ആഡംബര കാറുകളുടെ നിര നീണ്ട മേള, സൗദി ഫുട്ബാൾ ക്ലബുമായി ചേർന്ന് സൗഹൃദമത്സരം, ട്രംപിെൻറ അമേരിക്കയിലെ അരങ്ങേറ്റത്തിന് കൊഴുപ്പുകൂട്ടിയ പാട്ടുകാരൻ ടോബി കീത്തിെൻറ കച്ചേരി, മുറബ്ബയിലെ രാജകൊട്ടാരത്തിൽ പരമ്പരാഗത ആട്ടവും പാട്ടും, അമ്പതോളം മുസ്ലിം രാഷ്ട്രങ്ങൾ അണിനിരന്ന അറബ് ഇസ്ലാമിക് അമേരിക്കൻ ഉച്ചകോടിയിൽ വിശിഷ്ടാതിഥ്യം- സംഭവബഹുലമായിരുന്നു അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സൗദി അറേബ്യയിലേക്കുള്ള വരവ്. പ്രസിഡൻറ് പദമേറ്റശേഷം ആദ്യ വിദേശ സന്ദർശനത്തിനിറങ്ങിയ ട്രംപ് അതിനു കണ്ടുവെച്ചത് മൂന്ന് അബ്രഹാമിക് മതരാഷ്ട്രങ്ങളാണ്. അതിനു തുടക്കമിട്ടത് സൗദി അറേബ്യയിൽനിന്നും. പ്രസിഡൻറ്പദത്തിലേക്ക് കണ്ണുവെച്ചതു മുതൽ കഴിഞ്ഞ രണ്ടു വർഷക്കാലം അറബ് മുസ്ലിം രാഷ്ട്രങ്ങൾക്കെതിരെ ഉറഞ്ഞുതുള്ളുകയും സ്ഥാനമേറ്റശേഷമുള്ള ആദ്യനീക്കങ്ങളിൽ പ്രസംഗങ്ങളിലെ ഇസ്ലാം ഭീതി പ്രയോഗവത്കരിക്കാൻ ശ്രമിക്കുകയും ചെയ്ത ട്രംപിെൻറ സൗദി സന്ദർശനത്തെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. ഇൗ ആകാംക്ഷകൾക്ക് ആക്കംകൂട്ടുന്ന വിധം വിസ്മയകരമായി അദ്ദേഹത്തിെൻറ റിയാദിലെ പ്രകടനം.
ആദ്യ വിദേശസന്ദർശനത്തിന് സൗദി തെരഞ്ഞെടുത്തതിലൂടെ ട്രംപും പശ്ചിമേഷ്യയിലെ തങ്ങളുടെ ശത്രുവിനെതിരെ വാഷിങ്ടണിെൻറ വ്യക്തമായ പിന്തുണ നേടാനായതു വഴി സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും ഇൗ സന്ദർശനംകൊണ്ട് നേട്ടമുണ്ടാക്കി. ഇൗ നേട്ടത്തിെൻറ ആയുസ്സും ആരോഗ്യവും ആർക്ക് ഏതളവിൽ എന്നു വരും നാളുകളിൽ വ്യക്തമാകാനിരിക്കുന്നേയുള്ളൂ. ബറാക് ഒബാമയിൽ ഉറ്റസുഹൃത്തിനെ പ്രതീക്ഷിച്ചതായിരുന്നു സൗദിയും അറബ് മുസ്ലിം രാഷ്ട്രങ്ങളുമൊക്കെ. അതിനെ ആവേശമാക്കി മാറ്റുന്നതായിരുന്നു ൈകറോയിൽ അദ്ദേഹം നടത്തിയ ചരിത്രപ്രസംഗം. എന്നാൽ, 2011ലെ അറബ് വസന്തത്തിന് അനുകൂലമായി നിലപാടെടുത്തേതാടെ ഒബാമ സൗദിയടക്കമുള്ള പ്രമുഖ മുസ്ലിം രാഷ്ട്രങ്ങളുടെ സംശയനിഴലിലായി. പിന്നീട് ഇറാനെതിരായ ഉപരോധം നീക്കി അവരുമായി വൻശക്തികളുടെ ആണവകരാറിൽ ധാരണയിലെത്താൻ നീക്കം നടത്തിയതോടെ ഒബാമ ഗൾഫ് നിയന്ത്രിത അറബ്ലോകത്തിന് അനഭിമതനായി. സിറിയയിൽ ബശ്ശാർ അൽ അസദിനെ കുടിയൊഴിപ്പിക്കാനും െഎ.എസ് ഭീകരത അവസാനിപ്പിക്കാനുമായി സൗദിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്ക് വാക്കാൽ ധാർമിക പിന്തുണയിൽ കവിഞ്ഞൊന്നും തയാറാകാതെ വന്നത് വാഷിങ്ടണിെൻറ വഞ്ചനയായാണ് സൗദി നേതൃത്വത്തിലുള്ള അറബ്രാഷ്ട്ര സഖ്യം കണ്ടത്.
അങ്ങനെ അമേരിക്കയെ തഴഞ്ഞ് റഷ്യയും ഫ്രാൻസുമായുമൊക്കെ പുതിയ സഹകരണത്തിെൻറ മേഖലകൾ തേടുകയായിരുന്നു അവർ. അതിനിടെയാണ് ട്രംപിെൻറ രംഗപ്രവേശം. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ആക്രോശം മുഴക്കിയും മുസ്ലിം വംശവെറിക്കാരെ മുഴുവൻ ചേർത്തുനിർത്തിയും ട്രംപ് പ്രസിഡൻറ് പദം പിടിക്കാൻ നീങ്ങുന്നത് അറബ് ലോകം ചങ്കിടിപ്പോടെയാണ് കണ്ടത്. പ്രസിഡൻറായശേഷം ഇസ്ലാം അമേരിക്കയെ െവറുക്കുന്നുവെന്ന് പ്രസ്താവിക്കുകയും മുസ്ലിം രാഷ്ട്രങ്ങളിൽ ചിലതിലുള്ളവർക്ക് യാത്രാനിരോധം ഏർപ്പെടുത്തുകയും ചെയ്ത ട്രംപ് സൗദിയിലെ മാത്രമല്ല, അറബ് ജനതയുടെ തന്നെ അമർഷം ഏറ്റുവാങ്ങിയിരുന്നു.
അതേസമയം, ഇറാനെ മേഖലയിലെ ഭീഷണിയായി കണ്ട് അദ്ദേഹം നടത്തിയ പ്രസ്താവനകളും ആണവകരാർ റദ്ദാക്കാനുള്ള നീക്കവും അറബ്ലോകത്ത് പ്രതീക്ഷയുണർത്തി. അതിനെ ത്വരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സൗദി രണ്ടാം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വാഷിങ്ടൺ കേന്ദ്രീകരിച്ചു നടത്തിയ നയതന്ത്രദൗത്യത്തിെൻറ കൂടി ഫലമായിരുന്നു ട്രംപിെൻറ റിയാദ് സന്ദർശനം. 110 ബില്യൺ യു.എസ് ഡോളറിെൻറ ആയുധക്കച്ചവടമടക്കം 300 ബില്യൺ ഡോളറിെൻറ 15 കരാറുകൾ, സൗദിയുടെ സാമ്പത്തിക റിസർവിൽനിന്ന് അമേരിക്കയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് നൽകുന്ന കരാറുകൾ, ട്രംപിെൻറ മകൾ ഇവാങ്കയുടെ വനിത സന്നദ്ധസംഘടനയിലെ നിക്ഷേപം തുടങ്ങി വിവിധ ഇടപാടുകളുടെ സാധ്യതകളും തുറന്നിട്ടാണ് സൗദി അമേരിക്കൻ പ്രസിഡൻറിനു മുന്നിൽ ചുവന്നപരവതാനി വിരിച്ചത്.
ആേഘാഷപൂർവമുള്ള ഇൗ അറബ് വരവേൽപിൽ ട്രംപ് പഴയതൊക്കെ മറന്ന് ആതിഥേയരുടെ കൈയടി നേടാൻ അറച്ചതുമില്ല. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ വംശീയവെറിയിൽ മുന്തിനിന്ന ട്രംപ് റിയാദിൽ വിശ്വാസത്തിനോ സംസ്കാരത്തിനോ എതിരല്ല, ക്രിമിനലുകൾക്കെതിരാണ് അമേരിക്കയുടെ നീക്കമെന്നും നന്മയും തിന്മയും തമ്മിലുള്ള സംഘർഷമാണ് നിലനിൽക്കുന്നതെന്നും നയം മാറ്റി. ഇസ്ലാമിക തീവ്രവാദമെന്ന പ്രേയാഗം ഇസ്ലാമിസ്റ്റ് തീവ്രതയെന്നു തിരുത്തി. ഭീകരതയുടെ പ്രായോജകരും മേഖലയുടെ ഭീഷണിയുമായി ഇറാനെ വിശേഷിപ്പിച്ചു. അവർക്കെതിരായ നീക്കത്തിന് അറബ്രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
സൗദി രാജാവിനു മുന്നിൽ ആദരപൂർവം കുനിഞ്ഞു നിന്നതിന് ഒബാമയെ വിമർശിച്ച ട്രംപ് സൽമാൻ രാജാവിനു മുന്നിൽ എളിമയോടെ കുമ്പിട്ടു. ഇങ്ങനെ ട്രംപിനെ വഴിക്കുവരുത്തിയെന്ന സന്തോഷത്തിനു സൗദിക്ക് വകനൽകുന്നുണ്ട് ഇൗ സന്ദർശനം. മേഖലയിലെ ഭീഷണികളെ നേരിടാൻ അറബ് മുസ്ലിം രാഷ്ട്രങ്ങളെ തന്നെ ഉദ്ബോധിപ്പിക്കുന്നതിലൊതുങ്ങി ട്രംപ്. സിറിയയിലെ ആക്രമണം പരാമർശിച്ചെങ്കിലും സിറിയയിലോ യമനിലോ സ്വന്തം നിലയിൽ ആക്രമണമുഖം തുറക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയില്ല. ‘പൊതുമൂല്യങ്ങളിൽ വേരൂന്നിയ തത്ത്വാധിഷ്ഠിത പ്രായോഗികവാദ’മാണ് തങ്ങൾ പിന്തുടരുന്നതെന്ന് ട്രംപ് അവകാശപ്പെടുേമ്പാൾ തികഞ്ഞ അവസരവാദിയുടെ വ്യാജോക്തികളെന്ന് വിമർശകർ പ്രഭാഷണത്തെ വിശേഷിപ്പിക്കുന്നുണ്ട്. അറബ് മുസ്ലിം ലോകെത്ത രക്തച്ചൊരിച്ചിലിനെക്കുറിച്ച് അനുഭാവപൂർവം വാചാലനാകുേമ്പാൾ 34,000 സൈനികർക്ക് പരിശീലന സഹായം വാഗ്ദാനം ചെയ്യുന്നതും മേഖലയിലെ സമാധാനം പ്രസംഗിച്ച് ആയുധക്കച്ചവടം നടത്തുന്നതും ചൂണ്ടിക്കാട്ടിയാണിത്. ആൾ ട്രംപ് ആയതിനാൽ അദ്ദേഹമോ വിമർശകേരാ ശരി എന്നറിയാൻ ഏറെ കാത്തിരിക്കേണ്ടി വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.