ലോകത്തെവിടെയും അധിനിവേശത്തിനും ഭരണകൂട അന്യായങ്ങൾക്കുമെതിരിൽ ആദ്യം ചോദ്യങ്ങളുയർത്തുന്നത്​ വിദ്യാർഥികളും യുവജനങ്ങളുമാണ്​. പൗരാവകാശങ്ങളെ മാനിക്കാൻ തക്ക പക്വതയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുണ്ടെങ്കിൽ ആ ചോദ്യങ്ങൾ രാഷ്​ട്രമനസ്സിന്റെ ദിശാസൂചിയെന്ന്​ തിരിച്ചറിഞ്ഞ്​ തിരുത്തലുകൾക്കും അനുനയങ്ങൾക്കും സന്നദ്ധമാവും. എന്നാൽ, എതിർശബ്​ദങ്ങളെയെല്ലാം ഉരുക്കുമുഷ്ടിയാൽ തച്ചുതകർക്കാമെന്നുറച്ച അധികാരി സമൂഹങ്ങളാവ​ട്ടെ, വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക്​ അക്രമത്തി​ന്റെ ഭാഷയാൽ മറുപടി പറയാൻ ഒരു​മ്പെടും. സ്വാതന്ത്ര്യലബ്​ധിക്കായുള്ള പോരാട്ടത്തിൽ വിദ്യാർഥി സമൂഹം വഹിച്ച ഐതിഹാസിക പങ്ക്​ സംബന്ധിച്ച്​ ഉജ്വല സ്​മരണകൾ നെഞ്ചിലേറ്റുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ​ദേശങ്ങളിൽ ദൗർഭാഗ്യകരമെന്നുപറയ​ട്ടെ, വിദ്യാർഥി ഉണർവുകളെ ചോരയിൽ കുതിർത്ത്​ ഇല്ലാതാക്കാനാണ്​ മാറിമാറി വന്ന ഭരണകൂടങ്ങളിൽ ഭൂരിഭാഗവും എക്കാലത്തും വ്യാമോഹിച്ചിട്ടുള്ളത്​. അതിന്റെ അവസാന ഉദാഹരണമാണ്​ കഴിഞ്ഞ ദിവസങ്ങളിൽ ബംഗ്ലാദേശിൽ നിന്നുവന്ന ഭയാനകമായ വാർത്തകൾ.

അഴിമതി, സ്വജനപക്ഷപാതം, കോർപറേറ്റ്​ അടിമത്തം തുടങ്ങിയ ജനവിരുദ്ധതകളിലെല്ലാം ഇന്ത്യയിൽനിന്ന്​ വേർപെട്ടുപോയ പാകിസ്​താനും അതിൽ നിന്ന്​ സ്വാതന്ത്ര്യം പ്രാപിച്ച ബംഗ്ലാദേശും തമ്മിൽ മത്സരാത്മകമായ സാമ്യതയാണ്​​. പാകിസ്​താനിലേതു പോലെത്തന്നെ എതിരാളികളെ ജയിലിലടച്ചും നിയമങ്ങൾ ദുരുപയോഗം ചെയ്​ത്​ നിയന്ത്രിച്ചും നടത്തിയ തികച്ചും അപഹാസ്യമായ തെരഞ്ഞെടുപ്പ്​ പ്രക്രിയ മുഖേന ഭരണത്തുടർച്ച നേടിയ പ്രധാനമന്ത്രി ശൈഖ്​ ഹസീനയുടെ ഭരണകൂടം ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കൊലപ്പെടുത്തിയ വിദ്യാർഥി, യുവജനങ്ങളുടെ എണ്ണം നൂറ്റമ്പതിന്​ മുകളിലാണ്​. സ്വന്തക്കാരെയും പാർട്ടി ബന്ധുക്കളെയും സർക്കാർ സർവിസുകളിൽ തിരുകിക്കയറ്റാൻ ലക്ഷ്യമിട്ട്​ ഏർപ്പെടുത്തിയ അന്യായസംവരണം (ക്വോട്ട സ​​മ്പ്രദായം)പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടതിനാണ്​ വിദ്യാർഥികളെ ഹസീനയുടെ അവാമി ലീഗ്​ ഭരണകൂടം കൊന്നുതള്ളിയത്​.

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ദുർബല വിഭാഗങ്ങൾക്ക്​ അവസരസമത്വം ഉറപ്പാക്കാനും സാമൂഹികനീതി സാധ്യമാക്കാനും ഇന്ത്യയിലും യു.എസിലും മറ്റും നിലനിൽക്കുന്നതുപോലുള്ള സംവരണമല്ല ബംഗ്ലാ സർക്കാർ മുന്നോട്ടുവെച്ചത്​. അര നൂറ്റാണ്ടുമുമ്പ്​ നടന്ന സ്വാതന്ത്ര്യ സമരത്തിൽ മരണപ്പെട്ട സേനാനികളുടെ പിന്മുറക്കാർക്കായാണ്​​ സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ചെയ്യപ്പെട്ടിരുന്നത്​. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വെള്ളം ചേർത്ത്​ അവാമി ലീഗുമായി ചേർന്നുനിൽക്കുന്നവരെ​ ഉദ്യോഗങ്ങളിൽ പ്രതിഷ്​ഠിക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നതെന്ന്​ വിദ്യാർഥികൾ ആരോപിക്കുന്നു. ഈ സംവരണം നിയമവിരുദ്ധമാണെന്ന ഒരു ഹൈകോടതി വിധിയെത്തുടർന്ന്​ നിർത്തലാക്കിയിരുന്നുവെങ്കിലും സർക്കാറിന്റെ അപ്പീൽ മാനിച്ച്​ സുപ്രീംകോടതി അത്​ മരവിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുന്ന, രൂക്ഷമായ തൊഴിലില്ലായ്​മ നിലനിൽക്കുന്ന രാജ്യത്ത്​ സ്വജനപക്ഷപാതപരമായ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന്​ വിദ്യാർഥി സമൂഹം പ്രഖ്യാപിക്കുന്നത്​ സ്വാഭാവികം. അവരുടെ വികാരം മാനിച്ചുകൊണ്ടുള്ള സംഭാഷണങ്ങൾക്കോ അനുനയ ചർച്ചകൾക്കോ ഒന്നും തന്നെ ഇടം കൊടുക്കാതെ അക്രമ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതോടെയാണ്​ ജൂലൈ മാസം രക്​തച്ചൊരിച്ചിലി​ന്റേതായത്​. ഔദ്യോഗിക പൊലീസ്​ സേനക്കും അർധ സൈനിക വിഭാഗങ്ങൾക്കും​ പുറമെ അവാമി ലീഗിന്റെയും വിദ്യാർഥി വിഭാഗമായ ബംഗ്ലാ ഛാത്ര ലീഗിന്റെയും അക്രമി സംഘങ്ങളും പ്രക്ഷോഭകരെ തെരുവുകളിൽ ആയുധങ്ങളുമായി നേരിട്ടു. പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളവേ ടി.വിയിലൂടെ രാജ്യത്തിന്​ നൽകിയ സന്ദേശത്തിൽ ഹസീന ഈ നടപടിയെ ന്യായീകരിക്കുകയും സമരക്കാരെ ‘റസാകാറുകളു’ടെ (ബംഗ്ലാ വിമോചന പോരാട്ടത്തെ അടിച്ചൊതുക്കാൻ​ പാക്​ സൈന്യത്തോ​ടൊപ്പം നിന്ന സംഘം) പിന്മുറക്കാർ എന്ന്​ അധിക്ഷേപിക്കുകയും ചെയ്​തതോടെ​ തലസ്​ഥാന നഗരിയിലെ സർവകലാശാലകളിലൊതുങ്ങിനിന്ന ​പ്രക്ഷോഭം രാജ്യവ്യാപകമായി. റോഡ്​-റെയിൽ ഗതാഗതം നിലച്ചു. സമരവിവരങ്ങൾ പുറത്തറിയാതിരിക്കാൻ ഇൻറർനെറ്റ്​ സേവനം മരവിപ്പിച്ച സർക്കാർ ശത്രുക്കളെയെന്ന വണ്ണമാണ്​ വിദ്യാർഥികളെ കൈകാര്യം ചെയ്​തത്​. കണ്ണും നെഞ്ചും വെടിയുണ്ടയാൽ തുളഞ്ഞ രീതിയിലാണ്​ വിദ്യാർഥികളുടെ മൃതദേഹങ്ങളിലേറെയും പോസ്​റ്റ്​മോർട്ടം ടേബിളിലെത്തിയത്​.

അതിക്രമങ്ങൾ സകല സീമകളും ലംഘിച്ച സാഹചര്യത്തിൽ, ആഗസ്​റ്റ്​ ഏഴിന്​ പരിഗണിക്കാനിരുന്ന കേസിൽ​ അടിയന്തരമായി വാദം കേട്ട സുപ്രീംകോടതി 3​0 ശതമാനം സംവരണമെന്നത്​ അഞ്ചാക്കി കുറച്ചതോടെയാണ് ​വിദ്യാർഥി രോഷം ശമിച്ചതും ജനജീവിതം ചെറിയ മട്ടിലെങ്കിലും സാധാരണ നിലയിലേക്ക്​ മടങ്ങാൻ തുടങ്ങിയതും. ശൈഖ്​ ഹസീന രാജ്യത്തോട്​ മാപ്പുപറയണമെന്നും അക്രമത്തിന്​ നേതൃത്വം നൽകിയ ഉദ്യോഗസ്​ഥർക്കും പാർട്ടി നേതാക്കൾക്കുമെതിരെ നടപടിവേണമെന്നുമുൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർഥികൾ ഉയർത്തുന്നുണ്ട്​. സാഹചര്യം മുതലെടുത്ത്​ ഭരണവിരുദ്ധത ശക്​തമാക്കാൻ പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നതിനാൽ അടുത്ത കാലത്തൊന്നും ബംഗ്ലാരാഷ്​ട്രീയം ശാന്തമാകുമെന്ന്​ പ്രതീക്ഷിക്കാനാവില്ല.

വിദ്യാർഥികളുടെ ശബ്​ദങ്ങൾക്ക്​ ഇടം നിഷേധിക്കുന്ന ഏതു ഭരണകൂടവും ഉന്നമിടുന്നത്​ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ്​. ആഴത്തിൽ കുഴിച്ചുമൂടുംതോറും വിത്തുകൾ പോലെ മുളച്ചുയർന്ന ചരിതമാണ്​ വിദ്യാർഥി മുന്നേറ്റങ്ങൾക്കുള്ളത്​ എന്ന നാട്ടറിവ്​ ഏകാധിപതികളായ ഭരണാധികാരികളെ ആരു തെര്യപ്പെടുത്തും?

Tags:    
News Summary - Madhyamam Editorial 2024 July 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.