്കില്ല എന്ന ഭീതിക്കിടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും എന്നത് അവ്യക്തമാണ്. അഥവാ, അങ്ങനെ നടത്തുകയാണെങ്കിൽ സാധാരണത്തേക്കാളും എത്രയോ മടങ്ങ് അധികം സമ്പത്തും സമയവും ചെലവുവരും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയാണ് അതിനാൽ യുക്തിസഹമായിട്ടുള്ളത്. പക്ഷേ, നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെട്ടാൽ, പരാജയഭീതി മൂലമാണ് അതെന്ന് രാഷ്ട്രീയ എതിരാളികൾ പറഞ്ഞേക്കുമോ എന്ന് എല്ലാ പാർട്ടികളും ഭയക്കുന്നുണ്ടാവും. അതിനാൽ, പരോക്ഷമായി മാറ്റിവെക്കലിനെ പിന്തുണക്കുന്ന രാഷ്ട്രീയക്കാർ പോലും പ്രത്യക്ഷമായി അങ്ങനെയൊരാവശ്യം ഉന്നയിക്കാൻ സന്നദ്ധമാവുന്നില്ല. കോവിഡ് പ്രതിരോധം അഭിമാന പ്രശ്നമായോ രാഷ്ട്രീയ ജയ–പരാജയങ്ങളുടെ കാഴ്ചപ്പാടിലോ എടുക്കുന്നത് ശരിയല്ല. ആരോഗ്യ വിദഗ്ധരെങ്കിലും ഇക്കാര്യത്തിൽ സത്യസന്ധമായി അഭിപ്രായം പറയാൻ മുന്നോട്ടുവരണം.
കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തേക്കാൾ രാഷ്ട്രീയരംഗം വീണ്ടും സജീവമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസടക്കം സംശയത്തിെൻറ നിഴലിൽ വന്ന സ്വർണക്കടത്ത് കേസടക്കം പല വിവാദങ്ങളുമുണ്ട്. നിയമസഭയിൽ അവിശ്വാസപ്രമേയം വരാനിരിക്കുന്നു. കോവിഡ് കാലത്ത് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് രാജ്യേദ്രാഹമാണെന്ന് ഭരണപക്ഷം പറഞ്ഞുകഴിഞ്ഞു. കലയും സിനിമയും ബീച്ചിലെ കാറ്റുകൊള്ളലും മറ്റു വിനോദങ്ങളുമെല്ലാം മുടങ്ങിയ കോവിഡ് കാലത്ത് രാഷ്ട്രീയമെങ്കിലും സജീവമാകുന്നത് ഒരർഥത്തിൽ നല്ലതാണ്. കോവിഡിനെക്കുറിച്ച ഭീതിപ്പെടുത്തുന്ന വർത്തമാനങ്ങൾ മാത്രം കേട്ട് മനസ്സുകൾ മരവിക്കാതിരിക്കുകയാണ് വേണ്ടത്. കോവിഡ് പ്രതിരോധത്തിെൻറ പേരിൽ ഏകാധിപത്യ പ്രവണതകളെ അനുവദിക്കാനും പറ്റില്ല. അതേസമയം, രോഗവ്യാപനത്തിനു കാരണമാവുന്ന ഇടപാടുകളുണ്ടാവാനും പാടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ആ നിലക്കുതന്നെ പുനഃപരിശോധിക്കുന്നതാണ് എന്തുകൊണ്ടും ഉചിതം. അതേസമയം, ദൈനംദിന ജീവിതത്തെയും സമ്പദ്ഘടനയെയും ബാധിക്കാത്ത തരത്തിൽ കോവിഡ് പ്രതിരോധത്തെയും നിയന്ത്രണ സംവിധാനങ്ങളെയും ശാസ്ത്രീയമാക്കാനും കൃത്യപ്പെടുത്താനുമുള്ള സങ്കേതങ്ങൾ നാമിനിയും വികസിപ്പിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.