ബംഗ്ലാ തെരുവിലെ വിദ്യാർഥി രക്തം
text_fieldsലോകത്തെവിടെയും അധിനിവേശത്തിനും ഭരണകൂട അന്യായങ്ങൾക്കുമെതിരിൽ ആദ്യം ചോദ്യങ്ങളുയർത്തുന്നത് വിദ്യാർഥികളും യുവജനങ്ങളുമാണ്. പൗരാവകാശങ്ങളെ മാനിക്കാൻ തക്ക പക്വതയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുണ്ടെങ്കിൽ ആ ചോദ്യങ്ങൾ രാഷ്ട്രമനസ്സിന്റെ ദിശാസൂചിയെന്ന് തിരിച്ചറിഞ്ഞ് തിരുത്തലുകൾക്കും അനുനയങ്ങൾക്കും സന്നദ്ധമാവും. എന്നാൽ, എതിർശബ്ദങ്ങളെയെല്ലാം ഉരുക്കുമുഷ്ടിയാൽ തച്ചുതകർക്കാമെന്നുറച്ച അധികാരി സമൂഹങ്ങളാവട്ടെ, വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അക്രമത്തിന്റെ ഭാഷയാൽ മറുപടി പറയാൻ ഒരുമ്പെടും. സ്വാതന്ത്ര്യലബ്ധിക്കായുള്ള പോരാട്ടത്തിൽ വിദ്യാർഥി സമൂഹം വഹിച്ച ഐതിഹാസിക പങ്ക് സംബന്ധിച്ച് ഉജ്വല സ്മരണകൾ നെഞ്ചിലേറ്റുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ദേശങ്ങളിൽ ദൗർഭാഗ്യകരമെന്നുപറയട്ടെ, വിദ്യാർഥി ഉണർവുകളെ ചോരയിൽ കുതിർത്ത് ഇല്ലാതാക്കാനാണ് മാറിമാറി വന്ന ഭരണകൂടങ്ങളിൽ ഭൂരിഭാഗവും എക്കാലത്തും വ്യാമോഹിച്ചിട്ടുള്ളത്. അതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ബംഗ്ലാദേശിൽ നിന്നുവന്ന ഭയാനകമായ വാർത്തകൾ.
അഴിമതി, സ്വജനപക്ഷപാതം, കോർപറേറ്റ് അടിമത്തം തുടങ്ങിയ ജനവിരുദ്ധതകളിലെല്ലാം ഇന്ത്യയിൽനിന്ന് വേർപെട്ടുപോയ പാകിസ്താനും അതിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച ബംഗ്ലാദേശും തമ്മിൽ മത്സരാത്മകമായ സാമ്യതയാണ്. പാകിസ്താനിലേതു പോലെത്തന്നെ എതിരാളികളെ ജയിലിലടച്ചും നിയമങ്ങൾ ദുരുപയോഗം ചെയ്ത് നിയന്ത്രിച്ചും നടത്തിയ തികച്ചും അപഹാസ്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ മുഖേന ഭരണത്തുടർച്ച നേടിയ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഭരണകൂടം ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കൊലപ്പെടുത്തിയ വിദ്യാർഥി, യുവജനങ്ങളുടെ എണ്ണം നൂറ്റമ്പതിന് മുകളിലാണ്. സ്വന്തക്കാരെയും പാർട്ടി ബന്ധുക്കളെയും സർക്കാർ സർവിസുകളിൽ തിരുകിക്കയറ്റാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ അന്യായസംവരണം (ക്വോട്ട സമ്പ്രദായം)പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് വിദ്യാർഥികളെ ഹസീനയുടെ അവാമി ലീഗ് ഭരണകൂടം കൊന്നുതള്ളിയത്.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ദുർബല വിഭാഗങ്ങൾക്ക് അവസരസമത്വം ഉറപ്പാക്കാനും സാമൂഹികനീതി സാധ്യമാക്കാനും ഇന്ത്യയിലും യു.എസിലും മറ്റും നിലനിൽക്കുന്നതുപോലുള്ള സംവരണമല്ല ബംഗ്ലാ സർക്കാർ മുന്നോട്ടുവെച്ചത്. അര നൂറ്റാണ്ടുമുമ്പ് നടന്ന സ്വാതന്ത്ര്യ സമരത്തിൽ മരണപ്പെട്ട സേനാനികളുടെ പിന്മുറക്കാർക്കായാണ് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ചെയ്യപ്പെട്ടിരുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വെള്ളം ചേർത്ത് അവാമി ലീഗുമായി ചേർന്നുനിൽക്കുന്നവരെ ഉദ്യോഗങ്ങളിൽ പ്രതിഷ്ഠിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഈ സംവരണം നിയമവിരുദ്ധമാണെന്ന ഒരു ഹൈകോടതി വിധിയെത്തുടർന്ന് നിർത്തലാക്കിയിരുന്നുവെങ്കിലും സർക്കാറിന്റെ അപ്പീൽ മാനിച്ച് സുപ്രീംകോടതി അത് മരവിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുന്ന, രൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുന്ന രാജ്യത്ത് സ്വജനപക്ഷപാതപരമായ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് വിദ്യാർഥി സമൂഹം പ്രഖ്യാപിക്കുന്നത് സ്വാഭാവികം. അവരുടെ വികാരം മാനിച്ചുകൊണ്ടുള്ള സംഭാഷണങ്ങൾക്കോ അനുനയ ചർച്ചകൾക്കോ ഒന്നും തന്നെ ഇടം കൊടുക്കാതെ അക്രമ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതോടെയാണ് ജൂലൈ മാസം രക്തച്ചൊരിച്ചിലിന്റേതായത്. ഔദ്യോഗിക പൊലീസ് സേനക്കും അർധ സൈനിക വിഭാഗങ്ങൾക്കും പുറമെ അവാമി ലീഗിന്റെയും വിദ്യാർഥി വിഭാഗമായ ബംഗ്ലാ ഛാത്ര ലീഗിന്റെയും അക്രമി സംഘങ്ങളും പ്രക്ഷോഭകരെ തെരുവുകളിൽ ആയുധങ്ങളുമായി നേരിട്ടു. പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളവേ ടി.വിയിലൂടെ രാജ്യത്തിന് നൽകിയ സന്ദേശത്തിൽ ഹസീന ഈ നടപടിയെ ന്യായീകരിക്കുകയും സമരക്കാരെ ‘റസാകാറുകളു’ടെ (ബംഗ്ലാ വിമോചന പോരാട്ടത്തെ അടിച്ചൊതുക്കാൻ പാക് സൈന്യത്തോടൊപ്പം നിന്ന സംഘം) പിന്മുറക്കാർ എന്ന് അധിക്ഷേപിക്കുകയും ചെയ്തതോടെ തലസ്ഥാന നഗരിയിലെ സർവകലാശാലകളിലൊതുങ്ങിനിന്ന പ്രക്ഷോഭം രാജ്യവ്യാപകമായി. റോഡ്-റെയിൽ ഗതാഗതം നിലച്ചു. സമരവിവരങ്ങൾ പുറത്തറിയാതിരിക്കാൻ ഇൻറർനെറ്റ് സേവനം മരവിപ്പിച്ച സർക്കാർ ശത്രുക്കളെയെന്ന വണ്ണമാണ് വിദ്യാർഥികളെ കൈകാര്യം ചെയ്തത്. കണ്ണും നെഞ്ചും വെടിയുണ്ടയാൽ തുളഞ്ഞ രീതിയിലാണ് വിദ്യാർഥികളുടെ മൃതദേഹങ്ങളിലേറെയും പോസ്റ്റ്മോർട്ടം ടേബിളിലെത്തിയത്.
അതിക്രമങ്ങൾ സകല സീമകളും ലംഘിച്ച സാഹചര്യത്തിൽ, ആഗസ്റ്റ് ഏഴിന് പരിഗണിക്കാനിരുന്ന കേസിൽ അടിയന്തരമായി വാദം കേട്ട സുപ്രീംകോടതി 30 ശതമാനം സംവരണമെന്നത് അഞ്ചാക്കി കുറച്ചതോടെയാണ് വിദ്യാർഥി രോഷം ശമിച്ചതും ജനജീവിതം ചെറിയ മട്ടിലെങ്കിലും സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയതും. ശൈഖ് ഹസീന രാജ്യത്തോട് മാപ്പുപറയണമെന്നും അക്രമത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും പാർട്ടി നേതാക്കൾക്കുമെതിരെ നടപടിവേണമെന്നുമുൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർഥികൾ ഉയർത്തുന്നുണ്ട്. സാഹചര്യം മുതലെടുത്ത് ഭരണവിരുദ്ധത ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നതിനാൽ അടുത്ത കാലത്തൊന്നും ബംഗ്ലാരാഷ്ട്രീയം ശാന്തമാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.
വിദ്യാർഥികളുടെ ശബ്ദങ്ങൾക്ക് ഇടം നിഷേധിക്കുന്ന ഏതു ഭരണകൂടവും ഉന്നമിടുന്നത് ജനാധിപത്യത്തെ ഇല്ലാതാക്കാനാണ്. ആഴത്തിൽ കുഴിച്ചുമൂടുംതോറും വിത്തുകൾ പോലെ മുളച്ചുയർന്ന ചരിതമാണ് വിദ്യാർഥി മുന്നേറ്റങ്ങൾക്കുള്ളത് എന്ന നാട്ടറിവ് ഏകാധിപതികളായ ഭരണാധികാരികളെ ആരു തെര്യപ്പെടുത്തും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.