സ്വാതന്ത്ര്യത്തിെൻറ 70ാം വർഷം വർണശബളമായി ആഘോഷിക്കാൻ തയാെറടുക്കുന്ന രാജ്യത്തിെൻറ തലകുനിപ്പിക്കുന്നതാണ് ഗോരഖ്പുർ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ സംഭവിച്ച 72 കുട്ടികളുടെ ദുരന്ത മരണങ്ങൾ. ജീവവായു നിഷേധിക്കപ്പെട്ട് മരണത്തെ പുൽകാൻ വിധിക്കപ്പെട്ട ആ പിഞ്ചുകുഞ്ഞുങ്ങൾ മറവു ചെയ്യപ്പെടുന്നത്, രാജ്യത്തിെൻറ രോഗാതുരമായ ആരോഗ്യരംഗത്തെയും കെടുകാര്യസ്ഥതയുടെ ഹിമവൽകോട്ടകളായിത്തീർന്ന ഭരണകൂട സംവിധാനങ്ങളുടെയും ജീർണതകളെ പുറത്തേക്കിട്ടുകൊണ്ടാണ്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും ആശുപത്രി അധികൃതർക്കും സ്വാഭാവിക മരണങ്ങളെന്ന് ലാഘവത്തോടെ പറഞ്ഞൊഴിയാൻ അനുവദിക്കപ്പെടാൻ പാടില്ലാത്ത ഭരണകൂട കൂട്ടക്കൊലയാണ് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. രാജ്യത്തെ മുഴുവൻ നടുക്കിയ, വേദനിപ്പിച്ച ആ കുരുന്നുകളുടെ മരണങ്ങൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ പരിഹാരക്രിയയാണ് മുഴുവൻ പ്രതികളും വെളിച്ചത്തുവരുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുകയെന്നത്.
ഗോരഖ്പുരിലെ ദീർഘകാലത്തെ എം.പിയാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മസ്തിഷ്ക ജ്വരത്തിന് കുപ്രസിദ്ധമായ ഗോരഖ്പൂർ പ്രദേശത്തെ ഏക ആശ്രയമാണ് ബി.ആർ.ഡി മെഡിക്കൽ കോളജ്. 1978 മുതൽ ജപ്പാൻ ജ്വരം ബാധിച്ച് പതിനായിരത്തിലധികം കുട്ടികളുടെ മരണമാണ് ഔദ്യോഗികമായി അവിടെ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്; അനൗദ്യോഗികമായി അമ്പതിനായിരവും. 2012ന് ശേഷം മാത്രം മുവായിരത്തിലധികം കുട്ടികൾ ഇതേ രോഗം ഹേതുവായി മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.
എന്നിട്ടും മതിയായ ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നിടത്തും ആശുപത്രിയുടെ പരാധീനതകൾ പരിഹരിക്കുന്നിടത്തും സമ്പൂർണ പരാജയമായിരുന്നു ഭരണകൂടങ്ങളും അധികാര കേന്ദ്രങ്ങളും. 2016 ഫെബ്രുവരി മുതൽ സംസ്ഥാന-കേന്ദ്ര ആരോഗ്യ വകുപ്പുകൾക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കത്തെഴുതുന്നുണ്ട് മസ്തിഷ്ക ജ്വര ചികിത്സക്ക് 38 കോടി അനുവദിക്കാൻ. പുതിയ സർക്കാർ അധികാരത്തിലേറിയതിനുശേഷവും അദ്ദേഹം തുകയനുവദിക്കുന്നതിനും പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയും ആരോഗ്യപരിപാലന ഡയറക്ടർ ജനറലിന് കത്തെഴുതി. ആ കത്തും കേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കുകയല്ലാതെ നിർമാണാത്മകമായ ഒരു ചുവടുവെപ്പോ അടിയന്തര നടപടിക്രമങ്ങളോ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ല. ആരോഗ്യപരിപാലനത്തിൽ യു.പി.എ സർക്കാറിനെക്കാൾ കുറഞ്ഞ തുക മാത്രം വകയിരുത്തിയിട്ടുള്ള മോദി സർക്കാർ ആ തുക അനുവദിച്ചതുമില്ല.
ഗോരഖ്പുർ മെഡിക്കൽ കോളജ് 7.5 കോടി രൂപയായിരുന്നു പ്രതിവർഷം മരുന്നുകൾക്കും ഓക്സിജനും വകയിരുത്തിയിരുന്നത്. അത് സമയബന്ധിതമായി അനുവദിക്കാതെ ചുവപ്പുനാടയിൽ കുരുക്കുന്നതുമൂലം മരുന്നിെൻറയും ഓക്സിജെൻറയും ദൗർലഭ്യം പതിവായിരുന്നു. 2016 നവംബറിനുശേഷം ഓക്സിജൻ വിതരണം ഏെറ്റടുത്ത കമ്പനിക്ക് തുക അനുവദിക്കാതെ കുടിശ്ശിക 72 ലക്ഷമായി. ഡോക്ടർമാരടക്കം ആശുപത്രി ജീവനക്കാർക്ക് സമയബന്ധിതമായി ശബളം നൽകുന്നതിൽപോലും പരാജയമായ അധികാരികൾ ഓക്സിജൻ ദൗർലഭ്യം ഒരാഴ്ച മുേമ്പ ലഭിച്ചിട്ടും രഹസ്യമായി വെക്കുകയായിരുന്നു. പുറംപൂച്ചുകളിൽ അഭിരമിക്കുന്ന ഭരണകൂടത്തിന് പക്ഷേ, അടിയന്തര പ്രാധാന്യം സ്വാതന്ത്യദിനത്തിൽ എല്ലാ മദ്റസകളും വന്ദേമാതരം ചൊല്ലുന്നത് ഉറപ്പിക്കുന്നതിലായിരുന്നു. അവയുടെ വിഡിയോകൾ ജില്ല ന്യൂനപക്ഷ ഓഫിസുകളിൽ സ്വീകരിക്കാനുള്ള സംവിധാനങ്ങളൊരുക്കുന്നതിലായിരുന്നു. വന്ദേമാതരോദ്ധരണിക്ക് മുന്നിൽ 73 കുട്ടികൾ പ്രാണൻ നിഷേധിക്കപ്പെട്ട് മരിച്ചുവീഴുന്നത് എത്ര നിസ്സാരം.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങും പറയുന്നത് ബി.ആർ.ഡിയിലെ മരണങ്ങളിൽ അസ്വാഭാവികതയില്ലെന്നാണ്. ഓക്സിജൻ ലഭിക്കാതെയാണ് ഈ മരണങ്ങളെന്ന ആശുപത്രി അധികൃതരുടെ വാർത്തക്കുറിപ്പിനെയും പൊലീസിെൻറ പ്രാഥമിക റിപ്പോർട്ടിനെയും അവർ തള്ളുകയും ചെയ്തിരിക്കുന്നു. ഗോരഖ്പുർ ജില്ല മജിസ്ട്രേറ്റ് രാജീവ് റൗട്ടേലയുെട പ്രാഥമിക ആന്വേഷണം ഈ മരണങ്ങളെ എത്ര നിസ്സാരമായാണ് അധികാരികൾ നോക്കിക്കാണുന്നതെന്ന് തെളിയിക്കുന്നുണ്ട്. ദിനംപ്രതി രണ്ട് കുട്ടികൾ മസ്തിഷ്കവീക്കം മൂലവും അഞ്ച് നവജാത ശിശുക്കൾ മറ്റ് കാരണത്താലും മരിക്കുന്ന ഒരു മെഡിക്കൽ കോളജിൽ ഒരുദിവസം 20 വരെയുള്ള കുട്ടികൾ മരിക്കുന്നത് സ്വാഭാവികമാണത്രെ.
അനായാസം ഗ്രഹിക്കാൻ കഴിയുന്ന പരാധീനതകൾ 20 വർഷം എം.പിയായിട്ടും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായിട്ടും യോഗി ആദിത്യനാഥിനും അദ്ദേഹത്തിെൻറ സർക്കാറിനും ദുരന്തത്തിന് മൂന്നു ദിവസം മുമ്പ് അവിടെ സന്ദർശിച്ചിട്ടുപോലും മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് പൊതുസമൂഹത്തിൽ പറയാൻ കഴിയുന്നത് ദരിദ്രരുടെ ജീവിതത്തോടും മരണത്തോടും പുലർത്തുന്ന ലാഘവത്വത്തിലാണ് ഇത്തരം ദുരന്തങ്ങളുടെ വേരുകൾ കിടക്കുന്നത് എന്നതുകൊണ്ടാണ്. അതുകൊണ്ട് ഭരണകൂട കെടുകാര്യസ്ഥതയുടെയും അധികാരികളുടെ ഉത്തരവാദിത്തരാഹിത്യത്തിെൻറയും കൂട്ടക്കുരുതിയായി രേഖപ്പെടുത്തപ്പെടുകയും അധികാരസ്ഥാനീയർ വിചാരണ ചെയ്യപ്പെടുകയും വേണം ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിലെ 73 ശിശുഹത്യകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.