വേണം, അതിജാഗ്രത

കോവിഡ് മഹാമാരിയുടെ കെടുതികളിൽനിന്ന് മുക്തമാകും മുമ്പേ, മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണ് ലോകം. മനുഷ്യരിലും ചില മൃഗങ്ങളിലും കാണാറുള്ള വാനരവസൂരി (മങ്കിപോക്സ്) എന്ന വൈറൽ രോഗബാധ 78 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പകർച്ചവ്യാധിയുടെ വേഗം വർധിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച ഔദ്യോഗികമായിത്തന്നെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡിലെന്നപോലെ, നമ്മുടെ രാജ്യത്ത് ആദ്യ വാനരവസൂരി റിപ്പോർട്ട് ചെയ്തതും കേരളത്തിലായിരുന്നു. ഇപ്പോൾ രാജ്യത്തെ ആദ്യ മരണവും ഒരു മലയാളിയുടേതാണെന്ന വാർത്തയും സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂലൈ 21ന് യു.എ.ഇയിൽനിന്നെത്തിയ തൃശൂർ ജില്ലക്കാരനായ യുവാവാണ് കഴിഞ്ഞദിവസം രോഗലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. നാട്ടിലെത്തി കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിച്ചശേഷം വീട്ടിൽ തളർന്നുവീണ​ 22കാരനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇയാൾക്ക് വിദേശത്തുവെച്ചുതന്നെ രോഗം സ്ഥിരീകരിച്ചിരുന്നുവത്രെ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനഫലം കൂടി പുറത്തുവരു​മ്പോഴേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതവരൂ. ​അതെന്തായാലും, ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

പ​നി​യോ​ടൊ​പ്പം ശ​രീ​ര​ത്തി​ല്‍ ത​ടി​പ്പു​കൾ/കു​മി​ള​ക​ള്‍, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, പേ​ശി വേ​ദ​ന, തൊ​ണ്ട വേ​ദ​ന, ഭ​ക്ഷ​ണം ഇ​റ​ക്കു​വാ​ന്‍ പ്ര​യാ​സം തു​ട​ങ്ങി​യവയൊക്കെയാണ് വാനരവസൂരിയുടെ ല​ക്ഷ​ണ​ങ്ങൾ. ശാസ്ത്രലോകത്തെ സംബന്ധിച്ച് വാനരവസൂരി പുതിയൊരു രോഗമല്ല; 1970 മുതൽ തന്നെ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വസൂരി (സ്മാൾപോക്സ്) നിർമാർജനയജ്ഞത്തിനിടെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കുത്തിവെപ്പ് എടുക്കാത്ത ഏതാനും കുട്ടികളിലാണ് വാനരവസൂരി ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട്, നൈജീരിയയിലും ഘാനയിലും സിയേറലിയോണിലുമെല്ലാം അസുഖം പടർന്നുപിടിച്ചു. ചില സമയങ്ങളിൽ പത്തുശതമാനം വരെ മരണനിരക്കും രേഖപ്പെടുത്തി. എങ്കിലും, വസൂരിയോളം ഭീതിവിതക്കുന്നതല്ല വാനരവസൂരിയെന്ന നിഗമനത്തിലായിരുന്നു ഗവേഷകർ. 2003ൽ അമേരിക്കയിലും പിന്നീട് യൂറോപ്പിലുമെല്ലാം ഒറ്റപ്പെട്ട തോതിൽ ഈ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽനിന്നെല്ലാം, അൽപം വ്യത്യാസപ്പെട്ടിരിക്കുന്നു ഈ വർഷം റിപ്പോർട്ട് ചെയ്ത വാനരവസൂരി. മേയ് ആദ്യ വാരം ലണ്ടനിലായിരുന്നു ആദ്യത്തെ കേസ്. ​രോഗബാധിതൻ നൈജീരിയയിൽനിന്ന് വന്നയാളായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജർമനി, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും രോഗം പടർന്നു. തൊട്ടടുത്തവാരം അമേരിക്ക, ഏഷ്യൻ ഭൂഖണ്ഡങ്ങളിലും വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതിനകം, 22,000ത്തിലധികം പേരിൽ രോഗം സ്ഥിരീകരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്; പത്തുപേർ മരണത്തിന് കീഴടങ്ങിയപ്പോൾ അതിലൊരാൾ കേരളത്തിൽനിന്നാണ്​ എന്നത് അൽപം ആശങ്കയുയർത്തുന്നുണ്ട്.

ജൂലൈ 14നാണ് രാജ്യത്തെ ആദ്യ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നേരംകളയാതെ കേരളം വിവിധ പ്രതിരോധമാർഗങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. കോവിഡിന്റെയും നിപയുടെയും ജാഗ്രതാപാഠങ്ങൾ കൈമുതലായുള്ള സംസ്ഥാന ആരോഗ്യ വകുപ്പ്, തുടക്കം മുതലേ അതിശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. നാലു വിമാനത്താവളങ്ങളിലും ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ച് വിദേശത്തുനിന്നുമെത്തുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനമേർപ്പെടുത്തി. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തി. രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകൾക്ക് സംസ്ഥാനത്തിനകത്തുതന്നെ സംവിധാനമേർപ്പെടുത്തിയതായിരുന്നു മറ്റൊരു ചുവടുവെപ്പ്. ആദ്യ കേസ് വന്നപ്പോൾ രോഗിയുടെ സ്രവം ശേഖരിച്ച് പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. ഈ രീതി തുടർന്നാൽ രോഗസ്ഥിരീകരണത്തിനും ചികിത്സക്കും കാലതാമസമെടുക്കുമെന്നതിനാലാണ് ആലപ്പുഴയിലെ വൈറോളജി ലാബിൽ പരിശോധനക്കുള്ള സൗകര്യമേർപ്പെടുത്തിയത്. ഇതുകാരണം, രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെയും മറ്റും സ്രവപരിശോധന വേഗത്തിലാക്കാൻ സാധിച്ചു. ഇപ്പോൾ, 28 സർക്കാർ ലാബുകളിൽ ആർ.ടി.പി.സി.ആർ പരി​ശോധനക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും, ഈ പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. നിലവിൽ, രോഗലക്ഷണമുള്ള ഏതൊരാൾക്കും എളുപ്പത്തിൽ രോഗസ്ഥിരീകരണ പരിശോധന സാധ്യമായിരിക്കുന്നു. അതുകൊണ്ടുമാത്രമായില്ല; ഈ സംവിധാനങ്ങളോട് ഏറെ ജാഗ്രതയോടെ സമീപിക്കാനുള്ള ബാധ്യത ജനങ്ങൾക്കുമുണ്ട്. അപ്പോഴേ രോഗപ്രതിരോധം സമ്പൂർണാർഥത്തിൽ സാധ്യമാകൂ.

കോവിഡിനെന്നപോലെത്തന്നെ, നിയതമായൊരു ചികിത്സ പദ്ധതി വാനരവസൂരിക്കുമില്ല. നിലവിൽ, രോഗലക്ഷണങ്ങളെ പ്രതിരോധിച്ചുള്ള ചികിത്സാമുറകളാണ് നടക്കുന്നത്. കേരളത്തിലടക്കം അത് വിജയിക്കുകയും ചെയ്തു. വൈറസ് നിർമാർജനത്തിന് വാക്സിൻ പ്രയോഗവും ഗവേഷകർ ആലോചിക്കുന്നുണ്ട്. അണുബാധ തടയുന്നതിനും രോഗതീവ്രത കുറക്കുന്നതിനും വസൂരി വാക്സിൻ സഹായകമാണെന്ന പഠനം അവർക്ക് മുന്നിലുണ്ട്. ഒരുപക്ഷേ, പ്രാഥമിക സുരക്ഷാകവചമെന്ന നിലയിൽ വരുംദിവസങ്ങളിൽ ആ വഴിയിൽ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുകൂടെന്നില്ല. മറുവശത്ത്, വൈറസിന്റെ ജീനോം പഠനങ്ങൾ വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നുമുണ്ട്. കേരളത്തിലടക്കം സ്ഥിരീകരിച്ച വൈറസ് യൂറോപ്പിൽനിന്ന് കണ്ടെത്തിയതിൽനിന്നു വ്യത്യസ്തമാണത്രെ. ലണ്ടനിൽ സ്ഥിരീകരിക്കുന്നതിനും മുമ്പേത്തന്നെ ഇന്ത്യയിൽ വൈറസ് സാന്നിധ്യമുണ്ടായിരുന്നോ എന്ന ചോദ്യമാണ് ഈ പഠനത്തെ മുൻനിർത്തി രാജ്യത്തെ ചില ഗവേഷകർ ഉയർത്തുന്നത്. ഡൽഹിയിൽ വാനരവസൂരി സ്ഥിരീകരിച്ചയാൾ വിദേശയാത്രകളൊന്നും ചെയ്തിട്ടില്ലായിരുന്നു. അയാൾക്ക് എങ്ങനെ രോഗം വന്നു എന്നതും ദുരൂഹമാണ്. ഈ സങ്കീർണതകൾക്കെല്ലാം ഉത്തരംതേടിവേണം, പുതിയ ആരോഗ്യ അടിയന്തരാവസ്ഥയെ മറികടക്കാൻ. അതുവരെ അതിജാഗ്രതയോടെ ശാസ്ത്രലോകത്തി​ന്റെയും സർക്കാറിന്റെയും സുരക്ഷാനിർദേശങ്ങൾ പാലിക്കുക എന്നതുമാ​ത്രമാണ് മുന്നിലുള്ള പോംവഴി.

Tags:    
News Summary - madhyamam editorial 2022 August 02

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.