വി​ദ്വേഷ രാഷ്ട്രീയ​ത്തെ തള്ളി​ ഫ്രാൻസും​

തെരഞ്ഞെടുപ്പ്​ കളത്തിലുണ്ടായിരുന്ന രാഷ്ട്രീയ പാർട്ടികളുടെ അവകാശവാദങ്ങൾക്കൊപ്പം രാഷ്ട്രീയ നിരീക്ഷകരുടെ കൂടി കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കുന്നതായി ഞായറാഴ്ച പുറത്തുവന്ന ഫ്രാൻസിലെ ​തെരഞ്ഞെടുപ്പുഫലം. വലതുപക്ഷ വംശീയവാദി നേതാവ്​ മറീൻ ലുപെൻ നയിക്കുന്ന നാഷനൽ റാലി പാർട്ടിയെ മൂന്നാംസ്ഥാനത്തേക്ക്​ പുറന്തള്ളി ഇടതുപക്ഷ കക്ഷികളുടെ അയഞ്ഞ സഖ്യമായ ജീൻ​ ലുക്​ മി​​ലൊൻഷന്‍റെ നേതൃത്വത്തിലുള്ള ന്യൂ പോപുലർ ഫ്രണ്ടാണ്​ 182 സീറ്റുകൾ നേടി മുന്നിലെത്തിയിരിക്കുന്നത്​. 163 സീറ്റുകൾ നേടിയ, നിലവിലെ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോണിന്‍റെ ‘എൻസെംബ്​ൾ’ കൂട്ടുകെട്ട്​ തൊട്ടുപിറകിലുണ്ട്​. 143 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തെത്താനേ നാഷനൽ റാലിക്കു കഴിഞ്ഞുള്ളൂ. 577 അംഗ ദേശീയ അസംബ്ലിയിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരിക്കെ, തൂക്കുസഭക്കുള്ള സാധ്യതയാണ്​ ഇതുവരെ നിലനിൽക്കുന്നത്​.

പ്രചാരണത്തിലും വോട്ടെടുപ്പിലും ഫലപ്രഖ്യാപനത്തിലുമൊക്കെ, ഇന്ത്യയി​​ലെ പാർലമെന്‍റ്​ തെരഞ്ഞെടുപ്പുമായി പലവിധ സാദൃശ്യങ്ങളുണ്ട് ഫ്രാൻസിലെ ​തെരഞ്ഞെടുപ്പിനും. കുടി​യേറ്റവിരുദ്ധ, വംശീയ വിദ്വേഷ രാഷ്ട്രീയത്തിന്​ നേതൃത്വം നൽകുന്ന ലീപെന്നിന്‍റെ നാഷനൽ റാലിയുടെ മു​ന്നേറ്റം, ഈ വർഷാന്ത്യത്തിൽ ഒളിമ്പിക്സിന്​ ആതി​ഥ്യം വഹിക്കാനൊരുങ്ങുന്ന ഫ്രാൻസിൽ മാത്രമല്ല, യൂറോപ്യൻ യൂനിയനിൽതന്നെ ആശങ്ക വിതച്ചിരുന്നു. ഈ വർഷം തെരഞ്ഞെടുപ്പ്​ നടക്കുന്ന പല രാജ്യങ്ങളിലും തീവ്രവലതുപക്ഷ കക്ഷികൾ പുലർത്തുന്ന മേധാവിത്വം യൂ​റോപ്പിലുടനീളം അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിച്ചിട്ട്​ മാസങ്ങളായി. ​നെതർലൻഡ്​സ്​, ഇറ്റലി, ​പോളണ്ട്​, ഹംഗറി, ഓസ്ട്രിയ,​ ചെക് റിപ്പബ്ലിക്​ തുടങ്ങി വിവിധ യൂ​റോപ്യൻ രാജ്യങ്ങളിൽ വലതു തീവ്രവാദി സംഘടനകൾ സൗഹൃദസഖ്യ ഭാഷയിൽ സംസാരിക്കുന്നത്​ യൂ​റോപ്യൻ യൂനിയനിലെ ജനാധിപത്യവാദി രാഷ്ട്രങ്ങൾക്കിടയിൽ അസ്വാസ്ഥ്യം വിതച്ചിരുന്നു. ​

മേയ്​ 31ന്​ ഞായറാഴ്ച ​ഫ്രാൻസിൽ നടന്ന ഒന്നാംവട്ട ​​വോട്ടെടുപ്പിൽ 33 ശതമാനം ​​വോട്ട്​​ നേടി നാഷനൽ റാലി ഒന്നാമതെത്തിയതോടെ ലോകമെങ്ങുമുള്ള ഫാഷിസ്റ്റ്​, വംശീയമുന്നണികളിൽ ആ​വേശം അലതല്ലി. അതിനനുസൃതമായി മറുഭാഗത്ത്​ തികഞ്ഞ നിരാശയും ഇച്ഛാഭംഗവും. തെരഞ്ഞെടുപ്പ്​ ഫലപ്രവചനക്കാർ ഒറ്റക്കെട്ടെന്നോണം 250 മുതൽ 300 വ​രെ സീറ്റുകൾ​ ലീപെൻ കക്ഷിക്കു പറഞ്ഞുവെച്ചു (280 സീറ്റുകളാണ്​ ഭൂരിപക്ഷത്തിനു വേണ്ടത്​). അ​തേസമയം, ഭീഷണി തിരിച്ചറിഞ്ഞ മറുകക്ഷികൾ ഏതുവിധേനയും തീവ്രവംശീയകക്ഷിയെ തുരത്താനുള്ള സംയുക്ത ഉപായങ്ങളെക്കുറിച്ച്​ ആലോചന സജീവമാക്കി. മാക്രോണിന്‍റെ മധ്യപക്ഷ കക്ഷിയുടെ നേതാവും പ്രധാനമന്ത്രിയുമായ ​ഗേബ്രിയൽ ആച്​റ്റൽ വെട്ടിത്തുറന്നുപറഞ്ഞു-‘‘അധികാരത്തിന്‍റെ ​ഗേറ്റു വ​രെയെത്തിയ ആർ.എൻ പാർട്ടിക്ക്​ രണ്ടാം റൗണ്ടിൽ ഒരു വോട്ടും കൊടുക്കരുത്​’’. മാ​​ക്രോണിന്റെ മുന്നണിയും എൻ.എഫ്​.പിയും തമ്മിൽ ആർ.എന്നി​നെ ​തോൽപിക്കാൻ കെൽപുള്ള സ്ഥാനാർഥികൾക്കുവേണ്ടി പരസ്പരം പിന്മാറാൻ തയാറായി. വലതുതീവ്രവാദികളെ അകറ്റിനിർത്തി ‘റിപ്പബ്ലിക്കൻ മുന്നണി’യെ ജയിപ്പിക്കാനായി 200 സ്ഥാനാർഥികൾ ഇങ്ങനെ പിന്മാറി എന്നാണ് കണക്ക്​. ചരിത്രകാരും അഭിഭാഷകരും മുസ്‍ലിം നേതാക്കളും കൂട്ടായി രംഗത്തിറങ്ങി. 10,000 ക്രൈസ്തവർ​ 70 പുരോഹിതരുടെ ​നേതൃത്വത്തിൽ ഒപ്പിട്ട പ്രസ്താവന, വിശ്വാസത്തിന്റെ ​പേരിൽ വലതു തീവ്രവാദത്തിനെതിരെ വിധിയെഴുത്ത് നടത്തണമെന്ന് ആഹ്വാനം ചെയ്തു.

മറുഭാഗത്ത്​ വിജയമുറപ്പിച്ച്​ ലുപെൻ തീവ്ര മുസ്​ലിം, കുടിയേറ്റവിരുദ്ധ ​പ്രസ്താവനകളുമായി വോട്ട് ധ്രുവീകരണത്തിനുള്ള എല്ലാ അടവും പയറ്റി. എഴുപതുകളിൽ മറീൻ ലുപെന്നിന്‍റെ പിതാവ്​ തീവ്രവാദികക്ഷിക്ക്​ രൂപംകൊടുക്കു​മ്പോൾ നാസി ജർമനിയു​ടെ കൂലിപ്പട്ടാളക്കാർ വരെ അതിലുണ്ടായിരുന്നു. പിന്നീട്​ ലോകം വംശീയതക്കെതിരെ തിരിഞ്ഞ കാലത്ത്​ സംഘടനയു​ടെ അതിതീവ്രഭാവത്തിന്​ മാറ്റംവരുത്താൻ മരീൻ ഒരുമ്പെട്ടെങ്കിലും സംഘ്​പരിവാറിന്‍റെ ജനസമ്പർക്ക പരിപാടികളുടെ പരിണതി തന്നെയായിരുന്നു അതിനും. ഒടുവിൽ മിതവാദമൊക്കെ അഴിച്ചു​വെച്ച്​ വംശ​വെറിയിൽ യൂറോപ്പി​ന്‍റെ മുന്നിൽനിൽക്കാനുള്ള മത്സരത്തിലായി ലുപെൻ. നുഴഞ്ഞുകയറ്റ കുടിയേറ്റക്കാരുടെ ഇരട്ടപൗരത്വം അവസാനിപ്പിക്കും, അവരെ തൊഴിലിൽനിന്ന്​ മാറ്റിനിർത്തും, അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പൗരത്വാവകാശങ്ങൾ നി​ഷേധിക്കും, ഹിജാബ്​ നിരോധിക്കും തുടങ്ങിയ വൈകാരിക വിക്ഷോഭം സൃഷ്ടിക്കുന്ന പ്രസ്​താവനകളുമായി പാർട്ടി സജീവമായി. എന്നാൽ, തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ധ്രുവീകരണ, വിഭജന രാഷ്ട്രീയത്തിന്​ ഫ്രാൻസിന്റെ സമ്മതമില്ല എന്നു വ്യക്തമായി. ആർ.എൻ തോറ്റു മൂന്നാമതെത്തി എന്നതുതന്നെ അതിന്‍റെ തെളിവ്​. ബി.ജെ.പി മൂന്നാം വട്ടവും അധികാര​​മേറി​യെങ്കിലും അവരെ കേവല ഭൂരിപക്ഷത്തിൽ താഴെ നിലക്കുനിർത്താനും ശക്തമായ ഒരു പ്രതിപക്ഷത്തെ പാർലമെന്റിലെത്തിക്കാനും കഴിഞ്ഞതു വൻവിജയമായാണ്​ ജനാധിപത്യ ഇന്ത്യ ആ​ശ്വാസപൂർവം കണ്ടത്​. അതേ മാനസികാവസ്ഥയിലാണ്​ കഴിഞ്ഞ രണ്ടുനാളുകളായി ഫ്രാൻസിൽ ജനാധിപത്യ കക്ഷികളും പൗരസഞ്ചയവും നടത്തിവരുന്ന വിജയാഘോഷങ്ങൾ.

യൂറോപ്പിലെ രണ്ടാം സാമ്പത്തികശക്തിയായി എണ്ണപ്പെടുന്ന ഫ്രാൻസിനുമേൽ വംശവെറിക്കാർ ആധിപത്യം നേടുന്നത്​ യൂറോപ്​ ഭയത്തോടെ തന്നെയാണ്​ കണ്ടത്​. വംശീയ, വർഗീയവിരുദ്ധ ശക്തികളെല്ലാം ഇക്കാര്യത്തിൽ നിരന്തരം ജനങ്ങളെ ബോധവത്​കരിച്ചുകൊണ്ടിരുന്നു. വംശവെറിയിൽ മുന്നിൽനിൽക്കുന്ന ഇറ്റലിയു​ടെ വടക്കുകിഴക്കൻ പ്രവിശ്യയായ ട്രീസ്​റ്റെയിൽ ​റോമൻ കാത്തലിക്​ ചർച്ചിന്‍റെ വാർഷിക കൺ​വെൻഷനിൽ ​പോപ്പ്​ ഫ്രാൻസിസ്​ മാർപാപ്പ ‘ജനാധിപത്യം ഇന്നു നല്ല ആരോഗ്യത്തിലല്ല എന്നും, ചിലയാളുകൾ ഹാമെലനിലെ കുഴലൂത്തുകാര​നെപ്പോലെ ജനങ്ങളെ നാശത്തിന്റെ പടുകുഴിയിൽ ചാടിക്കാൻ കൊണ്ടുപോകുകയാണെ’ന്നും മുന്നറിയിപ്പ്​ നൽകിയത്​ ശ്രദ്ധേയമാണ്​.

ജനത്തെ ദരിദ്രമാക്കുന്ന ധ്രുവീകരണ ശ്രമങ്ങളെ കരുതിയിരിക്കാനും സ്വാഭിമാനം തിരിച്ചുപിടിക്കാനുമുള്ള മാർപാപ്പയുടെ ആഹ്വാനം ഫ്രാൻസിലെ ഫലം പുറത്തുവരുന്ന നാളിൽ തന്നെയായത്​ വെറും യാദൃച്ഛികതയാവാനിടയില്ല. യൂ​റോപ്പിൽ വംശീയതക്ക്​ ലഭിക്കുന്ന വൻ പ്രചാരം അസ്വസ്ഥപ്പെടുത്തുമ്പോഴും അതിനെതിരായ മറുമരുന്നു ​തേടാനുള്ള ശ്രമവും തകൃതിയിൽ നടന്നുവരുന്നു എന്നത്​ ആശ്വാസകരമാണ്​. ഇന്ത്യ, ബ്രിട്ടൻ, ഫ്രാൻസ്​ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്​ ഫലങ്ങൾ, അതിന്‍റെ ആവേഗവും ആയുസ്സും എന്തുതന്നെയായാലും, ജനാധിപത്യവും മാനവിക മൂല്യങ്ങളും അർഥവത്താക്കുന്ന രാഷ്ട്രീയക്രമങ്ങളാണ് വിദ്വേഷ​ തീവ്രവാദ രാഷ്ട്രീയത്തേക്കാൾ ജനത്തിനു പഥ്യം എന്ന ശുഭസൂചനയാണ്​ നൽകുന്നത്​. ഫാഷിസ്റ്റു രാഷ്ട്രീയത്തിനെതിരായ ദൃഢനിശ്ചയത്തോടെയുള്ള മുന്നേറ്റത്തിന്​, മറ്റൊരുലോകം സാധ്യമാക്കാനാവുമെന്ന പ്രതീക്ഷയും.

Tags:    
News Summary - France rejects hate politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT