ഭരണനിർവഹണത്തിൽ പുതുചരിത്രം സൃഷ്ടിക്കാനെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാറിന്റെ നവകേരള സദസ്സിന് ഇന്ന് തുടക്കമാവുകയാണ്.
മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുമിച്ച് സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുകയും പരാതി കേൾക്കുകയും ചെയ്യുക, അതുവഴി ഭരണതലത്തിലുണ്ടായ പാളിച്ചകൾ പരിഹരിക്കുക, നവകേരളം സംബന്ധിച്ച ജനങ്ങളുടെ സങ്കൽപങ്ങളും പ്രതീക്ഷകളും ആരായുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടക്കുന്ന സംവാദ സദസ്സ് പല കാരണങ്ങളാൽ ഫ്ലാഗ് ഓഫിന് മുമ്പേതന്നെ ചർച്ചയായി; വലിയൊരളവിൽ വിവാദത്തിനും തിരികൊളുത്തി. മന്ത്രിസഭയാകെ ഒറ്റ ബസിൽ സഞ്ചരിച്ച് സംസ്ഥാനമൊട്ടാകെ ജനങ്ങളുമായി ഇത്തരത്തിൽ സംവദിക്കുന്നത് രാജ്യത്ത് ആദ്യമായിട്ടായിരിക്കും. ഉന്നത ഉദ്യോഗസ്ഥ വൃന്ദവും യാത്രാസംഘത്തോടൊപ്പമുണ്ട്.
ആഴ്ചതോറുമുള്ള കാബിനറ്റ് യോഗങ്ങൾപോലും വരുന്ന വാരങ്ങളിൽ യാത്രക്കിടയിലായിരിക്കും നടക്കുക. പരാതി സ്വീകരിക്കാൻ വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന പരാതികൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് സർക്കാറിന്റെ അവകാശവാദം. അതിനായി, പ്രത്യേക കമ്പ്യൂട്ടർ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടത്രേ. അതോടൊപ്പം, സാധാരണക്കാർക്കും വിവിധ മേഖലകളിലെ വിദഗ്ധർക്കും മുഖ്യമന്ത്രിയടക്കമുള്ളവരോട് സംവദിക്കാനുള്ള വേദിയും യാത്രയുടെ ഭാഗമായിട്ടുണ്ട്. ഇപ്പറഞ്ഞതത്രയും വലിയൊരളവിൽ പ്രവർത്തികമായാൽ യാത്ര സാർഥകമാകും.
മറുവശത്ത്, നവകേരള സദസ്സ് കേവലമൊരു രാഷ്ട്രീയ ഗിമ്മിക്ക് എന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചിരിക്കുകയാണ്. അഥവാ, 41 സംവാദ സദസ്സുകൾ സംഘടിപ്പിക്കപ്പെടുക ആ മണ്ഡലങ്ങളിലെ നിയമസഭാംഗങ്ങളുടെ അസാന്നിധ്യത്തിലായിരിക്കും. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും നവകേരള സദസ്സിന് ലഭിക്കില്ല. തികഞ്ഞ പരാജയമായ പിണറായി സർക്കാർ പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അതോടൊപ്പം, സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടിനിൽക്കുന്ന സർക്കാറിന്റെ മറ്റൊരു ധൂർത്തായും നവകേരള സദസ്സിനെ അവർ ചിത്രീകരിക്കുന്നു. മന്ത്രിമാർ സഞ്ചരിക്കുന്ന ബസിനെച്ചൊല്ലിപ്പോലും ഇതിനകം ആക്ഷേപമുയർന്നുകഴിഞ്ഞു. ഭരണാധികാരികൾ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ഇതുപോലൊരു പരിപാടി ബഹിഷ്കരിക്കുന്നതുസംബന്ധിച്ച് ഒരുപക്ഷേ സാധാരണക്കാർക്കിടയിൽ അഭിപ്രായാന്തരമുണ്ടാവുമെങ്കിലും, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ വെറും കക്ഷിരാഷ്ട്രീയമായി കാണാനാവില്ല.
ഒന്നാമതായി, പലകാരണങ്ങളാൽ ഭരണം മികച്ച നിലയിൽ പോകുന്നുവെന്ന് കരുതാനാവില്ല. കഴിഞ്ഞുപോയ രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും വലിയ മാർജിനിൽ ഇടതുമുന്നണി പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരംകൊണ്ടുകൂടിയാണ്. സാമ്പത്തിക പ്രതിസന്ധി സർവ മേഖലകളെയും താളംതെറ്റിച്ചിരിക്കുന്നു. സപ്ലൈകോ പ്രതിസന്ധി കാരണം അവശ്യസാധന വിതരണം പൂർണമായും നിലച്ചുപോയതും പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി പാടേ താളം തെറ്റിയതുമെല്ലാം സാമ്പത്തിക പ്രതിസന്ധിമൂലമാണ്; മൂന്നുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയായതിന്റെ കാരണവും മറ്റൊന്നല്ല. തീർച്ചയായും, ഈ പ്രതിസന്ധിക്ക് കേന്ദ്രസർക്കാറിനെ പഴിചാരാൻ പല ന്യായങ്ങളുമുണ്ട്്.
എങ്കിലും, സംസ്ഥാന സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റിലും പാളിച്ചയുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായി ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർധനയാണല്ലോ സർക്കാർ നിർദേശിച്ചത്. അതും സാധാരണക്കാരുടെ ജീവിതഭാരം ഇരട്ടിയാക്കി. ഏറ്റവുമൊടുവിൽ വൈദ്യുതി ചാർജും വർധിപ്പിച്ചു. ഇതെല്ലാം വലിയതോതിൽ ജനരോഷമുണ്ടാക്കിയിട്ടുണ്ട്. അതു തണുപ്പിക്കാനുള്ള കൃത്യമായൊരു രാഷ്ട്രീയ നീക്കമാണ് നവകേരള സദസ്സ് എന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.
അതേസമയം, ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ ബഹിഷ്കരിക്കപ്പെടാൻ മാത്രം വലിയ അപരാധമാണെന്ന് വിചാരിക്കുന്നതും ശരിയല്ല. നവകേരള സദസ്സിന് എന്തെങ്കിലും മുൻമാതൃകയുണ്ടെങ്കിൽ അത് ഉമ്മൻ ചാണ്ടി ഭരണകാലത്തെ ജനസമ്പർക്ക പരിപാടികളായിരുന്നു. ആ പരിപാടിയെ ശക്തമായി വിമർശിച്ചവരുടെ കൂട്ടത്തിൽ പിണറായി വിജയനുമുണ്ടായിരുന്നു. ഒരു വില്ലേജ് ഓഫിസർക്ക് ചെയ്യാവുന്ന കാര്യം മുഖ്യമന്ത്രി ജനമധ്യത്തിൽ പരിഹരിക്കുന്നതിനെ അക്കാലത്ത് കളിയാക്കിയവരാണ് ഇപ്പോൾ ഭരണത്തിൽ. നവകേരള സദസ്സിന്റെ മുന്നിൽ വരുന്ന പരാതികളിൽ വലിയൊരു ഭാഗവും ഒരുപക്ഷേ, നമ്മുടെ നാട്ടിലെ വില്ലേജ് ഓഫിസിലും മറ്റും കാലങ്ങളായി കെട്ടിക്കിടക്കുന്ന വിവിധ അപേക്ഷകളുടെ പകർപ്പുകൾ തന്നെയാകും.
രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ അതിനെ കുറച്ചുകാണാതിരിക്കുന്നതാകും നല്ലത്; ബ്യൂറോക്രസിയെ നവീകരിച്ചിട്ട് ഇതെല്ലാം പരിഹരിക്കാമെന്ന ന്യായവും യുക്തിപരമായിരിക്കില്ല. അതുകൊണ്ടുതന്നെ, ഇതുപോലുള്ള പരിപാടികളിലൂടെ അനേകം പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിൽ, നവകേരള സൃഷ്ടിക്കായുള്ള പുതിയ മാതൃകകളും ആലോചനകളും ആ സദസ്സുകളിൽ ഉരുത്തിരിയുന്നുവെങ്കിൽ എത്ര പരിമിതികളുണ്ടെങ്കിലും അത് ആശ്വാസവും പ്രതീക്ഷയും തന്നെയാണ്. ആ പ്രതീക്ഷക്കൊത്ത് ഉണർന്നു പ്രവർത്തിക്കാൻ സർക്കാറിനായാൽ അത് ഭരണനിർവഹണത്തിൽ മാത്രമല്ല, മികച്ച രാഷ്ട്രീയ മുന്നേറ്റം കൂടിയായിരിക്കും.
ഇതിനെല്ലാമപ്പുറം, നവകേരള സദസ്സിന് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളും കേരളത്തിലുണ്ട്. നിലവിൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങൾക്കുകാരണം കേന്ദ്രത്തിന്റെ വികലമായ സമീപനമാണെന്ന് എല്ലാവർക്കുമറിയാം. ഇക്കാര്യത്തിൽ, തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്രത്തിനെതിരെ ശക്തമായ സമര പരിപാടികൾകൂടി ആവിഷ്കരിക്കേണ്ട സമയമാണിത്. ആയതിനാൽ, മറ്റൊരു സംയുക്ത സമര ബസ് ഡൽഹിയിലേക്ക് പുറപ്പെടുന്നതിനെക്കുറിച്ച് ഇരുമുന്നണികളും ആലോചിക്കുന്നതും നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.