രാംകിഷന്‍െറ ജീവാര്‍പ്പണം രാജ്യത്തെ ഓര്‍മിപ്പിക്കുന്നത്

ഹരിയാനയിലെ ഭീവാനി ജില്ലയില്‍നിന്നുള്ള റിട്ട. സുബേദാര്‍ രാംകിഷന്‍ ഗ്രെവാള്‍ ഡല്‍ഹിയില്‍ ഭരണാസ്ഥാനത്ത് വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവം രാജ്യാതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട സൈന്യത്തോട് നമ്മുടെ ഭരണകൂടം കാട്ടുന്ന സ്നേഹാദരവുകളെല്ലാം കേവലം പുറംപൂച്ചാണെന്ന് തെളിയിക്കുന്നതാണ്. തങ്ങളുടെ ആവലാതികള്‍  ബോധിപ്പിക്കാന്‍ പ്രതിരോധമന്ത്രിയെ കാണുന്നതിനുപോലും അവസരം നിഷേധിച്ചതിലുള്ള നൈരാശ്യമാണ് ഗ്രെവാളിനെ കടുംകൈയിലേക്ക് പ്രേരിപ്പിച്ചതെന്ന് മരണക്കുറിപ്പും മകനെ ഫോണില്‍ വിളിച്ചു കൈമാറിയ സന്ദേശവും വ്യക്തമാക്കുന്നു.

രാജ്യത്തിനും രാജ്യത്തെ സൈന്യത്തിനുംവേണ്ടി ഞാന്‍ എന്‍െറ ജീവന്‍ ത്യജിക്കുന്നുവെന്നാണ് എഴുപതുകാരനായ ഈ വിമുക്ത ഭടന്‍ എഴുതിവെച്ചിരിക്കുന്നത്. വിഷം കഴിച്ച് അവശനായി ഇന്ത്യാ ഗേറ്റിനു സമീപം ഇരിക്കുന്ന സമയത്ത് മകനെ വിളിച്ചുപറഞ്ഞതും അതുതന്നെ: ‘‘എന്നോടും നമ്മുടെ സൈനികരോടും സര്‍ക്കാര്‍ അനീതിയാണ് കാട്ടുന്നത്. ഞാന്‍ ചില ആദര്‍ശങ്ങളുള്ള വ്യക്തിയാണ്.  കുടുംബത്തിനും രാജ്യത്തിനുംവേണ്ടി ജീവിതം ബലികഴിക്കുന്നു.’’ 36 വര്‍ഷം സൈനികസേവനം നടത്തിയ ഈ മനുഷ്യനെ ജീവിതസായാഹ്നത്തില്‍  ഇമ്മട്ടില്‍ നൈരാശ്യത്തില്‍ അകപ്പെടുത്തിയ അനീതിയെക്കുറിച്ച് സൈന്യത്തിന്‍െറ ആത്മാര്‍പ്പണം വിവരിച്ച് എന്നെന്നും രോമാഞ്ചകഞ്ചുകമണിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി മനോഹര്‍ പരീകറുമൊക്കെ പുനര്‍വിചിന്തനത്തിന് തയാറാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

എന്നാല്‍, ഈ വിമുക്ത ഭടന്‍െറ മരണം സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ വിവിധ രാഷ്ട്രീയനേതാക്കളോട് പൊലീസും അധികൃതരും പെരുമാറിയ രീതി ഫാഷിസത്തിന്‍േറതായിപ്പോയി. മുന്‍ ജവാന്‍െറ മൃതദേഹം കിടത്തിയ രാംമനോഹര്‍ ആശുപത്രിയില്‍ ചെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അകത്തേക്ക് കടത്തിവിടാന്‍പോലും പൊലീസ് അനുവദിച്ചില്ല  എന്ന് മാത്രമല്ല, രണ്ടുതവണ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതും അജ്ഞാതകേന്ദ്രത്തിലേക്ക് ജീപ്പില്‍ കയറ്റി കൊണ്ടുപോയതും അടിയന്തരാവസ്ഥയുടെ കറുത്തദിനങ്ങള്‍ ഓര്‍മിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ലേഡി ഹാര്‍ഡിങ് ആശുപത്രിയിലേക്ക് പോയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പൊലീസ് മണിക്കൂറോളം തടഞ്ഞുവെച്ചുവെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ നാട് ഇവിടംവരെ എത്തിയോ എന്ന് ആരും മൂക്കിനു വിരല്‍ വെച്ചുപോകാം.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി തങ്ങളുടെ ഭരണകാലത്താണ് നടപ്പാക്കിയത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പലവുരു അവകാശവാദം ഉന്നയിച്ചതാണ്. കഴിഞ്ഞയാഴ്ച ദീപാവലി നാളില്‍ ചൈനാ അതിര്‍ത്തിയില്‍ സൈനികരെ അഭിസംബോധന ചെയ്യവെ, പദ്ധതി പൂര്‍ണമായും നടപ്പാക്കിയെന്ന് മോദി ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍, പ്രായോഗികതലത്തില്‍ ഒട്ടേറെ പാകപ്പിഴവുകളും അനീതിയും കയറിക്കൂടിയിട്ടുണ്ട് എന്നാണ് കുറെ മാസമായി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന വിമുക്ത ഭടന്മാരുടെ രോദനത്തില്‍നിന്ന് മനസ്സിലാക്കേണ്ടത്. പദ്ധതിയില്‍ വെള്ളം ചേര്‍ത്താണ് നടപ്പാക്കിയതെന്നും ആനുകൂല്യങ്ങള്‍ പലനിലക്കും വെട്ടിക്കുറക്കുന്ന വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നും വിമുക്ത ഭടന്മാരുടെ സംഘടന ചൂണ്ടിക്കാട്ടുകയുണ്ടായി.

സൈനികസേവനത്തിനിടെ അംഗഭംഗം സംഭവിച്ച ഭടന്മാരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതും കടുത്ത എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. വിരമിച്ചവര്‍ക്ക് റാങ്ക് നിര്‍ണയിച്ച് തുല്യപെന്‍ഷന്‍ എന്ന ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതിയുടെ മര്‍മം അട്ടിമറിച്ചാണ് മോദി സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് വ്യാപക പരാതി. അത്തരം പരാതികള്‍ പരിഹരിക്കുന്നതിന് ഹൃദയവിശാലത കാട്ടാതെ, സൈനികരെ തെരുവിലിറക്കാനും മരണത്തിലേക്ക് തള്ളിവിടാനും വഴിയൊരുക്കുന്നതിലെ ബുദ്ധിമോശം ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്തേണ്ടതുണ്ട്. സൈനികരുടെ കുടുംബങ്ങള്‍ ധാരാളമുള്ള ഹരിയാനയില്‍നിന്നുതന്നെ ഒരു വിമുക്ത സൈനികന്‍ ജീവനൊടുക്കിയതും അതുവഴി, കാലങ്ങളായി ഈ വിഭാഗം കൊണ്ടുനടക്കുന്ന പരിദേവനങ്ങള്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നതും വിശകലനം ചെയ്യപ്പെടുമ്പോള്‍ 30 ലക്ഷത്തോളം വരുന്ന സൈനികരെയും അവരുടെ ആശ്രിതരെയും വോട്ടുബാങ്കായി കാണുന്ന ബി.ജെ.പിക്ക് ഏല്‍ക്കുന്ന രാഷ്ട്രീയ തിരിച്ചടി നിസ്സാരമല്ല.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനും മുന്‍ സൈനികത്തലവന്‍ വി.കെ. സിങ്ങിനെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിലേക്ക് ആനയിച്ചുകൊണ്ടുവരുന്നതിനും ഹരിയാന വേദിയാക്കിയതു തന്നെ പട്ടാളത്തോട് ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയപ്രസ്ഥാനം ദേശസ്നേഹത്തിന്‍െറ കുത്തക അവകാശപ്പെടാവുന്ന തങ്ങളുടേതാണെന്ന അവകാശവാദത്തിനു പുറത്താണെന്ന് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. എന്നിട്ടും ഒരു വിമുക്ത ഭടന്‍െറ ബലിദാനം അധികാരത്തിന്‍െറ കാല്‍ച്ചുവട്ടില്‍ ഏറ്റുവാങ്ങേണ്ടിവന്നത് അപരിമേയമായ ആഘാതമായേ വിലയിരുത്താനാവൂ. രാംകിഷന്‍െറ ജീവാര്‍പ്പണം നീതിനിഷേധത്തിനെതിരായ ഒരു വ്യക്തിയുടെ ധര്‍മരോഷമായി കണ്ട് തെറ്റുതിരുത്താനാണ് സര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടേണ്ടത്. അതല്ലാതെ, രാഷ്ട്രീയപ്രതിയോഗികളെ അധികാരമുഷ്്ക്കുകൊണ്ട് അടിച്ചമര്‍ത്താനാവരുത്.

Tags:    
News Summary - editorial madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT